ഇസ്രയേലും ഇറാനും തമ്മില്‍ വ്യാപാര സഹകരണത്തോടൊപ്പം രഹസ്യാന്വേഷണ സഹകരണവും ആദ്യ കാലത്ത് നിലനിന്നിരുന്നു. എന്നാല്‍ ഒരു ചരിത്ര സന്ധിയില്‍ വച്ച് ആ സുഹൃത്തുക്കൾ ബദ്ധശത്രുതയിലേക്ക് നീങ്ങി. വായിക്കാം ലോകജാലകം.
ഇറാനും ഇസ്രയേലും പണ്ടുപണ്ടേ ശത്രുക്കളായിരുന്നില്ല. ഒരു കാലത്ത് മിത്രങ്ങളായിരുന്നു, പുറമേക്ക് ശത്രുതയുണ്ടായിരുന്നപ്പോഴും തന്ത്രപരമായ സഹകരണവും ചില കൈമാറ്റങ്ങളും നടന്നിരുന്നു. പക്ഷേ, ഇപ്പോഴതൊന്നുമില്ല. എല്ലാം മുറിഞ്ഞുപോയത് ഇറാന്‍റെ ആണവ പദ്ധതിയിലാണ്.
രണ്ട് പതിറ്റാണ്ടായി കടുത്ത ശത്രുത തുടങ്ങിയിട്ട്. അതിനൊടുവിലത്തെ ആക്രമണത്തിന് ഒപ്പറേഷന്‍ റെസിംഗ് ലയണ്‍ (Operation rising lion) എന്നാണ് ഇസ്രയേലിട്ട പേര്. കഴിഞ്ഞ വർഷത്തെ ആക്രമണം പരിധികൾ പാലിച്ച് കൊണ്ടായിരുന്നു. ഇത് അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നെതന്യാഹുവിന്‍റെ വാക്കുകൾ. ഈ ശത്രുതയ്ക്ക് പക്ഷേ, 20 വർഷത്തെ പഴക്കമേയുള്ളൂ എന്നുമറിയണം. അതിന് വളരെ മുമ്പ് മിത്രങ്ങൾ. പിന്നെ തന്ത്രപരമായ സഹകരണം. ശത്രുത പുറമേയ്ക്ക് മാത്രം. പക്ഷേ, അത് കടുത്ത ശത്രുതക്ക് വഴിമാറി. പടിപടിയായാണ് കാര്യങ്ങൾ ഉരുത്തിരിഞ്ഞത്. ആഗോള രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ച ചിലതാണ് അതിനെല്ലാം കാരണവും.

(മുന്‍ യുഎസ് പ്രഥമ വനിത മമി ഐസൻഹോവർ, മുന്‍ യുഎസ് പ്രസിഡന്‍റ് ഡ്വൈറ്റ് ഡി ഐസൻഹോവർ, ഇറാന്‍റെ രാജ്ഞി സോറയയും, ഇറാന്‍റെ രാജാവായിരുന്ന ഷാ മുഹമ്മദ് റേസ പഹ്ലവിയും)
ഷാ മുഹമ്മദ് റെസാ പഹ്ലാവി (Shah Mohammed Reza Pahlavi) ഭരിച്ചിരുന്ന ഇറാന് അറബ് രാജ്യങ്ങളുമായി നല്ല ബന്ധമായിരുന്നില്ല. കാരണം പടിഞ്ഞാറുമായി, പ്രത്യേകിച്ച് അമേരിക്കയുമായി ഉണ്ടായിരുന്ന ബന്ധമാണ്. 1948 -ൽ രൂപം കൊണ്ട ഇസ്രയേലിന്‍റെ അവസ്ഥയും അതുതന്നെ. അറബ് രാജ്യങ്ങളുമായി കടുത്ത ശത്രുത. രാജ്യരൂപീകരണം ആദ്യമംഗീകരിച്ചത് അമേരിക്ക. ശത്രുവിന്‍റെ ശത്രുക്കൾ അങ്ങനെ മിത്രങ്ങളായി. പുറമേയ്ക്കല്ല. രഹസ്യമായി സഹകരണം.
അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡ്വൈറ്റ് ഐസൻഹോവർ (Dwight Eisenhower) ഇസ്രയേലുമായി വലിയൊരു സഹകരണത്തിന് തയ്യാറാകാത്തതും ഈ സഖ്യത്തിനൊരു കാരണമായി. അങ്ങനെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയോൺ (David Ben-Gurion) അറബിയിതര രാജ്യങ്ങളായ എത്യോപ്യ, തുർക്കി, ഇറാൻ എന്നിവിടങ്ങളിലേക്ക് ദൂതരെ അയച്ചത്. ഇസ്രയേലിനെ അംഗീകരിക്കുന്ന ആദ്യത്തെ മുസ്ലിം രാജ്യങ്ങളായി തുർക്കിയും ഇറാനും. ഇതിൽ എത്യോപ്യ ഉൾപ്പെട്ടത് ചെങ്കടലിന്‍റെ തീരം കാരണമാണ്. ചെങ്കടലിലെ അറബ് ആധിപത്യമായിരുന്നു ഇസ്രയേലിന്‍റെ പേടി.
ഈ സഹകരണത്തിൽ നിന്നാണ് പെരിഫറി സിദ്ധാന്തം (Periphery doctrine) രൂപമെടുത്തത്. അതായത് അറബ് സഖ്യത്തിനെതിരായ പശ്ചിമേഷ്യൻ സഖ്യം. ഇറാൻ, തുർക്കി, എത്യോപ്യ ഇസ്രയേൽ ഇവരായിരുന്നു അംഗങ്ങൾ. 1958 -ൽ ഡേവിഡ് ബെൻ ഗുരിയോണും തുർക്കിയുടെ പ്രധാനമന്ത്രി അദ്നാൻ മെൻഡറസും (Adnan Menderes) തമ്മിൽ നടന്ന രഹസ്യ കൂടിക്കാഴ്ചയിൽ ഈ സഖ്യം രൂപംകൊണ്ടു. ഇറാൻ - തുർക്കി - ഇസ്രയേൽ എന്നിവർ തമ്മിൽ ഒരു ധാരണയുണ്ടാക്കി, ട്രൈഡന്റ് അലയൻസ് (Trident alliance) എന്ന പേരിട്ടു. ഇന്‍റലിജൻസ് വിവര കൈമാറ്റത്തിനും സഹകരണത്തിനുമുള്ള ധാരണയായി. അന്ന് മൊസാദും ഇറാന്‍റെ അന്നത്തെ ചാര സംഘടനയായ സാവക്കും (SAVAK) ഒരുമിച്ച് പ്രവർത്തിച്ചു. ഇറാന്‍റെ എണ്ണ ഇവർക്കെല്ലാം ഉപകരിച്ചു.

(മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയോൺ)
ഈ ധാരണ പൊളിയാൻ തുടങ്ങിയത് എത്യോപ്യ - എറിത്രിയ യുദ്ധത്തോടെയാണ്. പിന്നെപ്പിന്നെ എത്യോപ്യ ആഭ്യന്തര സംഘർഷത്തിൽ കുരുങ്ങി. ഇസ്രയേലിന്‍റെ ലക്ഷ്യങ്ങൾ നടക്കില്ലെന്നായി. ഇറാനിൽ ഇസ്ലാമിക വിപ്ലവവും നടന്നു. അയത്തൊള്ള റൂഹൊള്ള ഖൊമേനിയുടെ നേതൃത്വത്തിൽ ഷായെ പുറത്താക്കി. ഇസ്ലാമിക റിപബ്ലിക്കായി ഇറാൻ. അതോടെ വിദേശനയവും മാറി. ഇസ്രയേലിനെ രാഷ്ട്രീയ എതിരാളിയായി പ്രഖ്യാപിച്ചു. നയതന്ത്രബന്ധം വിഛേദിച്ചു. പക്ഷേ, അപ്പോഴും രഹസ്യ സഹകരണം തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ - ഇറാഖ് യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും ഇറാന് ആയുധങ്ങളും നൽകി. ഇറാൻ കോണ്ട്ര വിവാദത്തിൽ (Iran Contra affair) ഈ ആയുധക്കൈമാറ്റവും തെളിഞ്ഞിരുന്നു. ലെബനണിലെ അമേരിക്കൻ ബന്ദികളുടെ മോചനത്തിനായി ഇറാന് ആയുധങ്ങൾ നൽകിയതാണ് ഇറാൻ കോണ്ട്ര വിവാദത്തിന്‍റെ ഒരു ഭാഗം. മധ്യസ്ഥരായത് ഇസ്രയേലും. വിലയുടെ ഒരു ഭാഗം പോയത് നിക്കരാഗ്വയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘടനയായ കോണ്ട്രയ്ക്ക് (CONTRA). 1985 -ലെ ഒരു സിഐഎ രേഖയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നത് 50 -കളിൽ തുടങ്ങിയ ഇസ്രയേലിന്‍റെ ഇറാനിലേക്കുള്ള ആയുധക്കൈമാറ്റം തുടരുന്നുവെന്നാണ്.

(നെതന്യാഹുവിനെതിരെ യുഎസില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്)
പക്ഷേ, ആണവ പദ്ധതി ആയുധ പദ്ധതിയായി ഇറാൻ വികസിപ്പിച്ച് തുടങ്ങിയതോടെ എല്ലാം അവസാനിച്ചു. അതോടെ ഇറാൻ, തങ്ങളുടെ നിലനിൽപിന് ഭീഷണിയെന്ന വാദം ഉന്നയിച്ച് തുടങ്ങി ഇസ്രയേൽ. ഇസ്രയേൽ അറബ് രാജ്യങ്ങളുമായി സഖ്യമുണ്ടാക്കി. അതും ഇറാന്‍റെ ഷിയാ ആധിപത്യത്തെ ഭയപ്പെടുന്ന സുന്നി അറബ് രാജ്യങ്ങളുമായി. ഇറാനും വെറുതേയിരുന്നില്ല. ഗാസയിൽ ഹമാസ്, ലെബനണിൽ ഹെസ്ബുള്ള, യെമനിൽ ഹൂതികൾ, പിന്നെ സിറിയയിലെ ഷിയാ സർക്കാർ ഇവരെല്ലാം ഇറാന്‍റെ സഖ്യകക്ഷികളായി. ഇറാന്‍റെ സഹായമോ അറിവോ ഇല്ലാതെ ഹമാസ് ആക്രമണം നടന്നുവെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടാണ്. ഇസ്രയേൽ - സൗദി ധാരണക്ക് തൊട്ടുമുമ്പാണ് ഹമാസിന്‍റെ ആക്രമണമുണ്ടായത്. പക്ഷേ, ഇതിനിടെ സിറിയയിലെ ഭരണമാറ്റം ഇറാന് തിരിച്ചടിയായി. സുന്നി സംഘടനയുടെ വരവ് സുന്നി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയെന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷം ആക്രമണം കടുപ്പിക്കാതിരുന്ന ഇസ്രയേൽ ഇത്തവണ കണക്കുകൂട്ടിത്തന്നെയാണ് നീങ്ങുന്നതെന്നും വ്യക്തം.


