Asianet News MalayalamAsianet News Malayalam

കുലസ്ത്രീയും പിഴച്ചവളും ഉണ്ടാവുന്നത്

കുലസ്ത്രീയും പിഴച്ചവളുമെന്ന ദ്വന്ദ്വത്തെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ ഇത്തരം സ്ത്രീകളെ അപമാനിക്കാനും ഇകഴ്ത്താനും വേണ്ടിയാണ്. ഡോ. സംഗീത ചേനംപുല്ലി എഴുതുന്നു 

Dr Sangeetha Chenampulli on women body politics
Author
Thiruvananthapuram, First Published Jul 22, 2019, 12:46 PM IST

കേരളത്തിലെ പതിവനുസരിച്ച് യൗവനാരംഭം കഴിഞ്ഞാല്‍ സ്ത്രീശരീരം ശിശുപരിചരണത്തിനും വീട്ടുപണികള്‍ക്കും ഉള്ള ഉപകരണം മാത്രമായി മാറുന്നു. 'അടുക്കളയില്‍ തേഞ്ഞുതീരാറായ വീട്ടുപകരണമാണ് ഞാന്‍' എന്ന് സാവിത്രി രാജീവന്‍ എഴുതുമ്പോള്‍ അവിടെ തേഞ്ഞുതീരുന്ന ഒരുടലിന്റെ ചിത്രത്തെക്കൂടി നാം കാണേണ്ടതുണ്ട്. ലൈംഗികതയടക്കം ഉടല്‍ കൊണ്ട് അറിയേണ്ട ആനന്ദങ്ങളെ സ്വായത്തമാക്കുന്നതില്‍ നിന്ന് സമൂഹം അടിച്ചേല്‍പ്പിക്കുന്ന  മൂല്യബോധം അവളെ തടയുകയും ചെയ്യുന്നു.

Dr Sangeetha Chenampulli on women body politics
 

സ്തനങ്ങളും നീണ്ടമുടിയും മുളക്കുന്നതായി കണ്ടാല്‍
അവരതിനെ സ്ത്രീ എന്ന് വിളിക്കും
താടിമീശയാണ് മുളക്കുന്നതെങ്കിലോ
അവരതിനെ പുരുഷനെന്നുപറയും
പക്ഷേ, നോക്കൂ,
ഇവര്‍ക്കിടയില്‍ ചുറ്റിത്തിരിയുന്ന ആത്മാവാവട്ടെ 
സ്ത്രീയുമല്ല,
പുരുഷനുമല്ല

(ശിവേന സഹനര്‍ത്തനം- അഷിത)


മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉടലും അതിഴെന്റ സവിശേഷതകളും, പരിപാലനവും, അവന് ഒട്ടും കര്‍തൃത്വമില്ലാത്ത അതിന്റെ നശ്വരതയുമെല്ലാം ആദിമകാലം തൊട്ടേ ചിന്താവിഷയമാണ്. മോക്ഷത്തിനുള്ള വഴിയിലെ തടസ്സമാണ് ശരീരമെന്ന് ഹൈന്ദവ തത്വചിന്ത. എന്നാല്‍ ഇതിലെല്ലാം കേന്ദ്രസ്ഥാനത്ത് പുരുഷന്റെ ഉടലാണ്. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ പൂര്‍ണ്ണ മനുഷ്യന്‍ അവനായത് കൊണ്ട് തന്നെയാണത്. എന്നാല്‍ പെണ്ണിന്റെ ഉടല്‍ സ്വാഭാവികമായിത്തന്നെ നീചത്വത്തെ വഹിക്കുന്ന ഒന്നായി ഇതേ ചിന്തയുടെ മറുപുറത്ത് അവതരിപ്പിക്കപ്പെടുന്നു. അത് പുരുഷന്റെ ഉടലിനെക്കാള്‍ പദവിയില്‍ താണതും അവന്റെ പാപങ്ങളുടെ കാരണവുമാണ്. ക്രൈസ്തവ വിശ്വാസമനുസരിച്ചും പുരുഷശരീരത്തിന്റെ പുറത്തേക്കുള്ള നീട്ടിയെടുപ്പ് (extension) മാത്രമാണ് സ്ത്രീ ശരീരമെന്നും, അതിന്റെ സ്വാഭാവികമായ ജൈവപ്രവര്‍ത്തനങ്ങള്‍ പറുദീസാപാപത്തിന്റെ ബാക്കിപത്രമെന്നും കരുതപ്പെടുന്നു. അത്തരമൊരുടലിന് പുരുഷനോട് ചേര്‍ന്നല്ലാതെ നിലനില്‍പ്പില്ലെന്നു മാത്രമല്ല അവന്റെ പാപങ്ങളെ ഏറ്റുവാങ്ങേണ്ട പാത്രം കൂടിയായി മാറുന്നു. അതേസമയം മറ്റൊരുവശത്ത് പെണ്ണുടലിന്റെ വര്‍ണ്ണവും, മൃദുത്വവും, പാകമായ ഫലത്തോടൊത്ത അതിന്റെ പാകതയുമെല്ലാം വര്‍ണ്ണിക്കപ്പെടുകയും ചെയ്യുന്നു. ചെറിയ ഒരു കാറ്റുകൊണ്ടുപോലും തളര്‍ന്നുപോകുന്ന ആനതാംഗിയായും ചെറിയ മനക്ലേശത്താല്‍ പോലും തളര്‍ന്നുവീഴുന്ന ദുര്‍ബലയായും അവള്‍ അവതരിപ്പിക്കപ്പെടുന്നു. കുയിലിന്റെ സ്വരവും, അരയന്നത്തിന്റെ നടയും താമരപ്പൂപോലത്തെ കണ്ണുകളും താമരവളയം പോലത്തെ കൈകളുമൊക്കെയായി അവള്‍ ഛേദിക്കപ്പെടുന്നു. ഈ രണ്ട് പുരുഷകല്‍പ്പനകള്‍ക്കും ഇടയില്‍ എവിടെയാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീശരീരം നില്‍ക്കുന്നത്? ഈ അന്വേഷണത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ടെന്ന് മാത്രമല്ല അത് സ്ത്രീയുടെ സാമൂഹ്യനീതിക്കായുള്ള അന്വേഷണങ്ങളുടെ ഭാഗം കൂടിയാണ്.

..............................................................................................................................

ഉടലിന്റെ സവിശേഷതകളില്‍ നിന്ന് വ്യക്തിയെ സ്വതന്ത്രനാക്കുക എന്ന ആശയം പ്രയാസമേറിയതാണെങ്കിലും അനിവാര്യമാണെന്ന് വരുന്നു. 

..............................................................................................................................

പെണ്ണുടലിന്റെ ഉടയോനാരാണ്?
കേരളത്തിലെ പതിവനുസരിച്ച് യൗവനാരംഭം കഴിഞ്ഞാല്‍ സ്ത്രീശരീരം ശിശുപരിചരണത്തിനും വീട്ടുപണികള്‍ക്കും ഉള്ള ഉപകരണം മാത്രമായി മാറുന്നു. 'അടുക്കളയില്‍ തേഞ്ഞുതീരാറായ വീട്ടുപകരണമാണ് ഞാന്‍' എന്ന് സാവിത്രി രാജീവന്‍ എഴുതുമ്പോള്‍ അവിടെ തേഞ്ഞുതീരുന്ന ഒരുടലിന്റെ ചിത്രത്തെക്കൂടി നാം കാണേണ്ടതുണ്ട്. ലൈംഗികതയടക്കം ഉടല്‍ കൊണ്ട് അറിയേണ്ട ആനന്ദങ്ങളെ സ്വായത്തമാക്കുന്നതില്‍ നിന്ന് സമൂഹം അടിച്ചേല്‍പ്പിക്കുന്ന  മൂല്യബോധം അവളെ തടയുകയും ചെയ്യുന്നു. ജീവശാസ്ത്രപരമായി സ്ത്രീപുരുഷ ശരീരങ്ങള്‍ തമ്മില്‍ പ്രത്യുല്‍പ്പാദന വ്യവസ്ഥയില്‍ ഒഴികെ സാരമായ വ്യത്യാസങ്ങളില്ല. ഒരേ പോലെ ശ്വസിക്കുന്ന, ഒരേ രക്തചംക്രമണവ്യവസ്ഥയും ദഹനവ്യവസ്ഥയും തലച്ചോറും നാഡീവ്യവസ്ഥയുമുള്ള ആണ്‍പെണ്‍ ശരീരങ്ങളില്‍ ലൈംഗികമായ വ്യതിരിക്തതയുടെ പേരില്‍ മാത്രം സ്ത്രീശരീരം താണതാണെന്ന് വരുന്നു. ശാരീരികമായ വ്യത്യാസങ്ങളെ അതായിത്തന്നെ തിരിച്ചറിയുകയും അതേസമയം സാമൂഹ്യ തുല്യത എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമ്പോഴേ ഉടല്‍ എന്ന തടവറയില്‍ നിന്ന് ആണിനും പെണ്ണിനും മോചനമുണ്ടാകൂ. ഉടലിന്റെ സവിശേഷതകളില്‍ നിന്ന് വ്യക്തിയെ സ്വതന്ത്രനാക്കുക എന്ന ആശയം പ്രയാസമേറിയതാണെങ്കിലും അനിവാര്യമാണെന്ന് വരുന്നു. 

അമ്മയാകാനുള്ള സ്ത്രീശരീരത്തിന്റെ കഴിവിനെ പ്രകീര്‍ത്തിക്കുമ്പോള്‍ അത് മറ്റൊന്നിനും കൊള്ളാത്തതാണ് എന്ന് ദ്യോതിപ്പിക്കുകകൂടിയാണ്. പാല്‍ഞരമ്പുകളും ഗര്‍ഭപാത്രങ്ങളും മാത്രമായി അമ്മയുടെ ശരീരം പിന്നീടുള്ള ജീവിതത്തിലുടനീളം ആരോപിക്കപ്പെടുന്നു. സ്ത്രീയുടെ ലൈംഗിക കാമനകളെ ഉടമയായ പുരുഷന്റെ അധീനത്തില്‍ മാത്രം നിര്‍ത്താനുള്ള തന്ത്രം കൂടിയാണിത്. തന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റേണ്ട ഉടല്‍ എന്നതിനപ്പുറം തനിക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ലാത്ത സ്വകാര്യസ്വത്ത് കൂടിയായി പുരുഷന്‍ സ്ത്രീശരീരത്തെ പതിച്ചെടുക്കുന്നു. വ്യക്തിത്വത്തിന്റെ കവാടമായ മുഖത്തെപ്പോലും മറച്ച് മൂടുപടം അണിയിക്കേണ്ടി വരുന്നതും അവള്‍ അനുഭവിക്കുന്ന ആനന്ദങ്ങളെ പറിച്ചുമാറ്റാന്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടത്തുന്നതും നരകത്തെക്കുറിച്ചോര്‍മ്മിപ്പിച്ച് അടക്കി നിര്‍ത്തുന്നതും സ്വന്തം ശരീരത്തെ സ്ത്രീ സ്വേച്ഛക്കനുസരിച്ച് ഉപയോഗിക്കുമോ എന്ന ഭയം കൊണ്ടാണ്. മറ്റൊരു പുരുഷന് ഉടലിന്റെ അധികാരത്തെ വിട്ടുകൊടുക്കുന്ന പെണ്ണ് എക്കാലത്തും അവന്റെ ഏറ്റവും വലിയ ഭയമായി തുടരുന്നു. 

മറ്റ് തരത്തില്‍ അധികാരം പ്രയോഗിക്കാന്‍ അവസരമില്ലാത്ത പുരുഷനും തന്റെ ചുറ്റുമുള്ള സ്ത്രീകളുടെ ശരീരത്തിന് മേല്‍ സ്വന്തം അധികാരത്തെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഏറ്റവും സാധാരണമായ ലൈംഗിക നില പുരുഷന്‍ മുകളില്‍ വരുന്നതാണ് എന്നത് തന്നെ ഈ അധികാരത്തിന്റെ സൂചകമാണ്. ബലാല്‍സംഗത്തില്‍  പുരുഷന്‍ തേടുന്നതും ലൈംഗികത എന്നതിലുപരി അധികാരത്തിന്റെ അടിച്ചേല്‍പ്പിക്കലാണ്. കീഴടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം വിജയിയായ രാജാവിന്റെ ലൈംഗിക അടിമകളാക്കപ്പെടുന്ന സ്ത്രീകളും അധികാരക്കൈമാറ്റത്തിന്റെ പ്രതീകങ്ങളാണ്. . ഇതോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ് പുരുഷന്റെ  വിളനിലമാണ് സ്ത്രീശരീരം എന്ന വാദവും. തന്റെ പുരുഷനായി സദാ സ്വന്തം ശരീരത്തെ ഒരുക്കി സൂക്ഷിക്കേണ്ടതും മറ്റൊരുവളുടെ ശരീരത്തിലേക്ക് അയാളുടെ ശ്രദ്ധതെന്നാതെ ശ്രദ്ധിക്കേണ്ടതും  അവളുടെ ബാധ്യതയായി മാറുന്നു. സ്വന്തം ശാരീരിക, മാനസിക അവസ്ഥകളെ പരിഗണിക്കാതെ പുരുഷന് ആവശ്യപ്പെടുമ്പോഴെല്ലാം ശാരീരികമായ സുഖം നല്‍കുന്നവളെ ഉത്തമസ്ത്രീയായും അല്ലാത്തവളെ നരകത്തിലെ വിറകുകൊള്ളിയായും സമൂഹം തരം തിരിച്ചിടുന്നു. പുരുഷന്റെ ശരീരത്തിനുമേലുള്ള ഈ അധീശത്വത്തില്‍ നിന്ന് വിടുതല്‍ നേടേണ്ടതെങ്ങനെ എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീയ്ക്കും ചര്‍ച്ചചെയ്യേണ്ടി വരുന്നു എന്നത് നമ്മുടെ സമൂഹം എത്ര മാത്രം സ്ത്രീവിരുദ്ധമാണെന്ന് കാണിക്കുന്നു. 

..............................................................................................................................

സ്വന്തം ശാരീരിക, മാനസിക അവസ്ഥകളെ പരിഗണിക്കാതെ പുരുഷന് ആവശ്യപ്പെടുമ്പോഴെല്ലാം ശാരീരികമായ സുഖം നല്‍കുന്നവളെ ഉത്തമസ്ത്രീയായും അല്ലാത്തവളെ നരകത്തിലെ വിറകുകൊള്ളിയായും സമൂഹം തരം തിരിച്ചിടുന്നു.

..............................................................................................................................

അഴകളവുകളുടെ രാഷ്ട്രീയം
പുരുഷാധിപത്യത്തിനൊപ്പം മുതലാളിത്ത വ്യവസ്ഥയും കൂടിയാണ് നമ്മുടെ ആദര്‍ശസ്ത്രീ ബിബത്തെ നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. സൗന്ദര്യവിപണി വാര്‍ത്തെടുത്ത ഈ ആദര്‍ശശരീരത്തിലേക്ക് ചുരുങ്ങാന്‍ പൊതുബോധം സ്ത്രീയെ നിര്‍ബന്ധിതയാക്കുന്നു. നിരയൊത്ത പല്ലുകളും, കടുകിട തെറ്റാത്ത അഴകളവുകളും വെളുത്തനിറവുമെല്ലാം ഉടനെ എത്തിപ്പിടിക്കേണ്ട ലക്ഷ്യങ്ങളായി നാം പലപ്പോഴും തെറ്റിദ്ധരിക്കുന്നു. മറ്റുവിധത്തില്‍ ഗുണപരമായി ചെലവഴിക്കപ്പെടേണ്ട സ്ത്രീയുടെ സമയത്തെ സൗന്ദര്യപരിപാലനം അപഹരിച്ചെടുക്കുന്നു.സൗന്ദര്യത്തിന്റെ മികവിനെ അളക്കുന്ന സൗന്ദര്യമത്സരങ്ങള്‍ വിപണിയുടെ സൂത്രവിദ്യയല്ലാതെ മറ്റൊന്നുമല്ല. ജൈവികമായ സവിശേഷതകളെ അളന്നുകുറിക്കുന്നത് മണ്ടത്തരമാണെന്ന് മാത്രമല്ല മനുഷ്യവിരുദ്ധവുമാണ്.  മനശാസ്ത്രപരവും, ബൗദ്ധികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഘടകങ്ങളുടെ സംയോജനമാണ് ഒരാളുടെ വ്യക്തിത്വം. അതിലെ ചില ജീവശാസ്ത്രസവിശേഷതകള്‍ മാത്രം മാനകമാക്കി നടത്തുന്ന തെരഞ്ഞെടുപ്പ് വ്യക്തിയെ വെറും ശരീരമായി ചുരുക്കുന്നു. പെണ്ണെന്നാല്‍ അഴകുള്ള ശരീരം എന്ന സമവാക്യത്തിലേക്ക് ചുരുക്കുന്നത് മാത്രമല്ല ഇതിലെ അപകടം. ഈ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പെടാത്തവരെ രൂക്ഷമായി അപരവത്കരിക്കുക കൂടി ചെയ്യുന്നുണ്ട്.  

കറുത്ത നിറവും തടിച്ചശരീരവും ഉള്ള പുരുഷന്‍ അപഹസിക്കപ്പെടുന്നതിലും എത്രയോ ഏറെയാണ് ഈ സവിശേഷതകളുള്ള സ്ത്രീ നേരിടുന്ന വിവേചനവും അപമാനവും. ഏറെ മെലിഞ്ഞ പെണ്‍കുട്ടികള്‍ നേരിടുന്ന പരിഹാസവും ഇതിന് സമാനം തന്നെ. ആത്മവിശ്വാസത്തെ കെടുത്തിക്കളഞ്ഞ് സ്വയം നിന്ദയിലേക്കും ഡിപ്രഷനിലെക്കും ബോഡിഷേയ്മിംഗ് സ്ത്രീകളെ, വിശേഷിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളെ എത്തിക്കുന്നു. ശാരീരിക സവിശേഷതകളെ തനത് വ്യക്തിത്വത്തിന്റെ ഭാഗമായി കാണാനും അത് കൂടിയാണ് താനെന്ന് അംഗീകരിക്കാനും തയ്യാറാവേണ്ടതുണ്ട്. അതേസമയം സ്വന്തം ശരീരത്തോട് പുലര്‍ത്തുന്ന സ്‌നേഹവും ആരോഗ്യകരമായ ജീവിതശൈലീ ക്രമീകരണവും തികച്ചും ആവശ്യവുമാണ്. ആരോഗ്യമുള്ള ശരീരമാണ് സൌന്ദര്യം എന്ന കാഴ്ചപ്പാടിലേക്ക്  എത്തുകയാണ് പ്രധാനം.സമൂഹം നിശ്ചയിക്കുന്ന അയഥാര്‍ത്ഥ പ്രതിബിംബത്തിലേക്ക് താന്‍ ചുരുങ്ങേണ്ടതുണ്ടോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. 

തൊഴിലിടത്തും അടുക്കളയിലുമായി സ്വന്തം സമയം പകുത്തിടുന്ന സ്ത്രീക്ക് വ്യായാമമെന്നത് എന്നെന്നും മാറ്റിവെക്കാവുന്ന ഏറ്റവും അപ്രധാന കാര്യമായി മാറുന്നു. ഒപ്പം വേണ്ടത്ര പോഷകങ്ങള്‍ ലഭ്യമല്ലാത്ത അനാരോഗ്യകരമായ ഭക്ഷണശീലവും കൂടിയാകുമ്പോള്‍ അമിതവണ്ണവും അസുഖങ്ങളും വന്നെത്തുന്നു. മാത്രമല്ല ആര്‍ത്തവത്തിലൂടെ എല്ലാ മാസവും രക്തം നഷ്ടപ്പെടുന്ന സ്ത്രീക്ക് വേണ്ട അളവില്‍ ഇരുമ്പും മറ്റ് പോഷകങ്ങളും ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ജീവിതശൈലീരോഗങ്ങള്‍ക്കും പോളിസിസ്റ്റിക് ഓവറി പോലെയുള്ള പ്രത്യുല്പാദനവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളാണ്. ആര്‍ത്തവ വിരാമത്തോടൊപ്പം അസ്ഥിസംബന്ധമായ രോഗങ്ങളും സ്ത്രീകളെ വലയ്ക്കുന്നു. കാത്സ്യം, വൈറ്റമിന്‍ ഡി എന്നിവയുടെ കുറവാണ് ഇത്തരം രോഗങ്ങളിലൂടെ ജീവിത ഗുണതയെ പരിമിതപ്പെടുത്തുന്നത്. വീട്ടില്‍ ബാക്കിയാകുന്ന ഭക്ഷണം കുത്തിനിറയ്ക്കാനുള്ള കുപ്പത്തൊട്ടിയല്ല സ്വന്തം ശരീരമെന്ന തിരിച്ചറിവുമുണ്ടാവണം. 

..............................................................................................................................

സിനിമയുടെ ആണ്‍നോട്ടങ്ങള്‍ മാറിടവും അരക്കെട്ടും പൊക്കിളും തുടകളുമായി പെണ്‍ശരീരത്തെ മുറിച്ചുപ്രദര്‍ശിപ്പിക്കുന്നു.

..............................................................................................................................

അധ:കൃതമായ ശരീരങ്ങള്‍
സൗന്ദര്യവും വൃത്തിയും സ്വയമേ തന്നെ സവര്‍ണ്ണ സങ്കല്‍പ്പനങ്ങളാണ്. ജോലി ചെയ്യാതെ കഴിയാന്‍ പറ്റുന്ന സാമൂഹ്യ സാഹചര്യവും, പട്ടിണിയില്ലാത്ത അവസ്ഥയും, ജലമടക്കമുള്ള ശുചീകരണ  സാമഗ്രികളുടെയും വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം ആവശ്യമായ അലങ്കാര സാമഗ്രികളുടെയും ലഭ്യതയും എല്ലാം ചേര്‍ന്നാണ് മലയാളിത്തനിമയുള്ള സൗന്ദര്യത്തെ സൃഷ്ടിച്ചത്. തൊഴിലെടുക്കുന്ന സ്ത്രീ സ്വാഭാവികമായും ഈ നിര്‍വചനത്തിന്റെ പുറത്താകുന്നു. വിയര്‍ത്ത ഉടലും, പരുത്ത കൈകളും, വെയില്‍ കൊണ്ട് ഇരുണ്ട തൊലിയും, വിണ്ടുകീറിയ പാദങ്ങളുമെല്ലാം സൃഷ്ടിക്കപ്പെടുന്നത് തൊഴിലുകൊണ്ടാകുമ്പോള്‍ തൊഴില്‍ സൗന്ദര്യത്തിന്റെ വിപരീതപദമാകുന്നു. 

കാറ്റുകൊണ്ടുപോലും നോവിക്കപ്പെടുന്ന ചഞ്ചലമേനികളായി തുടരാന്‍ തൊഴിലാളിപ്പെണ്ണിന് കഴിയുകയുമില്ല. മേലാളരാല്‍ പരസ്യമായി അവഗണിക്കപ്പെടുകയും അവമതിക്കപ്പെടുകയും അതേസമയം രഹസ്യമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യപ്പെട്ടതായിരുന്നു ഈ ശരീരങ്ങള്‍. അതുകൊണ്ടുതന്നെ കര്‍ഷക സമരങ്ങള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയായി മാറി. സമാനമാണ് ദളിത് സ്ത്രീശരീരങ്ങള്‍ നേരിടുന്ന അവമതിപ്പും. നിറം, ഉയരം, മുടിയുടെ ഘടന തുടങ്ങി ഉടലടയാളങ്ങള്‍ കൊണ്ട് ജാതി ചികയുന്ന പൊതുബോധം നമുക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. ഇത്തരം സവര്‍ണ്ണനോട്ടങ്ങളില്‍ നിന്ന് ശരീരത്തെ മോചിപ്പിക്കുന്നതാവണം ശരീരത്തിന്റെ സ്ത്രീപക്ഷ വായനകള്‍.

..............................................................................................................................

സമൂഹം പുരുഷനേയും സ്ത്രീയേയും മാത്രം സ്വാഭാവികമായി പരിഗണിക്കുകയും മറ്റുള്ളവരെ സാമൂഹ്യവിരുദ്ധരായിക്കാണുകയും ചെയ്യുന്നു.

..............................................................................................................................

ശരീരത്തിന്റെ വര്‍ണ്ണരാജി
എന്താണ് ശാസ്ത്രത്തിന്റെ കണ്ണില്‍ സ്ത്രീയും പുരുഷനും? അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും ലഭിച്ച ഓരോ X ക്രോമസോമുകള്‍ കൂടിച്ചേരുമ്പോള്‍ പെണ്‍കുഞ്ഞും, അമ്മയില്‍ നിന്നുള്ള X ഉം അച്ഛനില്‍ നിന്നുള്ള Y ഉം ക്രോമസോമുകള്‍ കൂടിച്ചേരുമ്പോള്‍ ആണ്‍കുഞ്ഞും ജനിക്കുന്നു. അപൂര്‍വ്വമായി ചില ജനിതക വ്യതിയാനങ്ങളും ഭ്രൂണത്തില്‍ സംഭവിക്കാറുണ്ട്. ഭ്രൂണം രൂപപ്പെടുന്നത് സ്ത്രീപ്രത്യുല്‍പ്പാദനാവയവത്തിന്റെ പ്രാഗ്രൂപവുമായാണ്. പിന്നീട് പുരുഷ ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് ആണവയവങ്ങളായി അവയെ മാറ്റുന്നത്. ഭ്രൂണവളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും മറ്റും സ്ത്രീ, പുരുഷന്‍ എന്നീ രണ്ടറ്റങ്ങള്‍ക്കിടയ്ക്ക് കിടക്കുന്ന പല തരത്തിലുള്ള ലിംഗ സവിശേഷതകള്‍ക്ക് രൂപം നല്‍കുന്നു. ഇന്റര്‍സെക്‌സ് , ട്രാന്‍സ് മാന്‍, ട്രാന്‍സ് വുമണ്‍, ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ തുടങ്ങി പലതാണ് ഈ വര്‍ണ്ണരാജിയുടെ വൈവിധ്യം. 

എന്നാല്‍ സമൂഹം പുരുഷനേയും സ്ത്രീയേയും മാത്രം സ്വാഭാവികമായി പരിഗണിക്കുകയും മറ്റുള്ളവരെ സാമൂഹ്യവിരുദ്ധരായിക്കാണുകയും ചെയ്യുന്നു. ശരീരത്തിന്റെ വ്യത്യസ്തതയോടുള്ള സമൂഹത്തിന്റെ വെറുപ്പും ജിജ്ഞാസയും ഭയവുമാണ് ഈ വിഭാഗങ്ങളുടെ ജീവിതത്തെ മുഖ്യധാരയില്‍ നിന്ന് പുറത്താക്കുന്നത്. അതേസമയം തന്നെ ലൈംഗികോപകരണങ്ങള്‍ എന്ന നിലക്ക് ഈ ശരീരങ്ങള്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീയും പുരുഷനും മറ്റ് ലൈംഗിക സ്വത്വങ്ങളുമെല്ലാം ഉടലുകള്‍ക്കപ്പുറം മനുഷ്യരാണ് എന്ന ധാരണയുറക്കുമ്പോഴേ ഈ അവസ്ഥക്ക് മാറ്റമുണ്ടാകൂ. ശരീരത്തില്‍ നിന്ന് വ്യക്തിസത്തയെ മോചിപ്പിക്കുക എന്നത് മാത്രമാണ് അതിനുള്ള പോംവഴി. 

..............................................................................................................................

ജീവിതത്തിന്റെ ഉര്‍വ്വരതയെ കുറിക്കുന്ന ആര്‍ത്തവമെന്ന സ്വാഭാവിക ജൈവപ്രക്രിയ സ്ത്രീയെ പതിതയും, അപമാനിതയും, ആത്മവിശ്വാസമില്ലാത്തവളുമായി മാറ്റുന്നു. 

..............................................................................................................................

രക്തം കൊണ്ട് മുറിവേറ്റവര്‍
സ്ത്രീശരീരത്തിന്റെ പ്രത്യുല്പാദന ക്ഷമതയെക്കുറിക്കുന്ന സ്വാഭാവിക ജൈവപ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ മാസം തോറുമുള്ള ഈ രക്തപ്രവാഹത്തിന്റെ പേരില്‍ സമൂഹം  സ്ത്രീയെ ആത്മവിശ്വാസക്കുറവിന്റെയും ആത്മനിന്ദയുടേയും ഇരുണ്ടലോകത്തേക്ക് തള്ളിവിടുന്നു. ആര്‍ത്തവസമയത്ത് വീടിനു പുറത്ത് താമസിപ്പിച്ച തമിഴ്നാട്ടിലെ തഞ്ചാവൂരിലെ പന്ത്രണ്ടുകാരി വിജയ, ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നു വീണ മേല്‍ക്കൂരക്കടിയില്‍ പെട്ട് മരിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ആര്‍ത്തവാശുദ്ധിയാല്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ് വിജയയെപ്പോലുള്ള സ്ത്രീകളെങ്കില്‍  ഇന്ത്യയിലെ അനേകം സ്ത്രീകള്‍ ആര്‍ത്തവം എന്ന ഒറ്റക്കാരണത്താല്‍ അധ:കൃതരും ആയിത്തക്കാരുമായി പരിഗണിക്കപ്പെട്ട് ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്നു. മരണത്തേക്കാള്‍ അസഹനീയമാണ് ചില ജീവിച്ചിരിക്കലുകള്‍. ജീവിതത്തിന്റെ ഉര്‍വ്വരതയെ കുറിക്കുന്ന ആര്‍ത്തവമെന്ന സ്വാഭാവിക ജൈവപ്രക്രിയ സ്ത്രീയെ പതിതയും, അപമാനിതയും, ആത്മവിശ്വാസമില്ലാത്തവളുമായി മാറ്റുന്നു. 

മതാചാരങ്ങളുടെ ഭാഗമായി ഇത്തരം വിശ്വാസങ്ങള്‍ പലയിടങ്ങളിലും നിലനിന്നിരുന്നെങ്കിലും ആധുനിക ജനാധിപത്യസമൂഹങ്ങളിലേക്കുള്ള പരിണാമപ്രക്രിയക്കിടെ അവ കൈയൊഴിക്കപ്പെട്ടു. വിദ്യാഭ്യാസനിലവാരത്തില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകളോട് തീണ്ടായ്മ നിലനില്‍ക്കുന്നു എന്നതില്‍ ലജ്ജകൊണ്ട് തലകുനിക്കാതെ വയ്യ. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ആരെയും തൊടാതെ വീട്ടില്‍ നിന്ന് മാറിയോ വീട്ടില്‍ തന്നെ ഒറ്റക്കൊരു മുറിയിലോ താമസിക്കണം എന്ന നിബന്ധന കേരളത്തില്‍ പല കുടുംബങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യരുത്, പുണ്യസ്ഥലങ്ങളില്‍ പോകുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്. വെള്ളം കോരരുത്, ചില ചെടികള്‍ തൊടരുത്, ചില ഭക്ഷണങ്ങള്‍ കഴിക്കരുത്, സ്‌കൂളിലോ ജോലിക്കോ പോകരുത്, ആര്‍ത്തവകാലത്ത് സ്പര്‍ശിച്ച എല്ലാവസ്തുക്കളും വെള്ളത്തില്‍ മുക്കി ശുദ്ധമാക്കണം തുടങ്ങി പലതരം നിയന്ത്രണങ്ങള്‍ കേരളത്തിലും ഇന്ത്യയിലെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ആര്‍ത്തവാനുസാരികള്‍ മറച്ചുപിടിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട അവസ്ഥയാണുള്ളത്. ആര്‍ത്തവം എന്ന വാക്ക് ഉപയോഗിക്കുന്നതിന് പോലും നിയന്ത്രണമുണ്ട്. ആര്‍ത്തവത്തെ ഒരു സ്വാഭാവിക ശാരീരിക പ്രവര്‍ത്തനമായി കാണാന്‍ കൂട്ടാക്കാത്ത സമൂഹം പുറത്താവുക, തീണ്ടാരിയാവുക തുടങ്ങിയ അയിത്തസൂചകമായ വാക്കുകളാണ് ആര്‍ത്തവത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നത് യാദൃച്ഛികമല്ല.

ആര്‍ത്തവത്തിന്റെ പേരിലുള്ള അയിത്താചാരണങ്ങളും മാറ്റിനിര്‍ത്തലുകളും  പിതൃകേന്ദ്രീകൃത വ്യവസ്ഥിതിയുടെ കേന്ദ്രബിന്ദുവായി പരിഗണിക്കാം. വിവിധ സംസ്‌കാരങ്ങളില്‍ ആര്‍ത്തവത്തിന്റെ ഉത്ഭവത്തെപ്പറ്റി പലതരം കഥകളുണ്ട്. ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപത്തിലൊരു പങ്ക് സ്ത്രീ ഏറ്റെടുത്തതിനാലാണ് ആര്‍ത്തവമുണ്ടായത് എന്ന് കഥയില്‍ പറയുമ്പോഴും പാപം ചെയ്ത പുരുഷനേക്കാള്‍ അതേറ്റെടുത്ത സ്ത്രീക്കാണ് കൂടുതല്‍ കഷ്ടതകള്‍ പേറേണ്ടി വരുന്നത്. പുരുഷനില്ലാത്ത ഗര്‍ഭപാത്രം എന്ന ഒറ്റ അവയവം സ്ത്രീയോടുള്ള വിവേചനത്തിനുള്ള ന്യായമായി അവതരിപ്പിക്കപ്പെടുന്നു വൃത്തി, ശുദ്ധത തുടങ്ങിയ സവര്‍ണ്ണ നിര്‍മ്മിത ബോധ്യങ്ങള്‍ ആര്‍ത്തവത്തോടും രജസ്വലയായ സ്ത്രീയോടുമുള്ള അറപ്പിനും വിവേചനത്തിനും കാരണമാകുന്നുണ്ട്. മതപരമായ വിശ്വാസങ്ങളും ഈ അയിത്തത്തെ പിന്തുണയ്ക്കുന്നു. 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ആര്‍ത്തവായിത്തത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപക ഫലങ്ങള്‍ക്ക് കാരണമാകേണ്ടതാണ്. മനുഷ്യാവകാശ ലംഘനമായും, തൊട്ടുകൂടായ്മക്ക് തുല്യമായുമാണ് ആര്‍ത്തവ അയിത്താചരണത്തെ പരമോന്നത നീതിപീഠം പരിഗണിച്ചത്. ഇത് ആര്‍ട്ടിക്കിള്‍ പതിനേഴിന്റെ ലംഘനവുമാണ്. സമൂഹത്തിന്റെ ശ്രദ്ധ സുപ്രീംകോടതി വിധിയെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനുള്ള അവസരമായാണ് നാമിതിനെ കാണേണ്ടത്. ആര്‍ത്തവശുചിത്വവും ഗര്‍ഭാശയ ആരോഗ്യസംരക്ഷണവും ആര്‍ത്തവ ചര്‍ച്ചയുടെ കേന്ദ്രബിന്ദുവായി ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയേണ്ടതുണ്ട്. 

..............................................................................................................................

കുലസ്ത്രീയും പിഴച്ചവളുമെന്ന ദ്വന്ദ്വത്തെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ ഇത്തരം സ്ത്രീകളെ അപമാനിക്കാനും ഇകഴ്ത്താനും വേണ്ടിയാണ്.

..............................................................................................................................

ശരീരമെന്ന കാന്‍വാസ്
പ്രത്യുല്പാദനപരമായ ആവശ്യങ്ങള്‍ക്കപ്പുറമുള്ള പെണ്ണുടലിന്റെ ഉപയോഗത്തേയും ആവിഷ്‌കാരങ്ങളേയും സമൂഹം എന്നും ഭയപ്പാടോടെയും അവജ്ഞയോടെയുമാണ് നോക്കിക്കണ്ടിട്ടുള്ളത് . അഴിച്ചിട്ട മുടിപോലും പുരുഷാധിപത്യ ലോകക്രമത്തെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്ന് സാറാജോസഫിന്റെ 'മുടിത്തെയ്യമുറയുന്നു' എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നു. കഴിയുന്നത്ര ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളെ ചങ്ങലക്കിടാനാണ് ചെറുപ്പകാലം തൊട്ടേ പെണ്‍കുട്ടിയെ പരിശീലിപ്പിക്കുന്നത്. കാലടി ശബ്ദം കേള്‍ക്കാത്ത മന്ദഗതിയും, ഒരിക്കലും അകറ്റി വെക്കാന്‍ പാടില്ലാത്ത കാലുകളും ഉയരാത്ത മൃദുവായ ഒച്ചയുമൊക്കെയായി പെണ്‍ശരീരത്തെ പുരുഷന്റെ ദൃഷ്ടിയില്‍ നിന്ന് നിഗൂഹനം ചെയ്തുവെക്കാനാണ് സമൂഹം സദാ ശ്രമിക്കുന്നത്. സ്വതന്ത്രമായി കൈകാലുകള്‍ ഇളക്കാനോ, ഇരിക്കാനോ, കിടക്കാനോ മനസ്സറിഞ്ഞ് ഒന്നുപൊട്ടിച്ചിരിക്കാനോ സാധ്യമല്ലാത്ത വിധത്തില്‍ സമൂഹം സ്ത്രീശരീരത്തെ മെരുക്കിയെടുക്കുന്നു. ആര്‍ത്തവാരംഭത്തില്‍ പ്രത്യുല്പാദന ശേഷിയുള്ള ഒരു സ്ത്രീയായി മാറുന്നതോടെ ഈ നിയന്ത്രണങ്ങള്‍ക്ക് ആക്കം കൂടുന്നു. ഒളിച്ചുവെക്കേണ്ട ഒന്നായി സ്ത്രീ ശരീരം മാറുന്നു. കഴിയുന്നത്ര നെഞ്ചുള്ളിലേക്ക് വലിച്ച്, കുനിഞ്ഞ് ആണ്‍ നോട്ടങ്ങളില്‍ നിന്ന് സ്വന്തം ശരീരത്തെ സംരക്ഷിച്ചു നടക്കുന്ന കൗമാരക്കാരികളെ ഇപ്പോഴും ധാരാളം കാണാം. നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന വീട്ടമ്മവത്കരണത്തിന്റെ പോലും പിന്നില്‍ ശരീരത്തിന്റെ ഈ രഹസ്യവത്കരണമുണ്ട്. എപ്പോഴും ശരീരത്തിലേക്ക് കടന്നുകയറാവുന്ന ഒരു പുരുഷനെ പേടിച്ചാണ് നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ കഴിയുന്നതെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. വ്യക്തി എന്നതിനപ്പുറം സദാ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കേണ്ട ഒരു വസ്തുവായി സ്ത്രീ ശരീരം മാറുന്നു. ഈ വസ്തുവത്കരണത്തിന്റെ മറ്റൊരു മുഖം മാത്രമാണ് പരസ്യങ്ങളിലും സിനിമയിലും ആണ്‍നോട്ടങ്ങള്‍ക്കായി പാകപ്പെടുത്തിയ പെണ്‍ശരീരങ്ങള്‍. 

സമൂഹത്തിന്റെ ഈ ഒതുക്കിപ്പിടിക്കലുകളെ മറികടക്കുന്ന സ്ത്രീയെ എങ്ങനെയാണ് നോക്കിക്കാണുന്നത്? കുലസ്ത്രീയും പിഴച്ചവളുമെന്ന ദ്വന്ദ്വത്തെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ ഇത്തരം സ്ത്രീകളെ അപമാനിക്കാനും ഇകഴ്ത്താനും വേണ്ടിയാണ്. ശരീരത്തെ തന്നെ ഒരു കാന്‍വാസ് ആയി ഉപയോഗിക്കുന്ന നര്‍ത്തകികളേയും  അഭിനേത്രികളേയും കുറിച്ച് പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ പ്രയോഗിക്കപ്പെടുന്ന വാചകങ്ങള്‍ ഇതിനുള്ള തെളിവാകുന്നു. നര്‍ത്തകി എന്നര്‍ത്ഥമുള്ള കൂത്തച്ചി ഒരു തെറിപ്പദമാകുന്നത് സ്വേച്ഛക്കനുസരിച്ച് അവള്‍ സ്വന്തം ശരീരത്തെ ആവിഷ്‌കരിക്കുന്നതിനാലാണ്. ആര്‍ക്കും ഏത് സമയത്തും കൈയേറാവുന്ന പൊതുമുതലാണ് അഭിനേത്രിയുടെ ശരീരം എന്ന ധാരണ ശ്വേതാമോഹനും സനൂഷയും അടക്കമുള്ള നടിമാര്‍ പൊതുസ്ഥലങ്ങളില്‍ നേരിട്ട ആക്രമണങ്ങളില്‍ നിന്നും വ്യക്തമാണ്. സിനിമയുടെ ആണ്‍നോട്ടങ്ങള്‍ മാറിടവും അരക്കെട്ടും പൊക്കിളും തുടകളുമായി പെണ്‍ശരീരത്തെ മുറിച്ചുപ്രദര്‍ശിപ്പിക്കുന്നു. ശരീരത്തെ സംബന്ധിച്ച ഈ തിട്ടൂരങ്ങളെ പൊളിച്ചെറിഞ്ഞു കൊണ്ട് തന്റെ  ശരീരത്തെ അഴിച്ചിടാന്‍, പൂര്‍ണ്ണമായും സ്വയം ആവിഷ്‌കരിക്കാന്‍ കലാകാരിയായ സ്ത്രീക്ക് സാധിക്കുന്നുണ്ടോ എന്ന അന്വേഷണങ്ങള്‍ അതിനാല്‍ തന്നെ  പ്രധാനമാകുന്നു. 

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ശരീരം തീര്‍ക്കുന്ന തടവറക്കുള്ളില്‍ നിന്ന് പുറത്തുകടന്ന് പൂര്‍ണ്ണ സ്ത്രീയായി, പൂര്‍ണ്ണ മനുഷ്യനായി സ്വയം ആവിഷ്‌കരിക്കാനും ജീവിക്കാനും അപൂവ്വം സ്ത്രീക്കള്‍ക്കേ സാധ്യമായിട്ടുള്ളൂ. ഉടലിനെ സംബന്ധിച്ച മിത്തുകളെ പൊളിച്ചെഴുതുക എന്നത് സ്ത്രീവിമോചനത്തിന്റെ ആദ്യപടവുകളിലൊന്നാണ്.. പെണ്ണുടലുകള്‍ അപ്പൂപ്പന്‍ താടികളെപ്പോലെ ഭാരമില്ലാതെ പറന്നുനടക്കുന്ന ഒരു വസന്തകാലം വരും വരെ കൂട്ടിലടക്കപ്പെട്ട  കിളികള്‍ക്ക് പോരാട്ടത്തിന്റെ പാട്ടുകള്‍ പാടിയേ മതിയാവൂ. 

(കടപ്പാട്: സംഘടിത മാസിക)
 

ശരീരങ്ങള്‍ക്ക് മാര്‍ക്കിടാന്‍ നിങ്ങളെ ആരാണ് ഏല്‍പ്പിച്ചത്?

സൗന്ദര്യം അളക്കുന്ന സ്‌കെയിലുകള്‍ ആരാണ് ഉണ്ടാക്കിയത്?

ആണ്‍നോട്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന പെണ്ണുടല്‍ സങ്കല്‍പ്പങ്ങള്‍

Follow Us:
Download App:
  • android
  • ios