Asianet News MalayalamAsianet News Malayalam

'രണ്ടെണ്ണം ഉണ്ടേൽ എന്താ, തള്ളമാർക്ക് ഒന്നു പോയാൽ സഹിക്കാൻ പറ്റുമോ..?'

മകൻ മരിച്ചു ഒരു വർഷം കഴിഞ്ഞു ഞാനും മാമിയുംകൂടെ പോയി കണ്ട ഒരു ബന്ധുവിനോട് മാമി ചോദിക്കുന്നത് കേട്ടു 'എന്ത് കോലമാടി' ഒന്നും മിണ്ടാതെ ഭവമാറ്റമില്ലാതെ അവർ നിന്നു. 'എന്ത് സുന്ദരി ആയിരുന്നെന്നോ ഇപ്പോ നോക്കിക്കേ മെലിഞ്ഞൊണങ്ങി നര ആയി. രണ്ടെണ്ണം ഉണ്ടേൽ എന്താ തള്ളമാർക്ക് ഒന്നു പോയാൽ സഹിക്കാൻ പറ്റ്മോ..?' 

hospital days dr jibin james
Author
Thiruvananthapuram, First Published Mar 28, 2019, 2:49 PM IST

"സമൂസ???" മറീന ബീച്ചിന്റെ സൗന്ദര്യം  ആസ്വദിച്ചിരുന്നു പാതിമയക്കത്തിൽ ആയിപ്പോയ എന്നെ  വിളിച്ച് ഉണർത്തിയത് ആ ഒരു ചോദ്യമായിരുന്നു.  ഉറക്കത്തിൽ ആയതുകൊണ്ട് ഒന്നും ശ്രദ്ധിക്കാതെ പെട്ടെന്ന് തന്നെ 'വേണ്ട' എന്ന് പറഞ്ഞു. സ്ഥിരം ഉത്തരം അതായത് കൊണ്ടാകാം ആ സ്ത്രീ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ  അടുത്ത ആളിലേക്ക്  പോയി.  പതിവുപോലെ അവരും ആ ഉത്തരങ്ങൾ തന്നെയായിരുന്നു പറഞ്ഞത്.  അവർ അടുത്ത ആളുകളിലേക്ക് മാറിമാറി സഞ്ചരിച്ചുകൊണ്ടേയിരുന്നു. 

hospital days dr jibin james

പെട്ടെന്ന് എങ്ങനെയോ അമ്മയെ ഓർമ്മ വന്നു. ഈ പൊരിവെയിലത്ത് ഇത്രയും സാധനവും ചുമന്നുകൊണ്ട്  കഷ്ടപ്പെട്ട് നടക്കുന്ന ആ സ്ത്രീയുടെ മുഖം, അവിടെ ഒരിക്കലും എനിക്ക് എന്റെ അമ്മയെ സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു. ഒന്ന് റോഡ് മുറിച്ചു കടക്കാൻ പോലും ടെൻഷൻ അടിക്കുന്ന ഒരു പാവം സ്ത്രീ. അതായിരുന്നു അമ്മ. അങ്ങനെയൊരു അമ്മയാണ് അല്ലെങ്കിൽ അതിനെക്കാൾ പ്രായം ചെന്ന ഒരു അമ്മയാണ് എന്റെ മുമ്പിൽ ഇപ്പോൾ ഒരു വലിയ ചുമടുമായി ഈ വെയിലത്ത് ഇങ്ങനെ നടക്കുന്നത്.   അവരുടെ കയ്യിൽ നിന്നും ഒരു സമൂസ മേടിച്ചിരുന്നേൽ അതവർക്ക് ഒരു സഹായം ആകുമല്ലോ എന്ന് കരുതി അവരുടെ പുറകിൽ പോയി സമൂസ വാങ്ങി. പൈസ കൊടുക്കുമ്പോൾ അവർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.  അതിന്‍റെ അർത്ഥം എനിക്ക് മനസ്സിലായില്ല. 

ഒന്നുമോർക്കാതെ ഇട്ടിരുന്ന വേഷത്തിൽ അമ്മ രാത്രിയിൽ ടൗണിൽ ഇറങ്ങിപ്പോയി

തിരിച്ചുള്ള ബസ് രാത്രി ആയത്കൊണ്ടും ബീച്ച് അത്ര സുന്ദരമായതുകൊണ്ടും പിന്നെയും ഞാൻ ബീച്ചിൽ പോയി കിടന്നു. ആ അമ്മയുടെ മുഖം മനസ്സിൽ നിന്നും മാഞ്ഞില്ല. ആർക്കു വേണ്ടി ആയിരിക്കാം അവർ കഷ്ടപ്പെടുന്നത്.  ഒരുപക്ഷേ എന്റെ അമ്മയെപ്പോലെ എല്ലാത്തിലും ടെൻഷൻ അടിക്കുന്ന ഒരാൾ ആയിരുന്നോ, അവരെ ഈ തിരക്കുള്ള റോഡിൽ സാധനവും തൂക്കി നടക്കാൻ മാത്രം പ്രേരിപ്പിച്ചത് എന്താകാം. എന്താകാം അവരുടെ കഥ. അറിയില്ല ചോദിക്കാൻ തോന്നിയില്ല, അല്ലെങ്കിലും ഈ അമ്മമാരെ മനസ്സിലാക്കാൻ വലിയ പാടാണ്.  മനസ്സിൽ കുറച്ച് അമ്മമാരുടെ  മുഖം ഓർമ്മ വന്നു.  
 
ഒന്നാമത് എന്റെ അമ്മ തന്നെയാണ്.  പണ്ടേ ഞാൻ അമ്മയെ ബുദ്ധിമുട്ടിക്കുന്നതിൽ മിടുക്കനായിരുന്നു.  ഏകദേശം രണ്ടു വയസ്സു പ്രായമുള്ളപ്പോൾ എനിക്കൊരു മാരക അസുഖം പിടിപെട്ടു.  മലയാളത്തിൽ 'വയറിളക്കം' എന്ന് പറയും. ഇന്ന് കാണുന്ന വയറിളക്കമല്ല, ഏകദേശം 24 വർഷങ്ങൾക്ക് മുമ്പുള്ള വയറിളക്കം. 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ, എങ്ങനെയൊക്കെയോ രക്ഷപ്പെട്ട എന്നെ വാർഡിലേക്ക് മാറ്റി. രാത്രി രണ്ടു മണി ആയി കാണണം, കാപ്പി വേണമെന്ന് പറഞ്ഞ് ഞാൻ കിടന്ന് കരഞ്ഞു എന്നാണ് അമ്മ പറയാറ്. ഒന്നുമോർക്കാതെ ഇട്ടിരുന്ന വേഷത്തിൽ അമ്മ രാത്രിയിൽ ടൗണിൽ ഇറങ്ങിപ്പോയി കാപ്പിയും മേടിച്ച തിരിച്ചുവന്നു എനിക്ക് തന്നു. പിന്നീടാണ് അമ്മയ്ക്ക് ബോധം വെച്ചത് ഈ രാത്രി അമ്മ ഒറ്റയ്ക്ക് ടൗണിൽ ഇറങ്ങി പോയിട്ട് വന്നിരിക്കുന്നു.  ആ രാത്രിയുടെ അപകടത്തെപ്പറ്റി ഒന്നും തന്നെ അമ്മ ചിന്തിച്ചില്ല കാപ്പി വേണമെന്ന് പറയുന്ന, കരയുന്ന മകന്റെ മുഖം മാത്രമായിരുന്നു അമ്മയുടെ മുമ്പിൽ.  അവരുടെ ജീവിതം എല്ലാം മുമ്പിൽ കിടക്കുന്ന മക്കളാണ്. എല്ലാം അമ്മമാരുടെയും ജീവിതം അങ്ങനെയാണ്. 

അരുണിന്റെ അമ്മയെ ഓർത്തു. തന്റെ എല്ലാ പ്രതീക്ഷയുമായിരുന്ന മകന് അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ടത് മുതൽ ആ മകനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി നെട്ടോട്ടമോടുന്ന ആ സ്ത്രീയുടെ മുഖം എന്നും മനസ്സിൽ ഉണ്ടാകും. എല്ലാം ശരിയാകും, PSC എഴുതി എടുക്കണം എന്നും പറഞ്ഞു ചെറിയ പുഞ്ചിരി നൽകുന്ന അവന്‍റെ പോസിറ്റീവ് ചിന്താഗതി ആ അമ്മയ്ക്ക് വേണ്ടി ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

സെറിബ്രൽ പാൽസി ഉള്ള, സ്വന്തമായി നടക്കാനോ  ആഹാരം കഴിക്കാനോ സാധിക്കാത്ത, മാനസിക വളർച്ച ഇല്ലാത്ത മകനെ 12 വർഷം പൊന്നുപോലെ നോക്കി ഒടുവിൽ അവൻ മരിച്ചപ്പോൾ നിങ്ങൾ എന്താ ഒന്നും ചെയ്യാഞ്ഞത് എന്നും ചോദിച്ച് എന്‍റെ നേരെ ചൂടാവുകയും പിന്നീട് പൊട്ടിക്കരയുകയും ചെയ്ത ആ സ്ത്രീയെ ഓർമയുണ്ട്. അമ്മയാണ്.. 

മകൻ മരിച്ചു ഒരു വർഷം കഴിഞ്ഞു ഞാനും മാമിയുംകൂടെ പോയി കണ്ട ഒരു ബന്ധുവിനോട് മാമി ചോദിക്കുന്നത് കേട്ടു 'എന്ത് കോലമാടി' ഒന്നും മിണ്ടാതെ ഭവമാറ്റമില്ലാതെ അവർ നിന്നു. 'എന്ത് സുന്ദരി ആയിരുന്നെന്നോ ഇപ്പോ നോക്കിക്കേ മെലിഞ്ഞൊണങ്ങി നര ആയി. രണ്ടെണ്ണം ഉണ്ടേൽ എന്താ തള്ളമാർക്ക് ഒന്നു പോയാൽ സഹിക്കാൻ പറ്റ്മോ..?' തിരിച്ചു പോകുന്നവഴിയിൽ മാമി ആരോടോ ആയി പറയുന്ന കേട്ടു.. എന്നേക്കാൾ ഉപരി അവർക്കത് മനസിലാകുമായിരിക്കും. അമ്മമാർക്കേ ചിലപ്പോ അവരെ തമ്മിൽ മനസിലാക്കാൻ കഴിയൂ. ഈ ലോകത്ത് ഏറ്റവും വലിയ നഷ്ടം അല്ലേൽ ഏറ്റവും വലിയ ദുഃഖം മക്കളുടെ മരണം കാണുക എന്നതായിരിക്കും.. 

ഒരു ആയുസ്സിൽ മറ്റാർക്കും പകരം വെക്കാൻ കഴിയാത്ത കാര്യങ്ങൾ

ഒടുവിൽ ഒരു കാഷ്വാലിറ്റിയിൽ പൊടുന്നനെ കയറി വന്ന 26 വയസുള്ള സുന്ദരി കലങ്ങിയ കണ്ണുകളുമായി എന്നോട് 'എന്റെ കുഞ്ഞിനെ എനിക്ക് കിട്ടുമോ' എന്ന് ചോദിച്ചതും ഓർമ വന്നു. മക്കൾ ഇല്ലാതിരുന്നു ചികിത്സ എടുത്തു ഗർഭിണി ആയിട്ട് രണ്ട് ആഴ്ചയേ ആയുള്ളൂ. അമ്മ ആകാൻ തയ്യാറെടുത്തു തുടങ്ങീതെ ഒള്ളു.  അപ്പോഴാണ് ചിക്കൻ പോക്സ് വന്നത്.. ആദ്യ മൂന്ന് മാസത്തിൽ ചിക്കൻ പോക്സ് വന്നാൽ കുട്ടിക്ക് പ്രശ്നം ആണെന്ന് ആരോ പറഞ്ഞു ഓടി വന്നതാണ്.. സമയം രാത്രി രണ്ട് മണി ആണ്.. ഉറങ്ങാൻ പറ്റുന്നില്ല. അതാണ്.. എല്ലാ അമ്മമാരുടേം സ്വപ്നം മക്കളാണ്.. ജീവിക്കുന്നത് ആ ഒരു സ്വപ്നത്തിന് വേണ്ടിയാണ്.. 

ഇനിയും ഏറെ കഥകൾ ഉണ്ട്. നമുക്ക് എല്ലാവർക്കും.. അവർ ഇങ്ങനെ നമ്മളെ മാറോടു ചേർത്ത് പിടിക്കുന്നത്, അവരുടെ സന്തോഷങ്ങൾ നമ്മുടെ സന്തോഷങ്ങൾ മാത്രമാകുന്നത്,  നമുക്ക് വേണ്ടി ജീവിക്കുന്നത്, അങ്ങനെ അങ്ങനെ ഒരു ആയുസ്സിൽ മറ്റാർക്കും പകരം വെക്കാൻ കഴിയാത്ത കാര്യങ്ങൾ. എന്നിട്ടും എന്തൊക്കെയോ കാരണങ്ങളാൽ വൃദ്ധസദനങ്ങൾ കൂടുന്നു.. അങ്ങനെ ആവാതിരിക്കട്ടേ... 
 

Follow Us:
Download App:
  • android
  • ios