ഇറാനും അമേരിക്കയും തമ്മിൽ ധാരണയായെന്ന റിപ്പോർട്ടുകൾക്കിടയിലും ഇരുഭാഗത്തുനിന്നും ആക്രമണങ്ങൾ തുടരുകയാണ്. ഹോർമൂസ് കടലിടുക്ക്, മരവിപ്പിച്ച ആസ്തികൾ, അബ്രഹാം അക്കോർഡ്സ് തുടങ്ങിയ വിഷയങ്ങൾ ചർച്ചകളെ സങ്കീർണ്ണമാക്കുമ്പോൾ, സംഘർഷം പരിഹാരമില്ലാതെ നീളുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ധാരണയായെന്ന് ഇറാൻ. ഇല്ലെന്ന് അമേരിക്ക. മധ്യസ്ഥർ തമ്മിൽ ധാരണയിലെത്തി, ട്രംപ് ഒപ്പിട്ടാൽമതി, അതിനെക്കുറിച്ച് അറിയില്ലെന്ന് അമേരിക്ക. ധാരണയേ ഇല്ലെന്ന് ആദ്യം ഇറാൻ പറഞ്ഞു. പിന്നെ നിശബ്ദത. ഇതിനിടയിലും ഗൾഫ് രാജ്യങ്ങൾക്കു് നേരെ ആക്രമണം. 60 ദിവസത്തെ വെടിനിർത്തലെന്നും ചർച്ചകൾ തുടരുമെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഇതെല്ലാം നടക്കുന്നതും. ഇറാൻ സംഘർഷത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിൽ. സംഘർഷം ഇനിയൊരു പതിവ് കഥയാകുമെന്നും നേരിട്ടും അല്ലാതെയും ഇറാൻ ഇനിയും ഏറ്റുമുട്ടുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്യങ്ങൾ വഷളാക്കുകയാണ് ഈയാക്രമണത്തിലൂടെ അമേരിക്ക ചെയ്തതെന്നാണ് പൊതുപക്ഷം. അതല്ലാതെയും ഒരു പക്ഷമുണ്ട്.

ചർച്ച, ചർച്ചയ്ക്കിടെ ആക്രമണം

ചർച്ചകൾ നടക്കുന്നുവെന്നും ധാരണ ഉടനെയില്ലെങ്കിലും ഒരു പൊതു ധാരണാപത്രം (Memorandum of Understanding) ഉടനുണ്ടാവും എന്നൊക്കെയാണ് തിങ്കളാഴ്ച രാത്രിവരെ വന്ന റിപ്പോർട്ട്. ട്രംപിനെ സ്വാധീനിക്കാൻ പ്രയാസമെന്ന് ഇസ്രയേലി പ്രധാനമന്ത്രി സമ്മതിച്ചതായും റിപ്പോർട്ട് വന്നു. ചൊവ്വാഴ്ച പുറത്ത് വന്നത് അമേരിക്ക ഇറാനിൽ വീണ്ടും ആക്രമണം നടത്തിയെന്ന വാർത്തയാണ്. അതിനും തൊട്ടുമുമ്പാണ് സമാധാന ധാരണയുടെ കരട് കിട്ടിയെന്ന ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്‍റെ റിപ്പോർട്ട് വന്നത്. ലോകം ആശ്വസിച്ചു. ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സും അത് സ്ഥീരികരിച്ച് ട്വീറ്റ് ചെയ്തു. അമേരിക്കൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് ലോകവും പ്രതീക്ഷിച്ചു. പക്ഷേ, വൈറ്റ് ഹൗസിന്‍റെ നിഷേധക്കുറിപ്പ് അതിന് മുമ്പേ പുറത്തുവന്നു. എല്ലാം വെറുതേ. ഒരു ധാരണയുമുണ്ടായിട്ടില്ലെന്ന്. തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. മിസൈൽ കേന്ദ്രങ്ങളും മൈനുകൾ സ്ഥാപിക്കാൻ തയ്യാറെടുത്ത ബോട്ടുകളുമാണ് ആക്രമിച്ചതെന്ന് അമേരിക്ക. മുജ്തബ ഖമനേയിയുടെ ഭീഷണി പിന്നാലെയെത്തി. അമേരിക്കൻ ഡ്രോണും യുദ്ധവിമാനവും തങ്ങൾ ആക്രമിച്ചുവെന്ന് ഇറാൻ. രണ്ടുദിവസത്തിനകം അമേരിക്ക മൂന്ന് തവണ ആക്രമണം നടത്തി.

ഹോർമൂസ്

ഹോ‍‍ർമൂസിൽ ഇറാനും ഒമാനും സംയുക്ത നിയന്ത്രണം എന്നാണ് ഇറാൻ അറിയിച്ചത്. ഹോർമൂസ് ഒറ്റക്കാരും നിയന്ത്രിക്കേണ്ടെന്ന് വ്യക്തമാക്കിയ അമേരിക്കൻ പ്രസിഡന്‍റ് ഒമാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കയും ഒമാനും തമ്മിൽ കാലങ്ങളായുള്ള സൈനിക, സാമ്പത്തിക ബന്ധം അവഗണിച്ച് കൊണ്ട്. തകർത്ത് കളയും എന്നായിരുന്നു ഭീഷണി. മാത്രമല്ല, ഹോർമൂസിന്‍റെ നിയന്ത്രണത്തിനായി രൂപീകരിച്ച പേർഷ്യൻ ഗൾഫ് അതോറിറ്റിക്ക് (Persian Gulf Strait Authority -PGSA) മേൽ ഉപരോധവും ഏർപ്പെടുത്തി. കിട്ടിയെന്ന് ഇറാൻ അവകാശപ്പെട്ട കരട് ധാരണയിൽ സംതൃപ്തനല്ലെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് പിന്നീട് അറിയിച്ചത്. 24 മണിക്കൂറിനകം പിന്നെയും ആക്രമണം. പിന്നെയുമൊരു പൊതു ധാരണായുടെ വാർത്ത.

അടയാത്ത വഴികൾ

പ്രതിരോധമെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡിന്‍റെ അറിയിപ്പ്. ഹോർമൂസിനടുത്തുള്ള നാവികാസ്ഥാനമാണ് ആക്രമിച്ചത്. ബന്ദർ അബ്ബാസ് (Bandar Abbas) എന്ന തുറമുഖ നഗരമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണശേഷം, മാർകോ റൂബിയോയുടെ പ്രസ്താവന വന്നു. ധാരണക്കുള്ള 'വഴിയടഞ്ഞിട്ടില്ല. ഖത്തറിൽ ചർച്ച നടക്കട്ടെ'യെന്ന്. ഖത്തറിൽ ചർച്ചക്കെത്തിയത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫുമാണ്. ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടുന്നതിലടക്കം ധാരണയിലെ വ്യവസ്ഥകളിലാണ് ചർച്ച നടന്നത്. ഹോർമൂസ് തുറക്കുന്നതിലും യുറേനിയത്തിലും ചർച്ച നടന്നു. ആസ്തിയുട ഒരു ഭാഗം വിട്ടുകൊടുക്കാമെന്ന് അമേരിക്ക സമ്മതിച്ചതായി ഇറാനിയൻ മാധ്യമം റിപ്പോർട്ടും ചെയ്തു. അതിിന് പകരം ഹോർമൂ്സ് തുറക്കാമെന്ന് ഇറാനും സമ്മതിച്ചു എന്നായിരുന്നു റിപ്പോർട്ട്. 5 ബില്യന്‍റെ ആസ്തി 2023 -ൽ അമേരിക്ക തെക്കൻ കൊറിയയിൽ നിന്ന് ഖത്തറിലേക്ക് മാറ്റിയിരുന്നു. ഇറാന്‍റെ തടവിലുണ്ടായിരുന്ന 5 അമേരിക്കൻ പൌരൻമാരുടെ മോചനത്തിന് പകരമായി. പക്ഷേ, അത് ഇറാന് നൽകും മുമ്പ് ഹമാസ് ഇസ്രയേലിൽ കടന്നുകയറി. ഒക്ടോബർ 7 -ന്‍റെ ആക്രമണം. അതോടെ ഫണ്ട് പിന്നെയും അമേരിക്ക മരവിപ്പിച്ചു. 24 ബില്യനുണ്ടെന്നാണ് ഇറാന്‍റെ വാദം.

ധാരണയെന്ന് ഇറാൻ

എന്തായാലും സ്പീക്കർ ഖാലിബാഫ് ഇറാനിലേക്ക് മടങ്ങുകയും ചെയ്തു. ഇഥിൽ മാത്രമാണ് ധാരണയാകാനുള്ളത് എന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് വിട്ടുകിട്ടിയാൽ യുദ്ധത്തിലെ നാശനഷ്ടത്തിന് പരിഹാരമാകുമെന്ന് ഇറാൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആസ്തി കിട്ടുക, യുദ്ധത്തിന് അവസാനം, ഹോർമൂസ് പൂർവസ്ഥിതിയിലാക്കാൻ 30 ദിവസത്തെ സമയം, ഇതൊക്കെയാണ് ആദ്യഘട്ടത്തിലെ ധാരണയിൽ ഉൾപ്പെടുത്തുകയെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവ പദ്ധതിയിലെ ധാരണകൾ രണ്ടാംഘട്ടത്തിൽ എന്നും. ഹോർമൂസിലൂടെ കപ്പലുകൾ കുറേയൊക്കെ കടത്തിവിട്ടുതുടങ്ങിയിരുന്നു ഇറാൻ. സൌഹൃദമോ ധാരണകളോ ഉള്ള രാജ്യങ്ങളിലേക്കാണ് കപ്പലുകൾ കടന്ന് പോയത്.

എന്ത് ധാരണയെന്ന് യുഎസ്

കാര്യങ്ങൾ അത്രവരെയെത്തിയപ്പോഴാണ് അമേരിക്കയുടെ ആക്രമണം. തിരിച്ചും ആക്രമിച്ചുവെന്ന് ഇറാനും അറിയിച്ചു. മുജ്തബ ഖമനേയിയുടെ പ്രസ്താവനയും വന്നു. പശ്ചിമേഷ്യയിലിനി അമേരിക്കൻ ആസ്ഥാനങ്ങൾ അനുവദിക്കില്ലെന്ന ഭീഷണി ആവർത്തിച്ചു. പിന്നാലെ അയത്തൊള്ള അലി ഖൊമൈനി പണ്ട് മുഴക്കിയ മുദ്രാവാക്യവും. 'Death to America, Death to Israel'. അതായിരിക്കും ഇനി ഇസ്ലാമിക രാജ്യത്തിന്‍റെയും അടിച്ചമർത്തപ്പെട്ട ജനതയുടെയും മുദ്രാവാക്യം എന്നും പ്രഖ്യാപിച്ചു. എല്ലാം പ്രസ്താവനകളാണ്. മുജ്തബ ജീവിച്ചിരിപ്പുണ്ടോയെന്ന് സംശയമുണ്ടായിരുന്നു അടുത്ത നാൾ വരെ. ജീവിച്ചിരിപ്പുണ്ടെന്ന് അമേരിക്കൻ ഇന്‍റലിജൻസ് കണ്ടെത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തു. അതേസമയം മുജ്തബ തന്നെയാണോ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നതിൽ ഇപ്പോഴും സംശയങ്ങളുണ്ട്. സ്ഥാനമേറ്റ ശേഷം, മുജ്തബയെ പുറംലോകം കണ്ടിട്ടില്ല. പരിക്കേറ്റ മുജ്തബ രഹസ്യകേന്ദ്രത്തിലാണെന്നാണ് വിവരം.

ട്രംപിന്‍റെ അബ്രഹാം അക്കോർഡ്സ്

ചർച്ചകൾക്കിടെ മറ്റൊരു ആവശ്യം അമേരിക്കൻ പ്രസിഡന്‍റ് ഉന്നയിച്ചിരുന്നു. താനായി രൂപപ്പെടുത്തിയ അബ്രഹാം അക്കോർഡ്സിൽ (Abraham Accords) എല്ലാ അറബ് - മുസ്ലിം രാഷ്ട്രങ്ങളും ഒപ്പിടണമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പലസ്തീൻ വിഷയ പരിഹാരമില്ലാതെ ഒപ്പിടില്ലെന്നായിരുന്നു സൌദിയുടെ നിലപാട്. ഇസ്ലാം മതത്തിലെ വിശുദ്ധ സ്ഥലങ്ങളായ മക്കയും മദീനയും പരിപാലിക്കുന്ന സൌദിക്ക് പലസ്തീൻ വിഷയം നിസാരമായി തള്ളാനാവില്ല. അതാണ് കാരണം. സൌദി അറേബ്യ കൂടതെ, ഖത്തർ. പാകിസ്ഥാൻ, ഈജിപ്ത്, ജോർദ്ദാൻ, തുർക്കി എന്നിവരെല്ലാം ഒപ്പിടണം. എങ്കിലേ ഇറാൻ സംഘർഷ പരിഹാരം പൂർണമാകു എന്നായിരുന്നു ട്രംപിന്‍റെ പോസ്റ്റ്.

മാത്രമല്ല, ഇറാനും അതിൽ പങ്കാളിയായാൽ സമാനതകളില്ലാത്ത സഖ്യമാകുമത് എന്നും കുറിച്ചു. അബ്രഹാം അക്കോർഡ്സിന്‍റെ ലക്ഷ്യം ഇസ്രയേലുമായുള്ള സഹകരണമാണ്. ധാരണയിൽ ഒപ്പിട്ടില്ലെങ്കിലും ഈജിപ്തനും ജോർദാനും തുർക്കിക്കും ഇസ്രയേലുമായി നയതന്ത്ര ബന്ധമുണ്ട്. ഗാസ യുദ്ധത്തോടെ അതിൽ ഉലച്ചിലുണ്ടായെങ്കിലും. യുഎഇയും ബഹ്റൈനും 2020 -ൽ തന്നെ കരാറിൽ ഒപ്പിട്ടിരുന്നു. മൊറോക്കോയും സുഡാനുമാണ് കരാറിൽ ഒപ്പിട്ട മറ്റ് രാജ്യങ്ങൾ. പക്ഷേ, ചർച്ചകളിൽ മധ്യസ്ഥം വഹിക്കുന്ന പാകിസ്ഥാൻ ട്രംപിന്‍റെ നിർദ്ദേശത്തോട് വിയോജിച്ചു. അബ്രഹാം അക്കോർഡ്സുമായി ഇപ്പോഴത്തെ സംഘർഷം കൂട്ടിക്കെട്ടണ്ട, പാകിസ്ഥാൻ അത് ചിന്തിക്കുക പോലുമില്ല എന്നായിരുന്നു പ്രതികരണം.

യുദ്ധം മടുത്തെന്ന് 61 %

പ്രസിഡന്‍റ് എന്ത് ചിന്തിച്ചാലും ജനങ്ങൾക്ക് യുദ്ധം മടുത്തിരിക്കുന്നു എന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കി. 61 ശതമാനത്തിനും യുദ്ധം മടുത്തുവെന്ന് തെളിയിച്ചത് ഫോക്സ് ന്യൂസിന്‍റെ അഭിപ്രായ സർവേയാണെന്നത് മറ്റൊരു കാര്യം. ന്യൂയോർക്ക് ടൈംസിന്‍റെ സർവേയിൽ 52 ശതമാനവും യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതും രജിസ്റ്റേഡ് വോട്ടർമാർ.

പെന്‍റഗണും യുദ്ധത്തിന്‍റെ തിരിച്ചടി അറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഫണ്ടാണ് പ്രശ്നം. പതിവുള്ള പരിശീലനവും മറ്റും നടത്താൻ തന്നെ പറ്റാത്ത അവസ്ഥ. കൂടുതൽ ഫണ്ടിനായി കോൺഗ്രസിനെ സമീപിച്ചു സൈനിക മേധാവികൾ. ടെക്സസിലെ സൈനിക വിഭാഗത്തിന്‍റെ ഫണ്ട് 292 മില്യന്‍റെ വെട്ടിച്ചുരുക്കലാണ് ഉണ്ടായത്. 70,000 സൈനികരും നൂറുകണക്കിന് ടാങ്കുകളുമുള്ള വിഭാഗമാണത്. സിഎൻഎൻ റിപ്പോർട്ടുകളോട് പക്ഷേ, പെന്‍റഗൺ പ്രതികരിച്ചില്ല. ശരിയായ ആഘാതം അറിയാൻ മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ.