കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 


ഋതുമാറ്റങ്ങളില്‍ പലവുരു മൂടുപടമണിഞ്ഞു വാതില്‍പ്പഴുതിലൂടെ കാത്തിരിക്കുകയാണ് വിറങ്ങലിച്ചുപോയ ഉള്‍ത്തടങ്ങളെ തലോടി ഉണര്‍ത്തുവാന്‍. നിസ്സഹായാവസ്ഥയുടെ ഇരുട്ടറക്കുള്ളില്‍ ഒറ്റപ്പെടുമ്പോഴും നഗരമധ്യത്തില്‍നിന്നും പത്തുപതിനേഴുകിലോമീറ്ററുകള്‍ക്കപ്പുറം ആശുപത്രിയുടെ ഫര്‍മസിയുടെ വാതിലുകള്‍ക്കുള്ളില്‍ ഞാന്‍ നിശ്ശബ്ദതയെക്കുറിച്ചു ചിന്തിക്കാതിരുന്നില്ല.

തിരിച്ചുവരാനില്ലാത്ത ഇന്നലകളെയോര്‍ത്തു ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വാക്കുകള്‍ ചിലപ്പോള്‍ അനര്‍ഗ്ഗളമായി ഒഴുകിയേക്കാം. പക്ഷെ ഇന്നോ? നീണ്ട മൗനത്തില്‍ നിന്നുയരുന്ന ചുടുനിശ്വാസങ്ങളില്‍ തട്ടി കാലത്തിന്റെ കണക്കുപുസ്തകത്തില്‍ നീണ്ട നിരകള്‍ തീര്‍ക്കാം.

ദിനാന്തമെത്തുമ്പോള്‍ ഭവനത്തിലേക്കുള്ള ഒരെത്തിനോട്ടം കോറോണയില്‍ ചെന്നെത്തിയിരിക്കുന്നു. വേരുകളുടെ പരിധി വേലികെട്ടിതിരിച്ചതോ നീ പോലുമറിയാതെ കാറ്റിന്റെ തലോടലില്‍ കണ്ണിണമയങ്ങാതെ വെയിലിന്റെ സ്പര്‍ശത്തില്‍ നിന്‍നിറം മാറാതെ വളര്‍ച്ചയെ ഇഞ്ചായെറിഞ്ഞതോ.. ലോകത്തിന്റെ അതിരുകള്‍ ചില കണക്കുകൂട്ടലില്‍ ഒതുങ്ങിയപ്പോള്‍ നമുക്ക് നിഷേധിക്കപ്പെടുന്നത് എന്തൊക്കെയാണ്?

കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ടുള്ള യാത്രകള്‍, ആഘോഷങ്ങളുടെ ആരവങ്ങള്‍. നാലുചുമരിന്റെ മുറിയിലിരുന്ന് വിവരിക്കാനാവാത്ത കാഴ്ചകള്‍. 

മുന്നിലിപ്പോള്‍ പ്രതീക്ഷയുടെ വെളിച്ചവും കെട്ടുപോയ മഞ്ഞളിച്ച സന്ധ്യ മാത്രം. കരള്‍ വറ്റി ചീര്‍ത്ത കുടലിന്റെ നിലവിളി മാത്രം.. ദൂരദര്‍ശിനിയിലൊന്നും പതിയാത്ത കാഴ്ചകള്‍. കാലമിനിയെത്ര നടന്നാലാണ് ഇതില്‍നിന്നൊരു മോചനം? 

നിറഞ്ഞു ചിരിക്കാന്‍ എനിക്ക് ഇനി എന്നാണാവുക? അതുകണ്ടു കൂടെ ചിരിക്കാനും കളിപറയാനും സുഹൃത്തുക്കളെ നിങ്ങളെയെന്നാണ് കണ്ടുമുട്ടാനാവുക. അഞ്ചിഞ്ചു സ്‌ക്രീനിലെ അരണ്ട വെളിച്ചത്തില്‍ എവിടെയൊക്കെയോ ഇരുന്ന് കുശലം പറയുന്ന സുഹൃത്തുക്കളെ നമ്മളിനിയെന്നാണ് ഒപ്പമിരുന്ന് കഥകള്‍ പറയുക?

മഴയത്തു കുടചൂടിയെന്നാലും ചെളിയെല്ലാം തെറിപ്പിച്ചു സ്‌കൂളില്‍ പോകാനും പുത്തന്‍ പുസ്തകത്തിന്റെ മണം നുകര്‍ന്നു റബ്ബറുള്ള പെന്‍സില്‍  കൂട്ടുകാരെ കാണിക്കാനും കുട്ടികളെ നിങ്ങള്‍ക്കെന്നാണാണ് ഇനിയാവുക? എല്ലായ്‌പ്പോഴും ഫര്‍മസിയുടെ കറങ്ങുന്ന കസേരയിലിരുന്നു ബി പോസിറ്റീവ് എന്നു നാഴികക്കു നാല്പതുവട്ടവും പറയാറുള്ള 'അമലേട്ടാ, കോറോണയില്‍നിന്നും നെഗറ്റീവടിക്കാന്‍ എപ്പോഴാണിനി പറ്റുക?

ഇഴചേര്‍ത്തു തുന്നിയ കുപ്പായംപോല്‍  എന്നിലൊട്ടിയൊരു വസന്തത്തിന്റെ ഇടിമുഴക്കം ചിരകാലത്തേക്കായി തുറന്നുവെച്ചതായിരുന്നോ ഉറങ്ങാത്ത വെള്ളരിപ്രാവുകളെ നിങ്ങള്‍? രാത്രിഡ്യൂട്ടിയുടെ ക്ഷീണം മാറാതെ ഇതള്‍ കൊഴിഞ്ഞ പൂവിലും സ്‌നേഹത്തിന്റെ തീക്കടല്‍ തേടുന്ന പച്ചമനുഷ്യന്റെ പൂക്കളെ മാത്രം സ്‌നേഹിക്കുന്ന വണ്ടുകളല്ലേ ഞാനും നീയുമൊക്കെ... അടച്ചുവെച്ച ചിരികളെ തുറന്നുകാട്ടാനാഗ്രഹിക്കുന പകച്ച ലിപികളെ സ്‌നിഗ്ദ്ധതയാല്‍ പച്ച പുതക്കാന്‍ ആഗ്രഹിക്കുന്നവള്‍.

പതിയട്ടെ ചിന്മുദ്രകളവയെന്നും പകല്‍ക്കിനാവമീ ജീവിതയാത്രയില്‍. നിഴലുകള്‍ ഉറങ്ങുന്ന തണലിടങ്ങളില്‍ നമുക്കേവര്‍ക്കും ഇരിക്കാനാകട്ടെ.