അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ദോഹയില്‍ നിന്ന് വളരെ ദൂരെ കറാറ മരുഭൂമിയിലായിരുന്നു ഞങ്ങളുടെ താമസം. റോഡില്‍ നിന്ന് ഏകദേശം രണ്ട് മൂന്ന് കിലോമീറ്റര്‍ കല്ലും മണലും നിറഞ്ഞ്  അനന്തമായി പരന്ന് കിടക്കുന്ന മരുഭൂമിയിലൂടെ സഞ്ചരിച്ച് വേണം റൂമിലത്താന്‍. ശാന്തമായി കിടക്കുന്ന മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇല്ലായ്മകള്‍ നിറഞ്ഞൊരു ഭൂതകാലത്തിന്റെ കാല്‍പ്പാടുകള്‍ വരും തലമുറക്ക് വേണ്ടി സൂക്ഷിച്ചത് പോലെ തോന്നും. കേട്ടതും പഠിച്ചതുമായ അറേബ്യന്‍ പൈതൃകത്തിന്റെ അടയാളങ്ങള്‍ മരുഭൂമിയുടെ ശൂന്യതയില്‍ എവിടെയൊക്കയോ കാണാം.

എല്ലാ സ്ഥലങ്ങളെ പോലെ തന്നെ ശൈത്യകാലത്താണ് മരുഭൂമി അതിന്റെ എല്ലാ സൗന്ദര്യവും പ്രകടിപ്പിച്ച് ശാന്തമായി കിടക്കുന്നത്. മഞ്ഞ് പെയ്യുന്ന രാവുകള്‍. കൃത്രിമ പ്രകാശങ്ങളുടെ അഭാവത്തില്‍, പെയ്തിറങ്ങുന്ന നിലാരാവുകള്‍. മൂടല്‍മഞ്ഞ് നിറഞ്ഞ പ്രഭാതങ്ങള്‍. വിദൂരതയില്‍ മനോഹരമായ ചക്രവാളം. ആകാശത്തിലൂടെ  കൂട്ടമായി പറന്ന് നടക്കുന്ന പക്ഷികള്‍. ദേശാടന പക്ഷികളുടെ കലപില ശബ്ദങ്ങള്‍. കാറ്റിന്റെ ചൂളം വിളികള്‍. വിദൂരയില്‍ മേയുന്ന ഒട്ടകക്കൂട്ടങ്ങള്‍. ഇടവിട്ട് കാണാനാവുന്ന മുള്‍ച്ചെടികള്‍.

ഒന്ന് രണ്ട് ലേബര്‍ ക്യാമ്പുകളും കുതിരയെ പരിശീലിപ്പിക്കുന്ന ഒരു കെട്ടിടവും ഏതോ ശൈഖിന്റെ ഒരു തോട്ടവും ഒഴിച്ചാല്‍ ബാക്കി കണ്ണത്താദൂരത്ത് പരന്ന് കിടക്കുന്ന ശാന്തമായ മരുഭൂമിയാണ്. ആധുനികതയുടെ തിരക്കുകളോ യന്ത്രങ്ങളുടെ ബഹളങ്ങളോ ഇല്ലാത്ത ശാന്തമായ സ്ഥലം.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. അവധിയുടെ അലസത ഒഴിവാക്കാന്‍  വൈകുന്നേരം മരുഭൂമിയിലൂടെ നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞങ്ങള്‍. തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ തിങ്ങി നിറഞ്ഞതായിരുന്നു  ശൈഖിന്റെ തോട്ടം. മരുപ്പച്ചപോലെ പച്ചപ്പിന്റെ ഒരിടം. പലവിധ കൃഷികളുള്ള ആ തോട്ടത്തില്‍ രണ്ട് ബംഗ്ലാദേശി സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഞങ്ങള്‍ വെറുതെ ഗേറ്റിലൂടെ ഉള്ളിലേക്ക് കടന്നു. കൃഷിയും വളര്‍ത്തു പക്ഷികളെയും കാണുക എന്നതായിരുന്നു ഉദ്ദേശം. 

അപ്പോഴാണ് അതു കണ്ടത്. ഒരു മരച്ചുവട്ടില്‍ കണ്ണാടിയും കസേരയും വച്ച് ഒരു താല്‍ക്കാലിക ബാര്‍ബര്‍ഷോപ്പ്. അവിടെയുള്ള ബംഗ്ലാദേശി തട്ടിക്കൂട്ടിയതാണ്. അടുത്തുള്ള ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് ബാര്‍ബര്‍ ഷോപ്പ്. ടൗണിലേക്ക് വളരെ ദൂരം ഉള്ളത് കൊണ്ടും, ടൗണിലേക്കാളും ചാര്‍ജ് കുറവായതിനാലും അവിടെ ആളെത്തും. 

കൂടെയുള്ള ഒരുവന്‍ മുടി വെട്ടാന്‍ കസേരയില്‍ ഇരുന്നു. ബംഗ്ലാദേശകാരന്‍ മുടിവെട്ടാന്‍ തുടങ്ങി.

തലമുടിയുടെ ഒരു ഭാഗം  വെട്ടിയപ്പോഴാണ് അത് സംഭവിച്ചത്. വിദൂരതയില്‍ നിന്നും ഒരു വണ്ടിയുടെ ശബ്ദം. ബംഗ്ലാദേശുകാരന്‍ തിരിഞ്ഞുനോക്കി. വണ്ടി തിരിച്ചറിഞ്ഞതോടെ കണ്ണാടിയും കസേരയും സുഹൃത്തിന്റെ  കൈയില്‍ കൊടുത്ത് ഹിന്ദിയില്‍ 'ഓടിക്കോ' എന്നും പറഞ്ഞ്  ലോകത്തിന് ഒന്നും സംഭവിക്കാത്ത മട്ടില്‍ അവന്‍ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. എന്താണ് സംഭവിച്ചത് എന്ന അറിയാതെ ഒരു കൈയില്‍ കസേരയും മറുകൈയില്‍ കണ്ണാടിയും ദേഹത്ത് മുടി വെട്ടുമ്പോള്‍ ചുറ്റിയ തുണിയും പകുതി വെട്ടിയ മുടിയുമായ ഞങ്ങള്‍ ഗേറ്റ് കടന്നു കുറേ ഓടി. ഞങ്ങളെ കാണാന്‍ പറ്റാത്ത ദൂരം  എത്തിയപ്പോള്‍ ഒന്നു നിന്നു. 

ആ വന്ന വണ്ടിയില്‍ അവന്റെ മുതലാളിയായ ശൈഖായിരുന്നു! 

കൂട്ടുകാരന്‍ പകുതി വെട്ടിയ മുടിയും ശരീരത്തില്‍ ചുറ്റിയ തുണിയുമായി നില്‍ക്കുന്നത് കണ്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ കുറേ സമയം ഉറക്കെ ചിരിച്ചു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് ശൈഖ് തിരിച്ച് പോയി. അപ്പോള്‍ ഞങ്ങള്‍ പതുക്കെ ചെന്നു. ഒന്നുമറിയാത്തതുപോലെ കൂളായി ബംഗ്ലാദേശി എന്റെ കൂട്ടുകാരനെ വീണ്ടും കസേരയിലിരുത്തി. ബാക്കി മുടി കൂടി വെട്ടി. 

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം