2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയവും പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ ഉദയവും കുറിക്കുന്നു. ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന തകർച്ച, വലതുപക്ഷത്തിൻ്റെ വളർച്ച, സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതുതലമുറ രാഷ്ട്രീയം എന്നിവ കേരളത്തിൻ്റെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ ലേഖനം വിലയിരുത്തുന്നു.
2026 -ൽ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ചിടത്തോളം തരുന്നത് അതിപ്രാധാന്യമുള്ള ഭാവി രാഷ്ട്രീയ സൂചകങ്ങളാണ്. കേരളത്തിലെ സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയവും, ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയവും ബിജെപിയുടെ മുന്നേറ്റവും കാണിക്കുന്നത് കേരള രാഷ്ട്രീയം കടന്നു പോകാനിരിക്കുന്ന പുതിയ വഴികളാണ്. മൂന്ന് മുന്നണികൾ എന്ന നിലയിലേക്ക് മാറുന്ന ഒരു രാഷ്ട്രീയ ചിത്രം അതിന്‍റെ സൂചനകൾ മുൻപ് തന്നെ വ്യക്തമായതാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ അതു വ്യക്തമായ ചിത്രം കാട്ടിത്തരുന്നു. കേരള ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ നീണ്ട ഒരു രാഷ്ട്രീയ യാത്രയുടെ മുഖ്യധാരാ പരിണാമം കൂടിയാണ് അത്. ഇതോടൊപ്പം കാണാൻ കഴിയുന്ന മറ്റൊരു യാഥാർത്ഥ്യമാണ് സമീപ നാളുകളിലെ ലോക വലതുപക്ഷ, തീവ്ര വലതുപക്ഷ രാഷ്ട്രീയ വിജയങ്ങൾ. ആ വിജയങ്ങൾ എല്ലാം തന്നെ ജനാധിപത്യ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാന പാഠങ്ങൾ തരികയാണ്.
നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി
തെരഞ്ഞെടുപ്പ് പരാജയം നേരിട്ട നേപ്പാളിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷം, ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി പരാജയപ്പെട്ടത് പോലെയുള്ള അവസ്ഥയെ നേരിടുകയാണെന്നുള്ള ചർച്ച മറ്റൊരു വഴിക്ക് നടക്കുന്നു. 40 ശതമാനം വോട്ടുമായി 1990 -കളിൽ തുടങ്ങി 2022 വരെ നിലനിന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഈ തെരഞ്ഞെടുപ്പിൽ 21 ശതമാനം വോട്ട് ഷെയറാണ് ലഭിച്ചത്. കേരളത്തിൽ സിപിഐ(എം) മുന്നണി നേരിട്ട 1977 -ലെ തെരഞ്ഞെടുപ്പ് പരാജയം പോലെ തന്നെയുള്ള ഒരു കമ്മ്യൂണിസ്റ്റ് പരാജയം കൂടിയാണ് ഇത്. ഇത്തരം ഒരു തെരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത് നേപ്പാളി രാഷ്ട്രീയ കമ്യൂണിസ്റ്റ് ഇടത്പക്ഷം നേരിടുന്ന പുത്തൻ രാഷ്ട്രീയ ചോദ്യങ്ങൾ കൂടിയാണ്. അവർ തിരിച്ചറിയാൻ ശ്രമിക്കുന്നത്, പുത്തൻ മുതലാളിത്ത വളർച്ചയുടെ കാലത്തെ, ഡാറ്റ സെൻട്രിക് (Data centric), ഫ്ലാറ്റ്ഫോം ക്യാപിറ്റലിസത്തിന്‍റെ (Platform capitalism), അസറ്റ് മാനേജർ ക്യാപിറ്റലിസത്തിന്‍റെ (Asset Manager Capitalism) കാലത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം എങ്ങിനെ എന്നത്. മറ്റൊന്ന് അധികാരവും അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. പാർട്ടിയിൽ വരേണ്യവർഗ്ഗം രൂപപ്പെടുന്നത് എങ്ങിനെ തടയാൻ കഴിയും എന്നുള്ളത്. 'സോഷ്യലിസ്റ്റ് പ്രയോഗം' എന്നതിനെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ കൂടിയാണ് ഇവ. നേപ്പാൾ, തെക്കൻ ഏഷ്യൻ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രയോഗത്തിൻ്റെ ഏറ്റവും ശക്തമായ മുഖമായിരുന്നു.

കനലൊരു തരിയായി ശ്രീലങ്ക
പല കമ്യൂണിസ്റ്റ് ആധിപത്യ മേഖലകളിലും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത പരാജയമാണ് സംഭവിച്ചത്. നേപ്പാൾ തെരഞ്ഞെടുപ്പ്, കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വയം വിമർശനത്തിന്‍റെ കടുത്ത പാഠങ്ങൾ നൽകുകയാണ്. ശ്രീലങ്ക മാത്രമാണ് ഇടതുപക്ഷത്തിന് തെക്കൻ ഏഷ്യയിൽ ഇപ്പോൾ പ്രതീക്ഷ നൽകുന്നത്. അവിടെയും ഇടത് ഭരണം, വിമർശനങ്ങൾ വിളിച്ചുവരുത്തുകയാണ്. ജെവിപി വലിയ രാഷ്ട്രീയ പരീക്ഷണങ്ങൾ നേരിടുന്നു.
ദേശീയ യാഥാസ്ഥിതികർ
ആഗോള തലത്തിൽ വലതുപക്ഷ, തീവ്ര വലതുപക്ഷ പോപുലിസ്റ് രാഷ്ട്രീയം, രാഷ്ട്രീയ മണ്ഡലത്തെ തങ്ങളുടെ കീഴിലാക്കുന്ന രാഷ്ട്രീയ അവസ്ഥയാണ് കാണിക്കുന്നത്. ഇത് ജനാധിപത്യ രാഷ്ട്രീയത്തെ ആഴത്തിൽ ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ യാഥാർത്ഥമാണ്. അടുത്ത കാലത്ത് ഹംഗറി തെരഞ്ഞെടുപ്പിലെ വിക്ടർ ഓർബാൻ്റെ പരാജയം മാത്രമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് മുന്നേറ്റം. ലോകത്തിലെ ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിൻ്റെ സൈദ്ധാന്തികൻ കൂടിയാണ് വിക്ടർ ഓർബനും ഉദാരമല്ലാത്ത ജനാധിപത്യവും (Illiberal democracy). ഉദാരമല്ലാത്ത ജനാധിപത്യം പ്രതിനിധാനം ചെയ്യുന്നത് ഏറ്റവും ജനാധിപത്യ വിരുദ്ധമായ ഒരു രാഷ്ട്രീയമാണ്. ഈ ദേശീയ യാഥാസ്ഥിതിക രാഷ്ട്രീയം (National conservative politics) ഭരണകൂടത്തെ ഉൾക്കൊള്ളുന്നത് മുസ്ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ, ലൈംഗിക - ന്യൂനപക്ഷ വിരുദ്ധ, കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ്. സാംസ്കാരിക മാർക്സിസം അവരുടെ പ്രധാന സൈദ്ധാന്തിക എതിരാളിയാണ്. ഇത് ഇന്ന് ലോകത്തിലെ ദേശീയ യാഥാസ്ഥിതികർ എന്ന് വിളിക്കുന്ന രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനമാണ്. മേലോണിയും ട്രംപും ജേവ്യർ മിലിയുയും ഒക്കെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും ഇത് തന്നെയാണ് മുന്നോട്ട് വെക്കാൻ ശ്രമിക്കുന്നതും.

കേരളത്തിലെ ജനാധിപത്യ കമ്മ്യൂണിസം
കഴിഞ്ഞ പത്ത് വർഷങ്ങളിലെ ഇടതുഭരണത്തെ സംബന്ധിച്ച റഫറണ്ടമായി വന്ന കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഐക്യജനാധിപത്യ മുന്നണിക്ക് സമ്മാനിച്ച വിജയം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് ഭരണം നിലവിലില്ലെന്ന രാഷ്ട്രീയ അവസ്ഥയിലേക്ക് നയിച്ചു. ഇത് ലോകമെങ്ങുമുള്ള വലതുപക്ഷ രാഷ്ട്രീയം ശ്രദ്ധാപൂർവം വിലയിരുത്തുകയാണ്. കേരള സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം ആദ്യം രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് സർക്കാർ ലോക ശ്രദ്ധ ആകർഷിച്ചു. 'ജനാധിപത്യ കമ്മ്യൂണിസം' (Democratic communism) എന്ന് കേരളം വിശേഷിപ്പിക്കപ്പെട്ടു. ഈ കമ്മ്യൂണിസ്റ്റ് അധികരമേറ്റെടുക്കലിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം 1957 ഏപ്രിൽ 6, കേരള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ വിശദമായി പ്രതിപാദിക്കുന്നു. ശീതയുദ്ധ കാലത്തെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ജനാധിപത്യത്തിലെ കമ്മ്യൂണിസ്റ്റ് അധികരമേൽക്കൽ സൃഷ്ടിച്ച പ്രതിഫലനം വ്യക്തമാക്കുന്നതായിരുന്നു ആ ലേഖനം. അതുകൊണ്ടുതന്നെ കേരളം രാഷ്ട്രീയം ഒരു പ്രധാന അന്താരാഷ്ട്ര ശ്രദ്ധാ കേന്ദ്രമായി മാറി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അന്ന് മുതൽ തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരി സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. പ്രതേകിച്ച്, അത് തെക്കൻ ഏഷ്യൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്.
2026 -ലെ ഇടതുപക്ഷ മുന്നണിയുടെ പരാജയം വളരെ സൂക്ഷ്മമായി വിലയിരുത്താൻ ശ്രമിക്കുന്നുണ്ട്. ട്രോട്സ്കിസ്‌റ്റ്കൾ മുതൽ ബിബിസി വരെ നീളുന്നു ആ നിര. കേരളം ഒരു ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ മാതൃക എന്ന നിലയിൽ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാണ്. കോവിഡ് കാലം കേരളം അതിജീവിച്ചതും ആഗോള ശ്രദ്ധ നേടി. നവ ഇടതുപക്ഷ ബദൽ എന്ന നിലയിലായിരുന്നു കേരളത്തെ മുന്നോട്ട് വെച്ചിരുന്നത് (വിജയ പ്രഷാദ്). എന്നാൽ, ഇതിനോടുള്ള അന്താരാഷ്ട്ര വിമർശനം കൂടി ശക്തമാകുകയാണ്. കഴിഞ്ഞ പത്ത് വർഷങ്ങളിലൂടെ കടന്നു പോയ കമ്മ്യൂണിസ്റ്റ് കേരളത്തിന് എന്തു സംഭവിച്ചു എന്നത് പരാജയത്തിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്നു.
ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
ലോകത്ത് എല്ലായിടത്തും തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെരഞ്ഞെടുപ്പ് പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയുണ്ട്. പല രാജ്യങ്ങളിലും രാഷ്ട്രീയമായി വളരെ ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. G7 രാജ്യങ്ങളിൽ ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ശക്തമായ ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് തിരിച്ചടി തൊട്ട് കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം വരെ വൻതോതിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരിയിൽ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്ന 8 സീറ്റുകളിൽ നിന്ന് ഇപ്പോൾ അത് നാല് സീറ്റ്കളിലേക്ക് ചുരുങ്ങി. പ്രായമായവരുടെ പാർട്ടി എന്ന നിലയിൽ ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശനത്തിന് വിധേയമാക്കുന്നു. അതേസമയം ജാപ്പനീസ് രാഷ്ട്രീയത്തിൽ ഉയർന്ന് വന്ന 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പാർട്ടി' (Artificial Intelligence Party) പതിനൊന്ന് സീറ്റുകൾ നേടി. ഇത്തരം പുതുതലമുറ രാഷ്ട്രീയം കടന്നുപോകുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നു. സങ്കേതികവിദ്യയുടെ വളർച്ച രാഷ്ട്രീയത്തെ അതിശക്തമായി സ്വാധീനിക്കുന്നത്തിൻ്റെ ഉദാഹരണമാണ് ജപ്പാനീസ് രാഷ്ട്രീയം. ഇത് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയത്തിന് നേരെ പുതുരാഷ്ട്രീയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ഓഡിറ്റിന് വിധേയമാക്കപ്പെടുന്ന പാർട്ടി സമൂഹങ്ങൾ
കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്‍റെ, പാർട്ടി സമൂഹത്തിൻ്റെ ക്ലാസിക് ഉദാഹരണങ്ങളായിരുന്ന നിയോജക മണ്ഡലം (ഉദാഹരണം പയ്യന്നൂർ) പോലും കൈ വിട്ട തെരഞ്ഞെടുപ്പ് കൂടിയായി ഇത്. പയ്യന്നൂർ എന്നത് ഫ്രാൻസിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരക്കുത്തകയുള്ള 'le martinet' എന്നത് പോലെയുള്ള പ്രദേശമായിരുന്നു. പാർട്ടി രൂപം കൊണ്ട കാലം മുതൽ ആധിപത്യമുള്ള സ്ഥലം. ഈ തെരഞ്ഞെടുപ്പ് ഫലം, ഇത് കേവലം ഒരു തെരഞ്ഞെടുപ്പ് പരാജയം മാത്രമല്ല. കേരളത്തിലെ സാമൂഹ്യ ജീവിതം അതിൻ്റെ പാർട്ടി രാഷ്ട്രീയ സമൂഹത്തോട് ഏറ്റവും വിമർശനാത്മകമായി പ്രതികരിക്കാൻ തുടങ്ങി എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. ഇത് രാഷ്ടീയ മണ്ഡലത്തിലെ പാർട്ടി സമൂഹത്തെ ഒരു ഓഡിറ്റിന് വിധേയമാക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ടറൽ രാഷ്ട്രീയ അജണ്ടകൾക്ക് പുറത്ത് നിന്ന് കൊണ്ടുള്ള ഒരു ജനാധിപത്യ വികാസത്തെ അത് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു. അതുപോലെ ഈ പുതുരാഷ്ട്രീയം പരമ്പരാഗത രാഷ്ട്രീയത്തെ അതിൻ്റെ ജനാധിപത്യ വിടവിനെ ചോദ്യം ചെയ്യുന്നത് കൂടിയാണ്.
സാങ്കേതിക വിദ്യ രാഷ്ട്രീയം
കേരളത്തെ സംബന്ധിച്ച് ഈ പൗരത്വ രാഷ്ട്രീയം കൂടുതൽ സജീവമാകാൻ പോകുന്നതാണ്. അത് കൂടുതൽ സാങ്കേതികവിദ്യ, സമൂഹ മാധ്യമം എന്നിവയെ ആശ്രയിച്ചുള്ള രാഷ്ട്രീയമാണ്. പുത്തൻ തലമുറ സജീവമാകുന്ന ഇടം കൂടി ആണ് ഇത്. ഇതാണ് Gen Z രാഷ്ട്രീയം ലക്ഷ്യം വെക്കുന്നതും. Team Mirai(future party), ജപ്പാനിൽ നിന്നുള്ള ഈ പാർട്ടി നേടിയെടുത്ത വിജയം കാണിക്കുന്നത് ഭാവി രാഷ്ട്രീയം എങ്ങിനെ ഒക്കെയാണ് ലോകത്ത് രൂപപ്പെടുകയെന്ന് എന്നതാണ്. ഭൂതവും ഭാവിയും എന്ന നിലയിലാണ് രാഷ്ട്രീയത്തെ അവർ വിഭജിക്കുന്നത്. ഭാവിയാണ് ഈ സാങ്കേതിക വിദ്യാ രാഷ്ട്രീയം (Technology Politics). വരും കാലങ്ങളിൽ കേരളവും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ, പുത്തൻ സങ്കേതിക വിദ്യയുടെ ഇത്തരമൊരു പുത്തൻ തലമുറ രാഷ്ട്രീയ ലോകത്തിലേക്ക് കടക്കുകയാണ്. ഇത് ഉണ്ടാക്കാൻ പോകുന്ന തലമുറ വിടവ് രാഷ്ട്രീയത്തിൽ വളരെ വ്യക്തവുമാണ്. ഡിജിറ്റൽ ജനാധിപത്യം (Digital democracy) പ്രധാന അജണ്ടയായി ഇത്തരം രാഷ്ട്രീയം കരുതുന്നു.


