അമേരിക്കൻ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ നിലപാട് കടുപ്പിക്കുമ്പോൾ ഹോർമൂസ് കടലിടുക്ക് വീണ്ടും സംഘർഷഭരിതമാകുന്നു. ഇറാന്റെ ആണവപദ്ധതിയും പ്രോക്സി സംഘടനകളും പശ്ചിമേഷ്യയെ യുദ്ധമുനയിൽ നിർത്തുന്നതിനൊപ്പം, എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും ചില രാജ്യങ്ങൾ ഈ പ്രതിസന്ധിയിൽ നിന്ന് എങ്ങനെ ലാഭം കൊയ്യുന്നുവെന്നും വായിക്കാം.
അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാനും വ്യക്തമാക്കി. ഒരേസമയം ആക്രമണവും ധാരണക്കുള്ള അഭ്യർത്ഥനയും നടത്തുന്ന അമേരിക്കൻ പ്രസിഡന്‍റ്. കുടുക്കിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണെന്നും ഇറാൻ ദേശീയ സുരക്ഷാ കമ്മിറ്റി മേധാവി എടുത്ത് പറഞ്ഞു. തർക്ക വിഷയം ഇപ്പോഴും പഴയത് തന്നെയാണ്. ഹോർമൂസിന്‍റെ നിയന്ത്രണം. അത് തൽകാലം ഇറാന്‍റെ കൈയിലാണ്. പറ്റില്ലെന്ന് അമേരിക്ക. ഉപരോധങ്ങൾ പിൻവലിക്കണമെന്നും ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ. യുറേനിയം സമ്പുഷ്ടീകരണത്തിലെ ധാരണയാകാതെ രണ്ടുമില്ലെന്ന് അമേരിക്ക.
സമ്പുഷ്ടീകരിച്ച യുറേനിയം
ആണവ ബോംബുണ്ടാക്കാൻ ശ്രമിക്കുന്നു ഇറാൻ എന്നാണ് അമേരിക്കൻ പക്ഷം. ഇല്ല, ഊർജാവശ്യത്തിനെന്ന് ഇറാൻ. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരമാണ് അമേരിക്കയുടെ ആശങ്ക. അതിലൽപം കാര്യമുണ്ട് താനും. ഇപ്പോഴുള്ള ശേഖരം 60 ശതമാനം ശുദ്ധീകരിച്ചതാണ്. ഊർജാവശ്യത്തിന് അത്രയും ശുദ്ധീകരിക്കേണ്ട ആവശ്യമില്ല. അതേസമയം ആണവായുധത്തിന് വേണ്ടത് 90 ശതമാനം ശുദ്ധീകരണമാണ് സാങ്കേതികമായി ചെറിയൊരു പടി കൂടി കഴിഞ്ഞാൽ ആയുധത്തിന് വേണ്ട യുറേനിയമാകും ഇറാന്‍റെ ആണവ ശേഖരം. നൂറുകണക്കിന് കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയമുണ്ടിപ്പോൾ ഇറാന്‍റെ ശേഖരത്തിൽ. ആഴ്ചകൾക്കകം അതെല്ലാം ആയുധത്തിന് വേണ്ടത്ര അളവിൽ ശുദ്ധീകരിക്കാനാവും. അതിലാണ് അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആശങ്ക.

(നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം, ഇറാൻ)
എന്തു കൊണ്ട് ഇറാൻ?
ചില കാഴ്ചപ്പാടുകളും വിശകലനങ്ങളും ഇതിന്‍റെയെല്ലാം മറ്റൊരുവശം കൂടി വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക വിപ്ലവത്തിന് (Islamic Revolution in Iran) ശേഷമുള്ള ഇറാന്‍റെ പ്രഖ്യാപിത നിലപാടും ഇതുവരെയുള്ള നീക്കങ്ങളും വിശകലനം ചെയ്തുള്ള കാഴ്ചപ്പാടാണ്. ഇറാൻ എന്തുകൊണ്ടിങ്ങനെ? അന്തിമലക്ഷ്യമെന്ത്? ഇസ്രയേലും ട്രംപിന്‍റെ അമേരിക്കയും എന്തുകൊണ്ടിങ്ങനെ? എന്നൊക്കെയുള്ള വിശകലനം. അത്രപെട്ടെന്ന് തള്ളിക്കളയാൻ പറ്റാത്ത ഒന്ന്.
ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് (1979) ശേഷം പ്രഖ്യാപിച്ച ലക്ഷ്യം അമേരിക്കയുടെയും ഇസ്രയേലിന്‍റെയും സർവനാശമാണ്. മരണം! പിന്നത്തെ ലക്ഷ്യം അതിർത്തിക്കപ്പുറത്തേക്കും പടരുന്ന ഇസ്ലാമിക രാജ്യം. ഇസ്ലാമിക് സ്റ്റേറ്റിനും അൽഖ്വയ്ദയ്ക്കും സുന്നി കാലിഫേറ്റ് (Sunni Caliphate) ആയിരുന്നെങ്കിൽ ഇറാനത് ഷിയാ കാലിഫേറ്റാണ് (Shia caliphate). മുഹമ്മദ് നബിയുടെ മരണശേഷം തുടങ്ങിയ ഭിന്നതകൾ. പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കയെ പുറത്താക്കുക, തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക. IRGC എന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ പ്രവർത്തനം അതാണ്. അതിർത്തിക്കപ്പുറത്ത് സായുധ സംഘടനകളെ തയ്യാറാക്കുന്നത് IRGC -യുടെ സായുധ വിഭാഗമായ Quds Force -ന്‍റെ ചുമതല. പ്രത്യേകിച്ച് ഇസ്രയേലിന് ചുറ്റും. ഹമാസ്, ഹൂതി, ഹെസ്ബുള്ള എല്ലാം ഇറാൻറെ പ്രോക്സി സംഘടനകൾ. ഇറാൻ പറഞ്ഞാൽ വാളെടുക്കുന്നവർ.
അമേരിക്കയിൽ വന്ന് പോയ പ്രസിഡന്‍റുമാരൊന്നും ഏറ്റുമുട്ടലിന് നിന്നില്ല. ഇളവുകൾ നൽകി ഇറാന്. അതിലൂടെ ഉണ്ടായ സമാധാനം താൽകാലികമെന്നാണ് നിരീക്ഷണം. ഇറാൻ ഒരിക്കലും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം ഉപേക്ഷിച്ചില്ലെന്നും. ഒബാമയുമായി ഒപ്പിട്ട കരാറിന് ശേഷവും ഖമനേയി ലക്ഷ്യം ആവർത്തിച്ചു. 25 വർഷത്തിനകം ഇസ്രയേലിനെ തുടച്ച് നീക്കും. അതുതന്നെ ആവർത്തിച്ചിരിക്കുകയാണ് ഇപ്പോൾ മുജ്തബ ഖമനേയിയും.
അബ്രഹാം അക്കോർഡ്സ്
ഹമാസിന്‍റെ ഒക്ടോബർ 7 ആക്രമണമുണ്ടായത് ട്രംപിന്‍റെ അബ്രഹാം അക്കോർഡ്സിലൂടെ (Abraham Accords) കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചതോടെയാണ്. യുദ്ധത്തിൽ ഹമാസിനൊപ്പം ഹെസ്ബുള്ളയും ഹൂതികളും ഇറാഖിലെ ഷിയ സംഘടനകളും ചേർന്നു. ഇപ്പോഴത്തെ യുദ്ധത്തിൽ യുഎഇയിൽ ഡ്രോണുകൾ വീണത് ഇറാഖിൽ നിന്നാണ്. ഇറാന്‍റെ പ്രോക്സിയായിരുന്ന സിറിയ പക്ഷേ, കൈവിട്ടു പോയി. ഷിയ രാജ്യമായിരുന്ന സിറിയ ഇന്ന് സുന്നികളുടെ കൈയിലാണ്. സൗദി അറേബ്യയാണ് അതിന് മുൻകൈയെടുത്തത് എന്നതിൽ നിന്ന് ഊഹിക്കാം ഇറാന്‍റെ സ്വാധീനം ചെറുക്കാനുള്ള നീക്കമായിരുന്നു അതെന്ന്.

(2020 സെപ്റ്റംബർ 15 -ന് വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിന്‍റെ സൗത്ത് ലോണിൽ അബ്രഹാം കരാറുകൾ ഒപ്പുവച്ച ശേഷം മാധ്യമങ്ങളെ അഭിവാദ്യം ചെയ്യുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ-നഹ്യാൻ എന്നിവർ.)
ഇറാഖിൽ വച്ച് ജനറൽ സുലൈമാനി കൊല്ലപ്പെട്ടത് ഇറാന് തിരിച്ചടിയായിരുന്നു. ഖമനേയിയടക്കമുള്ള നേതാക്കളും ഇപ്പോഴത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടു. പക്ഷേ, അപ്പോഴും മതനേതൃത്വം രൂപപ്പെടുത്തിയ ആശയപരമായ യുദ്ധം അവസാനിച്ചിട്ടില്ല. അത് ലക്ഷ്യമാക്കി നീങ്ങുന്ന മറ്റൊരു നിര വളരെ പെട്ടെന്നാണ് ഇറാനിൽ രൂപപ്പെട്ടത്. ഭരണനേതൃത്വത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യത്തിന് അമേരിക്കൻ ഇസ്രയേൽ വിനാശമെന്ന ലക്ഷ്യത്തിന് ഇതുവരെ മങ്ങലേറ്റിട്ടുമില്ല.
അമേരിക്കയിൽ ജനത്തിന് താൽപര്യമില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്‍റെ കാഴ്ചപ്പാട് അങ്ങനെയല്ല. ഡമോക്രാറ്റുകൾക്ക് യുദ്ധത്തോട് താൽപര്യം കുറവാണ്. പക്ഷേ, റിപബ്ലിക്കൻ നേതാക്കളിൽ ചെറുതല്ലാത്ത വിഭാഗത്തിന് ഇറാന് ആനുകൂല്യങ്ങൾ നൽകിയുള്ള ധാരണയിൽ താൽപര്യമില്ല. ഇറാന്‍റെ ആശയങ്ങളിലും ലക്ഷ്യങ്ങളിലും മാറ്റമില്ലാത്തിടത്തോളം ഇസ്രയേലിന്‍റെ കാഴ്ചപ്പാടും മാറില്ല. അങ്ങനെ നോക്കിയാൽ ഇപ്പോൾ ധാരണയുണ്ടായാലും സംഘർഷ സാധ്യത എപ്പോഴും നിലനിൽക്കും. ഇറാന്‍റെ മതനേതൃത്വത്തിൽ മാറ്റമുണ്ടാകുന്നതുവരെയോ അവരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകുന്നതുവരെയോ സംഘർഷം സാധ്യതയായി ശേഷിക്കും. കാഴ്ചപ്പാട് മാറ്റം അസംഭവ്യം.
ലാഭം കൊയ്യുന്നവർ
ഇറാൻ സംഘർഷം കാരണം എണ്ണക്ഷാമവും ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഒക്കെ രാജ്യങ്ങളെ വരിഞ്ഞുമുറുക്കുകയാണ്. പക്ഷേ, അതിൽ നിന്ന് ലാഭമുണ്ടാക്കുന്നവരുണ്ട്. ഒന്ന് റഷ്യ. പക്ഷേ, റഷ്യക്കതിൽ നിന്ന് കിട്ടുന്ന ലാഭം യുക്രെയ്ൻ യുദ്ധത്തിലൊഴുക്കിക്കളയാനേ പറ്റൂ. എന്നാൽ, മറ്റ് ചില രാജ്യങ്ങളുടെ സ്ഥിതി അതല്ല. വിതരണ ശൃംഖലകളുടെ തടസ്സം പോലും ബാധിക്കാത്ത രാജ്യങ്ങൾ. ബ്രൂണേ, ഗാബൺ, അർജന്‍റീന, അംഗോള. ബ്രൂണേയുടെ ക്രൂഡിനും ശുദ്ധീകരിച്ച ഉത്പന്നങ്ങൾക്കും പൊന്നും വിലയാണിപ്പോൾ. കയറ്റുമതി കൂടി. ഏപ്രിലിൽ 2.74 മില്യൻ ബാരലായി. 2025 ഏപ്രിലിൽ 1.84 മില്യനായിരുന്നു കയറ്റുമതി. ഓസ്ട്രേലിയയിലേക്കാണ് വലിയൊരു പങ്ക്. എൽഎൻജിയുടെ കയറ്റുമതിയിലും വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിലക്കയറ്റം മറ്റൊരു ബോണസ്.
ആഫ്രിക്കൻ രാജ്യങ്ങളായ അംഗോളയും ഗാബണും ഈ വിഭാഗത്തിൽ തന്നെയാണ്. ക്രൂഡും എൽഎൻജിയും കയറ്റുമതിയിൽ മുമ്പിൽ അംഗോളയുടേത്, 31,86 മില്യൻ ബാരൽ. 4,20,000 ടൺ എൽഎൻജി. ഗാബണിന്‍റെ കയറ്റുമതിയും കുതിച്ചുയർന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കും കിട്ടി അവസരം. അർജന്‍റീനയുടെ ക്രൂഡ് കയറ്റുമതി വൻതോതിൽ ഉയർന്നു. ഗയാന, നൈജീരിയ, അൾജീരിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കും ലാഭവിഹിതം കിട്ടുന്നുണ്ട്. ഇതെല്ലാം പോരാതെ ഒമാനുമുണ്ട് നേട്ടം. ഹോർമൂസ് ഒമാന്‍റെ തീരമാണെങ്കിലും കയറ്റുമതി എല്ലാം അതിന് പുറത്തുള്ള കപ്പൽപാത വഴിയാണ്. കയറ്റുമതി കൂത്തനെ കൂടി ഒമാനും. 8 ലക്ഷം ടൺ ആയിരുന്നത് ഇപ്പോൾ 10 ലക്ഷം കവിഞ്ഞിരിക്കുന്നു. ക്രൂഡ് മാത്രമല്ല ഇവരുടെയൊക്കെ കയറ്റുമതി. ശുദ്ധീകരിച്ച ഉത്പന്നങ്ങളുമുണ്ട്. അതുകൊണ്ട് ഇരട്ടിനേട്ടം.

(ഖാർഖ് ദ്വീപ്)
പൊട്ടിത്തെറിക്കുമോ എണ്ണ?
അതേസമയം അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഒരു ഭീഷണിയുടെ വ്യാഖ്യാനം അമേരിക്കൻ മാധ്യമങ്ങൾക്ക് തലക്കെട്ടായി, 'Exploding oil'. ഇറാന്‍റെ എണ്ണശൃംഖല പൊട്ടിത്തെറിക്കും എന്നർത്ഥം. എണ്ണ ശേഖരിക്കാൻ സ്ഥലം കുറവാണിപ്പോൾ ഇറാന്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇറാന്‍റെ എണ്ണശേഖരം കുറേയൊക്കെ തീരക്കടലിലാണ്. ഖർഗ് ദ്വീപിലും. ഖർഗിലേക്ക് എണ്ണപോകുന്നത് പൈപ്പ് ലൈനുകൾ വഴിയുമാണ്. ഈ പൈപ്പ് ലൈനുകൾ അടഞ്ഞ് പോയാൽ എന്തുസംഭവിക്കും. വിസ്ഫോടനം. അങ്ങനെയൊരു വ്യാഖ്യാനത്തിന് അടിസ്ഥാനമുണ്ട്. ഹോർമൂസടച്ചതോടെ, പശ്ചിമേഷ്യൻ എണ്ണക്കിണറുകൾ പലതും അടയ്ക്കേണ്ടിവന്നു. ഇറാനും അത് ചെയ്തിട്ടുണ്ട്. ഖനനം ചെയ്താൽ കയറ്റി അയക്കണം അല്ലെങ്കിൽ സൂക്ഷിക്കാൻ തക്ക സൗകര്യം വേണം. രണ്ടുമില്ലെങ്കിൽ ഖനനം ചെയ്യാതിരിക്കുക മാത്രമാണ് വഴി.
അപ്പോൾ എണ്ണക്കിണറുകൾ അടയ്ക്കുക. അതും പക്ഷേ, വെറുതേയങ്ങ് അടയ്ക്കാൻ പറ്റില്ല. കണക്കുകൂട്ടി, ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ചെയ്യണം. ഇനി അങ്ങനെ തന്നെ അടച്ചാലും പ്രശ്നമുണ്ട്. ഭൂഗർഭത്തിൽ മർദ്ദം കൂടും, താഴോട്ട് അതിന്‍റെ മാറ്റങ്ങളുണ്ടാകും. സമീപത്തുള്ള കിണറുകളെ ബാധിക്കും . വെള്ളം അരിച്ചുകയറും. ഉപകരണങ്ങളും തകരാറിലാകും. ദ്രവിക്കും. മണ്ണുകയറും. കോൺക്രീറ്റ് ട്യൂബുകളിൽ ചോർച്ചയുണ്ടാകും. അപൂർവമായെങ്കിലും സ്ഫോടനങ്ങളും. അപൂർവമാണ്. അത് തുറക്കുന്നതും എളുപ്പമല്ല. ആഴ്ചകളെടുക്കും. എണ്ണസംഭരണികൾക്ക് തകരാറില്ലെന്ന് ഉറപ്പിക്കണം. മർദ്ദം ക്രമീകരിക്കണം. പക്ഷേ, ഇതൊക്കെ പരിചയമുള്ള കാര്യങ്ങളാണ് എണ്ണയുത്പാദക രാജ്യങ്ങൾക്കൊക്കെ. കാരണം, കൊവിഡ് കാലത്തും അല്ലാതെയും ഒരുപാട് എണ്ണക്കിണറുകൾ അടച്ചിട്ടിട്ടുണ്ട്. പക്ഷേ, ട്രംപ് ഉദ്ദേശിച്ചത് ആക്രമണമാണെങ്കിൽ കഥ വേറെയാകും.


