Asianet News MalayalamAsianet News Malayalam

മഴപോലെ വന്ന മഹാമാരിയുടെ വിത്തുകള്‍

'കൊറോണക്കാലം.ലോകംമുഴുവന്‍ സൗഖ്യത്തിന്റെ കാറ്റുകള്‍ വീശിവീശിനിറയട്ടെ. എം പി പവിത്ര എഴുതുന്നു
 

 

Corona days special series on covid 19 by MP Pavithra
Author
Thiruvananthapuram, First Published Apr 11, 2020, 12:57 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Corona days special series on covid 19 by MP Pavithra

 

ഇനിയും ഇഷ്ടത്തിലേക്ക് പൂവെറിയുന്ന വെയില്‍നേരങ്ങളുണ്ടാകട്ടെ; നടത്തത്തിലേക്ക് ഇഷ്ടം തരുന്ന  പാതകളുണ്ടാകട്ടെ! അതിജീവനത്തിന്റെ നീലാകാശം നമ്മെ പൊതിഞ്ഞുപിടിച്ചു കാത്തുരക്ഷിക്കട്ടെ.

പ്രകൃതിയെ മറന്നുജീവിക്കുമ്പോഴാണ് നാം നമ്മളല്ലാതായി മാറുന്നത്. കണ്ട കാഴ്ചകള്‍ക്കും, അറിഞ്ഞ വെയിലിനും, തണുപ്പിച്ച മഴകള്‍ക്കും, കുതിര്‍ന്ന കിനാവുകള്‍ക്കും, മു

ളച്ച വിത്തുകള്‍ക്കും, ജീവന്റെ മിടിപ്പുപോലെ പ്രകൃതിയോട് നന്ദി സൂക്ഷിക്കാന്‍ നാം ബാദ്ധ്യതപ്പെട്ടവരാണ്. ഇനി നമുക്ക് ശുദ്ധരാവാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും ആവോളം  നിലനിര്‍ത്തി, അവനവനോടുതന്നെ സത്യസന്ധതപാലിച്ച്, പാര്‍പ്പിടങ്ങളിലൊതുങ്ങാം.

ലോകം മുഴുവന്‍ പിടിടിയിലൊതുക്കാന്‍ വെമ്പുന്ന വൈറസിന്റെ വ്യാപനത്തെ തടയാം.ആരോഗ്യവകുപ്പും സര്‍ക്കാരും മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്‍തുടരാം. ആരോഗ്യരംഗത്തും, പത്രപ്രവര്‍ത്തനരംഗത്തുമെല്ലാംപ്രവര്‍ത്തിക്കുന്ന നിരവധിപേരുടെ കഠിനാദ്ധ്വാനത്തിന്റെ വിലയാണ് നാമിന്നനുഭവിക്കുന്ന സുരക്ഷിതത്വ്വം എന്നത് മറക്കാതിരിക്കാം. അവനവനില്‍നിന്ന് അവനവനിലേക്കുള്ള ചില സ്വയം പിന്‍വാങ്ങലുകള്‍ നമ്മെ പലതുമോര്‍മ്മപ്പെടുത്തുന്നുണ്ട്.

ഏതൊരു കാര്യത്തേയും നല്ലതും ചീത്തയുമാക്കുന്നത് മനസ്സാണ്. മാറിയിരുന്നാണെങ്കിലും, സാമൂഹികമാധ്യമങ്ങള്‍വഴിയും ,ഫോണ്‍ വഴിയും പ്രിയപ്പെട്ടവര്‍ക്കൊപ്പമുണ്ടാകാമല്ലോ നമുക്ക്. ശരീരംകൊണ്ട് അകലെയാണെങ്കിലും മനസ്സുകൊണ്ട് ഏറ്റവും അടുത്താക്കുന്നത് സ്‌നേഹമല്ലാതെ മറ്റെന്താണ്? ഭൂമിയിലെ ഓരോ മണ്‍തരിയിലും ചവിട്ടുമ്പോള്‍ പഴംകാലത്തിലെപ്പോലെ 'പാദസ്പര്‍ശം ക്ഷമിക്കണേ'എന്ന അപേക്ഷയാവാനും, കണ്ണന്‍ചിരട്ടയില്‍ പക്ഷികള്‍ക്കു വെള്ളംനല്‍കാനും, ഏതു പച്ചിലത്തുമ്പിനേയും, പൂവിതളിനേയും ആവശ്യമില്ലാതെ നുള്ളിയെടുക്കാതിരിക്കാനും, ഏതു തുമ്പിച്ചിറകു തുടികൊട്ടുമ്പോഴും അതില്‍ മഴവില്ലു പോലെ പലനിറങ്ങള്‍ നൃത്തംവയ്ക്കുന്ന ഒരു മഹാകാശം നിറയാനുമുള്ള വിചാരങ്ങള്‍ ഒരു പ്രാര്‍ത്ഥനപോലെയുള്ളില്‍ നിറയുന്നു.

പ്രാണന്റെ നേരുകൊണ്ടുമാത്രം കൊളുത്തേണ്ടുന്ന ചില പ്രകാശങ്ങളെ മറന്നേപോയത് എപ്പോഴാണ് നാം? മഴപോലെ വന്ന മഹാമാരിയുടെ വിത്തുകള്‍ മഞ്ഞുപോലെ പെട്ടെന്നലിഞ്ഞ് ഇല്ലാതാവട്ടെ. ലോകംമുഴുവന്‍ സൗഖ്യത്തിന്റെ കാറ്റുകള്‍ വീശിവീശിനിറയട്ടെ. പ്രകൃതി നമുക്കുതരുന്ന കരുതലും കനിവും തിരിച്ചും നാം നല്‍കേണ്ടതാണെന്ന പാഠം കൂടി സമ്പര്‍ക്കവിലക്കിന്റെ ഈ കാലം നമുക്ക് തരുന്നു. ഏതു കല്ലിനെയും പൂമ്പാറ്റയായി ചിറകടിപ്പിച്ചുയര്‍ത്താനും, ഏതു പൂവിലും  തേന്‍ നിറവാകാനും, ഏതിരുട്ടിനെയും വെളിച്ചംകൊണ്ട് തെളിയിച്ചെടുക്കാനും കഴിവുള്ള , എല്ലാ മുറിവുകളെയും ഭീതികളേയും മായ്ചുമായ്ചുകളയുന്ന ഒരുകാലം പെട്ടെന്നു വരുമെന്ന പ്രത്യാശകൊണ്ട്, നിര്‍മ്മലമായ മനസ്സും ശരീരവുമായി ഒത്തൊരുമിച്ചുനിന്ന്, പ്രിയപ്പെട്ടവരേ, ഈ കൊറോണക്കാലത്തെയും നാം മറികടക്കും; തീര്‍ച്ച.

Follow Us:
Download App:
  • android
  • ios