Asianet News MalayalamAsianet News Malayalam

ഈ ഡിജിറ്റൽ യുഗത്തിലും, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലത്തും നാമെന്തുകൊണ്ടാണിങ്ങനെ?

ലോകം കണ്ട ഏറ്റവും വലിയ മഹാമാരികളിൽ ഒന്നായ കൊറോണ വൈറസ് നമ്മളിൽ വിഭാഗീയ ചിന്തകൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

dr robin mathew writes in speak up
Author
Thiruvananthapuram, First Published Jun 11, 2020, 2:36 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

dr robin mathew writes in speak up

നമ്മൾ എന്തിനാണ് നായ്ക്കുട്ടികളെ വളർത്തുന്നത്? നമ്മൾ എന്തിനാണ് ആട്ടിൻകുട്ടികളെ വളർത്തുന്നത്? ഒരിക്കലും  നായ്ക്കളെ വളർത്തുന്ന അതേ ആവശ്യം കൊണ്ടല്ല നമ്മൾ ആടുകളെ വളർത്തുന്നത്. നായ്ക്കൾ നമ്മുടെ  ഒരു സുഹൃത്തിനെപ്പോലെയോ കുട്ടിയെയോ പോലെ ആണ് നമ്മൾ വളർത്തുന്നത് എങ്കിൽ, ആട്ടിൻകുട്ടികളെ വളർത്തുന്നത് വലുതാവുമ്പോൾ പാൽ കുടിക്കാനും അതിന്‍റെ കാട്ടം ഉപയോഗിക്കുവാനും തോൽ എടുക്കുവാനും, കൊന്ന് ഇറച്ചി തിന്നുവാനും, ചെമ്മരിയാട് ആണെങ്കിൽ അതിന്‍റെ രോമം ഉപയോഗിക്കാനും ആണ്.

കത്തോലിക്കാ സഭയിൽ ഇടയന്മാർ ഇതുപോലെ കുഞ്ഞാടുകളെ എന്നു വിളിക്കുമ്പോൾ ഇതേ അർത്ഥം വരുന്നില്ലേ എന്നു തോന്നിപ്പോകുന്നു. ലൗ ജിഹാദ് എന്ന ഒന്നില്ല എന്ന് സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും, സുപ്രീം കോടതിയും ആവർത്തിച്ചു പറഞ്ഞിട്ടും നമ്മുടെ ഇടയന്മാർ വിട്ടിട്ടില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് അവർ തമ്മിൽ വർഗീയ പോരാട്ടം ഉണ്ടാകുമ്പോൾ അതിനിടയ്ക്ക് ഇറ്റുവീഴുന്ന രക്തം കുടിക്കുവാൻ ചില സംഘടിത ശക്തികൾ നടത്തുന്ന ശ്രമങ്ങളുടെ കൂടെ കൂടുവാനും ആ രക്തത്തിൽ പങ്കുചേരുവാൻ ചില ഇടയന്മാർ ശ്രമിക്കുമ്പോൾ അതിന് ഓശാന പാടി കൂടെ നടക്കുവാൻ ധാരാളം വിവരദോഷികളായ കുഞ്ഞാടുകളെ സൈബർ സ്പേസിൽ കാണാം. ഓരോ സമുദായക്കാർക്കും അന്യസമുദായത്തിൽ ഉള്ള ഇണകളോട് പ്രത്യേകതരം താല്പര്യം തോന്നുന്നത് പരിണാമപരമായ ചില കാരണങ്ങൾ കൊണ്ടാണ്... ജീവശാസ്ത്രപരമായി മനുഷ്യന്‍റെ നിലനിൽപ്പിന് കലർപ്പ് വളരെ ആവശ്യമാണ്. ഇതിൽ പരിണാമമനശാസ്ത്രം മാത്രമേയുള്ളൂ. മതമില്ല. ഇത് പക്ഷേ ഏതെങ്കിലും ഒരു സമുദായത്തിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല.

ഒരാൾ വിവാഹം കഴിച്ചു പുറത്തുപോയാൽ വളരെ തീവ്രമായി പ്രതികരിക്കുന്ന ചില മതത്തിൽ നിന്ന് കല്യാണം കഴിക്കുവാൻ ആൾക്കാർ ഭയപ്പെടുന്നു എന്നുള്ളത് സത്യമാണ്. അതുകൊണ്ടുതന്നെ അവിടെ പെൺകുട്ടികൾ അധികം പുറത്ത് പോകുന്നില്ല. പുരുഷന്മാർ അകത്തേക്ക് ആളെ കൊണ്ട് വരുന്നതേയുള്ളൂ. അന്യഗോത്രത്തിൽ ഉള്ള ഇണകളോടുള്ള സ്നേഹവും കലർപ്പിനുള്ള ത്വരയും പരിണാമ മനശാസ്ത്ര പ്രത്യേകതകളാണ് എന്നിരിക്കെ തങ്ങളുടെ സമുദായത്തിൽ നിന്നും ഗോത്രത്തിൽ നിന്നും ആരും പുറത്തു പോകുന്നതിന് നേതാക്കന്മാർ തടയിടുകയും അതിനുവേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അത് അവരുടെ നിലനിൽപ്പിന്റെ പ്രശ്‍നമാണ്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കണ്ട വംശ ശുദ്ധി വീഡിയോ.

ലോകം കണ്ട ഏറ്റവും വലിയ മഹാമാരികളിൽ ഒന്നായ കൊറോണ വൈറസ് നമ്മളിൽ വിഭാഗീയ ചിന്തകൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. Consanguineous Marriage, അഥവാ രക്തബന്ധമുള്ളവരുമായിട്ടുള്ള വിവാഹം. വംശശുദ്ധി എന്ന ഗോത്രവാർഗ്ഗ ആശയം പരിപാലിക്കുന്ന എല്ലാ സമൂഹത്തിലും നിലനിൽക്കുന്ന ഒരു പ്രത്യേകതയാണിത്. ഇതിന്‍റെ അപകടം എന്താണെന്ന് നോക്കാം?

പാരമ്പര്യമായി നിങ്ങൾക്ക് ഒരു രോഗം പകർന്നു കിട്ടിയിട്ടുണ്ട് എന്ന് വിചാരിക്കുക. ഹീമോഫീലിയ, കൊറിയ പോലെയുള്ള കടുത്ത രോഗങ്ങൾ. രണ്ടു കുടുംബത്തിൽ ഉള്ള ഒരു സ്ത്രീയും പുരുഷനും വിവാഹിതരാകുന്നതോട് കൂടി ആ പാരമ്പര്യ ഘടകം അടുത്ത തലമുറയ്ക്ക് കിട്ടാനുള്ള സാധ്യത ഏതാണ്ട് 50 ശതമാനമാണ്. ഒരു കുടുംബത്തിലെ തന്നെ രണ്ടുപേർ തമ്മിൽ കല്യാണം കഴിക്കുകയും രണ്ടുപേരുടെയും പാരമ്പര്യ ഘടകത്തിൽ ഈ രോഗം ഉണ്ടാവുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് ഈ രോഗം ഉണ്ടാവാനുള്ള സാധ്യത നൂറു ശതമാനം ആണ്. അതുകൊണ്ട് കുട്ടിക്ക് രോഗം ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, സാധ്യത വളരെ കൂടുതൽ ആണ്.

പറഞ്ഞുവന്നത് ഇതാണ്. വംശശുദ്ധി എന്ന് പറയുന്നത് ചിലപ്പോഴെങ്കിലും അപകടം പിടിച്ച, വലിയ വില കൊടുക്കേണ്ട ഒന്നാണ്. രണ്ടു വിഭിന്നമായ സമുദായത്തിൽ നിന്നോ രാജ്യത്തു നിന്നോ രണ്ടുപേർ വിവാഹം കഴിക്കുമ്പോൾ അതിജീവനത്തിന്റെ കൂടുതൽ ഘടകങ്ങൾ അടുത്ത തലമുറക്ക് ലഭിക്കുന്നു. വംശീയ ശുദ്ധി കാത്തു സൂക്ഷിക്കുമ്പോൾ നമ്മുടെ വംശത്തിൽ എന്തെങ്കിലും പ്രത്യേകതകൾ, പ്രത്യേകിച്ചും ന്യൂനതകൾ ഉണ്ടെങ്കിൽ അത് അവിടെത്തന്നെ നില്‍ക്കും. അത് നമ്മെ ഒരുകാലത്തും വിട്ടുപോകില്ല.

ക്നാനായക്കാർ വംശശുദ്ധിയുടെ കാര്യം പറയുമ്പോൾ: ഇവരുടെ ഡിഎൻഎ പരിശോധനയിൽ നിന്ന് അവരുടെ ഇടയിൽ ഒരുപാട് വ്യത്യസ്‍തമായ കലർപ്പ് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഭൂമിയിൽ മനുഷ്യൻ എന്ന് പറയുന്ന ഹോമോസാപ്പിയൻസ് തന്നെ മനുഷ്യർ അല്ലാത്ത മനുഷ്യരുടെ ജീനുകൾ സ്വീകരിച്ചിട്ടുണ്ട്. ഹോമോ ഇറക്റ്റ്റ്‌സ്, ഡനിസോവൻസ്, നിയാനന്ദർതാൽ തുടങ്ങിയ പല  ജീവികളുടെയും ജീനുകൾ നമ്മളിൽ ഉണ്ട്. മറ്റു ഗോത്രങ്ങളോടുള്ള സ്‍പർധ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്.

ഈ ഡിജിറ്റൽ യുഗത്തിലും നമ്മുടെ ഒരു കാല് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലും മറ്റേ കാല് ചാണകക്കുഴിയിലും ആണ്... കുളംകലക്കിക്കോ പിതാവേ. പക്ഷേ, മീൻപിടിക്കാൻ ശ്രമിക്കരുത്.

(എനിക്കും ചിലത് പറയാനുണ്ട് കോളത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നവരുടെ അഭിപ്രായങ്ങളാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

Follow Us:
Download App:
  • android
  • ios