12 വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം യെമനെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഹൂതികൾക്കെതിരെ പോരാടാൻ എത്തിയ സൗദിയും യുഎഇയും തമ്മിലുള്ള ഭിന്നതകൾ രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. വിദേശ ശക്തികളുടെ ഇടപെടലുകളും ആഭ്യന്തര കലഹങ്ങളും യെമനെ എങ്ങനെ വിഭജിച്ചു എന്ന് ഈ ലേഖനം വ്യക്തമാക്കുന്നു.
12 വർഷം മുമ്പ് തുടങ്ങിയ ആഭ്യന്തരയുദ്ധം തകർത്തൊരു രാജ്യമാണ് യെമൻ. പരസ്പരം പോരടിക്കുന്ന ശക്തികൾ, രണ്ടുപക്ഷത്തിനും വിദേശശക്തികളുടെ പിന്തുണ. സൗദിയും യുഎഇയും പിന്തുണച്ചത് ഹൂതി വിരുദ്ധ സഖ്യത്തെ. പക്ഷേ, അതിലും ഭിന്നതകളുണ്ടായിരുന്നു. യുദ്ധം പിന്തുണച്ച സംഘടനകൾ തമ്മിലായി പിന്നെ. യുഎൻ ഇടപെട്ട് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഇറാൻ സംഘർഷത്തോടെ അത് അവസാനിച്ചു.
യെമനിൽ ഹൂതികൾ പിടിമുറുക്കുന്നു
അറബ് വസന്തത്തോടെ ചിന്നിച്ചിതറിയ രാജ്യമാണ് യെമൻ. 33 വർഷമായി രാജ്യം ഭരിച്ചിരുന്ന അലി അബ്ദുള്ള സലേ പുറത്തായി. ജിസിസി രാജ്യങ്ങൾ ഇടപെട്ടുണ്ടായ ധാരണയനുസരിച്ചായിരുന്നു പടിയിറക്കം. വൈസ് പ്രസിഡന്‍റ് മൻസൂർ ഹദി അധികാരമേറ്റു. 2 വർഷത്തെ താൽകാലിക സർക്കാർ രൂപീകരിച്ചു. വടക്കൻ യെമനിലെ ഷിയാ സംഘടനയായിരുന്നു 'അൻസാർ അള്ള' എന്ന 'ഹൂതി'കൾ. മുമ്പും സലേയ്ക്കെതിരായി യുദ്ധം ചെയ്ത ഹൂതികൾ, ഈ അസ്ഥിരത മുതലെടുത്തു, ആക്രമണവും തുടങ്ങി, മുൻ പ്രസിഡന്‍റ് സലേയുടെ സൈന്യവും ഹൂതികൾക്കൊപ്പം ചേർന്നു. ഹദിയെ വീട്ടുതടങ്കലിലാക്കി, ഹദി സ്ഥാനമൊഴിഞ്ഞു. യെമൻ മുഴുവൻ പിടിച്ചടക്കാനായി പിന്നെ ഹൂതികളുടെ ശ്രമം. ഇറാന്‍റെ പിന്തുണ അന്നേയുണ്ട്. അങ്ങനെയാണ് സൗദി നേതൃത്വത്തിലെ സഖ്യം യെമനിൽ കടന്നത്. അതോടെ യെമൻ രണ്ടായി. വടക്ക് ഹൂതികൾ. ആസ്ഥാനം സനാ. തെക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ, 'Presidential leadership council'.
ആദ്യം ഒന്നിച്ചു, പിന്നെ രണ്ടായി
അറബ് വസന്തത്തിന് ശേഷം സൗദിയും യുഎഇയും തമ്മിലെ ബന്ധം ശക്തിപ്പെട്ടിരുന്നു. പുറംലോകത്തെ സ്വാധീനശക്തികളെ ചെറുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, അതിൽ വിള്ളൽവീണു. കാരണം യെമനിലെ ഭിന്ന താൽപര്യങ്ങളാണ്. 2009 -ലാണ് സൗദി അറേബ്യ യെമനിൽ ഹുതികൾക്കെതിരായി സൈനികനീക്കം തുടങ്ങിയത്. പക്ഷേ, അത് ഫലം കണ്ടില്ല. 2015 -ൽ ഹൂതികൾ സർക്കാരിനെ പുറത്താക്കിയതോടെ സൗദിയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങൾ യെമനിൽ കടന്നു. ഹദി സർക്കാരിനെ പുനസ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇറാന്‍റെ സ്വാധീനത്തിലുള്ള ഹൂതികൾ യെമനിൽ പിടിമുറുക്കുന്നത് തടയുകയും. പക്ഷേ, ഹൂതികളെ തോൽപ്പിക്കാനായില്ല. ഒടുവിൽ യുഎൻ ഇടപെട്ട് വെടിനിർത്തൽ നടപ്പായി.

മുഹമ്മദ് ബിൻസൽമാൻ സൗദിയുടെ കിരീടാവകാശിയായതും മറ്റ് പലർക്കും സ്ഥാനം നഷ്ടപ്പെട്ടതും യെമനിലെ പരാജയങ്ങളെ തുടർന്നാണെന്നാണ് റിപ്പോർട്ട്. യെമനിൽ ആഭ്യന്തരയുദ്ധം പടർന്നതോടെ. സൗദിയും യുഎഇയും രണ്ടുപക്ഷത്തായി. യുഎഇ തെക്കൻ യെമനിലെ Southern Transitional Council (STC) -നെ പിന്തുണച്ചു. എസ്ടിസി രാജ്യത്തെ നിർണായകശക്തിയായി. സൗദിക്ക് പക്ഷേ, അതിർത്തിക്ക് തൊട്ടപ്പുറത്ത് ആഭ്യന്തരയുദ്ധത്തിൽ ചിന്നിച്ചിതറുന്ന രാജ്യം ആശങ്കയായി. ഏകീകൃത യെമനായിരുന്നു സൗദിയുടെ ലക്ഷ്യം. സൗദി പിന്തുണച്ചത് Presidential Council -നെയാണ്. പക്ഷേ, ആഭ്യന്തരഭിന്നതകളാണ് കൗൺസിലിന്‍റെ ശാപം.
ഹൂതിവിരുദ്ധരായ സായുധശക്തിയാണ് National Resistance Forces. മുൻ പ്രസിഡന്‍റ് സലേയുടെ ബന്ധുവാണ് നേതാവ്, പ്രസിഡൻഷ്യൽ കൗൺസിൽ അംഗവുമാണ്. മറ്റൊരു സംഘടനയുമുണ്ട് രംഗത്ത്. Islah Party (Al-Islah Party). സുന്നി മുന്നേറ്റമാണ്. മുസ്ലിം ബ്രദർഹുഡുമായാണ് ബന്ധം. സൗദി പിന്തുണക്കുന്ന അംഗീകൃത സർക്കാരിലെ നിർണായകശക്തിയാണ്. പക്ഷേ, യുഎഇയും എസ്ടിസിയും മുസ്ലിം ബ്രദർഹുഡിനെ ഭീകരവാദ സംഘടനയായാണ് കാണുന്നത്. യെമനിലെ എണ്ണപ്പാടങ്ങൾ ഇവരുടെ നിയന്ത്രണത്തിലാണെന്നത് വസ്തുത. യെമനിൽ നിന്ന് യുഎഇ സൈന്യത്തെ പിൻവലിച്ചിരുന്നു, പക്ഷേ, എസ്ടിസിയും (STC) മറ്റ് ചില സംഘടനകളും വഴി സ്വാധീനം ഇപ്പോഴും നിലനിർത്തുന്നു.
ഭിന്നതയ്ക്ക് കാരണം പലത്
ഹൂതികളും സൗദിയുമായുള്ള ശത്രുതയ്ക്ക് രാഷ്ട്രീയ കാരണം മാത്രമല്ല, സുന്നി - ഷിയാ ഭിന്നതകളും അടിസ്ഥാനമാണ്. ഇറാനുമായുള്ള സഖ്യത്തിന്‍റെ അടിസ്ഥാനവും മതവിശ്വാസം തന്നെ. ഇറാന്‍റെ നേതൃത്വത്തിലെ ആക്സിസ് ഓഫ് റെസിസ്റ്റൻസിന്‍റെ ഭാഗമായ ഹൂതികൾ ഗാസ യുദ്ധത്തിലും ഇടപെട്ടിരുന്നു, ഹമാസിന് വേണ്ടി. അന്ന് ഇസ്രയേലിനെ ആക്രമിച്ചു, ചെങ്കടലിലെ കപ്പൽ ഗതാഗതവും തടസപ്പെടുത്തി. കപ്പലുകളെയും അക്രമിച്ചു.

ചിതറിത്തെറിച്ച് യെമൻ
എങ്കിലും ഇപ്പോഴത്തെ ഇറാൻ സംഘർഷത്തിൽ നിന്ന് ഒരു പരിധിവരെ വിട്ടുനിന്നതാണ് ഹൂതികൾ. അത് അവസാനിച്ചത്, കഴിഞ്ഞ വർഷം സൗദി, സനായിലേക്ക് ആക്രമണം അഴിച്ച് വിട്ടതോടെയാണ്. ഖമനേയിയുടെ സംസ്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ യെമനികളെയും കൊണ്ട് ഇറാനിയൻ വിമാനം സനായിൽ ഇറങ്ങാൻ ശ്രമിച്ചതാണ് കാരണം. സൗദിയുടെ ആക്രമണം യുദ്ധപ്രഖ്യാപനമായി ഹൂതികൾ കണക്കാക്കി. പിന്നാലെ ഹൂതികൾ സൗദി ആക്രമിച്ച് തുടങ്ങി. അവർ പിന്നീട് ബാബ് അൽ മന്ദബിലേക്ക് കടന്നു. മോക്ക പിടിച്ചെടുത്തു. വിമാനത്താവളവും. ഇപ്പോൾ തയിസീന് ചുറ്റും തമ്പടിച്ചിരിക്കുന്നു. അംഗീകൃത സർക്കാരിന്‍റെ പ്രസിഡന്‍റായ റഷാദ് അൽ-അലിമിയുടെ നാട്. പല പല സംഘങ്ങൾ, പല താൽപര്യങ്ങൾ, ചിതറിയ രാജ്യമായിരിക്കുന്നു യെമൻ. ഏകീകരിക്കാനുള്ള ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. 1,200 കിമീ അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് സൗദിയും യെമനും. സൗദിയുടെ സാമ്പത്തിക സഹായം പണ്ടേയുണ്ട്. 20 ലക്ഷത്തോളം യെമനികൾ സൗദിയിലുണ്ട്. യെമനിലെ സൗദി അനുകൂല സംഘടനകളുടെ നേതാക്കളുടെ താമസം അധികവും സൗദിയിൽ തന്നെ.
ഹൂതി വിരുദ്ധ സംഘടനകകൾക്കുള്ളിലെ ഭിന്നതകളാണ് ഹൂതികളുടെ വിജയം. സൗദി അറേബ്യയ്ക്കുനേരെയുള്ള ഹൂതി ആക്രമണങ്ങൾ കടുത്തിരിക്കുന്നു. പൈപ്പ്ലൈനുകളടക്കം ലക്ഷ്യമിടുമ്പോൾ അതെല്ലാം തടയാനും സൗദിക്ക് കഴിയുന്നില്ല. പാകിസ്ഥാനും തുർക്കിയുമായുള്ള മക്ക കരാറിനും പരിധികളുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. തൽകാലം കാര്യങ്ങൾ പ്രവചനാതീതമാണ്.


