കശ്മീരിൽ കാര്യങ്ങൾ ശാന്തമാവുകയാണ്. പക്ഷേ, സാധാരണക്കാരുടെയും ടൂറിസത്തിൽ മാത്രം നിലനില്‍ക്കുന്ന കച്ചവടക്കാരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കശ്മീര്‍ താഴ്‍വാരയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ധനേഷ് രവീന്ദ്രന്‍റെ റിപ്പോർട്ട് വായിക്കാം. 


മ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ സംഘർഷ സാഹചര്യം ഉയർന്നതോടെ ചെറുതും വലുതുമായ 42 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടാതെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള മറ്റ് ഇടങ്ങളും പൂട്ടിയതോടെ ഇവിടേക്ക് എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ അടക്കം പ്രതിസന്ധിയിലായി. വൻകിട സംഭരങ്ങളെക്കാൾ, ചെറുകിട വ്യാപാരികളാണ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. 

ഇന്ത്യയുടെ പാകിസ്ഥാനും അതിർത്തി പങ്കിടുന്ന നീലം നദിയുടെ കരയില്‍, കേരന്‍ സെക്ടറില്‍ ആറ് മാസം മുമ്പാണ്  ജഹാംഗീർ സ്വന്തം ഹോട്ടല്‍ ആരംഭിച്ചത്.  ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിലെ കേരനിൽ കാഴ്ചകൾ കാണാൻ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഈ ഹോട്ടലും അതിന് സമീപം ചെറിയ താമസ സ്ഥലവും ഒരുക്കിയത്. ആറുലക്ഷം രൂപ ലോണെടുത്താണ് എല്ലാമൊന്ന് പുതുക്കി പണിതത്. പക്ഷേ, പഹൽഗാം  ഭീകരാക്രമണവും അതിർത്തി സംഘർഷവും സാഹചര്യങ്ങൾ രൂക്ഷമാക്കിയതോടെ കേരനിലെ വിനോദസഞ്ചാര കേന്ദ്രവും അടച്ചു. ഇതോടെ ഇവിടേക്ക് ആരും വരാതെയായി.

(കശ്മീര്‍ കേരന്‍ സെക്ടറിലെ ജഹാംഗീറിന്‍റെ ചായക്കട )

സഞ്ചാരികൾക്കായി മുറിയടക്കം തയ്യാറാക്കി എല്ലാം ഒന്ന് പുതുക്കി പണിതതാണ്. പക്ഷേ, ഹോട്ടല്‍ ആരംഭിച്ച ശേഷമുള്ള ആദ്യ സീസണില്‍ തന്നെ ആരും എത്താത്ത സാഹചര്യമാണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വലിയ പ്രതിസന്ധിലാണ് ഇവിടുത്തെ ടൂറിസം മേഖല. എല്ലാം ശരിയാകും എന്ന പ്രതീക്ഷ മാത്രമാണ് ഇവ‍ർക്ക് മുന്നിലുള്ളത്. ജഹാംഗീറിന്‍റെ ഹോട്ടലിലെ മട്ടൻ കറി കഴിക്കാൻ സഞ്ചാരികൾ തേടി എത്തിയിരുന്ന കാലമുണ്ടായിരുന്നു. നേരത്തെ എല്ലാം തയ്യാറാക്കി സഞ്ചാരികൾക് വിളമ്പാൻ കാത്തിരുന്ന കാലം. എന്നാൽ, ഇപ്പോൾ പ്രാദേശികമായി എത്തുന്നവർക്ക് മാത്രമായി ആഹാരം തയ്യാറാക്കി വെക്കും. നല്ല കച്ചവടം പ്രതീക്ഷിച്ചിടത്ത് ഇപ്പോൾ നിരാശ മാത്രം. 

പഹല്‍ഗാമിന് ശേഷം സഞ്ചാരികളുടെ വരവിൽ അറുപത് ശതമാനത്തോളം കുറവാണ് ജമ്മുകശ്മീരിലുണ്ടായെന്നാണ് ടൂറിസവുമായി ബന്ധപ്പെട്ട സംഘടനകളുടെ കണക്ക്. ആദ്യഘട്ടത്തിൽ വിമാനത്താവളങ്ങൾ അടച്ചതോടെ പുറത്തു നിന്ന് എത്തുന്ന വിനോദ സഞ്ചാരികളുടെ വരവ് നിലച്ചു. നിലവിൽ കാര്യങ്ങൾ സാധാരണഗതിയിലാകും എന്ന് പ്രതീക്ഷയിലാണ് ഇവർ. ടൂറിസ്റ്റ് കേന്ദ്രങ്ങൾ പൂർണ്ണമായി തുറക്കുന്നതിൽ സർക്കാരിന്‍റെയും സുരക്ഷാസേനയുടെയും തീരുമാനത്തിനായി കാത്തിരിക്കുകയാണ് ജഹാംഗറിനെപ്പോലെ നിരവധി ചെറുകിട കച്ചവടക്കാർ.

 

YouTube video player