Asianet News MalayalamAsianet News Malayalam

ഒരു പ്രവാസി ജീവിച്ചതിന്റെ അടയാളം

ദേശാന്തരം: യാഷേല്‍ ഉരുവച്ചാല്‍ എഴുതുന്നു 

deshantharam by yashel uruvachal
Author
Thiruvananthapuram, First Published May 6, 2019, 4:08 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam by yashel uruvachal
ആ ഷൂസുകള്‍ അയാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോ? 

നാട്ടിലേക്ക് ഏഴ് ജോഡി ഷൂസുകള്‍! 

യാഷേല്‍ ഉരുവച്ചാല്‍ എഴുതുന്നു

ഉച്ചയോടെയാണ് ഒരാള്‍ കാര്‍ഗോ അയക്കാന്‍ ഷോപ്പിലേക്ക് കയറി വന്നത്. ഒരു ബീഹാര്‍ സ്വദേശി. കാര്‍ഗോ അയക്കേണ്ടത് ബോംബയിലേക്കാണ്. വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് പോയ സുഹൃത്തിനുള്ള പാര്‍സല്‍ ആണ്. ഒരുമിച്ച് ജോലി ചെയ്ത ആള്‍ പെട്ടെന്ന് നാട്ടില്‍ പോയതാണ് പിന്നെ തിരിച്ചു വന്നില്ല. അയാള്‍ മുറിയില്‍ ബാക്കിവെച്ച സാധനമാണ് അയക്കുന്നതെന്ന് ബിഹാറി പറഞ്ഞു.  

ഉപയോഗിച്ചു മുഷിഞ്ഞ തുണികള്‍, കുറച്ചു പഴകിയ ഈത്തപ്പഴം, പിന്നെ ഏഴു ജോഡി പുത്തന്‍ ഷൂസ്! 

ഇതാണ് പെട്ടിയിലുള്ളത്. എല്ലാം പഴയത്. ഷൂ മാത്രമേ പുതിയതായുള്ളു. എല്ലാം കൂടി ഏകദേശം മുപ്പതു കിലോയ്ക്കടുത്തു വരും. എന്നാല്‍ അയാള്‍ക്ക് ഇരുപത് കിലോയില്‍ കൂടുതല്‍ അയക്കേണ്ടതില്ല. 

'ഇയാള്‍ ഷൂ കമ്പനിയില്‍ ആണോ ജോലി ചെയ്തത്?' -ഞാന്‍ വെറുതെ ചോദിച്ചു 

'ഹേയ് അല്ല -ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ്. ആറു മാസം കൂടുമ്പോള്‍ കമ്പനി  ഓരോ ഷൂസ് കൊടുക്കും. അതൊക്കെ സൂക്ഷിച്ചു വെച്ച്. ഒരു ബാഗ് നിറച്ചിരിക്കയാണ്.

'എന്തിനാ ക്യാന്‍സല്‍ ചെയ്തു പോയത്?'

'പെട്ടെന്ന് ഹോസ്പിറ്റലില്‍ പോകണം എന്ന് പറഞ്ഞു പോയതാണ്, പിന്നെ വന്നില്ല. ആറു മാസം കഴിഞ്ഞു. ബാഗ് ഒരുപാട് നാളായി റൂമില്‍ കിടക്കുന്നു മാനുഷിക പരിഗണന വെച്ചാണ് ഞാന്‍ അയക്കുന്നത്'- ബീഹാറി പറഞ്ഞു.

'എന്താ രോഗം?'

അറിയില്ല ഒന്നും പറയുന്നില്ല, എന്റെ ഷൂസ് അയക്കൂ എന്ന് മാത്രമേ പറയുന്നുള്ളൂ. കൂടുതല്‍ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്യുകയാണ്'-അയാള്‍ അത്രയും പറഞ്ഞ് പൈസയും തന്നു നടന്നു പോയി. 20 കിലോ സാധനം മാത്രമേ വേണ്ടൂ. ബാക്കി സാധനം ചവറ്റുപെട്ടിക്കുള്ളതാണ്. 

ഏഴു കടലിനക്കരെ ഏഴു ജോഡി പ്രതീക്ഷകള്‍. അതാവണം അയാള്‍ക്ക് ആ ഷൂസ്. അയാളുടെ കരുതി്വെപ്പ് ഒരു പക്ഷേ, ആ ഏഴു ജോഡി ഷൂ മാത്രമായിരുന്നു. മൂന്നര വര്‍ഷത്തെയോ നാലു വര്‍ഷത്തെയോ കരുതലാവണം. വര്‍ക്ക് സൈറ്റില്‍ അണിയാതെ നാട്ടില്‍ ഇട്ട് നടക്കാന്‍ കൊതിച്ച് സൂക്ഷിച്ചതാവും അയാള്‍. പോകുമ്പോള്‍ അണിയാന്‍ കൊതിച്ചവ. 

ഷൂസ് പെട്ടിയിലേക്ക് മാറ്റി. മറ്റ് ചില സാധനങ്ങള്‍ കളഞ്ഞു. മാസാമാസം നാട്ടിലേക്കു  അയച്ച പൈസയുടെ രസീതികള്‍ അതില്‍ കണ്ടു. ഒരു പ്രവാസി ജീവിച്ചതിന്റെ അടയാളം. അതും ചവറ്റുകൊട്ടയിലേക്ക് പോയി. 

രോഗാവസ്ഥയില്‍ കഴിയുന്ന ഒരു മനുഷ്യന്റെ പ്രതീക്ഷകളാണ് ആ ബോക്‌സിനുള്ളില്‍ ഉള്ളത്. പതിനഞ്ചു ദിവസത്തിനുള്ളില്‍ അതയാളുടെ കൈകളില്‍ എത്തും. അപ്പോഴേക്കും അയാളുടെ അസുഖം മാറിയാല്‍ ആ ഷൂസ് അണിഞ്ഞു നാട്ടില്‍ ചെത്തി നടക്കാം. 

ഇല്ലെങ്കില്‍? ആ ഷൂ അണിയാനാവാത്ത രോഗാവസ്ഥയിലാണ് അയാളെങ്കില്‍, ജീവിതം അയാളെ വിട്ട് പോവാന്‍ തിടുക്കപ്പെടുകയാണെങ്കില്‍? 

ആ സാദ്ധ്യതകള്‍ മുന്നില്‍ വന്നപ്പോള്‍ നിശ്ശബ്ദനായി ഏറെനേരം നിന്നുപോയി. 

ശവപ്പെട്ടിയിലേക്ക് ഏഴു ജോഡി പുത്തന്‍ ഷൂസുകള്‍ എടുത്തുവെക്കുന്ന രംഗം മനസ്സില്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. 

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios