Asianet News MalayalamAsianet News Malayalam

എതിരെ വരുന്നവന്റെ കണ്ണിലെ ആകുലതയും അകക്കണ്ണിലെ ശാന്തതയും ഇന്നെനിക്കറിയാം...

ജീവിതസംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളിലേക്ക് ഞാനും നീയും അടങ്ങുന്നവര്‍ തനിയെ നടന്നു നീങ്ങുമ്പോള്‍ ഉപാധികളില്ലാതെ, ആമുഖങ്ങളില്ലാതെ,യാതൊരു വിധ സങ്കോചവും കൂടാതെ ചിലര്‍ കടന്നു വരും.

deshantharam philosophical notions of  diaspora
Author
First Published Sep 9, 2022, 5:14 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

deshantharam philosophical notions of  diaspora

 

ആകുലതകളുടെ കൊടുംകാറ്റില്‍പെട്ട് ഉഴറിയ കരിയിലകളുടെ തേങ്ങലുകളില്‍ വിറങ്ങലിച്ചുനിന്ന ഇന്നലകളുള്ള ഒരുവന്‍. ജീവിതസാഹചര്യങ്ങളില്‍ ഉഴറിമറിഞ്ഞ യാത്രകളുടെ, കഥപറച്ചിലുകളുടെ, ജീവന്റെ, ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ ദിവ്യസങ്കീര്‍ത്തനങ്ങള്‍ക്ക് വിധേയനായി അലയുവാന്‍ വിധിക്കപ്പെട്ടവന്‍.

നാട്ടില്‍ നിന്ന് ഏകദേശം 3000 കിലോമീറ്ററുകള്‍ക്കിപ്പുറം അറബിനാട്ടിലെ ഒരു സായാഹ്നത്തില്‍ തിരക്ക് നന്നേ കുറഞ്ഞ തെരുവീഥികളിലൂടെ നിയോണ്‍ വെളിച്ചത്തിന്റെ അകമ്പടിയോടെ ലക്ഷ്യബോധമില്ലാതെ കലങ്ങിയ മനസ്സുമായി തുടര്‍ന്നുകൊണ്ടിരുന്ന നടത്തിനിടയിലാണ് ഒരു സങ്കോചവും കൂടാതെ അയാള്‍ എന്നോടൊപ്പം വന്നു നടത്തം തുടങ്ങിയത്.

ആദ്യമായി കാണുന്നതിന്റെ യാതൊരുവിധ ആമുഖങ്ങളുമില്ലാതെ അയാള്‍ സംസാരിച്ചു തുടങ്ങി.

'നീ നിനക്കു ഒരേ സമയം മറ്റെല്ലാത്തിനേക്കാള്‍ അതീതനും, അഭികാമ്യനും എന്നാല്‍ നിന്നില്‍ കുടികൊള്ളുന്ന സകലത്തിനും അന്തര്‍ലീനവും ആയിരിക്കുന്നത് പോലെ, സ്വപ്നങ്ങള്‍ നിശബ്ദമാക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന പൂര്‍ത്തീകരിക്കാനാകാത്ത വിങ്ങലുകള്‍ പോലെ പരമ പ്രധാനമായിരിക്കട്ടെ. ഇനിയും അങ്ങോട്ട് നീ അനുഭവിക്കേണ്ടതായിട്ടുള്ള, നിനക്കു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന നിന്റെ മാത്രം ആനന്ദങ്ങള്‍ നിന്നെയും കാത്തിരിപ്പുണ്ട്. നിന്നില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട നിന്റെ സ്വപ്നങ്ങളില്‍ പുതുവസന്തം വിരിയിക്കുവാന്‍ നീ തന്നെ നിനക്ക് പാഠപുസ്തകമാവുക. നിന്നെ കാത്തിരിക്കുന്നവരുടെ അടുത്തേക് ഒരു അവധൂതനെ പോലെ യാത്ര തുടര്‍ന്നുകൊള്ളുക.'

അത്യപൂര്‍വമായ ആത്മീയ നിര്‍വൃതികളുടെ അന്തസത്തയെ ഒറ്റയ്ക്കു താങ്ങുവാനാകാതെ, മനസു വിറകൊണ്ടിരുന്ന ആ നാളുകളില്‍ ബോധത്തിനും അബോധത്തിനും ഇടയിലെ നൂല്‍പ്പാലങ്ങളില്‍ ദിക്കറിയാതെ നടന്നുനീങ്ങിയപ്പോള്‍ ഇതുപോലെ മുഖമറിയാത്ത, പേരറിയാത്ത നിരവധിയാളുകളുടെ സ്‌നേഹവായ്പ്പിനാല്‍ പൊതിഞ്ഞു പിടിച്ച വര്‍ണക്കടലാസായിരുന്നു ജീവിതം.

പലരും അവരുടെ കയ്യൊപ്പ് എന്നില്‍ അവശേഷിപ്പിച്ചു കടന്നുപോയവര്‍ തന്നെയാണ്. 

ജീവിതസംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളിലേക്ക് ഞാനും നീയും അടങ്ങുന്നവര്‍ തനിയെ നടന്നു നീങ്ങുമ്പോള്‍ ഉപാധികളില്ലാതെ, ആമുഖങ്ങളില്ലാതെ,യാതൊരു വിധ സങ്കോചവും കൂടാതെ ചിലര്‍ കടന്നു വരും.

മുറുക്കെ കെട്ടിപ്പിച്ച്, പുഞ്ചിരി സമ്മാനിച്ച് അകന്നു പോയ നിഴലിനൊപ്പം അയാള്‍ എടുത്തു കൊണ്ട് പോയത് എന്നില്‍ അവശേഷിച്ചിരുന്ന വ്യഥകളുടെ, ഭയത്തിന്റെ, ആകുലതകളുടെ വളരെ പെട്ടെന്ന് ആളിപ്പടര്‍ന്നേക്കാവുന്ന എന്റെ വികലമായ കാഴ്ചപ്പാടുകള്‍ കൂടെയാണ്.

ഇന്നിവന് എതിരെ വരുന്നവന്റെ കണ്ണിലെ ആകുലതയും കൊടുങ്കാറ്റിന്റെ അകക്കണ്ണിലെ  ശാന്തതയെയുമെന്തെന്നറിയാം
 

Follow Us:
Download App:
  • android
  • ios