Asianet News MalayalamAsianet News Malayalam

ദുബായ് പൊലീസിലെ ആ ഉദ്യോഗസ്ഥന്‍ ഞെട്ടിക്കാണണം, എന്റെ ഹിന്ദി കേട്ടിട്ട്!

ദേശാന്തരം: അംജദ് ആരാമം എഴുതുന്നു

Deshantharam by Amjad Aramam
Author
Thiruvananthapuram, First Published May 2, 2019, 6:15 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam by Amjad Aramam

ഗള്‍ഫ് ജീവിതത്തിന്റെ ആദ്യ കാലത്താണ് സംഭവം.

'ഹിന്ദി ഹമാരാ രാഷ്ട്രഭാഷ' ആയിരുന്നിട്ട് കൂടി  ഹിന്ദി വഴങ്ങാത്ത ഒന്നായിരുന്നു. പത്താം തരം വരെയും ഹിന്ദിയില്‍ പല അഭ്യാസങ്ങള്‍ക്കും ശ്രമിച്ചിട്ടുണ്ടെങ്കിലും സഹചാരിയായി മാറിയിരുന്നില്ല. ഹിന്ദി മാത്രമല്ല മലയാളമല്ലാത്ത ഒരു ഭാഷക്കും നാവുവഴക്കില്ല എന്ന വാശികൂടി ഉണ്ട് എന്ന് കരുതിക്കോളൂ.

എന്നിരുന്നാലും ജീവിതത്തിന്റെ കടിഞ്ഞാണ്‍ നമ്മെ ഏല്‍പ്പിച്ചിട്ടല്ലല്ലോ ജീവന്‍ നല്‍കിയവന്‍ നമ്മെ ഇങ്ങോട്ട് ഏര്‍പ്പാടാക്കി വിട്ടിരിക്കുന്നത്. അല്ലെങ്കില്‍ അത്ര രുചികരമല്ലാത്ത ഈ പ്രവാസത്തിനും നമ്മള്‍ വഴങ്ങില്ലല്ലോ. തപ്പി തടഞ്ഞ് മാത്രം ഇംഗ്ലീഷ് മൊഴിയുന്ന, ഹിന്ദിയോടും മറ്റു വിദേശഭാഷകളോടും അങ്ങേയറ്റത്തെ അകലം പാലിക്കുന്ന തികഞ്ഞ 'സ്വദേശാഭിമാനി'യായിട്ടാണ് ഗള്‍ഫ് ജീവിതം ആരംഭിക്കുന്നത്. ചെന്നുപെട്ടത് മരുന്നിനുപോലും മലയാളം മൊഴിയാത്ത നല്ല ഒന്നാംതരം പാക്കിസ്ഥാനികളും ബംഗാളികളും മാത്രം ഉള്ളിടത്ത്. അത്‌കൊണ്ട് തന്നെയാവണം പൊട്ടും പൊടിയുമായി പറഞ്ഞുകേട്ടതില്‍ വെച്ച് മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നവ വല്യ ആവേശത്തോടെയാണ് പഠിക്കാന്‍ ശ്രമിച്ചത്.

ഹിന്ദിയുമായി പ്രണയം തുടങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു വെള്ളിയാഴ്ച, തെരുവില്‍, തുണികള്‍ ഇസ്തിരിയിടാന്‍ ഉപയോഗിക്കുന്ന ടേബിളിനു ചുറ്റും ചെറിയൊരു ആള്‍കൂട്ടം കണ്ടാണ് ഞാനും അവിടേക്കു പോയത്.

നാടകുത്ത് എന്ന പരിപാടിയാണ് അവിടെ നടക്കുന്നത്. ഒരു മീറ്ററില്‍ അധികം നീളമുള്ള ബെല്‍റ്റ് പോലെയുള്ള ഒരു നാട വൃത്താകൃതിയില്‍ ചുരുട്ടി വെച്ചിട്ടുണ്ട് അവിടെ. താല്പര്യമുള്ളവര്‍ക്ക് 10 ദര്‍ഹംസ് നല്‍കിയാല്‍ നീളമുള്ള സ്‌ക്രൂ-ഡ്രൈവര്‍ കൊണ്ട് നാടയുടെ വൃത്താകൃതിയില്‍ ഉള്ളിലായി എവിടെയെങ്കിലും കുത്താം. കുത്തുന്നത് നാട ഊരിയെടുക്കാന്‍ കഴിയാത്തവണ്ണം ഉള്ളിലാണെങ്കില്‍ കുത്തിയവന്‍ വിജയി.

നാട ഊരിയെടുക്കാന്‍ കഴിഞ്ഞാല്‍ ആ 10 ദര്‍ഹംസിനെ പറ്റി മറന്നേക്കുക.

അതിവിദഗ്ദ്ധനാണ് ബംഗാളി. ആ വിരുതിനെ കവച്ചുവെക്കാനുള്ള സാമര്‍ഥ്യം ഉള്ളവര്‍ക്ക് നാടയുടെ ഉള്ളില്‍ കുത്താവുന്നതാണ്.

'അന്തര്‍ തുമരാ....ബാഹര്‍ ഹമാരാ...!'-ഇതാണ് ബംഗാളിയുടെ പ്രമോഷണല്‍ തല വാചകം.

കളി കണ്ടിരിക്കുന്നതിന്റെ ആവേശത്തെക്കാള്‍ എന്നെ രസിപ്പിച്ചത് ആ വാക്കുകളാണ്. 'അന്തര്‍ തുമരാ ബാഹര്‍ ഹമാരാ....!' പുതിയ വാക്കുകള്‍ കിട്ടിയിരിക്കുന്നു!

പെട്ടെന്നാണ് വെടിയൊച്ചയുടെ മുഴക്കം കേട്ട് വവ്വാല്‍ കൂട്ടം പാറി അകലുന്നവണ്ണം എല്ലാവരും ഓടിമറഞ്ഞത്. ആ ഇടവഴിയൊക്കെ കാലിയായി.

എന്താകും സംഗതി എന്ന് മനസ്സിലാകാതെ നില്‍ക്കുന്ന എന്റെ അരികിലേക്കാണ് ദുബായ് പോലീസ് വാഹനം വന്നു നിന്നത്.

അറബിയില്‍ എന്തോ ചോദിച്ചു, ഞാന്‍ പകച്ചുനിന്നു. അറബി എനിക്ക് അറിയാത്തതിനാലും എനിക്കറിയാവുന്ന ഭാഷകള്‍ അവര്‍ക്ക് വശമുണ്ടാകാന്‍ തരമില്ലാത്തതിനാലും അതല്ലാതെ ഒരു വഴിയും എന്റെ മുമ്പിലില്ലല്ലോ. പകച്ചു പണ്ടാരമടങ്ങി അങ്ങനെ നില്‍ക്കുക...!

പോലീസ് വാഹനത്തില്‍ നിന്നും വന്ന സുമുഖനായ ഒരു ഓഫീസര്‍ സലാം പറഞ്ഞു ഷേക്ഹാന്‍ഡ് തന്നു.

എന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാവണം അയാള്‍ 'ഹിന്ദി' എന്ന് എന്നോട് ചോദിച്ചു.

(ഇന്ത്യക്കാരന്‍ ആണോ എന്നാണ് അയാള്‍ ഉദേശിച്ചത് എന്ന് മനസ്സിലാക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു).

'അതെ അതെ, ഹിന്ദി....ഹിന്ദി.....'

എന്റെ അഭിമാനത്തിലാണ് അയാള്‍ കൈവെച്ചിരിക്കുന്നത്. എന്നാല്‍ പിന്നെ ഹിന്ദിയില്‍ എനിക്കറിയാവുന്നത് പറയുക തന്നെ.

പ്രണയാതുരനായ കാമുകന്‍ ആദ്യമായി പ്രണയം അറിയിക്കുന്ന എല്ലാ പിരിമുറുക്കത്തോടെയും  ഞാന്‍ പറഞ്ഞു. 'യേ അന്തര്‍ തുമരാ, ബാഹര്‍ ഹമാരാ ഹൈ'-ആ ഓഫീസറുടെ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് എനിക്ക് കാണാമായിരുന്നു. 

'ക്ഷമിക്കണം സര്‍, ഇതിലും നന്നായി ഇവിടെ നടന്നതിനെ വിശദീകരിക്കാന്‍ എന്റെ കയ്യിലെ  ഒരു ഭാഷക്കും സാധ്യമല്ല'

എനിക്കുറപ്പുണ്ട്, ഇനി ഒരു മലബാരിയോട് 'ഹിന്ദി' എന്ന് ചോദിക്കുന്നതിനു മുമ്പ് ആ ഓഫീസര്‍ ഒന്നുകൂടി ആലോചിക്കും. ഒന്നല്ല., ഒരു രണ്ട് പ്രാവശ്യമെങ്കിലും.

അതെ!

'അന്തര്‍ തുമരാ ബാഹര്‍ ഹമാരാ....'-ഏത്ര മനോഹരമാണ് ആ പ്രയോഗം. നിന്റെ ഉള്ളില്‍ നീ ഒളിപ്പിച്ചു വച്ചതൊക്കെ നിനക്കുള്ളതാണ്. നീ പുറമെ പരത്തിയതാണ് നിന്റെ സൗരഭ്യം, അതാണ് നീ മറ്റുള്ളവര്‍ക്കായി നല്‍കിയത്. കോപം, ദേഷ്യം, പക, അസൂയ, അങ്ങനെ നീ നിന്റെ ഉള്ളില്‍ കൊണ്ട് നടക്കുന്നതൊക്കെയും നിനക്കു മാത്രമുള്ളതാണ്. നിന്റെ പുഞ്ചിരിയും കണ്ണീരുമാണ് നീ ലോകത്തിനായി മാറ്റിവെക്കുന്നത്. 

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios