തീരത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെങ്കിലും മണിക്കൂറിൽ 50-70 കിലോമീറ്റർ വേഗതയിൽ  മഹാരാഷ്ട്ര സംസ്ഥാനത്തിലൂടെ മധ്യപ്രദേശിന്‌ സമീപമായി ന്യൂനമർദ്ദമായി നീങ്ങും. അതുകൊണ്ടു തന്നെ ആ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഈ വർഷം വടക്കൻ ഇന്ത്യൻ സമുദ്രത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ.

കിഴക്കൻ കേന്ദ്ര അറേബ്യൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി ശക്തിപ്രാപിച്ച് ഇന്ന് രാവിലെ 11.30 -ന്  'നിസർഗ' എന്ന് പേരിട്ട കൊടുങ്കാറ്റായി മാറി. ബംഗ്ലാദേശ് നിർദ്ദേശിച്ച പേരാണ് നിസർഗ. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ട് അതി തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. വടക്കൻ മഹാരാഷ്ട്ര കടന്ന് ഹരിഹരേശ്വറിനും ദാമനുമിടയിൽ തെക്ക് ഗുജറാത്ത് തീരത്തിന് സമീപം, ജൂൺ 03 -ന് ഉച്ചതിരിഞ്ഞ് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് മോഡലുകൾ കാണിക്കുന്നത്. ഈ പ്രദേശത്ത് മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ അതിതീവ്ര ചുഴലിക്കാറ്റ് മൂലം ശക്തമായ കാറ്റും കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ 1891 -ന് ശേഷം മഹാരാഷ്ട്ര തീരത്ത് പ്രവേശിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാകും നിസർഗ. സാധാരണയായി ജൂൺ മാസത്തിൽ അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾ ഗുജറാത്ത് തീരത്തേക്കോ പാകിസ്ഥാൻ തീരങ്ങളിലേക്കോ അല്ലെങ്കിൽ ദിശ മാറി അറബിക്കടലിൽ പടിഞ്ഞാറോട്ടു നീങ്ങി ഗൾഫ് തീരങ്ങളിലോ ആണ് പ്രവേശിക്കാറ്. കഴിഞ്ഞ വർഷം അറബിക്കടലിൽ ജൂൺ മാസത്തിൽ രൂപപ്പെട്ട 'വായു' എന്ന് പേരിട്ടു വിളിച്ച അതിതീവ്ര ചുഴലിക്കാറ്റ് മഹാരാഷ്ട്ര ഭാഗത്തേക്ക് തിരിഞ്ഞെങ്കിലും പിന്നീട് ഗുജറാത്ത് തീരത്തേക്ക് ദിശമാറുകയാണ് ഉണ്ടായത്. 

തീരത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെങ്കിലും മണിക്കൂറിൽ 50-70 കിലോമീറ്റർ വേഗതയിൽ  മഹാരാഷ്ട്ര സംസ്ഥാനത്തിലൂടെ മധ്യപ്രദേശിന്‌ സമീപമായി ന്യൂനമർദ്ദമായി നീങ്ങും. അതുകൊണ്ടു തന്നെ ആ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഈ വർഷം വടക്കൻ ഇന്ത്യൻ സമുദ്രത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഉംപുൺ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ വലിയരീതിയിലുള്ള നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. ഉംപുൺ ചുഴലിക്കാറ്റ് ഉണ്ടായ സമയത്ത് ബംഗാൾ ഉൾക്കടലിലും ഇപ്പോൾ നിസർഗ ചുഴലിക്കാറ്റുണ്ടായപ്പോൾ അറബിക്കടലിലും സമുദ്ര ഉപരിതല താപനില അസാധാരണമായി 30 ഡിഗ്രിക്കു മുകളിലാണ് ഉള്ളത്. സമുദ്രത്തിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനുള്ള സ്ഥിതികളിലൊന്നാണ് 27 ഡിഗ്രിക്കു മുകളിൽ ഉള്ള സമുദ്ര ഉപരിതല താപനില.

മത്സ്യത്തൊഴിലാളികൾ ജൂൺ 03 വരെ കിഴക്ക്-മധ്യ, വടക്കുകിഴക്കൻ അറബിക്കടലിലും കർണാടക-ഗോവ-മഹാരാഷ്ട്ര-തെക്കൻ ഗുജറാത്ത് തീരങ്ങളിലും കടലിൽ ഇറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടുകൾ, കുടിലുകൾ എന്നിവയ്ക്ക് വലിയ രീതിയിലുള്ള നാശനഷ്ടം സംഭവിച്ചേക്കാം. മേൽക്കൂരയുടെ മുകൾഭാഗം ഇടിഞ്ഞുപോകും. അറ്റാച്ചുചെയ്യാത്ത മെറ്റൽ ഷീറ്റുകൾ പറന്നേക്കാം. വൈദ്യുതി, ആശയവിനിമയ ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാം. കനത്ത മഴ ഉണ്ടാകുന്നത് മൂലം ജലം ഒഴുകിപ്പോകാനുള്ള വഴികൾ ഇല്ലാത്ത റോഡുകളിൽ വെള്ളപ്പൊക്കം ഉണ്ടായേക്കാം. മരങ്ങൾ, മരക്കൊമ്പുകൾ, തുടങ്ങിയവ ഒടിഞ്ഞു വീഴാൻ സാധ്യതയുണ്ട്. തീരദേശ വിളകൾക്കും നാശനഷ്‍ടങ്ങൾ സംഭവിക്കാം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് വ്യാപനം മൂലം രണ്ടായിരത്തിനു മേലെ മരണങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്ത് ഇതിനോടകം സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും കൊവിഡ് പിടിമുറുക്കിയ സാഹചര്യത്തിലാണ് നിസർഗ ചുഴലിക്കാറ്റുകൂടി മഹാരാഷ്ട്രൻ തീരത്തോട് അടുക്കുന്നത്.