കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 


മാര്‍ച്ച് എട്ട്, പുലര്‍ച്ചെയാണ് യു കെയില്‍നിന്നും അപ്പച്ചനും അമ്മയും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്. അവിടെ ഉള്ള മോളെ കാണാന്‍ പോയി അഞ്ച് മാസം അവിടെ കൂടി. അപ്പോഴാണ് ഈ കൊറോണ കഥകള്‍ ഇറങ്ങിയത്. 

പ്രശ്നമില്ല. ആ സമയമാവുമ്പോഴേക്കും യു.കെയില്‍ ആകെ രണ്ടു പേര്‍ മാത്രമേ കൊറോണ കാരണം മരിച്ചിരുന്നുള്ളൂ. ആകെ അമ്പതില്‍ താഴെ ആളുകള്‍ക്കു മാത്രമേ കൊറോണ ഉള്ളു. അതു കൊണ്ടു ആര്‍ക്കും പേടിയില്ല. എനിക്കൊഴികെ.

മാസ്‌ക് ഇട്ടു വന്നാല്‍ മതി എന്നു പറഞ്ഞത് കൊണ്ടു രണ്ടാളും മാസ്‌ക് ഒക്കെ ഇട്ടാണ് വന്നത്. അവരെ വിളിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയ ഞാനും മാസ്‌ക്കും ഗ്ലൗസും ഇട്ടിട്ടാണ് പോയത്.

'നിപ്പ കണ്ടു പേടിച്ച കോഴിക്കോട്ടുകാരന്‍, നേരിയ പനി  കണ്ടാലും പേടിക്കും' എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ.

മസ്‌ക് ഒക്കെ കണ്ട്, നിനക്കെന്താണ് പ്രാന്താണോ എന്നു ചോദിച്ചു അപ്പച്ചനും അമ്മയും വണ്ടിയിലേക്ക് കേറി. ബാഗ് ഒക്കെ ഞാന്‍ എടുത്തു വെച്ചു . പെട്ടന്നായത് കൊണ്ടു വല്യ പര്‍ച്ചേസ് ഇല്ല .കുറച്ചു തുണി മാത്രം. അപ്പോള്‍ അപ്പച്ചന്‍ ഒരു ബാഗ് എടുത്തു വെക്കുന്നു. ഞാന്‍ സഹായിക്കാം എന്നു വെച്ചപ്പോള്‍ വേണ്ടാ എന്നു പറയുന്നു. 

'അതെന്താ ഞാന്‍ സഹായിച്ചാല്‍?'

ഞാന്‍ ബാഗ് പിടിച്ചു.

അപ്പൊ കുറച്ചു കുപ്പികള്‍ കൂട്ടി മുട്ടുന്ന സൗണ്ട് കേട്ടു. 

അത് ശരി, അപ്പോള്‍ അതാണ് കാര്യം!

എന്തായാലും അതൊന്നു മൈന്റ് ചെയ്യാതെ അപ്പച്ചന്‍ ബാഗ് എടുത്തു സൂക്ഷിച്ചു വെച്ചു.

വണ്ടി നേരെ വിട്ടു, വീട്ടിലേക്കല്ല, കോഴിക്കോട്ടെ ബീച്ച് ഹോസ്പിറ്റലിലെ കൊറോണ ഡെസ്‌കിലേക്ക്. 

രണ്ടാളേം അവിടെ ഹാജരാക്കി.

''യു കെയില്‍നിന്നും വന്നതാണ് സര്‍.''
 
ഡോക്ടര്‍ വന്നു.

''പനിയുണ്ടോ ചുമയുണ്ടോ?''

''ഇല്ല.''

''എന്നാല്‍ പ്രശ്നാക്കണ്ട.പുറത്തു പോകാതെ ഇരുന്നാല്‍ മതി.''

''അല്ല. ഇവരെ ഐസോലേറ്റ് ചെയ്യണ്ടേ സാറേ.''-ഞാന്‍ ചോദിച്ചു.

''അതൊന്നും വേണ്ട. പനിയോ ചുമയോ ഉണ്ടെങ്കില്‍ ഇന്‍ഫോം ചെയ്ത മതി''

ഫോണ്‍ നമ്പര്‍, അഡ്രസ് ഒക്കെ കൊടുത്തു. അവരുടേത് തന്നു.

എന്നാലും...ഞാന്‍ ആകെ കുണ്ഠിതനായി. മ്ലാനവദനനായി

നീ വണ്ടി എടുക്കു..എന്നും പറഞ്ഞു അപ്പച്ചനും അമ്മയും വണ്ടിയില്‍ കേറി.

വീടെത്തിയ പാടെ കൊച്ചുമക്കള്‍ സ്‌നേഹം കാണിക്കാന്‍ നില്‍ക്കുന്നു. ഞാന്‍ അവര്‍ക്കുമുന്നിലേക്ക് ചാടി വീണു. 

''സ്‌നേഹം ഒരടി ദൂരെ നിന്നിട്ട് മതി. ഫ്‌ളൈയിംഗ് കിസ് കൊടുക്ക് മക്കളെ. 

ഒരു പതിനാലു ദിവസം കഴിഞ്ഞിട്ട് മതി കെട്ടിപിടുത്തവും ഉമ്മ വെക്കലും ട്ടോ. 

താഴെ ഉള്ള രണ്ടു റൂമില്‍ രണ്ടാള്‍ക്കും ഉള്ള സൗകര്യങ്ങള്‍ റെഡി ആക്കി വെച്ചിട്ടുണ്ട്. ഞാനും ഭാര്യയും കുട്യോളും മോളിലേക്ക് കേറി.

മണിച്ചിത്രത്താഴിലെ ഡോ. സണ്ണി യെ പോലെ ഞാന്‍ അലറി. ''പുറത്തു നിന്നു വന്ന ആരെയായാലും, പൂട്ടിയിടണം!''

''അത്രക്ക് ഒകെ വേണോ?''-അപ്പച്ചന് ഡൗട്ട്

''വേണം വേണം.നിങ്ങളെ പൂട്ടി ഇടുമ്പോള്‍ യഥാര്‍ത്ഥ വൈറസ് അടങ്ങി ഇരിക്കുകയാണ്.''. 

നിപ്പ കണ്ടു പേടിച്ച.....അതാണ് അതോണ്ടാണ്.

പിന്നെ ചെറിയ ഒരു പ്രശ്‌നമുണ്ട് . ഇനി വല്ല കൊറോണയും വന്നു പെട്ടാല്‍, ഞാന്‍ ഓഫീസില്‍ പോകുമ്പോള്‍, അവിടെ ഉള്ള 40 ആളോടും, പിന്നെ മാര്‍ക്കറ്റിങ് ഉള്ള ആള്‍ക്കാരോടും എല്ലാം കൂടി 150 ആളോട് ബന്ധപ്പെടും .പണി പാളും.

ഭാര്യക്ക് കോളേജില്‍ എക്‌സാം ഡ്യൂട്ടി ആണ്. 1000 കുട്ടികള്‍ എക്‌സാം എഴുതുണ്ട്. ചോദ്യ പേപ്പറിന്റെ കൂടെ ഓരോ കൊറോണ കൂടി കൊടുത്തു പണി വാങ്ങേണ്ടല്ലോ. അതു കൊണ്ടാണ്.

പിന്നെ അതിലും വല്യ വേറെ ഒരു പ്രശ്‌നം കൂടി ഉണ്ട്. ഇനി കൊറോണ വന്ന റൂട്ട് മാപ്പ് എടുക്കും. അപ്പച്ചന്റെയും അമ്മയുടേം എടുത്താല്‍ പ്രശ്നല്ല. പിന്നെ എന്റെയും എടുക്കും. എന്തിനാണ് വെറുതെ റിസ്‌ക് എടുക്കുന്നത്.

പനിയും ചുമയും തുമ്മലും ഇല്ലാണ്ട് ഈ പതിനാലു ദിവസം കഴിയാതെ, എനിക്കിനി ഒരു സ്വസ്ഥതയില്ലാ.

ആയിക്കോട്ടെ , എന്നും പറഞ്ഞു രണ്ടാളും റൂമിലേക്ക് ഏകാന്ത വാസത്തിലേക്ക് കേറി.

'പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തംബുരു മീട്ടി'

ബാഗ് ഒക്കെ എടുത്തു കൊടുത്തു. കുപ്പി ഉള്ള ബാഗ് ഞാന്‍ എടുത്തു വെച്ചു. അപ്പോളാണ് അപ്പച്ചന്‍ വന്നു ആ ബാഗ് എടുത്തു റൂമിലേക്ക് പോകുന്നത്.

''അത് പുറത്തു വെച്ചാലും കുഴപ്പമില്ല കേട്ടോ. കൊറോണ ആല്‍ക്കഹോളില്‍ വരൂല്ല എന്നാണ് കേട്ടത്. വേണമെങ്കില്‍ ഞാന്‍ എടുത്തു വെക്കാം.''

''വോ വേണ്ട, ഇവിടെ ഇരുന്നാലും കൊറോണ വരൂല്ല, എന്നും പറഞ്ഞു അപ്പച്ചന്‍ കുപ്പിയുള്ള ബാഗ് എടുത്തു റൂം അടച്ചു.

'വിരഹ ഗാനം വിതുമ്പി നില്‍ക്കും
വീണ പോലും മൗനമായി
വിതുരയാമീ വീണ പൂവിന്‍
ഇതളറിഞ്ഞ നൊമ്പരം'

ആ..ബാക്കിയുണ്ടെങ്കില്‍ നോക്കാം. അല്ലാണ്ടിപ്പോ എന്താക്കാനാ.

എല്ലാ ദിവസവും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും വിളിയാണ്. ''ചുമയുണ്ടോ പനിയുണ്ടോ.'' അതിനിടയില്‍ ആശാവര്‍ക്കര്‍, അംഗന്‍വാടിക്കാരുടെ വക വേറെ വിളി. 

അപ്പോളാണ് രണ്ടു പേര്‍ അന്വേഷിച്ചു വന്നത്.

''യു.കെയില്‍നിന്നു വന്ന ആന്റോ കൊരട്ടി യുടെ വീടല്ലേ.''

''അതേ'-ഞാന്‍ പറഞ്ഞു. ''വിശേഷിച്ചെന്തെങ്കിലും?''

''അന്വേഷിക്കാന്‍ പറഞ്ഞിട്ട് ഹെല്‍ത്തില്‍ നിന്നും വന്നതാണ്. അസുഖം ഒന്നും ഇല്ലാലോ. ഈ ചാര്‍ത്തു കയ്യില് വെച്ചോളൂ.''

''ചാര്‍ത്തോ?''

''ചാര്‍ട്ട്, കൊറോണയുടെ ചാര്‍ട്ട്. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ.''
 
ചായ കുടിച്ചിട്ട്.

''ഇവിടെ നിന്നും ഒന്നും കഴിക്കാന്‍ നില്‍ക്കേണ്ട എന്നു തിരുമേനി, അല്ല ഡിപാര്‍ട്‌മെന്റില്‍ നിന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.''

''ശരി.''

അപ്പോളാണ് മ്മ്ടെ ഒരു ദൂരെ ഉള്ള അയല്‍ക്കാരന്‍ ആ വഴി വന്നത്. 

''ഈ കൊറോണ ഒന്നും പേടിക്കണ്ടാട്ടോ. ഹോമിയോ പോയി പ്രതിരോധമരുന്നു വാങ്ങി കുടിച്ചോ. പിന്നെ നാരങ്ങയും ഇഞ്ചിയും മിക്‌സ് ചെയ്ത് കുടിച്ചാല്‍ പിന്നെ പ്രശ്‌നമില്ല.''

''എവിടെയോ കണ്ടു പരിചയമുണ്ടല്ലോ. എവിടുന്നാണങ്ങട് കിട്ടണില്യ.''

''ഉം. തിരുമേനി മറന്നു. പണ്ട് ആ വൈദ്യരുടെ...''

''അമ്പട കള്ളാ, കുഞ്ഞിക്കുട്ടാ.. ഇവനെ നോം മറക്ക്വേ. ആളെ അത്രേ പരിചയം ഇല്ലാന്നു തോന്നുന്നു. പ്രശസ്ത വൈദ്യന്‍  ഇവന്റെ പ്രൊഫസ്സര്‍ ആയിരുന്നു.
കൊറോണയെ കുറച്ചുള്ള ലോക പ്രശസ്തമായ 10 വാട്സ്ആപ്പ് പ്രബന്ധങ്ങള്‍ ഇയാളുടേതാ. പത്തു തലയാ ഇവന്. ആ ചെല്ലു ചേട്ടാ..''

ഞാന്‍ ഇടക്കിടെ റൂമിലേക്ക് നോക്കും. അപ്പച്ചന്‍ ബോറടിച്ചു ഒറ്റക്കിരുന്നു അടിക്കുന്നു. പ്രണയം കുപ്പിയോട് മാത്രം.

കമ്പനി കൊടുക്കണോ?

''റൂട്ട് മാപ്, പോലീസ്, വേണ്ട വേണ്ട.''

ഇന്നലെ 14 ദിവസം പൂര്‍ത്തിയായി. രണ്ടാളേം റൂമില്‍ നിന്നു ഇറക്കി. അപ്പച്ചനെ കെട്ടിപിടിച്ചു.

എന്നിട്ട് ചോദിച്ചു.

''സാധനം കയ്യിലുണ്ടോ? കയ്യിലുണ്ടെങ്കില്‍ ബാക്കിയുണ്ടോ?''