Asianet News MalayalamAsianet News Malayalam

'ഇല്ല...ഞാന്‍ പോവൂല്ല, പ്രസവിച്ചിട്ടേ ഇനി പോകുന്നുളളൂ, ഒരു മുറി തന്നാല്‍ ഇവിടെ കൂടിക്കോളാം'

ഹൃദയസ്പര്‍ശിയായ ഒരു ഹോസ്പിറ്റല്‍ അനുഭവം. രോഷ്‌നി എം ജി എഴുതുന്നു

Hospital days on pregnancy experiences by Roshni M G
Author
First Published Jan 24, 2023, 4:51 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ.  സബ് ജക്ട്  ലൈനില്‍  'ആശുപത്രിക്കുറിപ്പുകള്‍'  എന്നെഴുതാനും മറക്കരുത്

 

Hospital days on pregnancy experiences by Roshni M G

 

2010 ജനുവരി പതിനഞ്ച്. രാവിലെ തന്നെ ഉളളില്‍നിന്നും വല്ലാത്ത വേദന തുടങ്ങിയിട്ടുണ്ട്. ദിവസമിങ്ങടുത്തെത്തി. പുട്ടിന്  മാവ്  നനച്ച്  കടല കുക്കറില്‍ വേവാനും വെച്ച് ബാറ്റണ്‍ ചേട്ടത്തിയ്ക്ക് കൈമാറി രാവിലെ തന്നെ ഭര്‍ത്താവിനെയും അവധിയെടുപ്പിച്ച് നേരെ ആശുപത്രിയിലേക്ക്.

തിരുവനന്തപുരം കോസ്‌മോപോളിറ്റന്‍ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.  മീരാ നായര്‍ ആണെന്റെ ഡോക്ടര്‍. എന്ത് തന്നെ വന്നാലും  സിസേറിയന്‍ അല്ലാതെ കുഞ്ഞിനെ പുറത്ത് കൊണ്ട് വരാന്‍ ശ്രമിക്കും എന്ന നിലപാടായിരുന്നു ഡോക്ടറെ മറ്റുളളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്.  പതിവ് പരിശോധന കഴിഞ്ഞതും 'ഒന്നും ആയിട്ടില്ല.  വീടിവിടെ അടുത്തല്ലേ.  തിരിച്ച് വീട്ടിലേക്ക് തന്നെ പൊയ്‌ക്കൊളളാന്‍' മാഡം പറഞ്ഞു.

ഏതോ ഒരു ഗ്രഹണം നടക്കുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കാന്‍ പാടില്ല പോലും. എന്നാല്‍ പിന്നെ അറിഞ്ഞിട്ടുതന്നെ.  മെഡിക്കല്‍ കോളേജ് ട്രിഡയിലുളള ഷെഫ് മാസ്റ്ററില്‍ നിന്ന് ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ച് തിരികെ വീട്ടിലേക്ക്. വീണ്ടും കാത്തിരിപ്പിന്റെ നിമിഷങ്ങള്‍. ആ ദിനം മെല്ലെ കടന്നുപോയി.

പിറ്റേന്ന് വെളുപ്പിനെ രണ്ട് രണ്ടരയായി. തീരെ സഹിക്കാന്‍ പറ്റുന്നില്ല. ഇപ്പോള്‍ തന്നെ ഞാന്‍ പ്രസവിക്കുമോ? ഉറങ്ങുന്ന മനുഷ്യനെ ശല്യപ്പെടുത്തേണ്ട.  ഒരു മൂന്നേകാല്‍ വരെ സഹിച്ചു. തീരെ കഴിയുന്നില്ല.  ഇതിനെല്ലാം കാരണഭൂതനായ ആ മനുഷ്യനെ വിളിച്ചുണര്‍ത്തി. ഒരു കട്ടനൊക്കെയിടീച്ച് കുടിച്ചു. ഒരു രണ്ട് മണിക്കൂര്‍ കൂടി എങ്ങനെയോ പിടിച്ചു നിന്നു.  അതിനിടെ അമ്മായിയമ്മയെയും വിളിച്ചുണര്‍ത്തി ഏത് പ്രതിസന്ധി ഘട്ടവും നേരിടാന്‍ പ്രാപ്തയാക്കി നിര്‍ത്തി.  അഞ്ചര അഞ്ചേ മുക്കാലായപ്പോള്‍ ഭര്‍ത്താവ് ജങ്ഷനില്‍ പോയി നോക്കി. ടാക്‌സിയൊന്നുമില്ല.  എന്നാല്‍ പിന്നെ ഓട്ടോ ആയാലോ...നോം പണ്ടേ എന്തിനും തയ്യാറാണല്ലോ.

ആറ് ആറരയോട് കൂടി സംഘം ആശുപത്രി പൂകി.  കാര്യമൊക്കെ പറഞ്ഞ് വല്ല വിധേനയും ലേബര്‍ റൂമില്‍ കയറിക്കൂടി. ഭൂമിയിലെ  മാലാഖമാര്‍ സ്വന്തമായി ഒരു കട്ടിലൊക്കെ തന്ന് എന്നെ ഉപവിഷ്ടയാക്കി.  ഒരു ഏഴരയോടുകൂടി പ്രിയ ഡോക്ടര്‍ എത്തി. പരിശോധിച്ചു.

വീണ്ടും അതേ ഉപദേശം, വീട്ടിലേക്ക് പൊക്കോളളാന്‍

പോരേ പൂരം. കഴിഞ്ഞ രണ്ട് ദിവസമായി പ്രസവിക്കാന്‍ മുട്ടി നില്‍ക്കുന്ന ഒരു യുവതിയോട് ഇങ്ങനെ പറയാന്‍ പാടുണ്ടോ.

'ഇല്ല... ഞാന്‍ പോവൂല്ല. ഇത്തവണ രണ്ടും കല്പിച്ചാ. പ്രസവിച്ചിട്ടേ ഇനി പോകുന്നുളളൂ. ഒരു മുറി തന്നാല്‍ ഞാന്‍ ഇവിടെ കൂടിക്കോളാം മാഡം...'

'തല്‍ക്കാലം മുറി ഒഴിവില്ല.  ഇവിടെ കിടന്നോളൂ' എന്ന് എന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു.

ഒരു എട്ടരയായപ്പോള്‍ വയറ്റിലെ കോഴിക്കുഞ്ഞ് വിളി തുടങ്ങി.  62 കിലോയില്‍ തുടങ്ങിയ യജ്ഞം 96 കിലോയില്‍ വന്ന് നില്‍പ്പുണ്ട്. കോഴിക്കുഞ്ഞാണോ ആനക്കുട്ടിയാണോ എന്ന് സംശയമില്ലാതില്ല.

'സിസ്റ്ററേ എനിക്ക് വിശക്കുന്നു. പുറത്ത് ഭര്‍ത്താവ് കാണും. ഒന്നു പറയുമോ...'

'എന്ത് വേണം...'

'നെയ്‌റോസ്റ്റ് മതി.'

ഒരു ഇരുപത് മിനിറ്റിനുളളില്‍ നെയ്‌റോസ്റ്റ് റെഡി. പതിയെ എണീറ്റിരുന്ന് കഴിച്ചു.  അതിനുളളിലൂടെ നടക്കുന്ന പലരും, മാലാഖമാരും നഴ്‌സിങ് അസിസ്റ്റന്റും, എല്ലാം നോക്കുന്നുണ്ട്. അല്ല ഇവളിതിനുളളിലോട്ട് എന്തിനാ വന്നേക്കുന്നേ. എനിക്ക് യാതൊരു മൈന്റുമില്ല. ഇതിനിടയില്‍ ഇടയ്ക്കിടെ വേദന സഹിക്കാന്‍ കഴിയാതെ കരയുന്നുമുണ്ട്. പിന്നേം കിടന്നു.
സമയം ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു.  ഒരു പത്തരയായിക്കാണും. പതിവനുസരിച്ചു ആണേല്‍ ഫ്രൂട്ട്‌സ് / ജ്യൂസ് കുടിക്കുന്ന സമയമായി.

'സിസ്റ്ററേ... ഒരു ജ്യൂസ് വാങ്ങിത്തരാന്‍ പറയുമോ...'

'എന്ത് ജ്യൂസ്?'

'ഗ്രേപ്‌സ് മതി.. അതാ എനിക്കിഷ്ടം..'

അവരെന്നെ രൂക്ഷമായാണോ നോക്കിയത് എന്നൊരു സംശയം. എനിക്കാണേല്‍ നോ മൈന്റ്. അതിനിടയില്‍ വാതില്‍ തുറന്നപ്പോള്‍ ഇടയിലൂടെ അമ്മയേയും വല്ല്യമ്മയേയും അണ്ണനേയും ഒരു നോക്ക് കണ്ടു.

ഹോ... ആ മഹദ് സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എല്ലാവരും എത്തിയിട്ടുണ്ട്. സമാധാനം. ഇടയ്ക്കിടെ വേദന കൂടുന്നു. കണ്ണ് അടയുന്നു. പിന്നേം ബോധം വരുന്നു. ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും ജ്യൂസ് എത്തി. മങ്ങിയ വെളള ഗ്ലാസ്. പഴങ്ങളുടെ ചിത്രം. ജ്യൂസ് കുടിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞതും ഗ്വാ.... ഇന്‍പുട്ടും ഔട്ട്പുട്ടും ഒരുമിച്ചായിരുന്നോ. പിന്നെ ഓര്‍മ്മ വന്നപ്പോള്‍ ആ മാലാഖമാര്‍ എന്നെ എന്തൊക്കെയോ പറയുന്നപോലൊക്കെ തോന്നി. ആ... തോന്നലാകും. ഞാനൊന്നും കേട്ടില്ലേ. ക്ലീനിംഗ് ചേച്ചി വന്ന് ക്ലീന്‍ ചെയ്ത് പോയി. പിന്നെ വേദന കൂടിക്കൂടി വന്നു. ഇടയ്ക്കിടയക്ക് ബോധം വരുന്നുണ്ട്.  

രണ്ട് മണിയോട് കൂടി ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ നേരം ഡോക്ടര്‍ വന്ന് കുഴപ്പമൊന്നുമില്ല, അവിടെ കിടന്നോളൂ എന്ന് പറഞ്ഞ് പോയി. കുറച്ച് കഴിഞ്ഞതും സംഗതിയാകെ വഷളായി.  ഇടയ്ക്കിടെയുളള ബോധം വരലില്‍ ആരൊക്കെയോ എന്നെ പരിശോധിക്കുന്നു. എന്തൊക്കെയോ പറയുന്നുണ്ട്. രംഗം അത്ര പന്തിയല്ല എന്ന് മാത്രം മനസ്സിലായി.  കാര്യം ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്നവര്‍ പറഞ്ഞെങ്കിലും പിന്നെ ശ്രദ്ധിച്ചപ്പോള്‍ കുഞ്ഞ് മെക്കോണിയം പാസ് ചെയ്തു എന്ന് മനസ്സിലായി.

ഗര്‍ഭാവസ്ഥയില്‍ പണിയില്ലാതെയിരിക്കുന്ന സമയം ഇന്റര്‍നെറ്റില്‍ പരതുന്ന രോഗം ഭര്‍ത്താവിനും എനിക്കുമുണ്ടായിരുന്നു.  അതില്‍ ഈ വാക്ക് കേട്ടിട്ടുണ്ട്.  കുഞ്ഞ് ഗര്‍ഭപാത്രത്തിനുളളില്‍ വെച്ച് മെക്കോണിയം പാസ് ചെയ്യുകയും അത് ശ്വസിക്കുകയും ചെയ്താല്‍ ഉളളില്‍ വെച്ച് തന്നെ കുഞ്ഞിന് മരണം വരെ സംഭവിക്കാം. ആകെ ടെന്‍ഷനായി. വിവരം കൂടിയാലും കുഴപ്പമാണെന്നേ. കൃത്യമായ ഇടവേളകളില്‍ ബോധം വരുമ്പോള്‍ ചുറ്റിലും സംഭവിക്കുന്നത് അവ്യക്തമായി കാണാം. ഇതിനിടയില്‍ ആരോ പറഞ്ഞു, 'സിസേറിയന്‍ ചെയ്യേണ്ടി വരും. മീര മാഡത്തിനെ വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ എത്തും...'

ബോധം വന്നു കണ്ണ് തുറന്നതും ചുറ്റിലും പച്ച വേഷധാരികള്‍ സിസേറിയനായി തയ്യാറെടുത്ത് തീയറ്ററിലേക്ക് എന്നെ കൊണ്ട്‌പോകാനായി കാത്ത് നില്‍പ്പുണ്ട്. അനസ്‌തെറ്റിസ്റ്റ് ആണെന്ന് പറഞ്ഞ് ഒരു ഡോക്ടര്‍ സ്വയം പരിചയപ്പെടുത്തി.  എന്തേലും അലര്‍ജി ഉണ്ടോ ഇന്ന് ചോദിച്ചു. കൈയില്‍ ആരോ ഒരു ടാഗ് കെട്ടിത്തന്നു. രണ്ടുപേര്‍ ചേര്‍ന്ന് കത്തീറ്റര്‍ ഇടുന്നു.  

അടുത്ത തവണ കണ്ണ് തുറന്നതും മീരാ മാഡവും ആ പച്ച വേഷത്തില്‍ എന്റെ മുന്നില്‍.

മാഡം അനസ്‌തെറ്റിസ്റ്റിനോട് സംസാരിക്കുന്നത് കേള്‍ക്കാം.

'അര മണിക്കൂര്‍ എനിക്ക് തരൂ, ഞാന്‍ ഒന്നു കൂടി ശ്രമിക്കട്ടേ ഡോക്ടര്‍. പറ്റിയില്ലെങ്കില്‍ നമുക്ക് തീയറ്ററില്‍ കയറ്റാം..'

 മാഡം എന്റെ നേരെ തിരിഞ്ഞു. ഞാന്‍ നിര്‍ത്താതെ കരയുന്നുണ്ട്. മാഡം എന്റെ നെറ്റിയില്‍ തലോടിയതും കരച്ചിലിന്റെ ആക്കം കൂടി.

'രോഷ്‌നി ഒന്നു ശ്രമിക്കൂ. നമുക്ക് നോര്‍മല്‍ ഡെലിവറി ആക്കാം. രോഷ്‌നി സഹകരിക്കാതെ പറ്റില്ല.'

കരച്ചിലിനിടയില്‍ ഞാന്‍ മാഡത്തിനോട് പറഞ്ഞു, 'എനിക്കിപ്പോ വിനോദിനെ കാണണം...'

'ങേ... ആരെ?'

'എന്റെ ഭര്‍ത്താവിനെ...'

'അത് പറ്റില്ല. ഇത് ലേബര്‍ റൂമാണ് രോഷ്‌നി..'

'ഇല്ല... എനിക്കിപ്പോ കണ്ടേ പറ്റൂ.'

മാഡം ആവും വിധം പറഞ്ഞു നോക്കി. ഞാന്‍ ഒരു വിധത്തിലും അടങ്ങുന്ന ലക്ഷണമില്ല എന്ന് കണ്ടപ്പോള്‍ ഒടുവില്‍ പാവം എന്റെ വഴിക്ക് വന്നു. പുറത്ത് ചെന്ന് അന്വേഷിച്ചപ്പോഴുണ്ട്, അങ്ങേര് ജോലിയ്ക്ക് പോയിരിക്കയാണ് പോലും. ഭാര്യയെ ലേബര്‍ റൂമിലാക്കിയിട്ട്. എന്ത് ഭര്‍ത്താവാണ് ഹേ!
 
എന്തായാലും പത്ത് മിനിറ്റിനുളളില്‍ ആളിങ്ങെത്തി. അങ്ങനെ എന്റെ ഇംഗിതത്തിന് വഴങ്ങി രണ്ട് വാതിലുകളുളള ലേബര്‍ റൂമിന്റെ ഒന്നാം വാതില്‍ അടച്ച് ആ ഏരിയ മുഴുവന്‍ ക്ലിയര്‍ ചെയ്ത് രണ്ടാം വാതിലിലൂടെ എന്റെ ഭര്‍ത്താവിനെ അകത്ത് കയറ്റി എന്റെ ആഗ്രഹം മാഡം സാധിച്ചു തന്നു. ഒരു പക്ഷേ കോസ്‌മോപോളിറ്റന്‍ ഹോസ്പിറ്റലിന്റെ ലേബര്‍ റൂമിനകത്ത് കയറുന്ന അവിടുത്തെ ജീവനക്കാരനല്ലാത്ത ആദ്യ പുരുഷനെന്ന ബഹുമതിയ്ക്ക് ചിലപ്പോള്‍ ഇങ്ങേരായിരിക്കുമോ അര്‍ഹന്‍ എന്ന് എനിക്കൊരു സംശയമില്ലാതില്ല. എന്തായാലും അതോടെ എന്റെ പകുതി ടെന്‍ഷനും മാറി.

മാഡത്തിന്റെ പ്രോത്സാഹനത്തോടെ ഇപ്പോള്‍ തന്നെ സുഖപ്രസവം ആകുമെന്നാ തോന്നുന്നേ.

'ആഹാ... എന്താ സുഖം... ഈ പ്രസവം..'

കുഞ്ഞിന്റെ തല കണ്ടു തുടങ്ങിയോ എന്ന് സംശയം.  ഉച്ചയോടു കൂടി മറ്റൊരു സ്ത്രീയും 'സുഖ' പ്രസവത്തിനായി വന്നിരുന്നു. അവരെ നേരത്തെ തൊട്ടടുത്ത മുറിയിലേക്ക് മാറിയിരുന്നു.  ഉടനെ തന്നെ  എന്നെയും ആ മുറിയിലേക്ക് മാറ്റി.  ആ മുറിയുടെ രണ്ടറ്റങ്ങളിലായി കിടന്ന് ഞങ്ങള്‍ രണ്ടാളും  സുഖ പ്രസവത്തിനായുളള മുറവിളി കൂട്ടി. ഒടുവില്‍ അത് സംഭവിച്ചു.

ഉച്ചയ്ക്ക് മൂന്നരയോടെ കുഞ്ഞ് പുറത്ത് വന്നു തുടങ്ങി. അവിടാണല്ലോ അടുത്ത ടെന്‍ഷന്‍. കഴിഞ്ഞ ഒന്‍പത് മാസങ്ങളായുളള എന്റെ ടെന്‍ഷന്‍.

'മാഡം ... മോളല്ലേ...'

'അതേ... മോളാണ്...'

'ആ... സമാധാനമായി.'

അഞ്ച് മിനിറ്റിനുളളില്‍ കുഞ്ഞിനെ തുടച്ച് ചുന്ദരിയാക്കി എനിക്ക് മുന്നിലേക്ക് അവതരിപ്പിച്ചു. ആഹാ വെളുത്ത് തുടുത്ത് തലയില്‍ അഞ്ചെട്ട് ചെമ്പിച്ച പൂടയുമായി ഒരു സുന്ദരിക്കുട്ടി.  

അവളുടെ നെറ്റിയിലേക്ക് ചുണ്ടുകള്‍ ചേര്‍ത്ത് എന്റെ കണ്മണിക്കായുള്ള ആദ്യ ചുടുചുംബനം.

അവളുടെ കാതിലേക്കാഞ്ഞു ഞാന്‍ മെല്ലെ വിളിച്ചു, 'കിങ്ങിണീ...'

എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ മെല്ലെ നിറഞ്ഞൊഴുകി.

വര്‍ഷങ്ങള്‍ക്കു ശേഷം വാട്‌സാപ്പില്‍ ഒരു മെസേജ് വന്നത് ഡൌണ്‍ലോഡ് ചെയ്ത് നോക്കിയപ്പോള്‍ എന്റെ പ്രിയ ഡോക്ടറുടെ ചിത്രം. ഒപ്പം ഒരു വാചകം. 'She is no more'.

എനിക്കത് സ്വീകരിക്കാന്‍ പറ്റാത്തത് പോലെ. അന്ന് കുഞ്ഞിനെ എന്റെ നേരെ നീട്ടിയപ്പോള്‍ കണ്ണ് നിറഞ്ഞപോലെ ഒരിക്കല്‍ കൂടി എന്റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി. ഡോകടര്‍ മീര നായര്‍ ഇന്നീ ലോകത്തില്‍ ഇല്ല. മാഡത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ എന്റെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രണാമം.

 

 

Follow Us:
Download App:
  • android
  • ios