Asianet News MalayalamAsianet News Malayalam

ആ ഗദ്ദാമയുടെ വേദന നമുക്ക് മനസിലാകണമെന്നില്ല, കാരണം നമ്മള്‍ സുരക്ഷിതരാണ്..

ആളൊഴിഞ്ഞപ്പോൾ ഞാനവളുടെ അരികിലെത്തി. പിൻതിരിഞ്ഞിരുന്നിരുന്ന അവളുടെ പുറകിൽ ഇരുന്ന് അവളുടെ പുറത്ത് കൈവെച്ചു. എന്റെ കണ്ണിൽ നോക്കിയപ്പാടെ, അവളുടെ പ്രതിഷേധങ്ങൾ വകവെക്കാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാനൊന്നും പറഞ്ഞില്ല. 

deshantharam amal fermis
Author
Thiruvananthapuram, First Published Apr 13, 2019, 3:33 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam amal fermis

ഖത്തറിൽ ഒരു ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായി ജോലി നോക്കുകയാണ് ഞാന്‍. തൊട്ടടുത്ത അറബി വീട്ടിലെ ഫിലിപ്പീനി ഗദ്ദാമ. ജെനിഫറിനെ കുറിച്ചാണിത്. അവൾക്കെന്നും പറയാൻ നൂറായിരം കഥകൾ ഉണ്ടാവാറുണ്ട്. അവൾടെ പ്രിയപ്പെട്ട വിഭവങ്ങളെല്ലാം എനിക്കും പ്രിയപ്പെട്ടതാണ്. എന്റെ മുരിങ്ങയില എന്നെക്കാൾ കൂടുതൽ പ്രിയം അവൾക്കാണ്. മുരിങ്ങയില കൊണ്ട് രുചികരമായ സൂപ്പും ചിക്കൻ കറിയുമെല്ലാം ഉണ്ടാക്കി അവളെന്നെ ഞെട്ടിക്കും. അവളെന്നും എന്നോട് പറയും, 'മിസ് ഖത്തറിൽ നിന്നും നാട്ടിൽ സ്ഥിരതാമസമാവുമ്പോൾ എന്നെ ഗദ്ദാമയായി നിർത്താമോ?'

അവളുടെ മുഖം എന്നെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു

ആദ്യമാദ്യം 'ഞാനൊരു ഗദ്ദാമയെ നിർത്താൻ മാത്രം ധനികയൊന്നുമല്ല ജെനീ.. ഞാനൊരു സാധാരണക്കാരിയാ. എന്നെങ്കിലും നാട്ടിൽ പോയി വെറുതെ ഇരിക്കുമ്പോൾ വീട്ടിലെ ജോലിയെല്ലാം സ്വയം ചെയ്യാനാവണമെന്നാ പ്രാർത്ഥന..' എന്ന് ഞാന്‍ പറയും. പക്ഷെ, എന്തൊക്കെ പറഞ്ഞാലും അവളീ സ്വപ്നം ഇടക്കിടെ ആവർത്തിക്കും. അവളുടെ ഭാവനയിൽ ഞാനവളുടെ മാഡമാണ്. അവളെ വഴക്കു പറയാത്ത, അവളുടെ വേദനകളിൽ ആശ്വസിപ്പിക്കുന്ന മാഡം.. പിന്നീടെനിക്ക് മനസ്സിലായി, ഞാനെന്തൊക്കെ പറഞ്ഞാലും  അവളുടെ മനസ്സിന് ആശ്വാസമേകുന്നത് ഇത്തരം ശുഭപ്രതീക്ഷകളാണെന്ന്. അതിൽ പിന്നെ അവൾ പറയുന്നതെല്ലാം അതേ വികാര തീവ്രതയോടെ ഞാൻ കേട്ടിരിക്കും. ഭാവിയിൽ എന്റെ വീട്ടിൽ അവൾ വരുത്താനുദ്ദേശിക്കുന്ന പരിവർത്തനങ്ങൾ കേട്ട് ഞാൻ തലകുലുക്കും. അവളെനിക്ക് ഉണ്ടാക്കി തരണമെന്ന് കരുതുന്ന ഓറഞ്ച് ഫ്ലേവറിലുള്ള കേക്കിന്റെ വർണ്ണന കേട്ട് എന്റെ വായിൽ വെള്ളമൂറി. ഫിലിപ്പീൻസിൽ നിന്നും ഇന്ത്യയിലേക്ക് എത്ര മണിക്കൂർ ദൂരമുണ്ടെന്ന് ഇൻറർനെറ്റിൽ നോക്കുമവൾ. ഇടക്ക് വിമാനക്കൂലി നോക്കി നെടുവീർപ്പിടും. അത് കാണുമ്പോൾ എനിക്ക് പോലും സംശയമാവും ഇനി അവൾ നാട്ടിലെ എന്റെ വീട്ടിലെ ഗദ്ദാമയായിക്കഴിഞ്ഞോ!!

അന്നുപക്ഷേ, അവളെ കണ്ടപ്പോഴേ നെഞ്ചിൽ ഒരു തീകുണ്ഡമുണ്ടെന്ന് എന്റെ മനസ് പറഞ്ഞു. അവളുടെ ഓരോ ചലനങ്ങളിലും ആ വേദന കണ്ടു. എന്തു പറ്റിയെന്ന് ഇടക്കിടക്ക് ഞാനവളോട് ചോദിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ എഴുന്നേറ്റു പോയി. ഈയ്യിടെയായി എന്റെ കണ്ണിനെന്തോ കുഴപ്പമുണ്ട്. സങ്കടങ്ങൾ വേഗം കണ്ണിൽപ്പെടും. അതിനനുസരിച്ച് എന്റെ നെഞ്ച് വേദനിച്ച് കൊണ്ടേയിരിക്കും. എടുക്കാനും പൊതക്കാനും അവനവന്റെ കയ്യിൽ തന്നെ ആവശ്യത്തിലധികം ടെൻഷനുള്ളപ്പോൾ വെറുതെയെന്തിനാ എല്ലാവരുടെ വിഷമങ്ങളും കേട്ട് ടെൻഷനടിക്കുന്നതെന്ന് ചോദിച്ച് ഇക്ക വഴക്ക് പറയും. എന്നാലും, അവളുടെ മുഖം എന്നെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു.. അവൾക്കിതെന്തു പറ്റിയെന്ന് ഞാൻ വേപഥു പൂണ്ടു. 

'അവൻ ഞാൻ വഴക്കു പറഞ്ഞ ദേഷ്യത്തിന് എന്തെങ്കിലും അവിവേകം കാണിക്കുമോ മിസ്?'

ഒരുപാട് ചോദിച്ചെങ്കിലും നിറഞ്ഞ കണ്ണുകളെ എന്നിൽ നിന്നും മറച്ചുപിടിച്ച് അറബി വീട്ടിലെ കുട്ടികളുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ എഴുന്നേറ്റു പോയി. എന്റെ നെഞ്ചിലെ വിങ്ങൽ കൂടി, അവൾടെ മനസ്സിലെ അടക്കിപ്പിടിച്ച വേദന, അതെ പലപ്പോഴും ആളുകളുടെ മുന്നിൽ പൊട്ടിപൊട്ടി കരയുന്നവരേക്കാൾ എത്രയോ കൂടുതൽ വേദന അനുഭവിക്കുന്നവരാണ് നെഞ്ചിലെ വിങ്ങൽ മറ്റുള്ളവരിൽ നിന്ന് മറച്ച് പിടിച്ച് ചുണ്ടിൽ പുഞ്ചിരിയുമായി കനലെരിയുന്നവർ. അവരുടെ വേദന മറ്റുള്ളവരുമായി പങ്കുവെക്കാതെ ഉമിത്തീയിലെന്നോണം അവർ എരിഞ്ഞടങ്ങും.

ആളൊഴിഞ്ഞപ്പോൾ ഞാനവളുടെ അരികിലെത്തി. പിൻതിരിഞ്ഞിരുന്നിരുന്ന അവളുടെ പുറകിൽ ഇരുന്ന് അവളുടെ പുറത്ത് കൈവെച്ചു. എന്റെ കണ്ണിൽ നോക്കിയപ്പാടെ, അവളുടെ പ്രതിഷേധങ്ങൾ വകവെക്കാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാനൊന്നും പറഞ്ഞില്ല. പുറത്ത് മൃദുവായി തട്ടികൊണ്ടിരുന്നു. ചില സമയങ്ങളിൽ മൗനമാണുചിതം. അവൾ വിറയാർന്ന സ്വരത്തിൽ പറഞ്ഞു തുടങ്ങി. മക്കളെ പ്രസവിച്ച്, കുഞ്ഞുങ്ങളെ നാട്ടിൽ 'മെയിഡിനെ' ഏൽപ്പിച്ചാണ് ഇവിടെ അറബിക്കുഞ്ഞുങ്ങളെ നോക്കുന്നത്. ഓരോ രാത്രിയിലും ഈ കുഞ്ഞുങ്ങളെ ഉറക്കുമ്പോഴും അവർക്ക് ഭക്ഷണം കൊടുക്കുമ്പോഴും സ്വന്തം മക്കളെയാണ് ഓർക്കാറുള്ളത്. ഇതു വരെ സ്വരുക്കൂട്ടിയ സമ്പാദ്യം എല്ലാം എടുത്താണ് ജെനി, മോനെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് ചേർത്തത്. എഞ്ചിനീയറായി വന്ന് നല്ലൊരു ജോലിക്ക് കയറിയാൽ ജീവിതം ഭദ്രമാവുമെന്ന് സ്വപ്നം കണ്ടു.

മൂന്നാം വർഷത്തിന് പഠിക്കുന്ന അവനിനി പഠിക്കേണ്ട. മടുത്തു ഇനി പഠിക്കാൻ വയ്യെന്നാണത്രേ അവൻ പറയുന്നത്. ഫോണിലൂടെ ഒരുപാട് സമയം വഴക്കടിച്ചു. അവനെന്താ എന്നെ മനസ്സിലാവാത്തതെന്ന് പറഞ്ഞ് അവൾ പെയ്തുകൊണ്ടേയിരുന്നു. ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ചിലവാക്കിയിട്ട് ഇപ്പോൾ ആർക്കും ഉപകാരമില്ലാത്ത വിധത്തിൽ ഞാൻ സമ്പാദിച്ചതൊക്കെ പോയില്ലേ? എന്റെ യൗവ്വനം, എന്റെ ജീവിതം, എന്റെ മക്കളുമൊത്തുള്ള ജീവിതം എല്ലാം കളഞ്ഞ് ഇവിടെ ഒറ്റക്ക് നിന്നത്, വേദനകൾ സഹിച്ചത് ഒക്കെ ഈ മക്കൾക്ക് വേണ്ടിയല്ലെ.. എന്നിട്ടിപ്പോൾ! ഇടക്കവൾ വിതുമ്പി കൊണ്ട്, 'അവൻ ഞാൻ വഴക്കു പറഞ്ഞ ദേഷ്യത്തിന് എന്തെങ്കിലും അവിവേകം കാണിക്കുമോ മിസ്?' എന്ന് ചോദിച്ച് തീവ്രമായ വേദനയിൽ നിന്നും വിടുതൽ നേടാനെന്നവണ്ണം തല കുടഞ്ഞു.

അമ്മമാരെ മനസ്സിലാക്കുന്ന മക്കളുണ്ടാവുന്നത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം

അമ്മമാരുടെ വേദന എല്ലാ നാട്ടിലും ഒന്നു തന്നെയാണ്. മാതൃത്വം ഒരാഘോഷം, ത്യാഗം മാത്രമല്ല! ചില സമയങ്ങളിൽ കരളു പകുത്തെടുക്കുന്ന വേദന കൂടിയാണ്. അമ്മമാരെ മനസ്സിലാക്കുന്ന മക്കളുണ്ടാവുന്നത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. ഇവിടെ ആ മകനു പറയാൻ നൂറ് ന്യായീകരണങ്ങളുണ്ടാവാം ഇതു വായിക്കുന്ന നിങ്ങളും മകനെ ഒറ്റക്കാക്കി അന്യനാട്ടിൽ വന്ന് പണിയെടുക്കുന്ന അവളെ മാതൃത്വത്തെക്കുറിച്ച് ബോധവത്ക്കരിക്കേണ്ടതിനെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാം.. നമ്മൾ സുരക്ഷിതരായിരിക്കുന്നിടത്തോളം നമുക്ക് മറ്റുള്ളവരുടെ വേദനകൾ മനസ്സിലാവണമെന്നില്ല !!

Follow Us:
Download App:
  • android
  • ios