Asianet News MalayalamAsianet News Malayalam

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്റെ കുഞ്ഞുമാലാഖ പൂജയേക്കൂടി ഓർക്കണം; കുഞ്ഞുങ്ങൾക്ക് നൽകാം കരുതലിന്റെ കരം

കൊറോണക്കാലം അനുഭവങ്ങള്‍ തുടരുന്നു: ഹാരിഷ് കെ.എം എഴുതുന്നു

corona days harish km writes
Author
Thiruvananthapuram, First Published Apr 7, 2020, 6:07 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

corona days harish km writes

 

പൂജ, ആറാം ക്ലാസ്, സെക്ടർ 39, ഗുരുഗ്രാം, ദില്ലി: പുഞ്ചിരി വീണുപോയ മാലാഖ...

ദില്ലി - ജൈപൂർ എക്സ്പ്രസ്‌വേയുടെ തൊട്ടരികെയാണ്‌ ഗുരുഗ്രാമിലെ താവു ദേവിലാൽ സ്പോർട്ട്സ്‌ കോംപ്ലക്സ്. അവിടെനിന്ന് ഭക്തവാർ സിംഗ്‌ റോഡിലൂടെ അൽപം തെക്ക്‌ കിഴക്ക്‌ ഭാഗത്തേക്ക്‌ നടന്നാൽ മെദാന്ത മെഡ്സിറ്റിക്ക്‌ നേരെ മുന്നിലായി സെക്റ്റർ 39 കാണാം. സെക്റ്റർ 39 -ലെ, പരസ്പരം ക്രോസ്‌ ചെയ്ത്‌ കടന്ന് പോകുന്ന റോഡുകളിൽ നിന്ന് പിരിഞ്ഞും പിണഞ്ഞും പോകുന്ന ഗലികളിലൂടെ നടന്നാൽ ജെയ്ൻ മന്ദിറിൽ എത്താം.

ഗുരുഗ്രാമിലെ മിക്ക വഴികളും ഗല്ലികളും പഹഡ്ഗഞ്ചിലെയോ കമലാനഗറിലെയോ ഗലികൾ പോലെയല്ല. നല്ല രീതിയിൽ പരിപാലിക്കുന്നവയാണ്‌. താരതമ്യേന മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്‌ ഇവിടെ. ഗലികളുടെ ഇരുവശവും വലിയ കെട്ടിടങ്ങളാണ്. അവയുടെ ഇടയിലൂടെ മേലോട്ട്‌ നോക്കിയാൽ ഗലിയുടെ അതേ വീതിയിൽ മുകളിൽ ആകാശം കാണാം. ആകാശത്തിന്‌ ഗലികളുടെ അത്രയും മാത്രമായി വലിപ്പം കുറയുന്നത്‌ പോലെ തോന്നും. ജെയ്ൻ മന്ദിർ എത്തുന്നതിന്‌ രണ്ട്‌ ക്രോസ്‌ മുമ്പാണ്‌ പൂജയുടെ വീട്‌. വീടല്ല, അപ്പാർട്ട്‌മെന്റ്. പൂജയുടെ അമ്മമ്മ നെയ്യിൽ വറുത്തെടുത്ത്‌, പഞ്ചസാരപ്പാനിയിൽ മുക്കിയിട്ട്‌ മധുരം കയറ്റിത്തരുന്ന, നിറം ചേർക്കാതെ തന്നെ സ്വർണ നിറമുള്ള, ജിലേബി വാങ്ങിത്തിന്നാൻ അവിടെ പോകാറുണ്ട്‌, ഗുരുഗ്രാമിൽ വരുമ്പോഴൊക്കെ.

വീടിന്റെ മുന്നിലെ ബാൽക്കണി നിറയെ പൂജ കുഞ്ഞു പാത്രങ്ങളിൽ നട്ട പൂച്ചെടികളാണ്‌. അതിനപ്പുറത്ത്‌ അപ്പാർട്ട്മെന്റിന്റെ ഒരു ജനാലയുടെ ഒരു കള്ളിയുടെ അഴികൾ എടുത്ത്‌ മാറ്റി, അതിന് തുറന്ന് വെക്കാവുന്ന ഗ്രിൽ പിടിപ്പിച്ചിട്ടുണ്ട്‌. ആ ഗ്രില്ലിനും ജനലിനും പിന്നിൽ ഇരുന്നാണ്‌ ജിലേബി വിൽപ്പന. അതേ മുറിയിൽ തന്നെയുള്ള സ്റ്റൗവിനു മുകളിൽ വെച്ച വലിയ ചട്ടിയിലെ തിളയ്ക്കുന്ന നെയ്യിലേക്ക്‌ മാവ്‌ കോരി വട്ടത്തിൽ വട്ടത്തിൽ ചുറ്റിയൊഴിച്ചുകൊണ്ടേയിരിക്കും പൂജയുടെ അമ്മമ്മ. അതിൽ നിന്ന് കോരിയെടുക്കുന്ന ചൂട്‌ ജിലേബി, ഇപ്പുറത്ത്‌ മരബെഞ്ചുകളിൽ നിരത്തി വെച്ച സ്റ്റീൽ പാത്രങ്ങളിലെ കുറുകിയ പഞ്ചസാരപ്പാനിയിലേക്ക്‌ ഇടും. അതിൽ കിടന്ന് പഞ്ചസാരമധുരം നിറഞ്ഞ ജിലേബി കോരിയെടുത്ത്‌ ഡബ്ബകളിൽ നിറച്ച്‌ തരും. അപ്പോഴും ചൂടുണ്ടാവും ജിലേബിക്ക്‌. കറുമുറാ ഉള്ള ജിലേബി ചെറിയ ചൂടോടെ പൊട്ടിച്ച്‌ വായിലേക്കിടുമ്പോൾ നാവിൽ മധുരം ബോംബ്‌ പൊട്ടിക്കുന്നത്‌ പോലെ തോന്നും. ഒപ്പം നല്ല പശുവിൻ നെയ്യിന്റെ രുചി കൂടി ആകുമ്പോ, പറഞ്ഞറിയിക്കാൻ വയ്യാത്ത ടേസ്റ്റ്‌ ആണ്‌.

ഈ രുചി തേടി ഒരുപാട്‌ തവണ അതിലേ പോയിട്ടുണ്ട്‌. ആ പോക്കുകളിലാണ്‌ പൂജയുമായി ചങ്ങാത്തമാവുന്നത്‌. പിയോയെക്കാളും ഒരു വയസ്സ്‌ കൂടുതലാണവൾക്ക്‌. കുസൃതി രണ്ടാൾക്കും ഏകദേശം ഒരുപോലെ ആണ്‌. കേരളത്തിന്റെ ചക്കയപ്പവും ശർക്കരവരട്ടിയുമൊക്കെ ഇപ്പോൾ പൂജക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌. 

ലോക്ക്‌ ഡൗൺ തുടങ്ങിയതോടെ സ്കൂളിൽ നേരത്തേ വെക്കേഷൻ തുടങ്ങിയതും, അമ്മമ്മ ജിലേബിക്കച്ചവടം നിർത്തിയതും, അവൾക്ക്‌ വയനാട്ടിൽ നിന്ന് കൊണ്ടുപോയിക്കൊടുത്ത റോസാക്കമ്പിൽ പൂ വിരിഞ്ഞതും ഒക്കെ ഈ ലോക്ക്‌ഡൗൺ കാലത്ത്‌ പലപ്പോഴായി അവൾ കുഞ്ഞ്‌ കുഞ്ഞ്‌ മെസേജുകളിൽ പറഞ്ഞിരുന്നു.

ലോക്ക്‌ഡൗൺ കാലവും കൊവിഡ്‌ പേടിയും ഒക്കെയായി അപ്പാർട്ട്മെന്റിനുള്ളിൽത്തന്നെ ഇരിക്കേണ്ടി വന്ന ഒരു ആറാം ക്ലാസ്സുകാരി കുസൃതിക്കുടുക്കയുടെ കുസൃതി നിറഞ്ഞ മെസ്സേജുകൾക്കിടയിൽ, അവൾ അയച്ച ആ മെസ്സേജ്‌ അൽപമൊന്ന് ഉള്ളുലച്ചു. 

feeling sad and afraid. corona is nxt 2 me, maa and daadimaa. pathaa nahi kyaa uncle 😥

സെക്റ്റർ 39 -ൽ അവരുടെ അടുത്തൊരു ഗലിയിൽ താമസിക്കുന്ന ഒരാൾക്ക് കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ആ വാർത്ത പൂജയുടെ കുഞ്ഞ്‌ മനസ്സിൽ വല്ലാതെ പേടി നിറച്ചിട്ടുണ്ട്‌. അമ്മമ്മയ്ക്കും അമ്മയ്ക്കും തനിക്കും രോഗം പിടിക്കുമെന്ന ഭയമുണ്ട്‌ അവളുടെ വാക്കുകളിൽ. ഗുരുഗ്രാമിലെ സ്ഥിതി അൽപ്പം ഗുരുതരമാണെന്നാണ്‌ റിപ്പോർട്ടുകൾ. ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട 10 കേസുകളിൽ ഒമ്പതുപേരും അസുഖം ഭേദമായി വീട്ടിൽ പോയതാണ്, ഗുരുഗ്രാമിൽ. പക്ഷേ, കഴിഞ്ഞ ഒന്നുരണ്ട് ദിവസം കൊണ്ട് പൂജയുടെ അടുത്തുള്ള സ്ഥലങ്ങളിൽ അഞ്ച്‌ പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌.

രണ്ട്‌ നഴ്സുമാർക്ക്‌ രോഗം പകർന്നത്‌ അവർ കൊവിഡ്‌ രോഗികളെ ചികിൽസിക്കുന്നതിനിടെ ആണെന്ന് പറയുന്നു. വേറൊരാൾ നിസാമുദ്ദീനിലെ തബ്‌ലീഗ്‌ സമ്മേളനത്തിന്‌ പോയ ആൾ. മുംബൈയിൽ നിന്ന് വന്ന മകനും, അവൻ വഴി രോഗം പകർന്ന പിതാവും ആണ്‌ മറ്റ്‌ രണ്ടു പേർ. ആളുകൾ തിങ്ങിപ്പാർക്കുന്ന ഗലികളുടെ ഉള്ളിൽ കൊവിഡ്‌ ഒരാളെ ബാധിച്ചു എന്നറിയുമ്പോൾ, സ്വാഭാവികമായും അവിടെയുള്ള മറ്റ്‌ താമസക്കാർ ഭയന്നുപോകും. 

പൂജയ്ക്ക്‌ ധൈര്യം പകരാനായോ എന്റെ വാക്കുകൾ കൊണ്ട്‌ എന്നറിയില്ല. എങ്കിലും ഇന്ന് കുറേനേരം പൂജക്ക് നൽകി. പിയോയുടെ അതേ മുഖം ഓർമ്മ വന്ന് പോകുന്നു അവളെ കേൾക്കുമ്പോൾ, അവളുടെ ആശങ്കയും ഭയവും കലർന്ന സ്വരം കേൾക്കുമ്പോൾ. നിസ്സഹായരായി നിന്നു പോകുന്നു മനുഷ്യർ, മഹാമാരിക്ക്‌ മുന്നിൽ, മറിച്ചെന്തൊക്കെ പറഞ്ഞ്‌ പോസിറ്റീവ്‌ ആകാൻ നോക്കിയാലും വേണ്ടപ്പെട്ടവർ അപകടത്തിന്റെ തൊട്ട്‌ വക്കത്ത്‌ വന്ന് നിൽക്കുമ്പോൾ ഉള്ളൊന്ന് പിടഞ്ഞ്‌ പോകുന്നു. പൂജ ഒരാൾ മാത്രമല്ല, ഗുരുഗ്രാമിലെ പത്ത്‌ ലക്ഷത്തോളം വരുന്നവർ ഭീതിയിലാണ്‌. ഗുരുഗ്രാമിനപ്പുറം, ദില്ലിയും, അതിനുമപ്പുറം ഈ ലോകമാകെയും കൊവിഡ്‌ ഭീതിയിലാണെങ്കിലും, എന്തുകൊണ്ടോ ഉള്ളുലയ്ക്കുന്നു പൂജയുടെ വാക്കുകൾ.

ലോകത്തിന്‌ മുഴുവൻ വേണ്ടിയുള്ള പ്രാർത്ഥനക്കിടയിൽ, പൂജക്ക്‌ വേണ്ടി അൽപമധികം നേരം ഇരുന്നു പോകുന്നു. പൂജയുടെ നാട്‌ സെക്റ്റർ 39 -ൽ തന്നെയുള്ള ഝൽസ ഗ്രാമത്തിലാണ്‌. 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പടപൊരുതിയ ഭക്തവാർ സിംഗിന്റെ അതേ കുടുംബമാണ്‌ പൂജയുടെ അമ്മമ്മയുടേത്‌. ഭക്തവാർ സിംഗിനെ ബ്രിട്ടീഷ്‌ പട്ടാളം തൂക്കിലേറ്റിയതാണ്‌. ധീര ദേശാഭിമാനിയുടെ ഇളമുറക്കാരിയാണ്‌ പൂജ. പൂജ സുരക്ഷിതയായിരിക്കട്ടെ. ഒപ്പം മറ്റെല്ലാവരും സുരക്ഷിതരായിരിക്കട്ടെ.

കൊവിഡ്‌, കുഞ്ഞു മനസുകളിൽ ഭയം വിതയ്ക്കുന്നുണ്ട്‌, വളരെയധികം. അവരുടെ മാനസികവും ശാരീരികവുമായ വികാസ പ്രക്രിയകളെ പ്രതികൂലമായി ബാധിക്കുന്ന വിധം ആ ഭയം വളരാതെ നോക്കണം. അവർക്ക്‌ ഏറ്റവുമധികം സപ്പോർട്ട്‌ ആവശ്യമുള്ള ഘട്ടമാണിത്‌. അവരോട്‌ സംസാരിക്കണം. കൊവിഡ്‌ എന്താണെന്ന് പറഞ്ഞുകൊടുക്കണം. അതിൽനിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം എന്ന് പറയണം. ഭയം വേണ്ട, കരുതൽ ഉണ്ടായാൽ മതി എന്ന് ബോധ്യപ്പെടുത്തണം.

കൊവിഡ്‌ സംബന്ധിച്ച്‌ മാത്രമല്ല, മറ്റ്‌ എല്ലാത്തിനെയും പറ്റി അവരോട്‌ സംസാരിക്കണം. അവർക്ക്‌ താൽപര്യമുള്ള കാര്യങ്ങൾ അവർ പറയുന്നത്‌ കേൾക്കണം. പറയാൻ അവരെ പ്രേരിപ്പിക്കണം. അവർക്ക്‌ എൻഗേജ്ഡ്‌ ആയിരിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ പറഞ്ഞ്‌ കൊടുക്കണം. ഫ്ലാറ്റിനുള്ളിലെ ജനലരികിൽ മൈക്രോ ഗ്രീൻസ്‌ വളർത്താൻ തുടങ്ങുകയാണിന്ന് പൂജ. അത്‌ പോലെ, അവരെ പ്രവർത്തനനിരതരാക്കുന്ന കാര്യങ്ങളിലേക്ക്‌ നയിക്കണം.

പാചകത്തിൽ അവരുടെ കൂടി കുഞ്ഞ്‌ സഹായങ്ങൾ തേടാം. ഷെൽഫുകൾ അടുക്കി വെക്കാൻ അവരെയും കൂട്ടാം. പുതിയ ചെടികൾ നടാൻ അവരെ കൂട്ടാം. ചെടികൾക്ക്‌ അവരിഷ്ടപ്പെടുന്ന പേരിട്ട്‌ വിളിക്കാം. അവർക്കൊപ്പം വ്യായാമം ചെയ്യണം. വീടിനകത്തിരുന്നും വ്യായാമം ചെയ്യാം. അവരുടെ ഒപ്പമിരുന്ന് സംസാരിച്ച്‌ സന്തോഷത്തോടെ ഭക്ഷണം കഴിക്കാം. വിഭവങ്ങളുടെ എണ്ണമല്ല, അതിനൊപ്പം വിളമ്പുന്ന സ്നേഹമാണ്‌ കുഞ്ഞ്‌ മനസുകൾക്ക്‌ ഏറെ ഹൃദ്യമാവുക, അതവർ നാവുകൊണ്ടല്ല, ഹൃദയം കൊണ്ടാണ്‌ ആസ്വദിക്കുക. 

ഈ ലോക്ക്‌ഡൗണും, കൊവിഡും മാത്രമല്ല , അതിനു പുറത്തുള്ള കാര്യങ്ങളും വീട്ടിലെ വാർത്തകളിലും വർത്തമാനങ്ങളിലും നിറയണം. ടിവിയിൽ ആയാലും ഫോണിൽ ആയാലും കൊവിഡ്‌ വാർത്തകൾ ദിവസം രണ്ടോ മൂന്നോ തവണ മാത്രം ശ്രദ്ധിച്ചാൽ മതി. ബാക്കി സമയം കുട്ടികൾക്കൊപ്പം ജീവിക്കൂ. കൊവിഡിനെക്കുറിച്ച്‌ ആശങ്കയും ഭയവുമൊക്കെ ഉണ്ടാവുന്നത്‌ സാധാരണമാണെന്നും, അത്‌ പലരിലും ഉണ്ടാകുന്നതാണെന്നും, അതിൽ ഭയപ്പെടാനില്ലെന്നും അവരോട്‌ പറയണം. അവർക്ക്‌ വീടിനുള്ളിൽ കിട്ടുന്ന ഒരേയൊരാശ്രയം വീട്ടിലെ മുതിർന്നവരാണ്‌. 

എപ്പോഴും നെടുവീർപ്പിട്ടും, മുഖത്ത്‌ ഭയം നിറച്ചും, കൊവിഡിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാത്ത മുതിർന്നവർക്കൊപ്പം, അടച്ചിട്ട ഗേറ്റുകൾക്കും വാതിലുകൾക്കും ഉള്ളിൽ ഒറ്റപ്പെട്ട്‌ പോകുന്ന കുഞ്ഞിന്റെ അവസ്ഥ ഒരുനിമിഷം ഒന്നാലോചിച്ച്‌ നോക്കൂ. എത്ര ഭയാനകം ആണത്‌. നമുക്ക്‌ അങ്ങനെയുള്ള മുതിർന്നവർ ആകാതിരിക്കാം. കുഞ്ഞ്‌ മനസുകളിൽ ജാഗ്രത മാത്രം ബാക്കിയാക്കി, ഭയത്തെ പിഴുത്‌ മാറ്റുന്നവരായിരിക്കാം. കുഞ്ഞ്‌ മനസുകൾ ഭയന്നിരിക്കുന്ന ലോകത്ത്‌, എങ്ങനെയാണ്‌ സുഖവും സമാധാനവും വിടരുക. വാടിയ മുഖങ്ങളിൽ പുഞ്ചിരി നിറയ്ക്കാൻ ബോധപൂർവ്വം ശ്രമിക്കണം. കുഞ്ഞുങ്ങളുടെ ലോകമാണിത്‌. അവരുടെ വിഭവങ്ങൾ കവർന്നെടുക്കുന്ന പരാദങ്ങളായിക്കഴിഞ്ഞിരിക്കുന്നു നമ്മൾ, ഏറെ കാലം മുമ്പേ തന്നെ. അവരുടെ പുഞ്ചിരികളെങ്കിലും അവർക്ക്‌ തിരികെ കൊടുക്കാം. 

ഈ ലോക്ക്‌ ഡൗൺ കാലത്ത്‌, അവർക്കൊപ്പം നിന്നും ഉണ്ടും കളിച്ചും ചിരിച്ചും മിണ്ടിയും പറഞ്ഞും അവരുടെ പുഞ്ചിരികൾ തിരികെ കൊടുക്കാം. ഒപ്പം, നിങ്ങളുടെ പ്രാർത്ഥനകളിൽ എന്റെ കുഞ്ഞ് മാലാഖ പൂജയേക്കൂടി ഓർക്കണം.

#കനത്ത #ജാഗ്രത #തുടരണം. Hand Hygiene, Cough Hygiene, Social Distancing, ഐസോലേഷൻ/ ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർ അത്‌ കർശ്ശനമായി പാലിക്കൽ, ലോക്ക് ഡൗൺ അനുസരിക്കൽ എന്നിവ നിർബന്ധമാണ്‌. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കണം. 

Follow Us:
Download App:
  • android
  • ios