ജെഫ്രി എപ്സ്റ്റീന്റെ പുറത്തുവന്ന ഇമെയിലുകൾ ഡൊണാൾഡ് ട്രംപിനെ പ്രതിരോധത്തിലാക്കുന്നു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നത് സംബന്ധിച്ച് ജനപ്രതിനിധി സഭയിൽ നിർണായക വോട്ടെടുപ്പ് നടക്കാനിരിക്കെ, റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.  

പ്സ്റ്റീൻ കഥ ഒരു നീർച്ചുഴിയാവുകയാണ്. അമേരിക്കൻ പ്രസിഡന്‍റിനെ സംബന്ധിച്ച്. ആൻഡ്രൂ മൗണ്ട്ബാറ്റൻ എന്ന മുൻ രാജകുമാരൻ എല്ലാം ഉപേക്ഷിച്ച് ഉൾവലിഞ്ഞത് കൊണ്ട് തൽകാലം സുരക്ഷിതനാണ്. കൊട്ടാരത്തിന് അപമാനം കൂടിവരുന്നെങ്കിലും. ജനപ്രതിനിധി സഭാ കമ്മിറ്റിയിലെ ഡമോക്രാറ്റ് അംഗങ്ങൾ കുറേയേറെ രേഖകൾ പുറത്തുവിട്ടു. ട്രംപിനെ കരിവാരിത്തേക്കാനുള്ള ശ്രമമെന്നാണ് വൈറ്റ് ഹൗസിന്‍റെ മറുപടി. പക്ഷേ, അതിൽ തീരില്ല കാര്യങ്ങൾ. ജനപ്രതിനിധി സഭയിൽ വോട്ട് അടുത്തയാഴ്ചയാണ്. ഡിസ്ചാർജ് പെറ്റീഷനിൽ ഒപ്പിട്ട റിപബ്ലിക്കൻ അംഗം മാർജോറി ഗ്രീനിനെ (Marjorie Greene) ട്രംപ് തള്ളിപ്പറഞ്ഞു. എന്തായാലും എപ്സ്റ്റീന്‍റെ ഉന്നത ബന്ധങ്ങൾ അന്വേഷിക്കാൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. അതായത് ബിൽ ക്ലിന്‍റൺ, തുടങ്ങിയവരുമായുള്ള ബന്ധം. സ്വന്തം പേരില്ല. അന്വേഷണം തുടങ്ങിയതായി നീതി ന്യായവകുപ്പ് അറിയിക്കയും ചെയ്തു. അറ്റോർണി ജനറൽ പാം ബോണ്ടിയും എഫ്ബിഐയും അന്വേഷിക്കുമെന്ന് പ്രസിഡന്‍റും അറിയിച്ചു. ഇത്രയും നാൾ ഇതെല്ലാം മറച്ചുവയ്ക്കാൻ ട്രംപിനെ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അതെ അറ്റോർണി ജനറൽ.

മൂന്ന് ഇമെയിലുകളാണ് ഡമോക്രാറ്റ് അംഗങ്ങൾ പുറത്തുവിട്ടത്. എപ്സ്റ്റീനും അയാളുടെ സഹ കുറ്റവാളി ഗിസ്ലെയ്ൻ മാക്സ്വെല്ലും തമ്മിലെ ഇമെയിലിൽ ട്രംപിനെക്കുറിച്ചാണ് പറയുന്നത്. 'ഇതുവരെ കുരക്കാത്ത നായ ട്രംപാണ്' എന്ന് എപ്സ്റ്റീൻ. ട്രംപും വിർജീനിയ ജുഫ്രേയുമായി തന്‍റെ വീട്ടിൽ മണിക്കൂറുകൾ ചെലവിട്ടുവെന്നും എപ്സ്റ്റീന്‍റെ മെയിലിലുണ്ട്. തൊട്ടുപിന്നാലെ രേഖകളുടെ ഒരു പെരുമഴ പെയ്യിച്ചു റിപബ്ലിക്കൻ അംഗങ്ങൾ. ചിലതിൽ ട്രംപുണ്ട്, അതെല്ലാം വായിച്ചുതീർക്കാൻ എളുപ്പവുമല്ല. ട്രംപ് തന്നോട് അപമര്യാദയായി പെരുമാറിയിട്ടില്ല എന്ന് ജുഫ്രേ തന്നെ പറഞ്ഞിരുന്നു, അതോർമ്മിപ്പിക്കുന്നു റിപബ്ലിക്കൻ പാർട്ടി. പിന്നെ, ഇതെന്ത് മെയിൽ എന്നാണ് ചോദ്യം. കഥ ഇതുവരെ ഇങ്ങനെയാണ്.

ജെഫ്രി എപ്സ്റ്റീൻ

ജെഫ്രി എപ്സ്റ്റീൻ (Jeffrey Epstein) എന്ന കോടീശ്വരനെക്കുറിച്ച് 2005 -ൽ ചില സ്ത്രീകൾ പരാതി പറയുന്നു. അവരുടെ പ്രായപൂർത്തിയാകാത്ത പെൺ മക്കളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്ന്. അന്വേഷിച്ച് ചെന്ന പൊലീസിന് തെളിവുകൾ കിട്ടി. പിന്നാലെ പരാതികളുടെ എണ്ണം കൂടി. പൻഡോരയുടെ പെട്ടിയാണ് പിന്നെ തുറന്നത്. കേസ് അട്ടിമറിക്കാൻ ചില ശ്രമങ്ങൾ നടന്നു. പക്ഷേ, 2006 -ൽ എപ്സ്റ്റീൻ അറസ്റ്റിലായി. 2009-ൽ മോചിതനായെങ്കിലും 2019-ൽ പിന്നെയും അറസ്റ്റിലായി. 2021 -ൽ കൂട്ടുപ്രതി ഗിസ്ലെയ്നും. പരാതിക്കാരിൽ പ്രമുഖയായിരുന്നു വിർജീനിയ ജുഫ്രേ. അവർ കോടതിയിലും എപ്സ്റ്റീനെതിരെ മൊഴി നൽകി. പക്ഷേ, 2025 ഏപ്രിലിൽ അവർ ആത്മഹത്യ ചെയ്തു. 2019 -ൽ തന്നെ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗിസ്ലെയ്ൻ മാക്സ്വെൽ എന്ന കൂട്ടുപ്രതി ജയിലിലാണിപ്പോൾ. അന്വേഷണ ഫയലുകൾ പുറത്തുവിടാനുള്ള സമ്മർദ്ദം ചെറുക്കുകയാണ് ട്രംപും അറ്റോർണി ജനറൽ പാം ബോണ്ടിയും. പുറത്തുവിടുമെന്ന് ആദ്യം പറഞ്ഞ ബോണ്ടി പിന്നെ വാക്കുമാറി. എന്തോ ചീഞ്ഞുനാറുന്നുവെന്ന് അന്നേ അടക്കം പറച്ചിൽ തുടങ്ങിയിരുന്നു.

അതിലെ പേരുകാർ അമേരിക്കയിൽ മാത്രമല്ല. ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, അതിന്‍റെ പേരിൽ രാജകുമാരനല്ലാതായി. എല്ലാ പദവികളും നഷ്ടപ്പെട്ടു. താമസസ്ഥലം നഷ്ടമായി. വരുമാനം നിലച്ചു. ഇപ്പോൾ ചാൾസിന്‍റെ ദയവിലാണ് ജീവിതം.ആൻഡ്രൂവിന്‍റെ പേരിൽ പരസ്യമായി അധിക്ഷേപം കേൾക്കുന്ന അവസ്ഥയിലാണ് ചാൾസ്.

((ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ ക്നാസ്, ജെഫ്രി എപ്‌സ്റ്റൈൻ, ഗിസ്ലെയ്ൻ മാക്‌സ്‌വെൽ എന്നിവർ))

പുറത്ത് വന്ന എഴുത്തുകൾ

ഇപ്പോഴീ ഇമെയിലുകൾ പുറത്തുവിട്ടത് ജനപ്രതിനിധിസഭാ മേൽനോട്ട സമിതി ആണ്. സഭയിലെ പ്രധാന അന്വേഷണ സമിതിയാണത്. സർക്കാരിനെയും ഏജൻസികളെയും നിരീക്ഷിക്കുന്ന സമിതി. ഇപ്പോൾ നേതൃത്വം റിപബ്ലിക്കൻ അംഗങ്ങൾക്കാണ്. സാക്ഷികളെ വിളിപ്പിച്ച് മൊഴിയെടുക്കാൻ അധികാരമുള്ള കമ്മിറ്റി. അതിലെ ഡമോക്രാറ്റ് അംഗങ്ങളാണ് ആദ്യത്തെ ഇമെയിലുകൾ പുറത്തുവിട്ടത്. പിന്നത്തെ പെരുമഴയ്ക്ക് ഉത്തരവാദി റിപബ്ലിക്കൻ അംഗങ്ങളും.

ഗിസ്ലെയ്ൻ മാക്സ്വെൽ (Ghislaine Maxwell) ഒരഭിമുഖത്തിൽ പറഞ്ഞത് ട്രംപിനെ ഒരിക്കലും എപ്സ്റ്റീന്‍റെ വീട്ടിൽ കണ്ടിട്ടില്ലെന്നും ആരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നുമാണ്. അതിനുശേഷം മാക്സ്വെല്ലിനെ കുറച്ചുകൂടി ഇളവുകളുള്ള ജയിലിലേക്ക് മാറ്റിയെന്നത് വെറും കഥയല്ല. ഇപ്പോഴത്തെ ഇമെയിലിൽ പക്ഷേ, എപ്സ്റ്റീൻ പറയുന്നതെല്ലാം ശരിവച്ച് കൊണ്ടാണ് മറുപടി. മാത്രമല്ല, ട്രംപിന് ഭ്രാന്താണെന്ന് രണ്ട് മെയിലുകളിൽ എപ്സ്റ്റീൻ പറയുന്നുണ്ട്, വേറെ വിഷയത്തിലാണെങ്കിലും. അതും അപമാനകരം. മറ്റൊരു മെയിലിൽ പറയുന്നത് ട്രംപ് എത്ര വൃത്തികെട്ടവനെന്ന് തനിക്കറിയാമെന്നാണ്.

എഴുത്തുകാരൻ മൈക്കൽ വുൾഫും (Michael Wolff) എപ്സ്റ്റീനും തമ്മിലെ ഇമെയിലുമുണ്ട് കൂട്ടത്തിൽ. എപ്സ്റ്റീൻ ബന്ധത്തിൽ ട്രംപിന് നേരെ മാധ്യമങ്ങളുടെ ചോദ്യം വരുമെന്ന് വുൾഫ്. അയാളെ രക്ഷിക്കണോയെന്ന് എപ്സ്റ്റീൻ. പോയി തൂങ്ങിച്ചാവട്ടെയെന്ന് വുൾഫ്. ട്രംപിനെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ ആളാണ് മൈക്കൽ വുൾഫ് എന്നുകൂടി ഓർക്കണം. ഈ സംഭാഷണം നടന്നത് 2015 -ലാണ്. ട്രംപ് തന്‍റെ ആദ്യ ഊഴത്തിനായി പ്രചാരണം തുടങ്ങിയ കാലത്ത്. അന്ന് എപ്സ്റ്റീൻ ജയിലിലാണ്. ഒരഭിമുഖം നൽകി ട്രംപിന്‍റെ സാധ്യതകൾ അവസാനിപ്പിക്കണോ എന്നാണ് വുൾഫിന്‍റെ ചോദ്യം. മെയിലുകളെക്കുറിച്ച് താൻ നേരത്തെ സംസാരിക്കാനിരുന്നതാണ് എന്നാണിപ്പോൾ വുൾഫിന്‍റെ പ്രതികരണം.

ആൻഡ്രൂ മൗണ്ട്ബാറ്റന്‍റെ മെയിലുകളുമുണ്ട്. 2011 -ൽ മാക്സ്വെല്ലും എപ്സ്റ്റീനും അയച്ച മെയിൽ ഒരു ഇരയുമായുള്ള ആൻഡ്രൂവിന്‍റെ ബന്ധത്തെക്കുറിച്ചാണ്. തനിക്കൊന്നുമറിയില്ലെന്ന് പറയണം എന്നാണ് ആൻഡ്രുവിന്‍റെ മറുപടി. ഇക്കൂട്ടത്തിൽ തന്നെ യുകെയുടെ യുഎസ് അംബാസിഡർ പീറ്റർ മണ്ടൽസണും (Peter Mandelson) കുടുങ്ങിയിരുന്നു. പദവിയും നഷ്ടപ്പെട്ടു. ഇപ്പോഴത്തെ ഇമെയിലുകളിൽ എപ്സ്റ്റീൻ മാൻഡൽസണിന്‍റെ മെയിലുകളുമുണ്ട്. അതിലും ആൻഡ്രൂ ഒരു വിഷയമാണ്.

മുറുകുന്ന സമ്മർദ്ദം

ചില കൂടിക്കാഴ്ചകൾ നടന്നു വൈറ്റ് ഹൗസ് സിറ്റ്വേഷൻ റൂമിൽ എന്നാണ് സിഎൻഎൻ റിപ്പോർട്ട്. ഒരു റിപബ്ലിക്കൻ ജനപ്രതിനിധി, അറ്റോർണി ജനറൽ, എഫ്ബിഐ മേധാവി കാഷ് പട്ടേൽ. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാത്തത്തിൽ റിപബ്ലിക്കൻ പാർട്ടിയിൽ തന്നെ എതിർപ്പുണ്ട്. മാർജോറി ഗ്രീനാണ് അതിൽ പ്രമുഖ. വിഷയം വോട്ടിനിടാൻ സമ്മർദ്ദം ഏറിയിരുന്നു സഭയിൽ. അതിൽ ഡിസ്ചാർജ് പെറ്റീഷൻ നീക്കിയതിൽ റിപബ്ലിക്കൻ അംഗവുമുണ്ട്, തോമസ് മാസി (Thomas Massie). വേറെയും അംഗങ്ങൾ ഇതിങ്ങനെ മൂടിവയ്ക്കുന്നതിലെ അമർഷം പ്രകടമാക്കുന്നു.

സഭയിൽ പുതിയ അംഗമായി ഡമോകാറ്റായ അഡെലിറ്റ കൂടി ചുമതലയേറ്റതോടെ ഡിസ്ചാർജ് പെറ്റീഷനുള്ള ക്വാറവും തികഞ്ഞു. 218 -മത്തെ വോട്ടറായി പുതിയ അംഗം. അങ്ങനെ വോട്ടെടുപ്പ് അടുത്തയാഴ്ചയെന്ന് പ്രഖ്യാപിക്കേണ്ടിവന്നു സഭാ നേതാവ് മൈക് ജോൺസണിന്. ഇത്രയും നാൾ അത് ചെറുത്തുനിൽക്കുകയായിരുന്നു ജോൺസൺ. ഡിസ്ചാർജ്ജ് പെറ്റീഷൻ എന്നത് അധികമാരും ഉപയോഗിക്കാത്ത രീതിയാണ്. പക്ഷേ, എപ്സ്റ്റീൻ വിഷയത്തിൽ എല്ലാം പുറത്തുവരട്ടെയെന്ന അഭിപ്രായം സഭയിലും കൂടിയതോടയാണ് റിപബ്ലിക്കൻ അംഗമായ തോമസ് മാസിയും ഡമോക്രാറ്റായ റോ ഖന്നയും ചേർന്ന് ഡിസ്ചാർജ്ജ് പെറ്റീഷന് ഒപ്പുശേഖരണം തുടങ്ങിയത്. 218 ആണ് മാജിക് നമ്പർ. അരിസോണ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് അംഗം വിജയിച്ചതോടെ 218 പൂർത്തിയായി. സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകൾക്കകം അഡെലിറ്റ ഒപ്പിട്ടു. അതിന് തൊട്ടുമുമ്പുവരെ ട്രംപ് വൈറ്റ് ഹൗസ് പെറ്റീഷനിലൊപ്പിട്ട റിപബ്ലിക്കൻ അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് റിപ്പോർട്ടുകൾ. 218 പേരും ഒപ്പിട്ട് സഭ ചേരുന്ന ഏഴ് ദിവസം കഴിഞ്ഞാലേ പെറ്റീഷൻ നീക്കാനാകൂ. ഇതിനിടയിൽ ഒരാൾ രാജിവച്ചു. പക്ഷേ, മരിച്ചാൽ പോലും ഒപ്പ് നിലനിൽക്കുമെന്നാണ് ചട്ടം.

റിപബ്ലിക്കൻ അടിത്തറ പിളരുമോ

സർക്കാർ അടച്ചുപൂട്ടലിൽ വിജയം തങ്ങൾക്ക്, എന്ന് അവകാശപ്പെട്ട് ആഹ്ളാദിക്കാൻ അവസരം കിട്ടിയില്ല റിപബ്ലിക്കൻ അംഗങ്ങൾക്ക്. ഇത്രയും നാൾ സർക്കാർ അടച്ചുപൂട്ടലിൽ ട്രംപ് വഴങ്ങാതെയിരുന്നത് എപ്സ്റ്റീൻ വിവാദം കെട്ടടങ്ങാൻ വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

പെറ്റീഷൻ സഭയിൽ പാസായാൽ പിന്നെ സെനറ്റിലേക്കാണ്. അവിടെ 60 വോട്ട് വേണം. 47 ഡമോക്രാറ്റുകളെ കൂടാതെ 13 റിപബ്ലിക്കൻ അംഗങ്ങൾ കൂടി ഒപ്പിടണം. അതും കടന്നാൽ പിന്നെ പ്രസിഡന്‍റിന്‍റെ ഡെസ്കിലേക്ക്. വീറ്റോ ചെയ്യുമെന്ന് ഉറപ്പാണ്. ഇനി ചെയ്തില്ലെങ്കിലും അറ്റോർണി ജനറൽ കൂടി തയ്യാറാവണം. അതിന് വേറെയും കടുത്ത നടപടിക്രമങ്ങളാണ്. നടക്കാൻ സാധ്യതയില്ലാത്തതും.

വോട്ടിംഗ് എന്തായാലും നിർണായകമാണ്. ട്രംപിന്‍റെ ഉറച്ച റിപബ്ലിക്കൻ അടിത്തറയിൽ വിള്ളൽ വീഴുമോയെന്നാണ് അറിയാനുള്ളത്. റിപബ്ലിക്കൻ വോട്ടർമാർക്ക് കടുത്ത അതൃപ്തിയുണ്ട് ഫയലുകൾ പുറത്തുവരാത്തതിൽ. അതിന്‍റെ പേരിൽ ചില സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളെ വോട്ടർമാർ ചോദ്യം ചെയ്യുകയും ചെയ്തു. അതും പരസ്യമായി. പെറ്റീഷനെ എതിർത്ത് വോട്ട് ചെയ്യുന്ന റിപബ്ലിക്കൻ ജനപ്രതിനിധികൾ തങ്ങളുടെ വോട്ടർമാരോടും ഉത്തരം പറയേണ്ടിവരും. പിന്തുണച്ചാൽ സ്വന്തം പാർട്ടിയുടെ കുഴിതോണ്ടുന്ന പോലെയാവും. പിന്തുണച്ചില്ലെങ്കിലും സ്വന്തം കുഴിയാവും കുഴിക്കുക. ചുരുക്കിപ്പറഞ്ഞാൽ കടുത്ത സമ്മർദ്ദത്തിലാണ് കോൺഗ്രസിലെ റിപബ്ലിക്കൻ അംഗങ്ങൾ.

ഇനിയൊരു വാൽക്കഷ്ണം

ഗിസ്ലൈയ്ൻ മാക്സ്വെലിന് ജയിലിൽ പ്രത്യേക പരിഗണനയാണ്. വിവരം പുറത്തുവിട്ടത് ജനപ്രതിനിധിസഭ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡമോക്രാറ്റ് അംഗമായി ജാമി റാസ്കിൻ ആണ്. കമ്മിറ്റിക്ക് മുന്നിലെത്തിയ വിവരമാണത്. പ്രത്യേക ഭക്ഷണം, ഇടനേരത്ത് പലഹാരങ്ങൾ, വീട്ടുകാരെ കാണാനുള്ള സൗകര്യം, കമ്പ്യൂട്ടറുമായി വരുന്ന അതിഥികളെ സ്വീകരിക്കാനുള്ള അനുവാദം, വ്യായാമത്തിന് പ്രത്യേക ഇടം, സമയം, അങ്ങനെ എണ്ണമറ്റ 'പ്രത്യേക' സൗകര്യങ്ങളാണ് മാക്സ്വെല്ലിന്. ട്രംപിനെ എപ്സ്റ്റീന്‍റെ പെൺകുട്ടികൾക്കൊപ്പം കണ്ടിട്ടില്ലെന്ന് മൊഴി നൽകിയ ശേഷമാണ് ആദ്യത്തെ ജയിലിൽ നിന്ന് മാക്സ്വെല്ലിനെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ജയിലിലേക്ക് മാറ്റിയത്.

മൊഴിയെടുത്തത് ഡെപ്യൂട്ടി അറ്റോർണി ജനറൽ. അതും സഭയുടെ ഓവർസൈറ്റ് കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ താൻ മൊഴിയെടുത്തോളാമെന്ന് പറഞ്ഞ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് അത് സ്വയം ഏറ്റെടുക്കുകയായിരുന്നു. ടോഡ് ബ്ലാഞ്ച് മുമ്പ് ട്രംപിന്‍റെ ഡിഫൻസ് അറ്റോർണി ആയിരുന്നു എന്നത് അടിക്കുറിപ്പ്. മൊഴിയെടുത്ത ശേഷം മാക്സ്വെല്ലിന്‍റെ ജയിൽ മാറി, സൗകര്യങ്ങൾ കൂടി. ഇപ്പോൾ പുറത്തുവന്ന ഇമെയിലുകളിൽ ട്രംപിനെ തകർക്കാൻ തനിക്കാവും എന്ന് വ്യക്തമായി പറയുന്നുണ്ട് എപ്സ്റ്റീൻ. മാക്സ്വെല്ലിന്‍റെ മറുപടി മെയിൽ അത് തനിക്കുമറിയാമെന്ന തരത്തിലാണ്. അടിയൊഴുക്കുകൾക്ക് അവസാനമില്ല. എപ്സ്റ്റീന്‍റെ മരണത്തിലും ദുരൂഹതകൾ ഏറെ.