Asianet News MalayalamAsianet News Malayalam

ദൈവമേ, വീണ്ടും കുഞ്ചിയുടെ സംശയം!

സ്‌കേറ്റിങ് ആണോ  ഡൈവിംഗ് ആണോന്നു തീര്‍ച്ചപ്പെടുത്തും മുന്‍പേ ഞാന്‍ നിലത്ത്. വീഴ്ചയെ  കഴുത്തു കൊണ്ട് ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച  എന്നെ കഴുത്തും തോല്‍പ്പിച്ചുകളഞ്ഞു. ഒരു ഭാഗത്തേക്ക് നിലയുറപ്പിച്ചു. 

Kuttikkatha column for parrents Lis Lona
Author
Thiruvananthapuram, First Published Apr 2, 2019, 7:27 PM IST

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

Kuttikkatha column for parrents Lis Lona

ദുബായ് ശൈഖിന്റെ കൂടെ ഉച്ചഭക്ഷണം കഴിച്ചോണ്ടിരുന്ന ഞാന്‍ പെട്ടെന്നാണ്  ഏതോ സിനിമയുടെ തല്ലിപൊളി പാട്ടു കേട്ടത്. അതും മലയാളത്തില്‍, വായിലേക്ക് വെക്കാന്‍ നോക്കിയ വിശിഷ്ട ഭോജ്യം വായിലെത്താതെ എവിടെയോ തങ്ങി  മുഖം ചുളിച്ചു ചെവി കൂര്‍പ്പിച്ചതും ഉറക്കം പോയി. 

അതേ ബാക്കിയൊക്കെ സ്വപ്നമായിരുന്നെങ്കിലും ആ പാട്ട് ശരിക്കുള്ളതാണ്. തല്ലി പൊളി സില്‍മാ പാട്ട്. വേറൊന്നുമല്ല, അമ്മീടെ പഞ്ചാരകുഞ്ചീടെ നെഞ്ചത്തടിയും എണ്ണിപെറുക്കലും.

ഇത് പോലെ താളത്തിനൊത്തു ഓളിയിട്ടു പതംപറഞ്ഞു കരയാന്‍ ഞാന്‍ കഴിഞ്ഞാല്‍ അവളേയുള്ളൂ ഈ വീട്ടില്‍.

ഉറക്കമന്ദത്തില്‍ മനസിലേക്കോടി വന്നത് , പണ്ട് അപ്പാപ്പന്‍ മരിച്ചു കിടക്കുമ്പോഴുള്ള  അമ്മായിമാരുടേം അമ്മേടേം വല്യമ്മേടേമൊക്കെ കരച്ചിലാണ്. ആരെങ്കിലും വരുമ്പോള്‍, അത്രേം നേരം റേഡിയോവില്‍ കേട്ടിരുന്ന വിഷാദരാഗം സ്വിച്ചിട്ട പോലെ ട്യൂണ്‍ മാറി അനു മല്ലിക്കിന്റെ തകര്‍പ്പന്‍ പാട്ടു കേള്‍ക്കുന്ന അതേ ഫീലിംഗ്. 

കാണാന്‍ വന്ന ആള് മരണവിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ മരിച്ച അപ്പാപ്പനെ ഒന്നൂടെ മരിപ്പിക്കും പോലെ ഓരോ സീനും കൃത്യമായി പറയുമ്പോഴുള്ള  കരച്ചിലിന്റെ ഏറ്റക്കുറച്ചിലാണത്. എല്ലാം ഒന്നൊഴിയാതെ ആവര്‍ത്തിച്ച് കഴിഞ്ഞാല്‍ വന്നവരടക്കം എല്ലാരും എണീറ്റ് കട്ടന്‍ ചായ കുടിക്കാന്‍ അടുക്കളയിലേക്ക്. അപ്പാപ്പന്‍ മാത്രേം തനിച്ച് അടുത്ത ആളെയും കാത്തു കിടക്കും .

അന്ന് മുറിയുടെ മൂലയില്‍ കണ്ണുരുട്ടി നോക്കി നിന്ന എനിക്ക് ഇപ്പോ അറിയാം, എല്ലാ വീടുകളിലും അന്നുമിന്നും ഇങ്ങനൊക്കെ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കാറുണ്ട് അവാര്‍ഡിന് വേണ്ടി എന്ന്.

'അമ്മി ഇങ്ങട് വായോ...ന്റെ അമ്മ്യല്ലേ ഇങ്ങട് വായോ'-കുഞ്ചിയുടെ പതം പറച്ചില്‍.

ഓര്‍മ്മകള്‍ക്ക് സുല്ലിട്ട്  ഇനിയും രംഗപ്രവേശനം  നടത്തിയില്ലെങ്കില്‍ സീന്‍ കോണ്‍ട്രാ ആവുമെന്നതിനാല്‍ ഞാന്‍ ചാടി എണീറ്റു.

കിടക്ക വിട്ടു താഴെ ഇറങ്ങുമ്പോഴും  കണ്ണുകളിലെ ഭാരം കുറഞ്ഞിട്ടില്ല. ഓരോ കിലോ ഈന്തപഴം ആരോ കണ്‍പീലിയില്‍ തൂക്കി ഇടാന്‍ ശ്രമിക്കുന്നു അത്രയും ക്ഷീണം...

താഴേക്ക് ചെല്ലാന്‍ ഞാന്‍ ഇറങ്ങുമ്പോഴേക്കും കുട്ടി ഓടിക്കേറി വന്നു മുകളിലെ മുറിയിലേക്ക്. 

എന്തിനാ അമ്മീടെ പൊന്ന് കരയണേന്നു ചോദിക്കുമ്പോളേക്കും ഉണ്ടക്കണ്ണുകളില്‍ നിന്നും മുത്തുകള്‍ പൊഴിയുംപോലെ കുടുകുടാന്നു കണ്ണുനീര്‍.

ഏങ്ങലടിയുടെ ശക്തിയില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല.അവള്‍ടെ സങ്കടം ഞാന്‍ മനസ്സിലാക്കാത്ത  ദേഷ്യവും നടന്ന സംഭവത്തിന്റെ കാഠിന്യവും അവളെ ശുണ്ഠി പിടിപ്പിച്ചു. കുട്ടി പറയുന്നത് ഏതോഭാഷ ആണോന്നു വരെ എനിക്ക് സംശയമായി.

ആയയോടൊ ചേച്ചി അമ്മുവിനോടോ  വഴക്കിട്ടതാണെന്നു ഏകദേശ ധാരണ കിട്ടി എന്നാലും എന്റെ കുഞ്ഞിന് എന്തിനാവോ ഇത്രേം സങ്കടം. എന്നിലെ മാതൃഹൃദയം പിടഞ്ഞു.

സ്‌കേറ്റിങ് ആണോ  ഡൈവിംഗ് ആണോന്നു തീര്‍ച്ചപ്പെടുത്തും മുന്‍പേ ഞാന്‍ നിലത്ത്. 

 

Kuttikkatha column for parrents Lis Lona

ഞാന്‍ താഴെ വരാം കുഞ്ചി...അമ്മീടെ കൂടെ വായോ എന്ന് ഒരു വിധം സമാധാനിപ്പിച്ചു. മുഖം ഒന്നു കഴുകാം എന്നു കരുതി ബാത്ത് റൂമിലേക്ക് കാലെടുത്തു വച്ചതേ എന്റെ ഓര്‍മയിലുള്ളൂ. 

'അമ്മേമ്മ........'

സ്‌കേറ്റിങ് ആണോ  ഡൈവിംഗ് ആണോന്നു തീര്‍ച്ചപ്പെടുത്തും മുന്‍പേ ഞാന്‍ നിലത്ത്. 

വീഴ്ചയെ  കഴുത്തു കൊണ്ട് ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച  എന്നെ കഴുത്തും തോല്‍പ്പിച്ചുകളഞ്ഞു. ഒരു ഭാഗത്തേക്ക് നിലയുറപ്പിച്ചു. 

ഉളുക്കിയ കഴുത്തും വീഴ്ചയുടെ വേദനയും സഹിച്ചു ദയനീയമായി നോക്കിയ എന്നെ നോക്കി കരുണയുടെ ലാഞ്ചന തെല്ലുമില്ലാതെ അവള്‍ കൂക്കി വിളിച്ചു..

'അമ്മി എനീച്ചേ'

അതേ ...ഇതിലും വല്ല്യേ ഒരു സംഭവം താഴെ നടന്നോണ്ട്  അവള്‍ക്കിതൊന്നും വല്ല്യേ കാര്യമായി തോന്നിയില്ല.പാവം കുട്ടി 

ഏന്തി വലിഞ്ഞു ഒരു വിധേന എണീറ്റ് പ്രാഞ്ചി പ്രാഞ്ചി അവളുടെ പിന്നാലെ നടക്കുമ്പോള്‍ സങ്കടവും ദേഷ്യവും  വേദനയും കൊണ്ട് എന്റെ കണ്ണീന്നും

പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു കുടുകുടു.

'നീയെന്തിനാ അവള്‍ടെ കൂടെ കരയണേ, കുട്ട്യോളാവുമ്പോ വാശിയൊക്കെ സാധാരണല്ലേ'-കെട്ട്യോനാണ്. 

മിണ്ടിയില്ല ....മിണ്ടിയാല്‍ ചിലപ്പോ പൊടിപാറുന്ന അടി നടക്കും. ഇത്രേം വലിയ ശരീരവും കൊണ്ട് ഞാന്‍ വീണതും ഭൂമികുലുങ്ങിയതുമൊന്നും മൂപ്പര് അറിഞ്ഞിട്ടില്ല.

ഞാനെന്ന ജഡ്ജിനേം കൊണ്ട് അടുക്കളയ്ക്ക്  മുന്നില്‍ ചെന്നു നില്‍ക്കുമ്പോള്‍ കുഞ്ചിയുടെ  കണ്ണില്‍ എല്ലാരേം ഇപ്പൊ ശരിയാക്കി തരാം, നോക്കിക്കോയെന്ന വെല്ലുവിളി ഭാവം ആയയോടും!

എന്തിനാണ് അവള്‍ കരഞ്ഞുകൊണ്ട്  മുകളിലേക്ക്  കയറിപ്പോയതെന്നോ, പോവുന്നതിനു മുമ്പേ, അവരോടു എന്തുപറഞ്ഞു കരഞ്ഞെന്നോ ഒരു ലോകോം ഭൂലോകോം അവര്‍ക്കു മനസ്സിലായിട്ടില്ല .

ഇരയെ നോക്കാനായി പരുന്ത് തല ചെരിച്ചുനോക്കും പോലെ വേദനയും കടിച്ചമര്‍ത്തി കഴുത്തില്‍ കയ്യമര്‍ത്തി നിന്നു കാര്യങ്ങള്‍ ചോദിച്ചു ഞാന്‍.

അവര്‍ മീന്‍ നന്നാക്കുന്നതു നോക്കികൊണ്ട് നിന്ന ഇവളെന്തോ ചോദിച്ചു, ഇവര്‍ക്ക് മനസ്സിലാവാത്തതുകൊണ്ട്  ഒന്നും മറുപടി കൊടുത്തില്ല അതാണ് കാര്യം .

ഞാന്‍ ഡമ്മി ഇട്ടു കേസന്വേഷണം നടത്തുന്ന സേതുരാമയ്യരെ ഓര്‍ത്തുകൊണ്ട് ഒരു മീനും കൂടി എടുത്തു വച്ചു കിച്ചണ്‍ സ്ലാബില്‍. 

'ഇനി പറ അമ്മിയോടു, എന്താ മോനറിയണ്ടേത്'

ആഹഹാ! മറുപടി കേട്ടു എനിക്ക് വന്ന പെരുവിരല്‍ മുതലുള്ള തരിപ്പ് ദേ ഇപ്പൊ. ഇത്രേം നേരം ഇതു വായിച്ചു നേരം കളഞ്ഞ നിങ്ങള്‍ക്കും വരും...എന്നോട് .

സംഗതി ഇത്രയേ ഉള്ളൂ. മീനിനോട് ക്ലോസ് യുവര്‍ ഐസ്' എന്നു പറയണം. അതാണ് ആവശ്യം.

കറിച്ചട്ടിയില്‍ കിടന്ന് തിളക്കാന്‍ പോകുന്ന മീനിന്, കണ്ണ് തുറന്നു കിടക്കേണ്ട കാര്യമെന്ത്? കുട്ടിയുടെ ചോദ്യം കാര്യമാത്ര പ്രസക്തമായോണ്ട് ഞാന്‍ കമാന്നൊരക്ഷരം മിണ്ടാതെ നിലത്തിരുന്നു.

നടന്നിട്ട് കൊല്ലമൊന്നര കഴിഞ്ഞു വയസ്സിപ്പോള്‍ മൂന്നുമായി. ചോദ്യങ്ങളും സംശയങ്ങളുമായി ഇക്കൊല്ലം മൂപ്പിലാത്തി സ്‌കൂളില്‍ പോകുകയാണ്, ചേച്ചിക്കൊപ്പം.

ഭാവുകങ്ങള്‍ നേരാനായി  പോകുമ്പോള്‍ ഇവളെ നല്ലോണം ശ്രദ്ധിക്കണമെന്ന് പറയണോ സ്വയം ഒന്നു സൂക്ഷിച്ചോ എന്നു പറയണമോ എന്നു മാത്രമേ കണ്‍ഫ്യൂഷന്‍ ഉള്ളൂ..

Follow Us:
Download App:
  • android
  • ios