Asianet News MalayalamAsianet News Malayalam

തൊട്ടിലില്‍ കിടത്തിപ്പോന്ന കുട്ടിയാണ്, ഗുരുതരാവസ്ഥയില്‍ ജീവിതത്തോട് മല്ലടിക്കുന്നത്!

ഹൃദയസ്പര്‍ശിയായ ഒരു ഹോസ്പിറ്റല്‍ അനുഭവം.  ജിഷ ജേക്കബ് എഴുതുന്നു

hospital days a nurses account on life and death by Jisha Jacob
Author
First Published Dec 8, 2022, 7:22 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

 

hospital days a nurses account on life and death by Jisha Jacob
 


ആശുപത്രിയുടെ മറക്കാനാവാത്ത ചിത്രം ആദ്യമായി മനസ്സില്‍ പതിഞ്ഞത് എന്റെ സ്‌കൂള്‍ കാലത്താണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയേഷന്‍ വാര്‍ഡില്‍  ദിവസങ്ങള്‍ കാത്തുകിടന്നിട്ടും റേഡിയേഷന്‍ ചികിത്സയ്ക്കുള്ള രോഗികളുടെ നമ്പറില്‍ പേരില്ലാതെ ഇനിയെന്നാണെന്റെ പേര് വരിക,  എനിക്ക് ഇനിയെന്ന് റേഡിയേഷന്‍ കിട്ടും എന്ന് ചോദിച്ച്  നെടുവീര്‍പ്പിടുന്ന അമ്മച്ചിയുടെ മുഖത്തെ നിസ്സംഗത  മനസ്സില്‍ കൊത്തിവയ്ക്കപ്പെട്ട ഒരു ശിലയായിരുന്നു.

പിന്നീട് കാലഗതിയില്‍ പലയിടങ്ങളിലായി പലതരത്തിലുള്ള രോഗികളെ  ശുശ്രൂഷിക്കുവാനും അവരുടെ  സമ്മിശ്രവികാരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. ആശങ്കകള്‍ക്കും വേദനകള്‍ക്കുമപ്പുറം  പുതുജീവന്റെ സ്പന്ദനങ്ങളിലും ജീവിതത്തിന്റെ തിരിച്ചുവരവുകളിലും സന്തോഷിക്കുന്ന എത്രയെത്ര അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു. അവിടെയൊക്കെ ഞാന്‍ എന്ന ഭാവത്തിന്റെ അപ്രസക്തിക്കപ്പുറം എന്തുകൊണ്ടെനിക്കിത് എന്ന ചോദ്യം ഉയരുന്നത് കണ്ടിട്ടുണ്ട്, ഇനി ഞാനെങ്ങനെ എന്ന ചോദ്യത്തിനുത്തരമായി ഇനി ഞാനിങ്ങനെ എന്നു മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് കൂടുതല്‍ ആവേശത്തോടെ മുമ്പോട്ട് കുതിക്കുന്നവരും, പുതുചിറകുകള്‍ ഒരുക്കുന്നവരും, ഓടി ജയിക്കാന്‍ ശ്രമിക്കുന്നവരും കൂടെ പലയിടങ്ങളില്‍ തളര്‍ന്ന് കുമ്പിടുന്നവരും,ആശാ തീരങ്ങള്‍ സങ്കല്‍പങ്ങളില്‍ നിന്ന്  തന്നെ മായ്ക്കപ്പെട്ട് നിരാശയുടെ തീരങ്ങളില്‍ അടിയുന്നവരും പുഞ്ചിരികളില്‍, സംസാരങ്ങളില്‍ പലതും ഒരുക്കുന്നവരും അങ്ങനെ അങ്ങനെ...

യാഥാര്‍ത്ഥ്യങ്ങളെ വൈവിദ്ധ്യങ്ങളില്‍ നേരിടുന്നവര്‍. ജീവിതത്തില്‍ നാമറിയാതെ കടന്നുവരുന്ന നിസ്സഹായതകളെ, അനുഭവങ്ങളെ പല തരത്തില്‍ ഉള്‍ക്കൊള്ളാന്‍ പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. 

ജനനത്തിന്റെ സന്തോഷമാണ് ആതുരാലയങ്ങള്‍ സാക്ഷ്യം വഹിക്കുന്ന സദ്മുഹൂര്‍ത്തങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഊഷ്മളതയും അത് കണ്ടുകഴിയുമ്പോഴുള്ള നിര്‍വ്യതിയും എത്ര വലുതാണ്. 

ഞാന്‍ ആദ്യമായി ജോലി ചെയ്ത ആതുരാലയത്തിന്റെ വാര്‍ഡില്‍ ഒരു കുഞ്ഞിനു വേണ്ടി മാസങ്ങള്‍  ചിലവഴിച്ച  ആനിയുടെ മുഖം മനസ്സിലേക്ക് എത്തുകയാണ്. പലവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസം ആനി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ച് ആനി ഏഴാംമാസം  ഒരു ആണ്‍ കുഞ്ഞിന്  ജന്മം നല്കി.  കുഞ്ഞിനന്ന് വെറും 650gm മാത്രമായിരുന്നു ഭാരം. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലും പ്രത്യേക വാര്‍ഡിലും ഒക്കെയായി ഏതാണ്ട് ആറുമാസത്തോളം കുഞ്ഞ് ആരുപത്രിയില്‍ കഴിഞ്ഞു. ആ കാലമത്രയും ആശുപത്രിയുടെ ജനറല്‍ വാര്‍ഡിലെ ഒരു കിടക്കയില്‍ ഒതുങ്ങി ജീവിച്ച ആനി. കല്‍പ്പണിക്കാരനായിരുന്ന ഭര്‍ത്താവ്. പ്രാര്‍ത്ഥനകളും ജപമാലകളും ആയിരുന്നു ആനിയുടെ കൂട്ട്. ആ കാലംകൊണ്ട് ആനി എല്ലാവര്‍ക്കും പരിചിതയായിരുന്നു. ഞങ്ങളുടെ കൂടെപ്പിറപ്പായി മാറിയിരുന്നു എന്നതാവും സത്യം. 

വാര്‍ഡിലെ ചില്ലുകണ്ണാടിയില്‍ കൂടി തന്റെ കുഞ്ഞിനെ കണ്ട് പ്രാര്‍ത്ഥനയോടെ നോക്കിനില്ക്കുന്ന ആനി. മുലപ്പാല്‍ ഊട്ടുവാനോ വാരിപ്പുണരുവാനോ ഒന്നും കുഞ്ഞിന്റെ ആരോഗ്യാവസ്ഥ അനുവദിച്ചിരുന്നില്ല. പക്ഷേ കാത്തിരിപ്പുകള്‍ക്ക് ഫലം  കണ്ട് ഒടുവില്‍ ഒടുവില്‍ കുഞ്ഞിനെ ആനിയുടെ കൈയില്‍ എല്‍പ്പിച്ചു. അന്ന് കുഞ്ഞിന്റെ ഭാരം 1850 gm ആയിരുന്നു. അന്ന് കുഞ്ഞിനെ കൈകളില്‍ ഏല്‍പിച്ചപ്പോള്‍ ഏറ്റുവാങ്ങി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ ആനിയുടെ ചിത്രത്തിന്  ഇന്നും മനസ്സില്‍ ഒരല്പം പോലും മങ്ങലില്ല. നന്ദി സൂചകമായി ഞങ്ങള്‍ ആതുരാലയ സേവകരെ കെട്ടിപ്പിടിച്ച് ചെറു മധുരങ്ങള്‍ തന്ന് ആനിയും ഭര്‍ത്താവും വീട്ടിലേക്ക് കുഞ്ഞിനെയും കൊണ്ട് പോയി, ലോകം കീഴടക്കിയ സന്തോഷത്തോടെ. B/o ആനി എന്ന് അന്ന് ഫയലില്‍ എഴുതിയ പേരു പോലെ മാതാപിതാക്കളെ ഒരുപാടു സ്‌നേഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും  സ്‌നേഹമുള്ള ഒരു കൗമാരക്കാരനായി അവന്‍ എവിടെയെങ്കിലും വളരുന്നുണ്ടാവും എന്നെനിക്കറിയാം. അവര്‍ക്ക് നന്മകള്‍ ഉണ്ടാകട്ടെ എന്ന് ഇതെഴുതുമ്പോഴും മനസ്സില്‍പ്രാര്‍ത്ഥിക്കുകയാണ്. ഇതാവും ഒരു പക്ഷേ ഏറെ സംതൃപ്തയാക്കിയത്. 

എന്നാല്‍ അതില്‍നിന്നേറെ വ്യത്യസ്തമായി ഏറെ സങ്കടപ്പെടുത്തിയ അനുവഭവങ്ങളും ജോലിക്കിടയില്‍ കടന്നുപോയിട്ടുണ്ട്. സഹതാപവും സഹാനുഭൂതിയും തമ്മിലുള്ള തുലനാവസ്ഥ നിലനിര്‍ത്താന്‍ മനുഷ്യനെന്നനിലയില്‍ ചില സന്ദര്‍ഭങ്ങളില്‍  ജോലിക്കിടയില്‍ താളപ്പിഴകള്‍ സംഭവിക്കാറുണ്ട്. അങ്ങനെ ജോലിക്കിടയില്‍ ഹൃദയം പൊടിഞ്ഞ തിരിച്ചെടുക്കാനാവാത്ത നഷ്ടത്തിന്റെ ഓര്‍മ്മയാണിനി പറയുന്നത്.

അന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായി അത്യാസന്ന വിഭാഗത്തില്‍  ഒരു കുഞ്ഞിനുവേണ്ടി കിടക്കയൊരുക്കാന്‍ സന്ദേശം കിട്ടിയപ്പോള്‍ കൂടുതലൊന്നും ചോദിച്ചില്ല. നിമിഷങ്ങള്‍ക്കകം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയു ംഅകമ്പടിയോടെ ആ കുഞ്ഞ് പ്രവേശിക്കപ്പെട്ടു. കൃത്രിമശ്വാസത്തിനുള്ള ഉപകരണങ്ങള്‍ അവന്റെ കൊച്ചുശരീരത്തില്‍  ഘടിപ്പിക്കപ്പെട്ടു. വിലപ്പെട്ട ഓരോ നിമിഷവും അല്‍പം പോലും പാഴാക്കാതെ ദ്രുതഗതിയില്‍ ആ ജീവനു വേണ്ടി മനസ്സും ശരീരവും ഏകാഗ്രമാക്കി  എല്ലാവരും പോരാടി. ആ കുഞ്ഞുമേനിയില്‍ സൂചിമുനകള്‍ ചലിപ്പിച്ചപ്പോള്‍ ഹൃദയത്തില്‍ മുള്ളുകള്‍ തറയ്ക്കുന്നതു പോലെ അനുഭവപ്പെട്ടു എങ്കിലും പിടയുന്ന അവന്റെ ജീവന്റെ തുടിപ്പുകള്‍ അതിലേറെ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. അടിയന്തരമായ ശുശ്രൂഷകളുടെ ബഹളങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് വിവരമറിയാന്‍ കാത്തുനില്‍ക്കുന്നവരുടെ മുഖം ശ്രദ്ധയില്‍ പെട്ടത്. കണ്ണുകള്‍ വിശ്വസിക്കാന്‍ പാടുപെടുകയും കാതുകള്‍ കേട്ടത് ശരിയാവാതിരിക്കട്ടെ  എന്ന് ആഗ്രഹിക്കുകയും ചെയ്ത നിമിഷങ്ങള്‍. അതെ ആതുരാലയത്തില്‍ എന്നെ പോലെ തന്നെ ജീവനക്കാരിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു കുഞ്ഞിന്റെ അമ്മ. അവളുടെ കുഞ്ഞാണിതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ കഴിയാത്തതുപോലെ. കരഞ്ഞു വാടിയ  മാതാപിതാക്കളുടെ മുഖത്തേക്കു നോക്കി ആശ്വാസവാക്കുകള്‍ അന്ന് പറയാന്‍ ശക്തി ഉണ്ടായിരുന്നില്ല. 

ആതുരശ്രുശ്രൂഷയ്ക്ക് വേണ്ടി പ്രവാസിമണ്ണില്‍ കാലുകുത്തിയ  ദമ്പതികള്‍. ഒരു  കുഞ്ഞിക്കാലിനുവേണ്ടി പലവിധ നൂതന ചികിത്സാ രീതികളില്‍ കൂടി കടന്നു പോയവര്‍. ഒടുവില്‍ മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മധുരം അനുഭവിച്ചറിയുവാനായി വര്‍ഷങ്ങള്‍ക്കുശേഷം  അവര്‍ക്ക് പിറന്ന ആണ്‍കുഞ്ഞ്. കുഞ്ഞിക്കാലുകള്‍ പിച്ചവയ്ക്കുന്നത്  കണ്ട് അവരുടെ അവരുടെ മനം എത്രമാത്രം തുള്ളിച്ചാടിയിട്ടുണ്ടാവും. കുഞ്ഞിനെ നോക്കാന്‍  വന്നിരുന്ന സ്ത്രീയെ പതിവുപോലെ ഏല്‍പ്പിച്ച് തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതു കണ്ട്  ജോലിക്ക് യാത്രയായ അമ്മ. പിന്നെ അറിയുന്നത് 'മോന് വയ്യ. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു' എന്ന വിവരമാണ്. തൊട്ടിലില്‍ കിടന്നുറങ്ങിയ മകന് എന്തുപറ്റി എന്ന ചോദ്യത്തിന് അവ്യക്തമായ ഊഹങ്ങള്‍മാത്രമായിരുന്നു ഉത്തരങ്ങള്‍. ഒരു പക്ഷേ പാല്‍ ശ്വാസകോശത്തില്‍ പോയതാകാമത്രെ. ഒക്കെയും സാധ്യതകള്‍ മാത്രം. ഇന്നും കാരണങ്ങള്‍ അവ്യക്തമാണ് അല്ലെങ്കില്‍ അത് കേള്‍ക്കാനുള്ള മനക്കരുത്ത് അവര്‍ക്കില്ലായിരുന്നു എന്ന് പറയുന്നതാവും സത്യം. ആശുപത്രിയുടെ ചുവരുകള്‍ അവരുടെ തേങ്ങലിന്റെ കാഠിന്യം എത്രത്തോളം  അടക്കി നിര്‍ത്തി എന്നറിയില്ല. എങ്കിലും ഇടയ്ക്കിടെ ഉയര്‍ന്ന തേങ്ങലുകള്‍, മൂകമായ പ്രാര്‍ത്ഥനകള്‍, നിലലവിളികള്‍. ചുരുങ്ങിയ ദിവസങ്ങളുടെ  പ്രതീക്ഷയോടെക്കുള്ള കാത്തിരിപ്പ്. ഒരുപക്ഷേ വാനോളം ഉയര്‍ന്ന  പ്രാര്‍ത്ഥനാശബ്ദങ്ങള്‍ക്കൊപ്പം അവന്റെ ആത്മാവും സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തേടി യാത്രയായി. ഒടുവില്‍ കൃത്രിമമായി ശ്വസനം നിയന്ത്രിക്കുന്ന ഉപകരണങ്ങളല്ലാതെ ശരീരത്തിലെ  കോശങ്ങളുടെ പ്രവര്‍ത്തനം വെറും പൂജ്യം മാത്രമെന്ന് മനസ്സിലാക്കി  എല്ലാം ഓരോന്നായി മാറ്റി മരണം സ്ഥിതീകരിച്ച നിമിഷം.

എത്രയെത്ര മൃതദേഹങ്ങള്‍ അവസാനമായി തുണിയില്‍  പൊതിഞ്ഞിരിക്കുന്നു! അപ്പോഴൊക്കെയും ഒരുനിമിഷം മനസ്സില്‍ പ്രാര്‍ത്ഥനയോടെ ഓര്‍ക്കാറുണ്ട്, ഇനിയീ മുഖം കാണാന്‍ കഴിയില്ലല്ലോ എന്ന് , ബന്ധുക്കളുടെ സങ്കടത്തോടുകൂടി അല്പനേരം ചേരുമെങ്കിലും പിന്നീട് ആ മുഖങ്ങള്‍ മനസ്സില്‍ നിന്ന്  അറിയാതെ മായുകയാണ്.   വര്‍ഷങ്ങള്‍ ഏറെ താണ്ടിയിട്ടും തേജസ്സോടു കൂടിയ ആ കുഞ്ഞിന്റെ മുഖം മനസ്സില്‍നിന്നും മാഞ്ഞുപോവാതെ നില്ക്കുന്നു. ആ  കുഞ്ഞു മൃതദേഹം തുണിയില്‍ കെട്ടിയപ്പോള്‍ കൈകളില്‍ തോന്നിയ വിറയുടെ കാഠിന്യം ഒരണു കുറയാതെ ഇന്നിതെഴുതുമ്പോഴും അനുഭവപ്പെടുന്നതുപോലെ.  

അനുഭവങ്ങളില്‍ ധ്രുവങ്ങളുടെ അന്തരങ്ങളുണ്ട്. അതില്‍  സന്തോഷത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നവരെയും നഷ്ടപ്പെട്ടതിന്റെ മുറിവുകള്‍ കൂടാത്തവരും ഉണ്ട്. അതെ ജീവിതങ്ങള്‍ പല തോണികളില്‍ തുഴയുന്നവരാണ്.   ചില തീരങ്ങള്‍ തേടാന്‍ ആതുരാലയങ്ങള്‍ തുഴയുമായി ചാരെയെത്തുന്നു. പലതും കേടുപാടുകള്‍ കൂടാതെ യഥാസ്ഥാനത്തെത്തിക്കുന്നു. എന്നാല്‍ ചിലതൊക്കെ  നടുക്കായലില്‍ തങ്ങി അമൂല്യമായത് പലതും നഷ്ടപ്പെടുന്നു. എന്തുകൊണ്ടിങ്ങനെ എന്നറിയില്ല. എല്ലാറ്റിന്റെയും ഉത്തരം അറിയുന്നവന്റെ മുമ്പില്‍ തലകുനിച്ച് അമരക്കാരുടെ തോണിയില്‍ ഒരു കൂട്ടാളിയായിയായി ഇന്നും ഞാനുണ്ട്, ധ്രുവങ്ങളുടെ അന്തരങ്ങള്‍ക്ക് ഇനിയും സാക്ഷ്യം വഹിക്കാന്‍. 
 

Follow Us:
Download App:
  • android
  • ios