Asianet News MalayalamAsianet News Malayalam

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: കരുതലോടെ മുന്നേറി കമല, സ്ഥിരം പഴിപറച്ചിലുമായി പിന്നോട്ടടിച്ച് ട്രംപ്

ആത്മവിശ്വാസത്തിന്‍റെ തിളക്കമുള്ള മുഖം. വെറുതേയൊരു ചിരിയല്ല മുഖത്ത്. ഉള്ളിന്‍റെയുള്ളിൽ നിന്ന് വരുന്ന ചിരി. അത് മറ്റുള്ളവരിലേക്കും പടർത്താനുള്ള അസാമാന്യമായ കഴിവ്. പലപ്പോഴും ഒബാമയെ ഓർമ്മിപ്പിക്കുന്നു കമലാ ഹാരിസിന്‍റെ ആത്മവിശ്വാസം.

Kamala Harris advances in US presidential election campaign
Author
First Published Aug 28, 2024, 6:04 PM IST | Last Updated Aug 28, 2024, 6:04 PM IST

മലാ ഹാരിസ്, ഔദ്യോഗികമായി ഡമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായിരിക്കുന്നു. ചരിത്രത്തിലാദ്യമായി, കറുത്ത വർഗത്തിൽപ്പെട്ട ഒരു വനിത, ഏഷ്യൻ വനിത അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായിരിക്കുന്നു. ഡമോക്രാറ്റ് പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ കമലയുടെ പ്രസംഗം കേള്‍വിക്കാരെ കോരിത്തരിപ്പിച്ചു. എന്താവും തന്‍റെ ഭരണം ലക്ഷ്യമിടുന്നത് എന്ന് വ്യക്തമായി, അടിവരയിട്ടു പറഞ്ഞു കമല. അപ്പോഴും ചിലതൊക്കെ ഉപരിപ്ലവം എന്നൊരു നിരാശയും ഉയർന്നു. പലസ്തീൻ പ്രശ്നത്തെ കുറിച്ചാവുമ്പോൾ  പ്രത്യേകിച്ചും അത് തള്ളിക്കളയാവുന്നതല്ല.

അടിമുടി മാറ്റം

ജോ ബൈഡൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പിൻമാറിയപ്പോൾ മുതൽ കമലാ ഹാരിസ് മറ്റൊരാളായി എന്നത് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട കാര്യം. ബൈഡന്‍റെ നിഴലായി നടന്നിരുന്ന, ചില സുപ്രധാന ദൗത്യങ്ങൾ ഏറ്റെടുത്തെങ്കിലും അതിലൊന്നും തിളങ്ങാൻ കഴിയാതെ പോയ വൈസ് പ്രസിഡന്‍റ്. അതിനും മുമ്പ് 2020 -ൽ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായപ്പോഴും  ആത്മവിശ്വാസമില്ലാത്ത, സ്വയം എങ്ങനെ കാണണമെന്നും അത് എങ്ങനെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്നും അറിയാത്ത കമലാ ഹാരിസിനെയാണ് ലോകം കണ്ടത്. അന്ന് മത്സരരംഗത്ത് നിന്നുള്ള കമലയുടെ പിൻമാറ്റം ആരും ശ്രദ്ധിച്ചു പോലുമില്ല. ജോ ബൈഡൻ,' തനിക്ക് പകരം കമല' എന്ന് നിർദ്ദേശിക്കുമ്പോഴും ആ നിഴലുകളിൽ നിന്നുള്ള പ്രതികരണങ്ങളും വിലയിരുത്തലുകളുമാണ് ഉണ്ടായതും. പക്ഷേ, ദിവസങ്ങള്‍ക്കുള്ളില്‍ കമലാ ഹാരിസ് അടിമുടി മാറി. ഒരു കടലോളം മാറ്റമാണ് (sea change) പിന്നെ അമേരിക്കയും ലോകവും കണ്ടത്.

Kamala Harris advances in US presidential election campaign

(കമല ഹാരിസ്)

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കമല ഹാരിസിന് പിന്നിലായി ട്രംപ്

ആത്മവിശ്വാസത്തിന്‍റെ തിളക്കമുള്ള മുഖം. വെറുതേയൊരു ചിരിയല്ല മുഖത്ത്. ഉള്ളിന്‍റെയുള്ളിൽ നിന്ന് വരുന്ന ചിരി. അത് മറ്റുള്ളവരിലേക്കും പടർത്താനുള്ള അസാമാന്യമായ കഴിവ്. പലപ്പോഴും ഒബാമയെ ഓർമ്മിപ്പിക്കുന്നു കമലാ ഹാരിസിന്‍റെ ആത്മവിശ്വാസം. പ്രചാരണങ്ങളിലെല്ലാം കണ്ടത് ഈ കമലയെയാണ്. പക്ഷേ, അപ്പോഴും ഒരു വലിയ പരീക്ഷണം ഡമോക്രാറ്റിക് കൺവെൻഷൻ തന്നെയായിരുന്നു. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചെങ്കിലും അതിന് താൻ അർഹയാണെന്നും, അത്രയും വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുണ്ടെന്നും പാർട്ടിയെ ജയത്തിലേക്ക് നയിക്കാൻ കഴിയുമെന്നും കമലയ്ക്ക് പാർട്ടിയെ തന്നെ ആദ്യം വിശ്വസിപ്പിക്കേണ്ടിയിരുന്നു. പാർട്ടി നേതാക്കളെയും അണികളെയും മാത്രമല്ല, ഡമോക്രാറ്റ് അനുകൂലികളേയും അമേരിക്കയെ ആകെയും പിന്നെ ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്ന ലോകത്തെ തന്നെയും.

ആ പരീക്ഷണങ്ങളെല്ലാം കമലാ ഹാരിസ് വിജയിച്ചിരിക്കുന്നു. അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്‍റാകുമോ? നിരോധനത്തിന്‍റെ സംശയത്തിന്‍റെ അങ്ങനെ പലതിന്‍റെയും 'ഗ്ലാസ് സീലിംഗ്' തകർക്കുമോ കമല എന്ന ഇന്ത്യൻ - ആഫ്രിക്കൻ വനിത എന്നേ ഇനി അറിയാൻ ബാക്കിയുള്ളൂ.

സ്വയം വെളിപ്പെടുത്തൽ

'സ്വന്തം വംശം തുറന്നു പറയാൻ കമല മടിക്കുന്നു' എന്നൊരു ആരോപണം ട്രംപ് നേരത്തെ ഉന്നയിച്ചിരുന്നു. 'പണ്ട് ഇന്ത്യക്കാരിയായി അറിയപ്പെട്ടിരുന്ന കമല സ്ഥാനാർത്ഥിയായപ്പോൾ ആഫ്രിക്കനായിയെന്ന്' അധിക്ഷേപിച്ചു. അതിനുള്ള ഉത്തരമായിരുന്നു കമലാ ഹാരിസന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗം. താനാരെന്ന് തുറന്നുപറഞ്ഞു അവർ. ഇന്ത്യൻ - ജമൈക്കൻ കുടിയേറ്റക്കാരായ അച്ഛനമ്മമാരുടെ മകൾ, വിവാഹമോചിതരമായ അച്ഛനമ്മമാരുടെ മകൾ, തൊഴിലാളികൾക്കിടയിലെ ജീവിതം, ട്രംപിനെപ്പോലെ വെള്ളിക്കരണ്ടിയില്ലാത്ത ജീവിതം. മക്കളെ വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച അമ്മ. അതുമാത്രമല്ല, അമേരിക്കൻ മൂല്യങ്ങൾ, കഠിനാധ്വാനം, പരാതി പറയാതിരിക്കുക, പകരം എതിർപ്പുള്ള കാര്യങ്ങളിൽ മാറ്റത്തിന് വേണ്ടി പരിശ്രമിക്കുക. ഇതൊക്കെ അടിവരയിട്ട് പറയുന്നതിലൂടെ താൻ അമേരിക്കക്കാരി തന്നെയെന്ന് ഉറപ്പിച്ചു കമലാ ഹാരിസ്. ഈ തുറന്നുപറച്ചിലിലൂടെ ട്രംപിൽ നിന്ന് താനെത്ര മാത്രം വ്യത്യസ്തയാണെന്നും അവർ അടിവരയിട്ട് തെളിയിച്ചു. രണ്ടാനച്ഛന്‍റെ ലൈംഗിക പീഡനത്തിന് ഇരയായിരുന്ന ഹൈസ്കൂളിലെ കൂട്ടുകാരിയെ കണ്ടാണ് താൻ, പ്രോസിക്യൂട്ടറാകാൻ തീരുമാനിച്ചതെ എന്ന് കൂടി പറഞ്ഞപ്പോൾ ആ ചിത്രം പൂർത്തിയായി.

ഇതിനെല്ലാം തയ്യാറെടുക്കാനുള്ള സമയം കമലാ ഹാരിസിന് വളരെക്കുറവായിരുന്നു എന്നുമോർക്കണം. പക്ഷേ, ഒരോ വാക്കും വരികളും എഴുതിത്തയ്യാറാക്കിയത് എന്ന് വ്യക്തം. കഠിനാധ്വാനം അതിന് പിന്നിൽ തന്നെയുണ്ട്. താൻ പറയുന്നത് എന്തെന്ന് കേൾക്കാൻ രാഷ്ട്രീയ രംഗത്തെ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവരും ഉണ്ടെന്ന് അറിയാമെന്ന് പറയുക മാത്രമല്ല, അവർക്ക് വേണ്ടിയും കമല സ്വയം അവതരിപ്പിച്ചു. ഇത്രയും ഭാരം തോളിലേറ്റി എന്നൊരു ഭാവം ഉണ്ടായിരുന്നില്ലെന്നായിരുന്നും പിന്നാലെ വിലയിരുത്തലുണ്ടായി.

വാക്കുകൾക്ക് ക്ഷാമം നേരിട്ടിരുന്ന പഴയ വൈസ് പ്രസിഡന്‍റ് അല്ല ഇന്ന് കമല. പൊലീസുകാരി, അപകടകാരിയായ ലിബറൽ എന്നും പഴി കേട്ടിരുന്ന 2020 -ലെ കമലയുമല്ല. അന്ന് താന്‍ എന്താണ് എന്ന് പറയാൻ, കമലയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ന് പക്ഷേ, അതിന് നേർ വിപരീതമാണ് കഥ. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കും താനെന്ന് ക്യാമറ നോക്കി തന്നെ കമല പറഞ്ഞു. അതും ആത്മവിശ്വാസവും ആഹ്ലാദവും തിളങ്ങുന്ന മുഖവുമായി.

താൻ ബൈഡനിൽ നിന്ന് എത്രമാത്രം വ്യത്യസ്തയെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു കമല. ബൈഡന്‍റെ നേതൃത്വത്തിൽ ഡമോക്രാറ്റിക് പാർട്ടി പരാജയത്തോട് അടുക്കുകയായിരുന്നു ഓരോ ദിവസവും. കമല ഹാരിസ് അതെല്ലാം മാറ്റിമറിച്ചു. ബൈഡന്‍റെ ആരോഗ്യപ്രശ്നങ്ങൾ, പറയുന്ന അബദ്ധങ്ങൾ, കുഴഞ്ഞു മറിഞ്ഞ വാക്കുകൾ ഇതിന്‍റെയെല്ലാം നേർവിപരീതമാണ് ഇന്ന് കമലാ ഹാരിസ്. അതുമാത്രമല്ല, ഗർഭഛിദ്രത്തെക്കുറിച്ച് സംസാരിക്കാൻ, അത് മനസ് കൊണ്ട് അംഗീകരിക്കാൻ ബൈഡന് കഴിഞ്ഞിരുന്നില്ല. കമലാ ഹാരിസ് വ്യക്തമായി, ശക്തമായി അതിനെക്കുറിച്ച് സംസാരിച്ചു. 'നമ്മൾ തിരിച്ചു പോവില്ല' എന്ന കമലയുടെ വാക്കുകൾ ഏറ്റെടുത്തു ജനക്കൂട്ടം.

Kamala Harris advances in US presidential election campaign

(ട്രംപ്)

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ജോ ബൈഡന്‍റെ പിന്മാറ്റവും കമലയുടെ പടയൊരുക്കവും

'പുതുവഴി' പക്ഷേ, ആ വഴിയേത്?
 
ട്രംപ് ഗൗരവക്കാരനല്ല. പക്ഷേ, ട്രംപിനെ ഇനിയും വൈറ്റ് ഹൗസിലെത്തിച്ചാൽ പ്രത്യാഘാതം ഗുരുതരം എന്നുപറഞ്ഞു കമല.താമസിക്കാനൊരു വീടെന്ന സ്വപ്നം. അതിന്‍റെ ക്ഷാമം പരിഹരിക്കും. സംരംഭകരെ പ്രോത്സാഹിപ്പിക്കും. ഇതൊക്കെയാണ് തന്‍റെ അമേരിക്ക ലക്ഷ്യമിടുന്നത് എന്നും കമല പറഞ്ഞു. പക്ഷേ, അവിടെയാണ് ചില വിമർശനങ്ങളും ഉയരുന്നത്. നയങ്ങളിൽ വ്യക്തതയില്ല എന്നൊരു വിമർശനം. വിശദീകരണമുണ്ടായില്ല എന്നർത്ഥം. 'പുതിയ വഴി' എന്നായിരുന്നു ആഹ്വാനം. പക്ഷേ, അതേസമയം എങ്ങനെ, ഏതുതരത്തിലെ പുതുമ എന്നൊന്നും പറഞ്ഞില്ല. ഭരണത്തുടർച്ചയാണോ, വ്യത്യസ്തതയാണോ താൻ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയില്ല. വിലക്കയറ്റം, ജീവിതച്ചെലവ് കുറക്കേണ്ടതിന്‍റെ ആവശ്യം, ആരോഗ്യരംഗം എല്ലാറ്റിലും ശ്രദ്ധകേന്ദ്രീകരിക്കും എന്ന് പറഞ്ഞു. പക്ഷേ, എങ്ങനെ എന്ന് മാത്രം പറ‌ഞ്ഞില്ല.

ഗാസ സംഘ‌ർഷവും വിഷയമായി. പക്ഷേ, തണുത്തത് എന്നാണ് വിമർശനം. ആ വീഴ്ച ഡമോക്രാറ്റിക് പാർട്ടിയുടെ മുഴുവൻ വീഴ്ചയെന്നും വിലയിരുത്തപ്പെടുന്നു. മധ്യ - ഇടത് - മിതവാദി എന്ന പ്രതിഛായയാണ് കമല മുന്നോട്ട് വച്ചതെന്നാണ് നിരീക്ഷക പക്ഷം. പക്ഷേ, തന്‍റെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ മുന്നോട്ടുള്ള യാത്ര, എങ്ങനെയെന്ന് വിശദീകരിച്ചില്ലെന്നും വിമർശകർ കൂട്ടിച്ചേർക്കുന്നു.

ചുവടുറയ്ക്കാതെ ട്രംപ്

കമലാ ഹാരിസിന്‍റെ പ്രസംഗത്തോട് ട്രംപ് പ്രതികരിച്ചു. പക്ഷേ, തിളക്കമറ്റിരിക്കുന്നു ട്രംപിനും ട്രംപിന്‍റെ വാക്കുകൾക്കും. കമല ഹാരിസ് എന്ന എതിരാളിയെ നിലംപരിശാക്കാൻ ഇതുവരെ ട്രംപിന്‍റെ അധിക്ഷേപങ്ങൾക്കായിട്ടില്ല. കമല ഹാരിസിന് തിളക്കം കൂടിവരികയാണ്. പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിശ്വാസക്കുറവാണ് കമല നേരിട്ടിരുന്നത്. ജോ ബൈഡൻ, നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തിലാണ് കമലയ്ക്ക് സ്ഥാനം കൈമാറുന്നതും. നിരീക്ഷകർക്കും വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ, ഇന്നതെല്ലാം അടിമുടി മാറിയിരിക്കുന്നു. ജനക്കൂട്ടത്തിന് മുന്നിൽ എടുത്തണിയുന്ന ഒരു മേലങ്കിയല്ല അത്. രാകിമിനുക്കാൻ സമയം പോലും കിട്ടുംമുമ്പാണ് കമലാ ഹാരിസ് ചെങ്കോൽ ഏന്താൻ നിയോഗിക്കപ്പെട്ടത്. അന്നുതൊട്ട് മറ്റൊരു കമലയെയാണ് അമേരിക്ക കാണുന്നത്. ഒരുപക്ഷേ, ലോകത്തെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യത്തെ ആദ്യത്തെ വനിതാ പ്രസിഡന്‍റാകാനുള്ള കരുത്തുള്ള വനിത. ആ രാജ്യത്തെ ജനം വനിതാ പ്രസിഡന്‍റുമാർക്ക് കൽപ്പിച്ചിരിക്കുന്ന അപ്രഖ്യാപിത നിരോധനം തകർക്കാൻ കെൽപ്പുള്ള വനിത.'ഗ്ലാസ് സീലിംഗ്' തകർക്കാൻ പറ്റാതെ പോയ ഹിലരി ക്ലിന്‍റണെ കടത്തിവെട്ടാൻ തക്ക പ്രതിഛായ വാർത്തെടുത്ത വനിത.

വേദി പങ്കിട്ട് ഒബാമ, പിന്തുണയും

കമലാ ഹാരിസിന് പിന്തുണ കൂടിവരികയാണ്. തെരഞ്ഞെടുപ്പ് ഫണ്ടിന്‍റെ കാര്യത്തിലടക്കം. പക്ഷേ, ട്രംപെന്ന ഭീഷണി ഇല്ലാതായിട്ടില്ല. ഡമോക്രാറ്റ് ദേശീയ കൺവെൻഷൻ വേദിയിൽ അത് എടുത്തു പറഞ്ഞു മുൻ പ്രസിഡന്‍റ് ബരാക് ഒബാമയും മിഷേൽ ഒബാമയും. 'അതൊരു യുദ്ധം തന്നെ'യായിരിക്കും എന്നാണ് ഒബാമ പറഞ്ഞത്. കമലാ ഹാരിസിന് പിന്തുണയുമായി ഒബാമമാർ മാത്രമല്ല, ക്ലിന്‍റണും ഹിലരിയുമെത്തി കൺവെൻഷൻ വേദിയിൽ.

'പ്രസിഡന്‍റ് കമലാ ഹാരിസിനായി അമേരിക്ക തയ്യാറാണ്. ഉത്തരവാദിത്തം നിറവേറ്റാൻ കമല ഹാരിസും' ഒബാമയുടെ വാക്കുകളാണത്. പ്രസിഡന്‍റെന്ന പദവി ഒഴിഞ്ഞ ശേഷവും രാഷ്ട്രീയത്തിലും പാർട്ടിയിലും ജനങ്ങളുടെ മനസിലും ഇത്രയും സ്വാധീനം ചെലുത്തുന്ന പ്രസിഡന്‍റുമാർ കുറവാണ്. തെരഞ്ഞെടുപ്പില്‍ നിന്നും പിൻമാറാൻ തയ്യാറല്ലാതിരുന്ന ബൈഡനെ അതിന് തയ്യാറാക്കിയതിലും ഒബാമയുടെ വാക്കുകൾക്ക് വലിയ പങ്കുണ്ട്. 'കമല എത്തിയ ശേഷം പാർട്ടിക്കുള്ളിൽ ഒരു ആവേശമുണ്ട്, പ്രതീക്ഷയും' എന്ന് ഒബാമമാർ പറഞ്ഞത് പഴയൊരോർമ്മയുടെ ബാക്കിയാണ്. ബരാക് ഒബാമയുടെ പ്രചാരണവാക്യം തന്നെ  'പ്രതീക്ഷ' (Hope) എന്നായിരുന്നു.

ഒബാമയും കമലാ ഹാരിസും മുമ്പും ഒരേ വേദിയിൽ എത്തിയിട്ടുണ്ട്. ഇല്ലിനോയ് സെനറ്ററായിരുന്ന കാലം മുതലുള്ള കൂടിക്കാഴ്ചകൾ. 2004 -ലെ ഫണ്ട് റെയ്സിംഗ് ചടങ്ങിൽ ഒരേ വേദിയിൽ. 2007 -ൽ ഒബാമ പ്രസിഡന്‍റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ അത് കേട്ടിരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു അന്ന് സാൻ ഫ്രാൻസിസ്കോ സെനറ്റായിരുന്ന കമലാ ഹാരിസ്.  പിന്നെ ഫണ്ട് ശേഖരണത്തിന് കമലയും ഇറങ്ങി. ക്യംപെയിന്‍റെ സഹചെയർമാനായി. അറ്റോർണി ജനറൽ സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണച്ചു ഒബാമ. 2010 -ൽ ഒബാമയുടെ രണ്ടാമൂഴത്തിലെ ഡമോക്രാറ്റ് കൺവെൻഷനിൽ കമലയുമെത്തി. അതേസമയം, ബാങ്കുകളും വായ്പ എടുത്ത് വീട് വച്ചവരും തമ്മിലെ തർക്കത്തിൽ ഒബാമ പറഞ്ഞത് കേൾക്കാന്‍ അന്ന് അറ്റോർണി ജനറലായിരുന്ന കമല തയ്യാറായില്ല.

Kamala Harris advances in US presidential election campaign

(ബരാക് ഒബാമയും മിഷേല്‍ ഒബാമയും)

ചെവി തുളച്ച വെടിയുണ്ട; സുരക്ഷാ വീഴ്ചയും യുഎസ് പ്രസിഡന്‍റുമാരെ വേട്ടയാടുന്ന വെടിയുണ്ടകളും

2013 -ൽ കാലിഫോ‌ർണിയയിലെ ഫണ്ട് റെയ്സിംഗ് ചടങ്ങിൽ 'ഏറ്റവും മികച്ച അറ്റോർണി ജനറൽ' എന്ന വിശേഷിപ്പിച്ച പ്രസിഡന്‍റ് പിന്നീട് ഫോൺ ചെയ്ത് ആ കമന്‍റിന് മാപ്പും ചോദിച്ചു. 2016 -ലെ സെനറ്റ് മത്സരത്തിലും കമലയെ പിന്തുണച്ചു ഒബാമ. പക്ഷേ, ബൈഡനും കമലയും പ്രസിഡന്‍റ് സ്ഥാനാർത്ഥികളായപ്പോൾ ഒബാമ, പക്ഷേ ബൈഡനൊപ്പം നിന്നു. കമല ഹാരിസിന്‍റെ സ്ഥാനാർത്ഥിത്വ മത്സരം വളരെ പെട്ടെന്ന് അവസാനിച്ചു. ബൈഡൻ അവരെ തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയാക്കിയപ്പോൾ ഉചിതമായ തീരുമാനം എന്നായിരുന്നു ഒബാമയുടെ കമന്‍റ്. ഇപ്പോൾ കമല സ്ഥാനാർത്ഥിയായപ്പോൾ, എതിരാളികളില്ല, പാർട്ടിയുടെ പൂർണ പിന്തുണയുണ്ട് കമലയ്ക്കൊപ്പം എന്നുറപ്പിച്ച ശേഷമാണ് ഒബാമമാർ കമല ഹാരിസിനെ പിന്തുണയറിയിച്ചത്. പിന്നെ എല്ലാക്കാര്യത്തിലും പിന്തുണ ഉറപ്പും നൽകി. ഒബാമയുടെ അടുത്ത വൃത്തങ്ങളിൽപ്പെട്ട പലരും ഇന്ന് കമലാ ഹാരിസിനൊപ്പമുണ്ട്. അനുഭവ പരിചയം കരുത്താകുമെന്നതിൽ സംശയമില്ലാതാനും.

ഒബാമമാരെത്തിയതോടെ കൺവെൻഷന് ആവേശമായി. ഒരുപാട് ആഹ്ലാദം, കുറച്ച് ട്രംപിനെ ചീത്ത പറയൽ, പാട്ട്, നൃത്തം ഒക്കെയായി ആഘോഷമായിരുന്നു ദേശീയ കൺവെൻഷൻ. കമലാ ഹാരിസിന്‍റെ ഭർത്താവ് ഡഗ് എന്‍ഹോഫിനെ മകൻ പരിചയപ്പെടുത്തിയത് ഗൂഫി ഡാഡ് (Goofy Dad) എന്നാണ്. അത് ചിരിപടർത്തി. ലിൽ ജോണിന്‍റെ റാപ്പിനൊപ്പം നൃത്തം വച്ചു ഡമോക്രാറ്റുകൾ. സെനറ്റിലെ പാർട്ടി നേതാവ് ചക് ഷൂമറടക്കം. സ്റ്റീവ് വണ്ടർ, ജോൺ ലെജൻഡ് അങ്ങനെ താരനിര തന്നെ എത്തി. അതേസമയം തീപ്പൊരി പ്രാസംഗികനും പുരോഗമന ഇടതിന്‍റെ വക്താവുമായ ബെർണി സാൻഡേഴ്സിന്‍റെ വാക്കുകൾ കേൾക്കാൻ ആ‌ർക്കും വലിയ താൽപര്യം കണ്ടില്ല.

ടിം വാൾസ് എന്ന വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി

ട്രംപിന് തന്‍റെ വിശ്വസ്തരെ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്നത് മറുവശം. അതാണ് ഒബാമമാർ ചൂണ്ടിക്കാണിച്ചതും. മധ്യ - പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ മിനിസോട്ടക്കാരനായ ടിം വാൾസിന് കഴിയുമെന്നാണ് ഹാരിസ് സംഘത്തിന്‍റെ പ്രതീക്ഷ. പ്രചാരണം സജീവമാണ്. പക്ഷേ, കൺവെൻഷൻ വേദിയിൽ 17 -കാരനായ മകന്‍റെ കൈപിടിച്ചു വലിക്കുന്ന വാൾസിന്‍റെ ദൃശ്യം ,സമൂഹ മാധ്യമങ്ങളില്‍ കനത്ത എതിർപ്പ് വിളിച്ചു വരുത്തുന്നുണ്ട്. ചെറിയ മാനസിക പ്രശ്നങ്ങളുണ്ട് വാൾസിന്‍റെ മകന്. അതിന് തൊട്ടുമുമ്പ് അച്ഛന്‍ വേദിയിലെത്തിയപ്പോൾ അത് തന്‍റെ അച്ഛനാണെന്ന് അഭിമാനത്തോടെ, നിറകണ്ണുകളോടെ പറയുന്ന മകന്‍റെ ദൃശ്യം വൈറലായതിന് തൊട്ടുപിന്നാലെയാണ് ഇതുമെത്തിയത്.വാൾസിന്‍റെ സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തിന് ഗുണം ചെയ്തോ എന്ന തർക്കവുമുണ്ട് മിനസോട്ടയിൽ എന്നാണ് റിപ്പോർട്ടുകൾ.

എന്തായാലും മധ്യ - പടിഞ്ഞാറിനെ കൈയിലെടുക്കാൻ കമലയും സംഘവും പരമാവധി ശ്രമിക്കുന്നുണ്ട്. അതിന് വാൾസിന്‍റെ പ്രതിഛായയാണ് ആയുധവും. നല്ല അയൽക്കാരൻ, കഠിനാധ്വാനി, അങ്ങനെ  മധ്യ - പടിഞ്ഞാറിന് ഇഷ്ടപ്പെടുന്നതെല്ലാമുണ്ട് വാൾസിന്. മധ്യ - പടിഞ്ഞാറിന്‍റെ ശബ്ദമായി, മുഖമായി സ്വയം കരുതുന്ന, ട്രംപിനും റിപബ്ലിക്കൻ പാർട്ടിക്കും അതൊരു ഭീഷണി തന്നെയാണ്. മധ്യ - പടിഞ്ഞാറിലെ ഇടത്തരക്കാരെ പിന്നോട്ടടിച്ചത്, അവരുടെ ഉപജീവന മാർഗം നഷ്ടപ്പെട്ടതിന് കാരണം വ്യവസായ, കാർഷിക മേഖലകളുടെ ഇടിവാണ്. അതിന്‍റെ അരിശം മുതലെടുത്തു ട്രംപ് തന്‍റെ ആദ്യ പ്രചാരണ കാലത്ത്. ഇത്തവണയും അതുതന്നെയാണ് ട്രംപിന്‍റെ വൈസ്പ്രസിഡന്‍റ് സ്ഥാനാർത്ഥി ജെഡി വാന്‍സ് പയറ്റുന്നത്.

Kamala Harris advances in US presidential election campaign

(കമല ഹാരിസും ടിം വാൾസും )

തായ്‍ലന്‍ഡ് ഇനി 'ഡാഡീസ് ഗേൾ' നിയന്ത്രിക്കും, പക്ഷേ പിന്നില്‍ നിഴലായി അച്ഛനുണ്ടാകുമോ?

പക്ഷേ, ടിം വാൾസ് അതിനെ കടത്തിവെട്ടി. കോടീശ്വരനായ ട്രംപ്, നിക്ഷേപകനായ വാൻസ്, ഇടത്തരക്കാരുമായി ഇവർക്ക് എന്ത് ബന്ധം? എന്ന വസ്തുത ചൂണ്ടിക്കാണിച്ചു വാൾസ്. ചെറിയ പട്ടണങ്ങളിൽ വള‌ർന്നവർക്ക് അയൽക്കാരെ സ്നേഹിക്കാനും അതേസമയം അവരുടെ ഇഷ്ടാനിഷ്ടങ്ങളെ ബഹുമാനിക്കാനും അറിയാം എന്നും പ്രഖ്യാപിച്ചു. 'വി ആർ നോട്ട് ഗോയിംഗ് ബാക്ക്' (We are not going back) എന്ന പ്രചാരണവാക്യം തന്നെ ആവർത്തിച്ചു വാൾസും. കമലാ ഹാരിസ് ടിം വാൽസിനെ തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയാക്കിയത് മധ്യ - പടിഞ്ഞാറന്‍ സംസ്ഥാനങ്ങളെ മനസിൽ കണ്ടാണ്. മിനസോട്ടക്കാരനാണ് ടിം വാൾസ്. അവിടത്തെ വോട്ടർമാരുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പറ്റിയ പശ്ചാത്തലമുള്ളയാൾ. അതേസമയം, നിഷ്പക്ഷ വോട്ടർമാരും വലിയൊരു ഘടകമാണ്. യുവതലമുറയും.

മാധ്യമങ്ങളും ഒപ്പം

വോട്ടർമാർക്ക് മുന്നിൽ കമലാ ഹാരിസ് വച്ചിരിക്കുന്നത് വ്യക്തമായ ഒരു വഴിയാണെന്ന് മാധ്യമങ്ങളും പറയുന്നു. ഒന്നുകിൽ സംഘ‌ർഷത്തിന്‍റെയും ദുരന്തത്തിന്‍റെയും വഴി. അത് ട്രംപിന്‍റെ വഴി. അല്ലെങ്കിൽ ഒരു പുതുവഴി. അത് തന്‍റെ വഴി. ചില അവ്യക്തതകൾ ഉണ്ടെങ്കിലും. അതാണ് ഹാരിസ് മുന്നോട്ട് വച്ചിരിക്കുന്നത്. വിഭജനത്തിന്‍റെ, കയ്പ്പിന്‍റെ, ചരിത്രം പിന്നിലാക്കി  ഒരു പുതിയ വഴി. കാര്യമെന്തായാലും ബൈഡനോ ട്രംപോ മുന്നോട്ട് വച്ചിരുന്നില്ല ഇങ്ങനെയൊരു ആശയം. വിനാശവും അധിക്ഷേപവും മാത്രം പറയുന്ന ട്രംപിന്‍റെ വാക്കുകളിൽ നിന്ന് പല കാതം ദൂരെയാണ് കമലയുടെ വാക്കുകൾ നൽകുന്ന പ്രതീക്ഷ. ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസിഡന്‍റ്, സ്വന്തം കാര്യം മാത്രം നോക്കിയിട്ടുള്ള ട്രംപിനെ പോലെയല്ല എന്ന വ്യത്യാസവും കമല ഹാരിസ് എടുത്തു പറയുന്നു. മാറ്റം എന്നൊരു ആശയം മുന്നോട്ടുവയ്ക്കാൻ ബൈഡന് കഴിഞ്ഞിരുന്നില്ലെന്ന്  ട്രംപ് - ബൈഡൻ സംവാദത്തിന്‍റെ സംഘാടകരായിരുന്ന സിഎന്‍എന്‍ ചൂണ്ടിക്കാണിക്കുന്നു. തയ്യാറെടുപ്പിന് സമയം കുറവായിരുന്നിട്ടും കമല ഹാരിസ് ഇത്രദൂരം മുന്നോട്ടെത്തിയത് ഡമോക്രാറ്റുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

നിഷ്പക്ഷ വോട്ടർമാർ 

മധ്യ - പടിഞ്ഞാറിനൊപ്പം നിഷ്പക്ഷവോട്ടർമാരും നിർണായക ഘടകമാണ്. അതിൽ ചിലരോട് അഭിപ്രായം തേടിയ അമേരിക്കൻ മാധ്യമങ്ങൾക്ക് കിട്ടിയത് ഭിന്ന കാഴ്ചപ്പാടുകളാണ്. തീരുമാനം ഇപ്പോഴും ആയിട്ടില്ലെന്ന് വ്യക്തം. കമലാ ഹാരിസിന്‍റെ വാക്കുകളും അവർക്കായി അണിനിരന്ന പ്രമുഖരുടെ വാക്കുകളും സ്വാധീനിച്ചവരും സ്വാധീനിക്കാത്തവരുമുണ്ട്. 'കമലയുടെ ഭരണം സന്തോഷത്തിന്‍റെതായിരിക്കും' എന്ന ഹിലരി ക്ലിന്‍റന്‍റെ വാക്കുകൾ അപ്പാടെ തള്ളി ചിലർ. കമലയുടെ പ്രസംഗത്തിന് ഒരു പ്രതീക്ഷയും നൽകാത്തവരുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്ങളുടെ ജീവിത സാഹചര്യങ്ങൾ മാറാൻ പോകുന്നില്ല എന്ന് പറയുന്നവർ. തെരഞ്ഞെടുപ്പിൽ ഈ വോട്ടുകളും നിർണായകമാണ്, 'വേലിപ്പുറത്തെ തേങ്ങകൾ' പേലെ, അവസാന നിമിഷം ഏങ്ങോട്ട് വേണമെങ്കിലും വീഴാവുന്ന വോട്ടുകൾ.

Latest Videos
Follow Us:
Download App:
  • android
  • ios