അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.


അവസാനമില്ലാത്ത അനുഭവക്കുറിപ്പാണ് ഒരു പ്രവാസിയുടെ ജീവിതം. പക്ഷേ അതിന്റെ ആത്മാവില്‍ തൊട്ടറിഞ്ഞു വായിക്കാന്‍ കഴിയുന്നത് പ്രവാസികള്‍ക്ക് മാത്രമായിരിക്കും. മറ്റുളളവരെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ ആണ്ടിലൊരിക്കല്‍ സമ്മാനങ്ങളുമായി വിരുന്നുവരുന്ന അതിഥികള്‍ മാത്രമാണ്. അവര്‍ക്ക് പ്രവാസികളുടെ അനുഭവങ്ങള്‍ കേള്‍ക്കുന്നത് അലോസരമായി തോന്നിയേക്കാം.

നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒമാനില്‍ വന്നിറങ്ങുമ്പോള്‍ കൈമുതലായി കുറേയേറെ കടങ്ങളും ബാദ്ധ്യതകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ ആരുമറിയാതെ മനസ്സില്‍ കുഴിച്ചുമൂടിയിട്ട സ്വപ്നങ്ങളും. എഴുത്തുകാരനാകണം, തിരക്കഥാകൃത്താകണം അങ്ങനെ തുടങ്ങുന്ന കുറെയേറെ സ്വപ്നങ്ങള്‍. ജീവിതത്തിന്റെ കൈപ്പുനീരുകുടിച്ചു വളര്‍ന്നതുകൊണ്ടാകാം, പണം അത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്ന തിരിച്ചറിവായിരുന്നു പ്രവാസജീവിതത്തിലേക്ക് എന്നെ നയിച്ചത്. പണത്തിനു നല്‍കാന്‍ കഴിയുന്ന ചിലതുണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു. സ്വപ്നങ്ങളുടെ പിന്നാലെ നടന്നുതുടങ്ങിയപ്പോള്‍ വീട്ടലും നാട്ടിലും ഒരു കോമാളിയുടെ മുഖമായിരുന്നു എനിക്ക്. ഇന്നിപ്പോള്‍ ആണ്ടിലൊരിക്കല്‍ ലീവിന് നാട്ടില്‍ ചെല്ലുമ്പോള്‍ ഒരു പോരാളിയുടെ മുഖമാണ് എനിക്ക്. തകര്‍ന്നുകൊണ്ടിരുന്ന ഒരു കുടുംബത്തെ ഒറ്റക്കു ചുമലില്‍ താങ്ങുന്ന പോരാളി.

വീട്ടിലെ ചുമലരമാരിയില്‍ പണ്ടെങ്ങോ സൂക്ഷിച്ചുവെച്ചിരുന്ന ചിതലരിച്ചുതുടങ്ങിയ പേപ്പര്‍ കെട്ടുകള്‍ കഴിഞ്ഞ ലീവിന് ചെന്നപ്പോള്‍ ഞാന്‍ വാരിക്കൂട്ടി കത്തിച്ചു കളഞ്ഞു. ആ സ്വപ്നങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ടാകില്ല എന്ന്  നാലുവര്‍ഷത്തെ പ്രവാസം എന്നെ പഠിപ്പിച്ചു. ആദ്യമായി അബുത്തബൂള്‍  എന്ന മരുഭൂമിയില്‍ എത്തുമ്പോള്‍ ചുറ്റും കണ്ട മണല്‍കൂമ്പാരം എന്റെ കണ്ണുനിറച്ചിരുന്നു. എണ്ണപ്പാടങ്ങളെ ഗര്‍ഭം ധരിച്ചുകിടക്കുന്ന മണലാരണ്യങ്ങള്‍ എന്നൊക്കെ സിനിമയില്‍ കേട്ടിട്ടേ ഉണ്ടായിരുന്നുളളു. ചൂടും പൊടിക്കാറ്റുമടിച്ച് ജോലിചെയ്യുമ്പോള്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത് ഓര്‍ക്കുന്നു. 'കൂടിവന്നാല്‍ രണ്ടു കൊല്ലം, അതുകഴിഞ്ഞാല്‍ ഞാന്‍ ഗള്‍ഫിലേക്കില്ല' അത് കേട്ട് പത്തനംതിട്ടക്കാരന്‍ പിളേളച്ചന്‍ പൊട്ടിചിരിച്ചു. എന്നിട്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു
'ഞാനും വന്നപ്പോള്‍ ഇങ്ങനെയൊക്കെയാ പറഞ്ഞിരുന്നത് ഇപ്പോള്‍ പതിനെട്ടു വര്‍ഷമായി ഞാനിവിടെ' 

54 വയസായ ആ മനുഷ്യന്റെ വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ പുഞ്ചിരിയില്‍ ഒളുപ്പിച്ച നിസ്സഹായാവസ്ഥ എനിക്കിന്ന് മനസിലാകുന്നുണ്ട്. ഒന്നിനുപുറകേ ഒന്നായി വരുന്ന ആവശ്യങ്ങള്‍, തീരാത്ത ബാദ്ധ്യതകള്‍, കടമകള്‍ അങ്ങനെ പലതും പ്രവാസികളെ ഈ മണലില്‍ തളച്ചിടുന്നു.

എല്ലാ പ്രവാസികള്‍ക്കും പറയാനുണ്ടാകും ആവര്‍ത്തനവിരസമാണെന്ന് തോന്നിയേക്കാവുന്ന ഇത്തരം അനുഭവങ്ങള്‍. അവരെല്ലാവരും പോരാളികളാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്നിലുപേക്ഷിച്ച് സ്വന്തം കുടുംബത്തിനായി പോരാടുന്നവര്‍. അവരാരും ഒരിക്കലും പറയാത്ത ചിലതുണ്ട്. ആരും ചോദിക്കാത്ത ചിലത്. 

'അവരെ ഇങ്ങനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്.' 

പണത്തോടുളള ആര്‍ത്തിയാണോ? 

നാട്ടില്‍ വലിയ വീടും കാറും സുഖസൗകര്യങ്ങളും ഉണ്ടാക്കാനുളള മോഹമാണോ? 

അല്ല. 

പിന്നെ എന്താണ്. 

സ്വന്തം സ്വപ്നങ്ങളേക്കാള്‍ വലുത് തന്നെ ആശ്രയിക്കുന്നവരുടെ മുഖത്തെ സന്തോഷമാണ് എന്ന് തിരിച്ചറിവാണ്.

എന്നിട്ടും, എന്താണ് പ്രവാസികള്‍ക്ക് തിരിച്ചു കിട്ടുന്നത് ? ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും.? 

സ്വപ്നം കാണാന്‍ മറന്നുപോയാലും, സ്‌നേഹത്തിലുളള വിശ്വാസം നഷ്ടപ്പെടാതിരുന്നാല്‍ മതി മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഒരുപാടേറെ കാരണങ്ങള്‍ ഉണ്ടാകും. അത് നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോഴാണ് പ്രവാസികള്‍ ഏറെ സങ്കടപ്പെടുന്നത്. അത് നഷ്ടപ്പെടാതിരിക്കാനാണ് ഈ പെടാപ്പാടെല്ലാം പെടുന്നത്.

സലാലയില്‍ രണ്ട് ചുഴലിക്കാറ്റ് അടിച്ചപ്പോഴും ഞാനവിടെ ഉണ്ടായിരുന്നു. ചപാലയും മകുനയും ഞങ്ങള്‍ അതിജീവിച്ചു. 

ഇവിടെ ഈ അന്യനാട്ടില്‍ ഒറ്റപ്പെടുമ്പോള്‍ ഞങ്ങള്‍  ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയാമോ? അത് വേണ്ടപ്പെട്ടവരുടെ സ്‌നേഹമാണ്. അച്ഛന്റെ, അമ്മയുടെ, സഹോദരങ്ങളുടെ, ഭാര്യയുടെ, ഭര്‍ത്താവിന്റെ, മക്കളുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ, നാട്ടുകാരുടെ...  ഒരു ഫോണ്‍കോള്‍, ഒരു മെസേജ്, സന്തോഷത്തോടെ രണ്ട് വാക്കുകള്‍, സ്‌നേഹത്തിന്റെ ഒരു വിസ്‌ഫോടനമാണ് അത് ഞങ്ങള്‍ക്കുളളില്‍ ഉണ്ടാക്കുന്നത്. അതേ ഞങ്ങള്‍ ആഗ്രഹിക്കുന്നുളളു. എത്ര ഒറ്റപ്പെടലിലും പിടിച്ചുനില്‍ക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്ന ശക്തിയാണത്. 

വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും വേദനിക്കപ്പെടുമ്പോള്‍ സ്‌നേഹത്തിലുളള വിശ്വാസം നഷ്ടപ്പെട്ടുപോകും. ഈ മണലാരണ്യങ്ങളിലെ വിജനതയേക്കാള്‍ ഭയാനകമാണ് ആ വേദന. 

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം