കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

എത്ര പെട്ടെന്നാണ് ലോകം ഐസൊലേഷനിലായത്. ലാഭത്തിലേക്ക് നീട്ടിപ്പിടിച്ച കൈകള്‍ക്ക് വിലക്ക് വീണിരിക്കുന്നു. അതില്‍ പ്രതിരോധത്തിന്റെ ഗ്ലൗസ് അണിയിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. തനിക്കു ചുറ്റുമുള്ളതിനെ നോക്കി 'ഇതൊന്നുമെന്നെ ബാധിക്കില്ല' എന്ന്  നിസ്സംഗമായ മുഖത്ത് ഭയത്തിന്റെ മാസ്‌ക് അണിയിച്ചിരിക്കുന്നു ചൈനയിലെ വുഹാന്‍ വന്യ ജീവി മാര്‍ക്കറ്റില്‍ നിന്നുണ്ടായ ഒരു ചെറു വൈറസ് ലോകത്ത് മനുഷ്യന്‍ കെട്ടിപ്പൊക്കിയ മതിലുകള്‍ പൊളിച്ചു കളഞ്ഞിരിക്കുന്നു. വരഞ്ഞ അതിരുകള്‍ മാഞ്ഞ് പോയിരിക്കുന്നു.

പ്രവാസിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ, പാവപ്പെട്ടവനും, പണക്കാരനും, വേട്ടക്കാരനും ഇരയും എന്ന വേര്‍തിരിവില്ലാതെ ഇന്ന് . എല്ലാരും കൊറോണയുടെ ഇരകളാണ്. എങ്കിലും ഈ അവസ്ഥയിലും നാടും വീടും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍ക്ക്  നാട്ടിലുള്ളവരെ അപേക്ഷിച്ച് ചില വ്യത്യസ്ഥ അനുഭവങ്ങള്‍ ഉണ്ടാകും. അതില്‍ ചിലത് പരിശോധിക്കുകയാണ്.


ചൈനീസ് മെയിഡല്ലേ, അല്‍പ്പായുസായിരിക്കും

ചൈനയില്‍ നിന്ന് അപകടകാരിയായ ഒരു വൈറസ്  മനുഷ്യരില്‍ പടര്‍ന്ന് പിടിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സുഹൃത്ത് പറഞ്ഞ മറുപടി മറക്കാനാകില്ല. 'ചൈനീസ് മെയിഡല്ലേ, അതിന് വലിയ ആയുസുണ്ടാകില്ല'

ചൈനയില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് അല്‍പ്പായുസ്സാണെന്ന ഒരു പരാതി ഉണ്ടെങ്കിലും, ഇലക്‌ട്രോണിക് ഉപകരണങ്ങളും കളിപ്പാട്ടങ്ങളും മൊബൈല്‍ ഫോണുകളുമടക്കം മനുഷ്യരുടെ നിത്യോപയോഗ സാധനങ്ങള്‍ പലതും സാധാരണക്കാരുടെ കീശക്ക് പ്രാപ്യമാക്കിയത് ചൈനക്കാരാണ്. പണ്ട് ജപ്പാന്‍ കമ്പനികള്‍  കീഴടക്കിയിരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളില്‍ പലതും സ്വപ്‌നത്തില്‍നിന്ന് ഇറങ്ങി വന്ന് നമ്മുടെ ഷോക്കേസിലും, വീടകങ്ങളിലും നിറഞ്ഞത് ചൈനക്കാര്‍ അതുണ്ടാക്കാന്‍ തുടങ്ങിയ നാള്‍ തൊട്ടാണ്.

ഇന്ന് ഗള്‍ഫ്  വിപണിയിലെ  കച്ചവടലാഭത്തില്‍ 60% ഇത്തരത്തിലുള്ള ചൈനീസ് ഉല്‍പന്ന വില്‍പ്പനയിലൂടെ ആയിരിക്കും എന്നതില്‍ സംശയമില്ല.
പ്രവാസി മലയാളികളുടെ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളായ ഇഞ്ചിയും, വെളുത്തുള്ളിയും, ചേമ്പുമൊക്കെ ചൈനയില്‍ നിന്ന് വരുന്നതാണ്. കൊറോണയുടെ  ഉത്ഭവം ചൈനയില്‍ നിന്നായത് കൊണ്ട് തന്നെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ മാന്ദ്യം സ്വാഭാവികം.  കൂടാതെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ ജനങ്ങള്‍ക്ക് വൈമനസ്യവുമുണ്ട.

എന്നാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇല്ലെങ്കില്‍ പകരം വെക്കാന്‍ മറ്റെന്തുണ്ട് എന്നത്  ചോദ്യചിഹ്നമായി പ്രവാസി കച്ചവടക്കാരുടെ ഉള്ളില്‍ കുത്തുന്നുണ്ട്. ചൈനയില്‍ നിന്ന് വന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മാസ്‌ക് വാങ്ങിയപ്പോള്‍ അതും 'മെയ്ഡിന്‍ ചൈന' എന്നാരോ എഴുതിയത് ട്രോളല്ല- സത്യമാണ്. ചൈനയുടെ ഉത്പന്നങ്ങളില്ലെങ്കില്‍ ഗള്‍ഫ് മേഖലയില്‍ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കുക എങ്ങനെ എന്നത് ഈ മേഖലയിലുള്ളവരെ അലട്ടുന്ന വിഷയമാണ്.


ഇരകളാകാന്‍ വിധിക്കപ്പെവര്‍

പ്രവാസികള്‍ക്ക് രണ്ട് നാടുകളാണുള്ളത് പെറ്റമ്മയും, പോറ്റമ്മയും. ഈ രണ്ട് അമ്മമാര്‍ക്കും നേരിടേണ്ടി വരുന്ന നഷ്ടങ്ങളും, കഷ്ടങ്ങളും, അവരെയും ബാധിക്കും. അത് കൊണ്ടാണ് നാട്ടില്‍ പ്രളയമുണ്ടാകുമ്പോഴും,  കലാപമുണ്ടാകുമ്പോഴും പ്രവാസികള്‍ സംഘര്‍ഷമനുഭവിക്കുന്നത്.

എന്നാല്‍ കൊറോണ ലോകത്താകമാനം കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശുമ്പോള്‍ പ്രവാസിക്ക് താന്‍ താമസിക്കുന്ന രാജ്യത്തിന്റെയും, തന്റെ ഉറ്റവരും ഉടയവരും താമസിക്കുന്ന മാതൃരാജ്യത്തിന്റെയും, ആവലാതികളും, വേവലാതികളും ഒന്നിച്ച് പേറേണ്ടി വരുന്നു. കൂടാതെ രണ്ട് രാജ്യത്തും ഇതു മൂലമുണ്ടായ യാത്രാവിലക്കുകളും മറ്റു നടപടികളും നാടുമായുള്ള ബന്ധത്തില്‍ താത്ക്കാലികമായെങ്കിലുമുണ്ടാക്കുന്ന വിള്ളലും പ്രവാസിയെ തളര്‍ത്തുന്നുണ്ട്. എന്തെങ്കിലും, അസുഖമുള്ളവര്‍ക്കും, വീട്ടില്‍ പ്രായമായ അച്ഛനുമമ്മയും ഉള്ളവര്‍ക്കുമൊക്കെ.
ഇത് വലിയ മാനസിക സംഘര്‍ഷത്തിനിടയാക്കുന്നുണ്ട്. എപ്പോഴായാലും മൂന്നാല് മണിക്കൂര്‍ കൊണ്ട് നാട്ടിലെത്താമല്ലോ എന്ന ചിന്ത പ്രവാസിയുടെ മനസിനെ സമാധാനിപ്പിച്ച് നിറുത്തുന്നതില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല.  കൊറോണ ആ സമാധാനത്തെയും കെടുത്തിക്കളഞ്ഞിരിക്കുന്നു.

ഗള്‍ഫുകാരന്റെ കള്ളിപ്പെട്ടി
പഴയ മലയാള സിനിമയിലൊക്കെ ഗള്‍ഫില്‍ ഉള്ളയാള്‍ നാട്ടില്‍ വരുന്ന രംഗം കാണിക്കുമ്പോള്‍ സീനില്‍ ആദ്യം കാണുക നീങ്ങിപ്പോകുന്ന ചുവപ്പും കറുപ്പും നിറമുള്ള കള്ളിപ്പെട്ടിയായിരുന്നു. കള്ളിപ്പെട്ടിയും ടാക്‌സിയുടെ മുകളിലെ കാര്യറില്‍ വെച്ചുകെട്ടി, ടേപ്പ് റെക്കാര്‍ഡും കൈയില്‍ പിടിച്ച് ഗമയില്‍ വരുന്ന ഗള്‍ഫുകാരനില്‍ നിന്ന് കാലവും സാഹചര്യങ്ങളും പുതിയ പ്രവാസിയെ ഒത്തിരി മാറ്റിയിട്ടുണ്ടെങ്കിലും നാട്ടിലുള്ളവരോടുള്ള കരുതലും സ്‌നേഹവും പ്രവാസികള്‍ക്കിന്നും നഷ്ടമായിട്ടില്ല. അതു കൊണ്ടാണ് നാട്ടിലുള്ള ദുരിതങ്ങളിലേക്കും ദുരന്തങ്ങളിലേക്കും സഹായവുമായി നീങ്ങുന്ന കരങ്ങളില്‍ ഇന്നും മുന്നില്‍ പ്രവാസികള്‍ തന്നെയാണ്. എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരി കേരളത്തില്‍ എത്തിയ അന്ന് മുതല്‍ ചില കോണുകളില്‍ നിന്ന് അതിന് കാരണക്കാരായി ഗള്‍ഫുകാരെ ചൂണ്ടാന്‍ തുടങ്ങിയത് പ്രവാസികള്‍ക്ക് വലിയ വേദനയാണുണ്ടാക്കിയത്.

ഗള്‍ഫില്‍ നിന്ന് വന്ന ചിലര്‍ ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കാത്തതും കൊറോണ പോസിറ്റീവ് ഫലം വന്നവരില്‍ ദുബായിയില്‍ നിന്ന് വന്നവര്‍ ഏറെയുണ്ട് എന്നതുമാകാം ഇതിനു വഴിയൊരുക്കിയത്. എന്നാലും ദുബായായില്‍ നിന്നും വരുമ്പോള്‍ ആരും കള്ളിപ്പെട്ടിയില്‍ നിറയെ കൊറോണ വൈറസുമായി വരികയില്ല. ജോലിക്കിടയില്‍ ലോകത്തിലെ  വിവിധ രാജ്യക്കാരുമായി  ഇടപഴകേണ്ടി വരുന്നതിലൂടെ ലഭിച്ചതാകാം ഈ മഹാമാരി എന്നും നാം മനസിലാക്കണം. ചെക്കിംഗില്‍   രോഗമൊന്നും കാണാഞ്ഞതിനാലാകാം അവര്‍ നാട്ടിലേക്ക് വന്നിട്ടുണ്ടാകുക.

എല്ലാ പ്രവാസികളും ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കാത്തവരല്ല. ചിലരേ അങ്ങനെ ചെയ്തിട്ടുള്ളൂ. എന്നാല്‍ നാട്ടിലെത്തിയിട്ടും തന്റെ പിഞ്ചുമകനെ കാണാതെ, മരിച്ചു പോയ അമ്മയുടെ മുഖം അവസാനമായൊരു നോക്ക് കാണാനാകാതെ ഏറെ ആശിച്ച് അരികിലെത്തിയിട്ടും തന്റെ പ്രിയതമയെ ചേര്‍ത്തു പിടിക്കാനാകാതെ നാടിന് വേണ്ടിയും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടിയും സമ്പൂര്‍ണ്ണ ക്വാറന്റീനു തയാറായ എത്രയോ പ്രവാസികളുണ്ട്.

ഞങ്ങള്‍ക്കിവിടെ സുഖം തന്നെ നിങ്ങള്‍ക്കും

കത്തുകാലത്ത് പ്രവാസിയുടെ അത്തറ് മണക്കുന്ന കത്തുകളിലെ ആമുഖം 'ഞങ്ങള്‍ക്കിവിടെ സുഖം തന്നെ അതെ പോലെ നിങ്ങളെയും കരുതി സമാധാനിക്കുന്നു ' എന്നതായിരുന്നു.

കത്ത് കാലത്തില്‍ നിന്ന് വീഡിയോ കോള്‍ കാലത്തിലേക്ക് ലോകം കുതിച്ചുചാടിയെങ്കിലും ദു:ഖത്തിന്റെ ഉരുകിയ ലാവ ഉള്ളില്‍ ഒതുക്കി അഗ്‌നിപര്‍വ്വതം കണക്കെ നിന്ന് പ്രവാസികള്‍ ഇന്നും നാട്ടിലുള്ളവരോട് പറയുന്നത് 'ഞങ്ങള്‍ക്കിവിടെ സുഖം തന്നെ' എന്നാണ്.

ഗള്‍ഫ് മേഖലയില്‍ വിശിഷ്യാ യു.എ.ഇ യിലെ സൂപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി, കഫ്‌റ്റേരിയ പച്ചക്കറി, മീന്‍, ഇറച്ചി, വെള്ളം, ഗ്യാസ് വിതരണം തുടങ്ങിയ ജനങ്ങള്‍ക്ക് അന്നം ലഭിക്കുന്ന മേഖലകള്‍ക്കൊന്നുമിതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല നമ്മുടെ നാട്ടിലെപ്പോലെ ഭക്ഷണം വിതരണം ചെയ്യുന്ന പൊതുമേഖല സംരംഭം ഇവിടെ ഇല്ലാത്തത് കൊണ്ടാകാമിത്.

ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ധാരാളം ആളുകള്‍ ആശങ്കയോടെയാണെങ്കിലും ഇപ്പോഴും ജോലിതുടരുന്നുണ്ട്.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അത്ര സുരക്ഷിതത്വമൊന്നും ഇവര്‍ക്ക് ജോലിക്കിടയില്‍ പാലിക്കാന്‍ സാധ്യമല്ല. എങ്കിലും നാളിതുവരെ തങ്ങള്‍ക്ക് അന്നം നല്‍കിയ തൊഴിലിനോടുള്ള പ്രതിബദ്ധതയാണ് ലോക്ക് ഡൗണ്‍ കാരണം വിജനമായ റോഡിലൂടെ ഏകാകിയായി നീങ്ങുന്ന ഡെലിവറി ബോയിയെ മുന്നോട്ട് നയിക്കുന്നത്. രോഗവും കൊണ്ട് വരുന്നവരാണോ എന്ന ഭയത്തോടെ അയിത്തം കാണിച്ച് അവരെ വേദനിപ്പിക്കാതെ,  മാനവികതയാണവരുടെ ഇപ്പോഴത്തെ മൂലധനം എന്ന് തിരിച്ചറിയണം.


ഈ ക്വാറന്റീന്‍ നമ്മെ എന്തെങ്കിലും പഠിപ്പിക്കുമോ?

ലോകത്ത് എല്ലാ മനുഷ്യരും ഇന്ന് ഏതെങ്കിലും തരത്തില്‍ ക്വാറന്റീനിലാണ്. ഒരു ഏകാന്ത തടവ്. ഞാന്‍ തരക്കേടില്ല, എനിക്ക് ആരൊക്കെയോ ഉണ്ട്, ഞങ്ങള്‍ ശക്തരാണ്, എന്നൊക്കെയുള്ള തോന്നലായിരുന്നു എല്ലാവരെയും നയിച്ചിരുന്നത്. ഞാനും എന്റെ ആള്‍ക്കാരും എന്ന ചിന്തയില്‍ നിന്നാണ്  മനുഷ്യന്‍ മറ്റൊരു മനുഷ്യനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. എന്റെ മതം, എന്റെ ജാതി, എന്റെ രാഷ്ട്രം, എന്റെ രാഷ്ട്രീയം എന്നിങ്ങനെ അതിരുകള്‍ വരഞ്ഞതും  മതിലുകള്‍ പണിതതും.
 
അതെല്ലാം നിരര്‍ത്ഥകമായിരുന്നു എന്ന് ഈ ഏകാന്തവാസം നമ്മെ ഉണര്‍ത്തുന്നു. നിന്നെ രക്ഷിക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കുമാകില്ല, നീ അറിയുന്നയാളും നിന്റെ ശത്രുവും, നിന്റെ ശത്രു രാജ്യവും എതിര്‍ പാര്‍ട്ടിക്കാരും, മതക്കാരും എല്ലാരും സുരക്ഷിതരാണെങ്കിലേ നീയും സുരക്ഷിതനാക എന്ന പാഠം കൂടി നമ്മെ പഠിപ്പിക്കുന്നു. ഈ കൊറോണക്കാലം.

ഈ ദുരന്തവും മനുഷ്യന്‍ അതിജീവിക്കും. അപ്പോള്‍ നേരിയ ഒരു ഓര്‍മ്മ മാത്രമാകാതെ  ഈ ദുരന്തം ലോകത്തെ നന്മയിലേക്ക് മാറ്റിപ്പണിയുന്നതാകണം.

അതൊക്കെ വ്യാമോഹമല്ലേ എന്ന് ചോദിക്കരുത്. ലോകത്തെ നമുക്ക് മാറ്റിയെടുക്കണം. കുഞ്ഞുണ്ണി മാഷ് പണ്ട് പറഞ്ഞു തന്ന ഒരു സൂത്രമുണ്ട്.

'ലോകത്തെ നന്നാക്കാന്‍ എളുപ്പമാണ്.
ലോകം നന്നാവാന്‍ അവനവന്‍ നന്നായാല്‍ മതി.'

 

'കൊറോണക്കാലം' കുറിപ്പുകള്‍:

സീനാ ശ്രീവല്‍സന്‍: ഒന്നുശ്രമിച്ചാല്‍ സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം

റഫീസ് മാറഞ്ചേരി: വൈറസിനെ മൈക്രോസ്‌കോപ്പിലെങ്കിലും  കാണാം; പ്രവാസിയുടെ ആധികളോ?

കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ...

Read more at: https://www.asianetnews.com/magazine/column/corona-days-at-karippur-international-airport-by-dr-hasnath-saibin-q7yej7
കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ...

Read more at: https://www.asianetnews.com/magazine/column/corona-days-at-karippur-international-airport-by-dr-hasnath-saibin-q7yej7

ഡോ. ഹസ്‌നത്ത് സൈബിന്‍: കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ

സമീര്‍ ചെങ്ങമ്പള്ളി: ഇവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയായിരുന്നു സൗദിയിലെ ആദ്യ കൊവിഡ് രോഗി

അഞ്ജലി ദിലീപ്: ജീവിതം വല്ലാതെ മാറി; ഇനിയും ഇങ്ങനെ എത്ര നാളുകള്‍?

നദീര്‍ കടവത്തൂര്‍: ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിപ്പുകാരുടെ ചില പരീക്ഷണങ്ങളും മാസ്ക്കും

സീമ രാജീവ്: പതിനാലു ദിവസം കൊണ്ട് ഒരു കുറുമ്പന്‍ കുട്ടി പ്രതിബദ്ധതയുള്ള പൗരനായി മാറിയ കഥ