കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

വേനലിന്റെ ചൂടേറ്റു വാടി കരിഞ്ഞ ഇലകളും പൂക്കളും. വൃക്ഷലതാതികളെ പുഷ്ടിപ്പെടുത്താന്‍ പാടുപെടുന്ന ജല കണികകള്‍. പൊടുന്നനെ  എവിടെ ഒക്കെയോ 'കൊറോണ' പൊങ്ങി വന്നു. ആദ്യമൊന്നും കാര്യമായി എടുത്തില്ല. എങ്കിലും, പെട്ടെന്ന് തീ പോലെ പടര്‍ന്നു പിടിച്ചു,  കൊറോണ. എങ്കിലും നമ്മുടെ നാട്ടില്‍ എത്തിയില്ലല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു നില്‍ക്കുമ്പോള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ നാടിന്റെ ഓരോ മുക്കുംമൂലയും അടയ്ക്കുന്നു, മനസ്സിന്റെ വാതില്‍ ആരോ കൊട്ടി അടക്കും പോലെ.

കഴിഞ്ഞ ഞായറാഴ്ച,  അന്നാണ് ജീവിതത്തില്‍ ആദ്യമായ് കര്‍ഫ്യൂ  എന്താണെന്ന് ഞാന്‍ അറിഞ്ഞത്. നിരത്തുകളില്‍ വാഹനം ഇല്ല. എങ്ങും വിജനത. കുട്ടികളുടെ പോലും ഒച്ചയും ബഹളവും ഇല്ല. ശ്മശാനമൂകമായ ഒരു അന്തരീക്ഷം. ഏപ്രില്‍ മാസത്തില്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ തയ്യാറെടുത്തു നിന്ന് എനിക്ക് കൊറോണ തന്ന സമ്മാനം. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ലോക്ക് ഡൌണ്‍. വിമാന സര്‍വീസുകള്‍ എല്ലാം റദ്ദാക്കുന്നു, അതിര്‍ത്തികള്‍ അടക്കുന്നു, വാഹനങ്ങള്‍ തടയുന്നു. ജനം പുറത്ത് ഇറങ്ങരുതെന്ന് സര്‍ക്കാരും പോലീസും ഒരുപോലെ പറയുന്നു. ഞാന്‍ എന്റെ വീട്ടില്‍ സുരക്ഷിതയാണ്. എന്റെ ഭര്‍ത്താവ് ഖത്തറില്‍ സുഖമായി ഇരിക്കുന്നോ?   എന്റെ മനസ്സും ശരീരവും ഒരുപോലെ ആലോചനകളില്‍ തളരുന്നു.

ഇനി മുന്നോട്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഇത് എത്ര കാലം നീളും എന്നോ എന്ന് അവസാനിക്കും എന്നോ അറിയില്ല. അകലെ ഇരിക്കുന്നവരെ കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടാനും പ്രാര്‍ത്ഥിക്കാനും അല്ലാതെ മറ്റെന്തിനാണ് നമ്മെ കൊണ്ട് ആവുക.  കണ്ണുള്ളവന് കണ്ണ് ഇല്ലാത്തവന്റെ വേദന പറഞ്ഞാല്‍ മനസ്സിലാകുമോ? ഇനി ഒറ്റ പ്രാര്‍ത്ഥന മാത്രമേ എന്റെ മനസ്സില്‍ ഉള്ളൂ. കൊറോണ എന്ന മഹാ വിപത്തിനെ തുടച്ചു നീക്കി പഴയ കാലം തിരിച്ചു തരണേ എന്ന് മാത്രം. മനസ്സിന്റെ താളം തെറ്റാതിരിക്കാന്‍ വീട്ടു മുറ്റത്തു പച്ചക്കറി തോട്ടം ഉണ്ടാക്കുന്ന തിരക്കിലാണ് ഞാന്‍  ഇപ്പോള്‍. അത് എനിക്ക് നല്ല ആശ്വാസവും സമയം പോക്കും നല്‍കുന്നുണ്ട്.

എല്ലാ ദുരന്തങ്ങള്‍ക്കും പിന്നില്‍ നമ്മെ പഠിപ്പിക്കാന്‍ ഒരു പാഠമുണ്ട് എന്ന് ചിന്തിക്കുന്ന ഒരു വ്യക്തി ആണ് ഞാന്‍. മനുഷ്യന്‍ രണ്ടു കാലില്‍ നടക്കുമ്പോള്‍ എന്ത് ഒരു അഹങ്കാരി ആണ്. ആ അഹങ്കാരം ശമിക്കാന്‍ ഒരു മിനിറ്റ് പോലും വേണ്ട എന്ന  തിരിച്ചറിവിന്റെ സമയം ആണ് ഇത്. പണവും പദവിയും നോക്കുകുത്തിയായി നിസ്സഹായതയോടെ നില്‍ക്കുന്ന സമയം. എന്തൊക്കെ സമ്പാദിച്ചു കൂട്ടിയാലും വെട്ടിപിടിച്ചാലും, എത്രയൊക്കെ ഉണ്ടെന്ന് പറയുന്നവനും കോവിഡ് ഒരു ഊരാക്കുടുക് തന്നെ. ഇനി എങ്കിലും മനുഷ്യര്‍ പരസ്പരം മനസ്സിലാക്കിയും പങ്കുവെച്ചും ജീവിക്കാന്‍ പഠിക്കട്ടെ. വലിയവന്‍ ആയാലും,  ചെറിയവന്‍ ആയാലും, സമ്പന്നന്‍ ആയാലും, വിധിയുടെ മുമ്പില്‍ വെറും കളിപ്പാട്ടങ്ങള്‍ മാത്രം.