Asianet News MalayalamAsianet News Malayalam

ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെത്തിയ ഷീല ഡാന്‍സ് ബാറിലെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്!

ഗള്‍ഫിലെ ഡാന്‍സ് ബാറിലെത്തിപ്പെട്ട ഒരു മലയാളി യുവതിയുടെ കഥ. ഹൃദയസ്പര്‍ശിയായ ഒരനുഭവം

Deshantharam Niroopa Vinod
Author
Thiruvananthapuram, First Published Apr 24, 2019, 5:40 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam Niroopa Vinod

എട്ടുപത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ അവളെ ആദ്യമായിക്കണ്ടത്. മിന്നിമിന്നിക്കത്തുന്ന വര്‍ണബള്‍ബുകള്‍ക്കിടയിലൂടെ ഇരുണ്ട മെഴുതിരിവെളിച്ചം അരിച്ചിറങ്ങിയ തണുപ്പില്‍, മാഞ്ഞുതുടങ്ങിയ ചുണ്ടിലെ ചായത്തിനുപിന്നില്‍ ഒളിപ്പിച്ച കൃത്രിമച്ചിരിയുടെ ഉടമയെ, ഷീലയെ.

 പ്രവാസജീവിതം തുടങ്ങിയ നാളുകളില്‍, ഈ മായികലോകത്തിന്റെ മാധുര്യം നുണഞ്ഞു നടന്നിരുന്ന കാലത്താണ് രാത്രികള്‍ക്കു ജീവന്‍ നല്‍കുന്ന നൃത്തശാലകളെക്കുറിച്ച് കേട്ടത്. കേട്ടാല്‍പോര കാണണം എന്ന  കൗതുകത്തോടെ ഭര്‍ത്താവിനോട് ആഗ്രഹം പറഞ്ഞു. ഒന്ന് കാണണം  അത്രേയുള്ളു.  ഒരിക്കല്‍ കൊണ്ടുപോകാമെന്ന് സമ്മതിച്ചു. അങ്ങനെ ഒരു രാത്രി രണ്ടു പുരുഷന്മാരുടെ (ഭര്‍ത്താവും അനുജനും) കൂടെ ഞാന്‍ നൃത്തശാലയിലെത്തി. കുമിഞ്ഞ ഇരുട്ടിലെ പുകമറയില്‍ നിന്ന് കാതടിപ്പിക്കുന്ന തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ക്കു ചുവടുവെച്ചുകൊണ്ടു അഞ്ചാറ് സ്ത്രീകള്‍, നൃത്തമാണെന്നൊന്നും തോന്നില്ല.അതിനിടയിലാണ് കണ്ണുകള്‍ അവളില്‍ ഒന്നുടക്കിയത്, കണ്ണില്‍ നിറഞ്ഞ ദൈന്യതയോടെ കാഴ്ചക്കാരെ സന്തോഷിപ്പിക്കാന്‍ കൃത്രിമച്ചിരി വിടര്‍ത്തിയ മുഖത്തോടെ താളം പിഴച്ചു നൃത്തം ചെയ്യുന്ന ഒരുവള്‍. അഞ്ചുനിമിഷത്തില്‍ കൂടുതല്‍ അവിടെ നില്‍ക്കാനായില്ല. എങ്ങനെയും വെളിയില്‍ കടന്നാല്‍ മതിയെന്നായി. നെഞ്ചിലും കണ്ണിലും നിറയുന്ന ഭാരം, വീട്ടിലെത്തിയിട്ടും ദിവസങ്ങള്‍ കഴിഞ്ഞിട്ടും.. മറക്കാന്‍ കഴിഞ്ഞില്ല ആ മുഖം. തിരക്കുപിടിച്ച ജീവിത പാച്ചിലില്‍ ആ മുഖം പതിയെ പിറകിലേക്ക് മറഞ്ഞു.

ഒന്നൊന്നര വര്‍ഷം കഴിഞ്ഞിട്ടുണ്ടാവണം, ഒരു വാരാന്തത്തില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ മലയാളി ഹോട്ടലില്‍ കേരളത്തനിമയില്‍ വിളമ്പാന്‍ നിന്ന അവളെ ഞാന്‍ വീണ്ടും കണ്ടു. ആദ്യം മനസിലായില്ല എവിടെയോ മറന്ന മുഖം, ഒന്ന് രണ്ടു ദിവസമെടുത്തു ആളെയറിയാന്‍. അത് അവളായിരുന്നു. ഭക്ഷണത്തിന്റെ മേന്മ കൊണ്ടോ ഷീലയെ കാണാനുള്ള ആഗ്രഹം കൊണ്ടോ എന്നറിയില്ല, പതിവായി വാരാന്ത അത്താഴം അവിടെ നിന്നും  ആയി. അങ്ങനെ ഒരു ദിവസം ഒറ്റക്കു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു: പേര്? 

'ഷീല', അവള്‍ പറഞ്ഞു. 

'നാട്ടില്‍ എവിടെ?'

അവര്‍ സ്ഥലം പറഞ്ഞു.

എന്റെ അടുത്ത ചോദ്യം: 'നേരത്തെ ഡാന്‍സ് ബാറില്‍ ആയിരുന്നില്ലേ?' ആ ചോദ്യം അവര്‍ തീരെ പ്രതീക്ഷിച്ചില്ലെന്നു തോന്നി, 'പ്രമോഷന്‍ ആയതാണ്,പ്രായം കൂടുമ്പോള്‍ സ്ഥാനം മാറണ്ടേ?', മറുപടി എത്തി.

ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല, ആ സംസാരം നീട്ടികൊണ്ടു പോകേണ്ടെന്നു തോന്നി. പോകെ പോകെ വരന്തങ്ങളില്‍ പുറത്തുപോകാതായി, ഷീലയെ ഒരിക്കല്‍ കൂടി മറന്നു.

ഒന്ന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഷീലയെ  വീണ്ടും കണ്ടു. ഇക്കുറി പകല്‍ വെളിച്ചത്തിലാണ്. രാവിലെ ജോലിക്കായുള്ള ഓട്ടത്തിനിടയില്‍ ബസില്‍ എന്റെ തൊട്ടടുത്തിരുന്ന സ്ത്രീയെ വെറുതെ ഒന്ന് പാളി നോക്കി.മുടിയില്‍ പാറി കളിക്കുന്ന വെള്ളിയിഴകളും ചിന്തക്കൂടുതല്‍ സമ്മാനിച്ച കറുത്ത നിഴലുകളും ആയി എന്റെ മുന്നില്‍ ഒരു ദശാബ്ദത്തിന്റെ പ്രവാസം, ഷീല!

മുക്കാല്‍ മണിക്കൂര്‍ നേരത്തെ ആ യാത്രയില്‍ ഞാന്‍ കേട്ടത് അവളുടെ കഥയാണ്. ഇതുവരെ കേള്‍ക്കാത്ത ഒരു പ്രവാസകഥ. 

തയ്യല്‍ക്കാരനായ ഭര്‍ത്താവിനൊപ്പം ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കു പോയി രണ്ടു കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ മുന്നോട്ടു നയിച്ച ഒരു സാധാരണ വീട്ടമ്മ ഡാന്‍സ് ബാറിലെ നര്‍ത്തകി ആയതിനു പിന്നില്‍ വില്ലനായത് കാന്‍സര്‍ എന്ന മഹാമാരി കീഴ്‌പ്പെടുത്തിയ  ഭര്‍ത്താവിന്റെ ശരീരവും രണ്ടു കുട്ടികളുടെ മുഖവും ആയിരുന്നു. കുട്ടികളെ അടുത്ത ബന്ധുക്കളെ ഏല്പിച്ചു ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കു എത്തിയ ഷീലയെ കാത്തിരുന്നത് ഇരുണ്ടവെളിച്ചവും കാതടപ്പിക്കുന്ന സംഗീതവും ആയിരുന്നു.  തിരിച്ചുള്ള യാത്ര ഒരു സ്വപ്നമാക്കി അവശേഷിപ്പിച്ചു നീണ്ട പത്തുകൊല്ലക്കാലം എല്ലാം മറന്നു കിട്ടിയ ജോലികളെല്ലാം ചെയ്തു. പൊതുമാപ്പിനായി അപേക്ഷ നല്‍കി തിരിച്ചു പോകാനുള്ള തയ്യാറെടുപ്പില്‍ കോണ്‍സുലേറ്റിലേക്കുള്ള യാത്രയാണത്രെ അവള്‍. 

മക്കളെക്കുറിച്ചും തിരികെ ചെന്ന് തുടങ്ങാനുള്ള തയ്യല്‍ യൂണിറ്റിനെക്കുറിച്ചുമെല്ലാം ഷീല വാചാലയായി, പ്രായത്തിന്റെയും പ്രാരബ്ദത്തിന്റെയും തളര്‍ച്ച ഇപ്പോള്‍ ആ ശബ്ദത്തിനില്ല. എനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്തി. ഇനിയും ഒരു കൂടിക്കാഴ്ച ഉണ്ടാകല്ലേയെന്ന ചിന്തയോടെ എന്റെ തിരക്കിലേക്ക് ഞാന്‍ ഊളിയിട്ടു. 

ഇന്നും എനിക്കറിയില്ല, ഷീല എന്തിനാണിതെന്നോട് പറഞ്ഞതെന്ന്. അവരുടെ ചിന്തയില്‍ ഞാന്‍ എന്ന വ്യക്തി ഇല്ല, അവരുടെ ഓര്‍മകളില്‍ പോലും ഇല്ലാത്ത തികച്ചും അപരിചിതയായ എന്നെ എന്തിനാണ് അതിന് തെരഞ്ഞെടുത്തതെന്ന് ഇന്നും മനസ്സിലാകുന്നില്ല. ഏതായാലും പിന്നീടൊരിക്കലും ഞാന്‍ അവരെ കണ്ടില്ല, ഇനിയൊരിക്കലും കാണാതിരിക്കട്ടെ, എന്ന് ആരെക്കുറിച്ചെങ്കിലും തോന്നുന്നെങ്കില്‍ അത് ഷീലയെക്കുറിച്ചു മാത്രമാണ്. 

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios