അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

അവധിക്ക്‌ നാട്ടിലേക്ക്‌ പോകാൻ മൂന്ന് ദിവസം കൂടി ഉള്ളപ്പോഴാണ്. രണ്ട്‌ വർഷമാകാറായിരുന്നു, സ്വന്തം നാടും രക്തബന്ധങ്ങളെയും സൗഹൃദങ്ങളെയും 'നാളെ' എന്ന സ്വപ്നത്തിനു വേണ്ടി ബലി കഴിച്ചുള്ള പ്രവാസത്തിന്. ഏകദേശം അഞ്ച്‌ മാസം മുന്നെ എടുത്തതാണ് ടിക്കറ്റ്‌. അന്ന് മുതൽ തുടങ്ങിയതാ സ്വപ്നങ്ങളും നെയ്തുള്ള ഈ കാത്തിരിപ്പ്‌. ഉറങ്ങാനേ പറ്റിയിരുന്നില്ല. കണ്ണടക്കുമ്പോള്‍ വീടും മോളും ഒക്കെ ഓടി വരും. 

ആദ്യവിമാനം കയറുമ്പൊ രണ്ട്‌ വയസ്സ്‌ പൂർത്തിയാവാത്തെ 'എന്റെ പാത്തൂന്റെ' വലിയൊരു ലിസ്റ്റുണ്ട്‌. നാളെ വെള്ളിയാഴ്ചയാണു അവൾ ഏൽപിച്ച സാധനങ്ങൾ വാങ്ങാൻ ദേരയിൽ പോകണം. ആ ലിസ്റ്റും മനസിലിട്ട്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു. എത്ര പ്രാവശ്യം വെള്ളം കുടിച്ചെന്നോ ബാത്ത്‌ റൂമിൽ പോയെന്നോ അറിയില്ല. കുറച്ച്‌ നേരം കിടക്കും, സമയം നോക്കും.. ഇഴഞ്ഞു നീങ്ങുന്ന സമയത്തെ നോക്കി ഒന്ന് ദീർഘനിശ്വാസം വിടും. ഇടക്കെപ്പൊഴോ ഉറങ്ങിപ്പോയി.

രാവിലെ ഇത്തിരി വൈകിയാണെഴുന്നേറ്റത്‌. തുണികഴുകലും വിശദമായ കുളിയും കഴിഞ്ഞ്‌, ഉച്ചക്കത്തെ പതിവ്‌ ‘പുഴുങ്ങിയ‌ ബിരിയാണി'യും കഴിച്ച്‌, ഒരു മൂന്നു മണിയൊടെ നേരെ ദേര 'ഡേ റ്റു ഡേ' യിലേക്ക്‌ പോയി. സാധനങ്ങൾ എടുത്ത്‌ വെക്കാൻ തുടങ്ങിയപ്പോൾ അവിടെ ഉള്ളത്‌ മുഴുവൻ തനിക്ക്‌ ആവശ്യമുള്ളത്‌ പോലെ  തോന്നി തുടങ്ങി. എന്തൊക്കെയോ നിറയെ സാധനങ്ങൾ കൊട്ട നിറച്ച്‌, ക്യാഷ്‌ കൗണ്ടറിനു മുന്നിലെ നീണ്ട ക്യൂവിനു പിന്നിൽ ഞാനും നിന്നു. ബിൽ അടിക്കാൻ തുടങ്ങിയപ്പോൾ പാതിയിൽ നിർത്തിച്ച്‌  പകുതി സാധനങ്ങൾ കൊട്ടയിൽ തന്നെ തിരിച്ച്‌ വച്ചു. കൈയ്യിലെ പൈസ മുഴുവൻ കൗണ്ടറിൽ കൊടുത്ത്‌ രണ്ട്‌ സഞ്ചി നിറയെ സാധനങ്ങളുമായി ഓവർബ്രിഡ്ജ്‌ കടന്ന് മെട്രോ സ്റ്റേഷനിലെത്തി. കയ്യിൽ ഇനി മെട്രോ കാർഡിലെ പൈസ മാത്രമേ ഉള്ളൂ.

അവിടുന്ന് മെട്രോയിൽ കയറി 'നൂർ ബാങ്ക്‌' സ്റ്റേഷനിൽ ഇറങ്ങി 'അൽ ഖൂസി'ലേക്കുള്ള പതിനഞ്ചാം നമ്പർ ബസ്സ്‌ കാത്ത്‌ നിന്നു. ബസ്സിൽ നല്ല തിരക്ക്‌. ഇടയിലൂടെ കാർഡ്‌ സ്വൈപ്പ്‌ ചെയ്ത്‌ ഞാനൊരു മൂലയിൽ സഞ്ചികളും  വച്ച്‌ ഒതുങ്ങി നിന്നു. രണ്ട്‌ സ്റ്റോപ്പ്‌ മാത്രമേ ദൂരമുള്ളൂ. 'കലീജ്‌ ടൈംസ്‌' സ്റ്റോപ്പ്‌ കഴിഞ്ഞ ഉടനെ ഞാൻ വീണ്ടും കാർഡ്‌ സ്വൈപ്പ്‌ ചെയ്ത്‌ ഇറങ്ങാൻ റെഡിയായി. കുറച്ച്‌ കഴിഞ്ഞപ്പൊ ബസ്സ്‌ ഏതോ ട്രാഫിക്കിൽ പെട്ട്‌ നിന്നു. 
"അച്ഛാ.. പിന്നേല്ലെ, കുറേ ബലൂൺ വേണേ.. കൊറേ കളറുള്ളേ"
"പിന്നെയോ"
''പിന്നെ കളർപെൻസിൽ, പിന്നെ കളർപെൻ, പിന്നെ മുടിക്കുത്തി, പിന്നെ മാല, വള... പിന്നേല്ലെ അച്ഛാ മായ്ക്കുന്ന റബ്ബർ തലയിലുള്ള പെൻസിൽ കിട്ടും അതും വാങ്ങിച്ചേ” എൽ കെ ജിയിൽ കൂടെ പഠിക്കുന്ന കൂട്ടുകാരന്റെ അച്ഛൻ ഗൾഫീന്ന് വരുമ്പൊ കൊണ്ടു വന്നിട്ടുണ്ട്‌ പോലും.
“പിന്നെ വലിയ കരടിപാവ…”

അവൾ ഓരോ സമയം വിളിക്കുമ്പോൾ പറഞ്ഞ ലിസ്റ്റുകളും വാങ്ങിയ സാധനങ്ങളും തമ്മിൽ ഒത്ത്‌ നോക്കി, ഒന്നും വിട്ട്‌ പോയിട്ടില്ലെന്നും ഒക്കെയും കാണുമ്പോൾ  അവളുടെ മുഖത്ത്‌ വിരിയുന്ന നിലാവും സ്വപ്നം കണ്ടങ്ങനെ നിൽക്കുമ്പോൾ ആണ് ഒരു 'ബീപ്‌ ബീപ്‌' ശബ്ദം സ്വബോധത്തെ  വീണ്ടും ബസ്സിന്റെ ഉള്ളിലേക്കെത്തിച്ചത്‌. ട്രാഫിക്കിൽ പെട്ടതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചത്‌ ബസ്സിൽ കാർഡ്‌ ചെക്കിംഗിനു വേണ്ടി നിർത്തിയതാണെന്ന് പിന്നെയാണെനിക്ക്‌ മനസ്സിലായത്‌. ഈ രണ്ട്‌ വർഷത്തിനിടക്ക്‌ ബസ്സ്‌ യാത്രകൾ തന്നെ അപൂർവ്വമായിട്ടുള്ള ഞാൻ ആദ്യമായിട്ടാണ് ദുബായ്‌ ബസ്സിലെ ചെക്കിംഗ്‌ ഇൻസ്പെക്ടറെയും അതിന്റെ പരിശോധനയും ഒക്കെ കാണുന്നത്‌. 

വളരെ വേഗതയിൽ ഒരാൾ കഴിഞ്ഞാൽ മറ്റേ ആൾക്ക്‌ നേരെ കയ്യിലുള്ള മെഷീൻ നീട്ടുകയും ആളുകൾ വളരെ പെട്ടെന്ന് കയ്യിലെ നോയൽ കാർഡ്‌ മെഷീനിൽ സ്വൈപ്പ്‌ ചെയ്യുകയും ‘ബീപ്‌’ ശബ്ദം കേട്ട ഉടനെ അടുത്ത ആളിലേക്ക്‌ നീട്ടുകയും ചെയ്ത്‌ കൊണ്ട്‌ വളരെ പെട്ടെന്ന് തന്നെ അയാൾ എന്റെയും അടുത്തെത്തി. ഞാനും എല്ലാരും ചെയ്യുന്നത്‌ പോലെ ചെയ്തു. പക്ഷെ, എന്റെ കാർഡ്‌ മാത്രം സ്വൈപ്പ്‌ ചെയ്തപ്പോൾ ശബ്ദം പുറത്ത്‌ വന്നില്ല. ഞാൻ തിരിച്ചും മറിച്ചും ചെയ്തെങ്കിലും ശബ്ദം വരാത്തപ്പോൾ അയാൾ എന്റെ കൈയ്യിൽ നിന്നും കാർഡ്‌ വാങ്ങി. അയാളും സ്വൈപ്പ്‌ ചെയ്ത്‌ നോക്കി. ചുറ്റുമുള്ളവർ എന്നെ തുറിച്ച്‌ നോക്കുന്നതിനിടയിൽ അയാൾ എന്നോട്‌ ‘എമിറേറ്റ്സ്‌ ഐഡി’ തരാൻ ആവശ്യപ്പെട്ടു. ഐഡി വാങ്ങിയ ശേഷം ബസ്സിൽ നിന്ന് പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. ബസ്സിലെ തണുപ്പിൽ നിന്നും ഞാൻ പുറത്തെ കൊടും ചൂടിലേക്കിറങ്ങി നിന്നു. ബസ്സിലുള്ളവർ കയ്യോടെ പിടികൂടിയ കള്ളനെ എന്ന പോലെ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. കുനിഞ്ഞ ശിരസ്സുമായി നിന്ന എന്നെ പുറത്തെ ചൂടിനേക്കാൾ അവരുടെ അവജ്ഞയോടെയുള്ള നോട്ടം വല്ലാതെ പൊള്ളിച്ചു. 

‘കയറുമ്പോളും ഇറങ്ങാൻ നോക്കുമ്പോളും രണ്ട്‌ പ്രാവശ്യം കാർഡ്‌ സ്വൈപ്പ്‌ ചെയ്തപ്പോൾ വന്ന ശബ്ദം എന്തേ ഇപ്പൊ വന്നില്ല’ എന്നാലോചിച്ച്‌ ഞാൻ വല്ലാതായി. അന്നം തന്ന് പോറ്റുന്ന നാടിനെ അറിയാതെ പോലും വഞ്ചിക്കാനാഗ്രഹിക്കാത്ത പ്രവാസികൾക്കിടയിൽ ഒരും തെറ്റും ചെയ്യാതെ താൻ കള്ളനായി മുദ്ര കുത്തപ്പെടുന്നു എന്ന ചിന്തയും, ഇതിനു ശേഷം എന്താകും ഉണ്ടാവുക എന്നറിയാതെയുള്ള വേവലാതിയും എന്നെ ആകെ തളർത്തി. ഞാൻ ആകെ വിയർപ്പിൽ മുങ്ങി. അറിയാത്ത നാട്ടിലെ പൊലീസ്‌ സ്റ്റേഷനും മറ്റും എന്നെ വല്ലാതെ ഭീതിപ്പെടുത്തി. നിയന്ത്രിച്ചിട്ടും നിൽക്കാതെ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. പരിശോധന പൂർത്തിയാക്കി അയാൾ പുറത്തേക്കിറങ്ങി. എന്റെ മുഖവും ഭാവവും കണ്ടിട്ടോ  മറ്റോ അയാൾ എന്നെ അനുകമ്പയോടെ നോക്കി. 

ഞാനയാളോട്‌ അറിയുന്ന മുറി ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞു. ‘ഞാൻ ഒരിക്കലും ചീറ്റ്‌ ചെയ്തില്ലെന്നും, കാർഡിൽ പൈസ ഉണ്ടെന്നും, കയറുമ്പോഴും ഇറങ്ങുമ്പോഴും ഞാൻ രണ്ട്‌ പ്രാവശ്യം സ്വൈപ്പ്‌ ചെയ്തപ്പോളു ബീപ്‌ ശബ്ദം വന്നെന്നും’ ഞാൻ പറഞ്ഞപ്പോൾ അയാൾ കാർഡ്‌ ഒരിക്കൽ കൂടി വിശദമായി പരിശോധിച്ചു. പരിശോധനക്ക്‌ ശേഷം സ്നേഹപൂർവ്വം അയാളെന്റെ തോളിൽ തട്ടിയിട്ട്‌ കണ്ണു തുടക്കാൻ കൈകൊണ്ട്‌ ആംഗ്യം കാണിച്ചു. കണ്ണുകൾ ചുമലു കൊണ്ട്‌  തുടച്ച എനിക്ക്‌ കാർഡും ഐഡിയും തന്ന് അയാൾ എനിക്ക്‌ കൂടി മനസ്സിലാകുന്ന ഇംഗ്ലീഷിൽ പറഞ്ഞു തന്നു. "നിങ്ങൾക്ക്‌ ഇറങ്ങേണ്ടുന്ന സ്റ്റോപ്പിൽ ബസ്സ്‌ നിർത്തിയാൽ മാത്രം കാർഡ്‌ സ്വൈപ്പ്‌ ചെയ്യുക, എത്ര പേർ ഇറങ്ങാനുണ്ടായാലും നിങ്ങൾ ഇറങ്ങുന്നത്‌ വരെ ബസ്സ്‌ കാത്ത്‌ നിൽക്കും. യാതൊരു ധൃതിയും കൂടാതെ സാവകാശം കാർഡ്‌ ഉപയോഗിച്ച്‌ ബാലൻസ്‌ കൂടി പരിശോധിച്ചതിനു ശേഷം ബസ്സിൽ നിന്ന് ഇറങ്ങുക. സ്റ്റോപ്പ്‌ എത്തുന്നതിനു മുന്നെ സ്വൈപ്പ്‌ ചെയ്തത്‌ കാരണമാണു നിങ്ങൾ ഈ അബദ്ധത്തിൽ പെട്ടത്‌, മേലിൽ ബസ്സ്‌ യാത്രയിൽ ശ്രദ്ധിക്കുക.”

കണ്ണിൽ നിറഞ്ഞ സന്തോഷത്തോടെ നന്ദി പറഞ്ഞ്‌ പോകാനൊരുങ്ങിയ അയാൾ പിന്നെയും എന്നെ തടഞ്ഞു. എന്തിനെന്നറിയതെ വിഷമിച്ച എന്നെ അയാൾ അത്‌ വഴി വന്ന മറ്റൊരു ബസ്‌ കൈനീട്ടി നിർത്തിച്ച്‌ കയറാൻ പറഞ്ഞു. നോക്കിയാൽ കാണുന്ന ദൂരത്തേക്ക്,‌ ചുരുങ്ങിയത്‌ നൂറു മീറ്റർ ഇല്ലാത്ത അകലത്തിലേക്ക്‌ ഞാൻ നടന്ന് പോയ്ക്കോളാം എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിച്ച്‌ ആ ബസ്സിൽ കയറ്റി എന്റെ കയ്യിലുണ്ടായിരുന്ന  ഒരു സഞ്ചിയും ബസ്സിലേക്ക്‌ വച്ച്‌ തന്ന് ഡ്രൈവറോട്‌ ഇയാൾ “കാർഡ്‌ സ്വൈപ്പ്‌ ചെയ്യണ്ട അടുത്ത സ്റ്റോപ്പിൽ ഇറക്കണം” എന്നും പറഞ്ഞ്‌ എന്റെ നേരെ കൈ വീശി. 

ഹൃദയം നിറയെ നന്ദി നിറഞ്ഞ മനസ്സുമായി ആ വലിയ മനുഷ്യനു നേരെ കൈ വീശുമ്പോൾ അയാൾക്ക്‌ പിന്നിൽ അങ്ങകലെ കരുണയുടെയും സ്നേഹത്തിന്റെയും നന്മയുടെയും നിറങ്ങൾ ചാലിച്ച്‌ യു എ ഇ യുടെ ദേശീയപതാക ആകാശത്തോളം  ഉയരത്തിൽ തണൽ വിരിച്ച്‌ നിൽക്കുന്നുണ്ടായിരുന്നു.