കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

ലോക് ഡൗൺ തുടങ്ങുന്നതിനും മുൻപ്... കേരളവും യുഎഇയും കൊറോണ ഭീതിയിൽ മുങ്ങിത്താഴുന്നതിന് ഏതാനും ദിവസം മുൻപാണ് ഞാൻ നാട്ടിലെത്തിയത്. തുടർച്ചയായ ജോലിയും പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകളും ഒക്കെ അനുഭവിച്ച നീണ്ട മാസങ്ങൾക്കു ശേഷം കാത്തിരുന്നു ലഭിച്ച അവധി. പക്ഷേ, നാട്ടിൽ എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോഴേക്കും കൊറോണ ആശങ്ക നാട്ടിലും ഗൾഫിലും ഒരുപോലെ ചിറകു വിരിച്ചു. യുഎഇ -യും ഇന്ത്യയും വിമാന സർവീസുകൾ നിർത്തിവച്ചു. നാട്ടിൽ നേരത്തെയും യുഎഇ -യിൽ ഇപ്പോഴും ഏറെക്കുറെ സമാനമായ നിയന്ത്രണങ്ങൾ.

പോറ്റുനാട്ടിലേക്ക് തിരിച്ചു പോകാൻ ആവാതെ കേരളത്തിൽ തുടരേണ്ടിവരുന്ന ആയിരക്കണക്കിന് പ്രവാസികളിൽ ഒരാളാണ് ഇപ്പോൾ ഞാനും. നാട്ടിൽ വന്നശേഷം നിരീക്ഷണം തുടരണമെന്ന് സ്വയം മനസിലാക്കിയപ്പോൾ തന്നെ ഞാൻ വീട്ടിൽ ക്വാറന്റയിനിൽ ആയിരുന്നു. ആ ദിവസങ്ങളും ഇപ്പോൾ കഴിഞ്ഞു. കൊറോണ കൊണ്ടുവന്ന നിർബന്ധിത അവധി തുടരുകയാണ്. ലോകത്തെ എല്ലാ മനുഷ്യരുടെയും എല്ലാ കണക്കുകൂട്ടലുകളും വർത്തമാന ജീവിതവും താളംതെറ്റിച്ച വൈറസ് വികൃതിക്ക് മുന്നിൽ എന്റെ പ്രശ്‍നങ്ങൾ ഒന്നുമല്ല. അതേപ്പറ്റി പറയാൻ അല്ല ഈ കുറിപ്പും.

ഒരു പതിറ്റാണ്ടോളമാകുന്നു എന്റെ പ്രവാസ ജീവിതം. നാട്ടിൽ നിന്ന് അകന്നു കഴിയുന്നുവെന്നേയുള്ളൂ. വിമാനം കയറി കോഴിക്കോട് നിന്നോ കണ്ണൂരിൽ നിന്നോ തിരിച്ച് അന്നം തരുന്ന നാട്ടിലേക്ക് മടങ്ങുമ്പോൾ മനസിലും ചങ്കിലും പറിച്ചെടുത്തു വയ്ക്കാറുണ്ട് കേരളത്തിന്റെ ഒരു അടര്. നാട്ടിൽ ചിലവഴിച്ച നാളുകളുടെയും അത് നൽകിയ നല്ല ഓർമ്മകളുടെയും ആ അടരിനു കയ്യിൽ കരുതിയ ലഗേജിനെക്കാളും ഭാരമുണ്ടാകും. മനസിൽ ആയതുകൊണ്ട് ഒരു എയർലൈൻസിനും ഓവർ ചാർജ് ചെയ്യാൻ ആവില്ലെന്നത് ഭാഗ്യം! നാട് വിട്ടാലും സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും നാടിന്റെ ഓരോ സ്പന്ദനവും അടുത്തറിയുന്നവരാണ് ഞങ്ങൾ. അബുദാബിയിലും ഞങ്ങൾക്ക് നാട്ടുകൂട്ടങ്ങളും നാട്ടു പേരുകളും ഉണ്ട്.

പ്രവാസിയോട് നാട് കാണിക്കുന്ന സ്നേഹം എത്രയോ നാളുകളായി അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ. പ്രവാസികളുടെ നാടാണ് പുതിയങ്ങാടി. സ്വന്തം ജീവിതത്തിൽ പച്ചപ്പ്‌ സ്വപ്‍നം കണ്ട് അന്യനാട്ടിൽ അദ്ധ്വാനിക്കുന്നവരുടെ സ്വന്തം നാട്. ഇവർക്ക് ദൈവമാണ് ചോറ് തരുന്ന ആ പ്രവാസ നാടുകൾ. എത്രയോ കാലമായി അനുസ്യൂതമായി തുടരുന്ന അദ്ധ്വാനത്തിലൂടെ അവർ സ്വന്തം നാടിനെ നട്ടെല്ലുയർത്തി നിൽക്കുന്നതിൽ തുണയ്ക്കുകയും ചെയ്യുന്നു. കൊറോണ നാളുകളിൽ പുതിയങ്ങാടിയിലെ എന്റെ സ്വന്തം വീട്ടിൽ അടച്ചിരിക്കുമ്പോൾ മനസ്സിൽ സങ്കടം നിറയുന്നു. ഇത് എന്റെ മാത്രം തോന്നൽ അല്ല, നാട്ടിൽ തുടരുന്ന കുറെ പ്രവാസികളുടെ മനസിങ്ങനെയാണ്. വലിയ ഒരു അന്യബോധം നിറയ്ക്കുന്നു പ്രവാസികളോടുള്ള നമ്മുടെ നാട്ടിലെ ഒരു വിഭാഗം ആൾക്കാരുടെ സമീപനം.

പ്രവാസികളെ എന്തൊരു ഭീതിയോടെയാണ് അവർ കാണുന്നത്. ചുരുക്കം ചില പ്രവാസികൾ കൊറോണക്കാലത്ത് പൊറുക്കാനാകാതെ വീഴ്ച കാണിച്ചുവെന്നത് ശരിയാണ്. ഒരിക്കലും അംഗീകരിക്കാൻ ആകാത്ത ആ പിഴയ്ക്ക് എല്ലാ പ്രവാസികളെയും എഴുതിത്തള്ളുന്നത് ശരിയാണോ എന്ന് മനസാക്ഷിയുടെ കോടതിയിൽ നിങ്ങൾ വിചാരണ ചെയ്തു നോക്കണം. നാട്ടിലേക്ക് മടങ്ങിയെത്താൻ കൊതിച്ച്‌ വിമാന സർവീസുകൾ അവസാനിക്കുന്നതിനു മുൻപ് എത്തിയ മറ്റെല്ലാവരും എല്ലാ നിരീക്ഷണങ്ങൾക്കും മനസ് തുറന്നു സമ്മതം അറിയിച്ചത് നമ്മൾ കണ്ടതാണ്. എന്നിട്ടും പ്രവാസികളെ ഭയത്തോടെ നോക്കുന്നു. എന്തിനാണ് ഇപ്പോൾ നാട്ടിൽ വന്നത്? കൊറോണ കേരളത്തിൽ പടർത്തിയത് 'ദുബായ്ക്കാർ', എന്നൊക്കെയാണ് ഇപ്പോൾ നാട്ടിലുള്ള ഞങ്ങൾ പ്രവാസികൾക്ക് കേൾക്കേണ്ടി വരുന്ന കുത്തുവാക്കുകൾ. പണ്ടൊക്കെ നാട്ടിൽ വന്നാൽ ആദ്യ ദിവസം കാണുമ്പോൾ തന്നെ എപ്പഴാ മടങ്ങി പോകുന്നത് എന്ന് ചോദിക്കുന്ന ഔചിത്യബോധമില്ലാത്ത കുറച്ചുപേർ ഉണ്ടായിരുന്നു. അതവർക്ക് ഒരു മനസുഖം എന്ന് കരുതി അവഗണിക്കാറായിരുന്നു പതിവ്. പക്ഷേ, ഇപ്പോഴത്തെ ചോദ്യങ്ങളും കുത്തുവാക്കുകളും വലിയ വേദനയായി മാറുകയാണ്.

രോഗം നാട്ടിലേക്ക് കൊണ്ടുവരണമെന്ന് കരുതി വന്നവരൊന്നും അല്ല, പ്രവാസികൾ. എന്റെ കാര്യത്തിൽ ഞാൻ പറഞ്ഞതുപോലെ ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ വന്നതാണ്. നൈഫിലും അൽറാസിലും യുഎഇയുടെയും മറ്റു ഗൾഫ് രാജ്യങ്ങളുടെയും മുക്കിലും മൂലയിലും കഷ്ട്ടപ്പാടുകൾ സഹിച്ചു അതെല്ലാം മറന്നു വീട്ടുകാരെ ഓർത്ത് ഓരോ ദിവസവും തള്ളി നീക്കുന്നവരാണ് ഞങ്ങൾ.

കേരളം ഒറ്റക്കെട്ടായി മഹാമാരിക്ക് എതിരെ പോരാടുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ പ്രവാസികൾ അടക്കമുള്ളവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നിങ്ങളുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ട് എന്ന ആ വാക്കിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. പക്ഷേ, ഇതിനെ ഒരവസരമായി കണ്ടു പ്രവാസികൾക്ക് എതിരെ മനസ്സിൽ വിഷം നിറയ്ക്കുന്നവരും വിജിലാന്റെകൾ ആവുന്നവരും മനസിലാക്കണം, ഈ നേരവും കടന്നു പോകും. എല്ലുമുറിയെ പണിയെടുത്തു കിട്ടുന്നതിൽ ഏറെയും നാട്ടിലേക്ക് അയക്കുന്ന പ്രവാസികളെ നിങ്ങൾക്ക് വീണ്ടും വേണ്ടി വരും. ഞങ്ങൾ അപ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ടാകും. സ്വന്തം അദ്ധ്വാനത്തിന്റെ കരുത്തിൽ ഉയർന്നു നിൽക്കുന്ന നട്ടെല്ലും ശിരസ്സുമായി. ഞങ്ങൾ അന്നും അറബിപ്പോന്നോളം സ്നേഹം തരും സ്വന്തം നാടിന്.

ഇന്നത്തെ ചിലരുടെ കാപട്യത്തിന് മുന്നിൽ കാലമാകും അന്ന് സാക്ഷി!

എന്ന്, 
സ്വന്തം പ്രവാസി.