അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

അതെ, കാലങ്ങള്‍ക്കുശേഷം അവളെ അന്ന് കാണുകയായിരുന്നു. എന്റെ ഷമീലയെ... 2013 -ലെ  ഒരു വെള്ളിയാഴ്‍ച, ദുബൈയിലെ എന്‍റെ ഒറ്റമുറി വീട്ടിലിരുന്നു ഞാൻ ഓർത്തു. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഞാൻ അവളെ കാണുകയാണ്. ഒരു പ്രീഡിഗ്രിക്കാലം എനിക്ക് സമ്മാനിച്ചതാണവളെ. അല്ലെങ്കിൽപ്പിന്നെ 100  പേരുള്ള പേരുകേട്ട ഫിസിക്സ് ക്ലാസ്സിൽ നിന്നും പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ ഈ ദുബായ് നഗരത്തിൽ നിന്നും അവളെ തേടിപ്പിക്കണെമെങ്കിൽ അത് കാലം കാത്ത സഹോദര്യമല്ലാതെ മറ്റെന്താണ്? 

ഒരുപക്ഷേ, ജന്മജന്മാന്തരങ്ങളുടെ പഴക്കമുണ്ടാവും അതിന്. എല്ലാ ഞായറാഴ്ചകളിലും പങ്കിടുന്ന മൂന്നു മണിക്കൂർ ട്യൂഷൻ മാത്രമാണ് ഒന്നിച്ചു കിട്ടിയിരുന്ന സമയം. പക്ഷേ, എങ്ങനെയോ വളരെ പെട്ടെന്ന് ഞങ്ങളന്യോന്യം പ്രിയപ്പെട്ടവരായി. ക്ലാസ്സുകൾക്കുശേഷം പലപ്പോഴും വീട്ടിലേക്കുള്ള സന്ദർശനങ്ങൾ പതിവായി. രണ്ടു ഗ്രാമങ്ങളുടെ രണ്ടറ്റങ്ങളിൽ താമസിച്ചിരുന്ന ഞങ്ങൾക്ക് ഞായറാഴ്‍ചകൾ യാത്രകളുടേതായി. അമ്മയില്ലാതിരുന്ന അവൾക്ക് എത്ര പെട്ടെന്നാണ് അമ്മയുണ്ടായത് . പലപ്പോഴും അവള്‍ക്കിഷ്ടപ്പെട്ടതു മാത്രമായിരുന്നു എന്റെ വീട്ടിലെ തീന്മേശയിൽ പിന്നീട് ഉണ്ടായിരുന്നത്. രണ്ടു വർഷക്കാലം വളരെപ്പെട്ടെന്നുതന്നെ കടന്നുപോയി. എല്ലാവരും അവരവരുടെ വഴികളിൽ തുടർപഠനത്തിനായിപ്പോയി. ഞങ്ങൾ തമ്മിൽ കാണാനുള്ള അവസരങ്ങൾ കുറഞ്ഞുവന്നു. മൊബൈൽ ഫോണും ടെലിഫോണുമൊക്കെ അപ്രാപ്യമായിരുന്ന ഹോസ്റ്റൽ ജീവിതം. പഠനവും മറ്റുമായി ഞാനും തിരക്കിലായി.

മാസങ്ങൾ കടന്നുപോയി. പെട്ടെന്നൊരു ദിവസ്സം രാവിലെ അവളുടെ ചേട്ടൻ വീട്ടിലേക്കോടിക്കയറിവന്നു. നാളെ ഷമീലയുടെ നിക്കാഹാണ്. എല്ലാവരും വരണം. സ്ഥലവിവരവും തന്നു വേഗത്തിൽ പോയി. കല്യാണപ്പന്തലിൽ വെച്ച് ഒരുനോട്ടം കണ്ടു, അവളെയും അവളുടെ ഇക്കയെയും കണ്ടു... ദുബായിലാണെന്നും മറ്റും പറഞ്ഞു. അവൾ ഇക്കയോടൊപ്പം ദുബായിലേക്ക് പോന്നു. ഞാനാകട്ടെ പഠനവും കാര്യങ്ങളുമായി നാട്ടിലും. പ്രവാസജീവിതം സ്വപ്‍നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ അവളെ മറന്നു. പിന്നീടൊരിക്കല്‍ അവളുടെ ഉപ്പയെ കണ്ടപ്പോൾ മോനുണ്ടെന്നും പറഞ്ഞു. ഇനിവരുമ്പോൾ പറയണമെന്ന് പറഞ്ഞെങ്കിലും കാണാൻ ഒത്തില്ല. 

വീണ്ടും അഞ്ചാറ് വർഷങ്ങൾക്കിപ്പുറം ഞാനുമെത്തി ദുബായ് എന്ന സ്വപ്‍നനഗരിയിൽ. തിരക്കുള്ള സൂപ്പർമാർക്കറ്റുകളിലും യാത്രക്കിടയിലുമെല്ലാം ഞാൻ ഒരു മുഖം തേടിക്കൊണ്ടിരുന്നു. എങ്കിലും ആ മുഖം മാത്രം കണ്ടില്ല. ജോലിയുടെ തിരക്കുകളിൽ നിന്നൊഴിവുകിട്ടിയ ഒരു ദിവസം വെറുതെ മനസ്സിലേക്ക് അവൾ എത്തി. വിവാഹദിവസം പറഞ്ഞ ഇക്കയുടെ കമ്പനിയുടെ പേരോർമ  വന്നു. ഇൻറർനെറ്റിൽ നിന്നും നമ്പർ തപ്പിയെടുത്തു ഒന്ന് വിളിച്ചു. മറുതലക്കൽ നിന്നും ഒരു ഫിലിപ്പൈൻസുകാരിയുടെ ശബ്ദം. "എനിക്ക് നിഷാമിനോട് സംസാരിക്കാൻ കഴിയുമോ?" ആയിരത്തഞ്ഞൂറു പേർ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും ഒരു പേരിലേക്കുള്ള അന്വേഷണം പൂർണ്ണവിരാമം ഇട്ടുകൊണ്ട് ഫിലിപ്പീൻകാരി പറഞ്ഞു: "അങ്ങനെയൊരാൾ ഓഫീസിൽ ജോലി ചെയ്യുന്നില്ല, വർക്ക് ഷോപ്പിൽ ഉണ്ടോ എന്നറിയില്ല." "വർക്ക് ഷോപ്പിന്റെ നമ്പർ തരുമോ?" അവൾ മൊഴിഞ്ഞു. "മാഡം, ഞങ്ങളുടെ സ്ഥാപനത്തിന് ഈ രാജ്യത്തിലുടനീളം പതിനഞ്ചോളം വർക്ക് ഷോപ്പുകളുണ്ട്. ഏതു നമ്പറാണ് വേണ്ടത്?" ഫോൺ കട്ടായി. എന്റെ അന്വേഷണത്തിന്‍റെ വാതിൽ അടഞ്ഞോ? അങ്ങനെ വിട്ടുകളയാൻ കഴിയുമോ എനിക്കവളെ. ഞാൻ വീണ്ടും വിളിച്ചു. വീണ്ടും അതേ ശബ്‍ദം. എനിക്കൊരു ബുദ്ധി തോന്നി.

എനിക്കദ്ദേഹത്തോടു സംസാരിച്ച മതിയാകൂ. ഞാൻ അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധുവാണെന്നും എയർപോർട്ടിൽ അകപ്പെട്ടുവെന്നും പുറത്തു കടക്കണമെങ്കിൽ അദ്ദേഹത്തിന്റെ സഹായം കൂടിയേ കഴിയൂ എന്നും മറ്റാരും സഹായിക്കാനില്ല എന്നും പറഞ്ഞു. എന്തുകൊണ്ടോ ആ പെൺകുട്ടി ഫോൺ മാനവവിഭവശേഷി വകുപ്പിന് ബന്ധിപ്പിച്ചു. ഫോൺ എടുത്തത് ഒരു മലയാളി സ്ത്രീ  ആണെന്ന് തോന്നുന്നു. അവരോടു ഞാൻ അതേ കാര്യം പറഞ്ഞു. അവർ വിശദവിവരം ചോദിച്ചതിന് ശേഷം വർക്ക് ഷോപ്പിന്റെ നമ്പർ തന്നു. നെഞ്ചിടിപ്പോടെ ആ നമ്പറിൽ വിളിച്ചു. പക്ഷേ, ആരും ഫോൺ എടുത്തില്ല. ഞാൻ വീണ്ടും പഴയ നമ്പറിൽ വിളിച്ചു, മൊബൈൽ നമ്പർ വാങ്ങി. അവർ പറഞ്ഞു, “ഞങ്ങളുടെ കമ്പനി നിയമപ്രകാരം മൊബൈൽ  നമ്പർ നല്‍കാൻ കഴിയില്ല. പിന്നെ ഇത്രയും അത്യാവശ്യമായതുകൊണ്ടാണ് ഇത് തരുന്നത്.” ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ സ്ത്രീയോട് എനിക്ക് വല്ലാത്തൊരിഷ്ടം തോന്നി.

ഞാൻ മൊബൈൽ നമ്പറിൽ വിളിച്ചു. ഇപ്പോൾ പ്രതികരിക്കുന്നില്ലത്രേ. അല്പസമയം  കഴിഞ്ഞു ഒന്നുകൂടെ വിളിച്ചു. അങ്ങേത്തലക്കൽ ഇക്കയുടെ ശബ്ദം. "നിരൂപയല്ലേ?" അപ്പോഴേക്കും നിസ്സഹായയായി എയർപോർട്ടിൽ കുടുങ്ങിയ കുട്ടിയെക്കുറിച്ചുള്ള വിവരം എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു. ഞാൻ അങ്ങോട്ട് പറയുന്നതിന് മുൻപേ ഇക്ക പറഞ്ഞു. “നീ എന്നെകിലും എന്നെ വിളിക്കുമെന്നറിയാമായിരുന്നു. അവൾ എപ്പോഴും പറയും, ഒരിക്കൽ എന്നെ തേടി അവൾ വരുമെന്ന്." വാക്കുകൾ നഷ്ടപ്പെട്ട നിമിഷങ്ങൾ. കാത്തിരിക്കുകയായിരുന്നത്രെ... അവളുടെ നമ്പർ വാങ്ങി വിളിച്ചു. ഇത്രയും വർഷങ്ങൾക്കു ശേഷവും അതേ ശബ്ദം. "ഹലോ". "നിനക്കെന്നെ മനസ്സിലായോ?" ഞാൻ ചോദിച്ചു. അവൾ തിരിച്ചു ചോദിച്ചു, "എടാ,നീ എങ്ങനെ  ദുബൈയിൽ?" "ഞാനും എത്തി, നീയിവിടല്ലേ?" ഞാൻ പറഞ്ഞു. വർത്തമാനങ്ങൾക്കൊടുവിൽ, അവൾ വരികയും ചെയ്‍തു, എന്നെ കാണാൻ.

വീണ്ടും ഏഴു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മക്കൾ വളർന്നു. അവളോട് സംസാരിക്കാത്ത ഒരുദിവസം പോലും ഉണ്ടായിട്ടില്ല, ആ ദിവസത്തിനുശേഷം. ഈ സ്വപ്‍നനഗരത്തിൽ, സ്വപ്‍നങ്ങൾ സത്യമാക്കുന്ന ഈ മണ്ണിൽ ഞങ്ങൾ കാണുകയായിരുന്നു, കാണുകയാണ്, സൗഹൃദങ്ങൾ സഹോദര്യമാകുന്നതും, അതിന്റെ വേരുകൾ കുടുംബ ബന്ധങ്ങളിലേക്കും, തലമുറകളിലേക്കും, ആഴ്ന്നു ചെല്ലുന്നത്. വരണ്ടുണങ്ങിയ പ്രവാസം, തളിർക്കുന്നതും പൂക്കുന്നതും ഇങ്ങനെയൊക്കെയാണ്. പ്രവാസം നൽകുന്ന നല്ലോർമകളിൽ, നല്ല നിമിഷങ്ങളിൽ, ജാതിമതദേശഭേദങ്ങളില്ലാത്ത മനുഷ്യൻ എന്ന മഹാത്ഭുതത്തിന്‍റെ ഉള്ളിൽ നിറയുന്ന സ്നേഹത്തിന്റെ വറ്റാത്ത ഉറവ കണ്ടെത്തുമ്പോൾ, അതിൽ കിനിയുന്ന അമൃതം നുകരുമ്പോൾ, സുഖത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്ന സഹോദര്യത്തിലും ഒരിക്കൽ പോലും തമ്മിൽ മത്സരിക്കാത്ത വിശ്വാസങ്ങൾ പാലിക്കുമ്പോഴും ഈ ലോകത്തിൽ പുലരേണ്ടത് ഇത് തന്നെയല്ലേ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോകുന്നു. "മനുർഭാവ!", നാമൊക്കെ ആദ്യം മനുഷ്യനാവുകയല്ലേ വേണ്ടത്, അതിനൊരു പ്രളയം വേണമെന്നുണ്ടോ?