ആളും ആയുധങ്ങളും ഒഴിഞ്ഞു. അതി‍ത്തിയും ശാന്തം. പക്ഷേ, തക‍ന്ന വീടുകൾക്ക് മുന്നില്‍ ഇനി എന്താണ് വേണ്ടതെന്ന ചോദ്യവുമായി കശ്മീരികൾ. കശ്മീര്‍ താഴ്വാരയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട‍ർ ധനേഷ് രവീന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിക്കാം. 


പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾക്ക് അയവ് വന്നെങ്കിലും അതിർത്തി മേഖലയിലെ ജനങ്ങളുടെ പുനരധിവാസം വലിയ വെല്ലുവിളിയാകുകയാണ്. നിരവധി വീടുകളാണ് പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ പൂർണ്ണമായും ഭാഗികമായും തകർന്നത്. ക്യാമ്പുകളിൽ നിന്നും മടങ്ങിയ പലരും വീടുകളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണുള്ളത്. വീടുകൾ തകർന്നവർക്ക് ഉടനടി സർക്കാരിന്‍റെ ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 

ബാരമുള്ളയിലെ ബാണ്ടിയിലെ മുഹമ്മദിന്‍റെ വീടാണിത്. പാക്കിസ്ഥാന്‍റെ അക്രമണത്തിൽ തകർന്ന നിരവധി വീടുകളിൽ ഒന്ന്.  തന്‍റെ വീടിന് മുന്നിൽ വീണ് പൊട്ടിച്ചിതറി എല്ലാം നശിപ്പിച്ച ഷെല്ലുകളുടെ ചീളുകളാണ് മുഹമ്മദിന്‍റെ  കൈവശമുള്ളത്. മുഹമ്മദിന്‍റെ വീടിന്‍റെ തൊട്ടടുത്തുള്ള സഹോദരന്‍റെ വീട്ടിലാണ് ഇപ്പോൾ മുഹമ്മദിന്‍റെ താമസം. ഷെല്ലാക്രമണത്തിൽ ഇപ്പോൾ താമസിക്കുന്ന വീടിനും കേടുപാടുണ്ടായി. കൈക്കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന കുടുംബത്തിലെ അംഗങ്ങളെ സുരക്ഷിതമാക്കി ബങ്കറിലേക്ക് മാറ്റിയത് കൊണ്ട് ആളപായമുണ്ടായില്ല. കയ്യിലുള്ളതെല്ലാം പെറുക്കിയെടുത്ത് മനോഹരമാക്കി പണിത വീടിന്‍റെ ഇപ്പോഴത്തെ അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് ഈ കുടുംബത്തിന് അറിയില്ല. പേടിച്ചുവിറച്ച് നിലവിളിച്ച കൈകുഞ്ഞുങ്ങളുമായി ബങ്കറിൽ  കഴിഞ്ഞ രാത്രിയെ ശപിച്ച് കൊണ്ട് മാത്രമേ ഇവർക്ക് അതെല്ലാം ഓർക്കാനാകൂ.

ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന മുഹമ്മദ് അടക്കമുള്ള സാധാരണക്കാർക്ക് വീടുകളുടെ പുനർനിർമ്മാണം വലിയ വെല്ലുവിളിയാണ്. അത്രയേറെ നാശനഷ്ടം പല വീടുകൾക്കും സംഭവിച്ചിട്ടുണ്ട്. ചില വീടുകൾ പൂർണ്ണമായി തന്നെ കത്തി നശിച്ചു.  അസ്ഥിവാരത്തില്‍ നിന്നും വീണ്ടും പുതിയൊരു വീട് പണിയുക എന്നത് അതിർത്തി ഗ്രാമങ്ങളിലെ ആളുകൾക്ക് വലിയ പ്രതിസന്ധിയാണ്. സർക്കാർ സഹായം ഉടനടി ലഭ്യമാക്കണമെന്ന് അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ആവശ്യപ്പെടുന്നു. 

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി ഉമർ അബ്ദുള്ള വീടുകൾ പുനർനിർമ്മിക്കാൻ സർക്കാർ സഹായം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ പ്രഖ്യാപനം നടപ്പാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജമ്മുകശ്മീരിൽ ഭീകരരുടെ അടിവേര് തകർക്കാൻ സുരക്ഷാസേന കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. 48 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരെ വധിച്ചതിന് പിന്നാലെ കൂടുതൽ തിരച്ചിൽ നടപടികൾ സൈന്യം തെക്കൻ കാശ്മീരിൽ തുടങ്ങി. കശ്മീരിൽ  സംയുക്ത വാർത്താ സമ്മേളനം നടത്തി സുരക്ഷാസേന നടപടികൾ കടുപ്പിക്കുന്നതിന്‍റെ സൂചനയാണ് നൽകിയത്. 

അതേസമയം അതിർത്തി മേഖലയിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ജമ്മുകശ്മീർ സർക്കാർ സമിതിയെ നിയോഗിച്ചു. അതിർത്തി ഗ്രാമങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെയാണ് സർക്കാര്‍ നിയോഗിച്ചത്. നാശനഷ്ടങ്ങൾ സർക്കാരിനെ നേരിട്ട് അറിയിക്കാൻ പൊതുജനങ്ങൾക്ക് വാട്സ്ആപ്പ് നമ്പറുകളും കൈമാറി. നിയന്ത്രണ രേഖയിൽ പൊട്ടാതെ കിടക്കുന്ന പാക്ക് ഷെല്ലുകളാണ് മറ്റൊരു പ്രതിസന്ധി. ഇന്നലെ ഉറിയിൽ നിന്നും പൊട്ടാത്ത പാക്ക് ഷെല്ലുകൾ സുരക്ഷാ സേനയുടെ തിരച്ചിലിനിടെ കണ്ടെത്തി. തകർന്ന വീടിന് സമീപമാണ് ഷെല്ല് കണ്ടെത്തിയത്. ഇത് നീർവീര്യമാക്കാൻ പോലീസ് നടപടികൾ തുടങ്ങി. ഇന്നും  അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊട്ടാതെ കിടക്കുന്ന പാക് ഷെല്ലുകൾ തേടി സുരക്ഷാ സേന നടപടികൾ തുടരും.