സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന അവര്‍ക്ക് വീട്ടില്‍ കയറാന്‍ പറ്റില്ല. സമൂഹത്തിലിറങ്ങി ആരെയും കാണാനും സൗഹൃദം പുതുക്കാനും പറ്റില്ല. പകരം യിതാ ചപ്പ (Yita Chappa) എന്ന് അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തില്‍ കുറേനാള്‍ കഴിയണം. കാരണം തിരിച്ചെത്തുന്നത് വീര്‍ത്ത മുഖവും കാലുകളും നെഞ്ചുവേദനയും ഒക്കെയായിട്ടാണ്. അത് മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനാണ് ഈ മാറിത്താമസം.

 

 

നേപ്പാളില്‍നിന്ന് ടിബറ്റിലേക്കും ഇന്ത്യയിലേക്കും  വ്യാപാരികള്‍ വന്നുപോയിരുന്നു, പണ്ട്. തണുത്തുറഞ്ഞ് ഹിമാലയന്‍ മലനിരകളില്‍ക്കൂടിയുള്ള യാത്രകഴിഞ്ഞെത്തുന്ന അവര്‍ക്ക് ഒരു ആചാരമുണ്ടായിരുന്നു. ഇന്ന് നമുക്കു പരിചിതമായ ഒരു വാക്കാണത്. സെല്‍ഫ് ക്വാറന്റീന്‍.

പകര്‍ച്ചവ്യാധികളുടെ ചരിത്രത്തിനും മുമ്പാണ്  ലാസ നുവാ (Lhasa Newar) എന്ന വ്യാപാരികളുടെ യാത്രകളുടെ കഥ തുടങ്ങുന്നത്. ഏഴാം നൂറ്റാണ്ടിലാണ് അതെന്ന് ചരിത്രം പറയുന്നു. നേപ്പാളി രാജകുമാരി ടിബറ്റിലെ രാജാവിനെ വിവാഹം കഴിച്ച് ടിബറ്റിലേക്ക് പോന്നപ്പോള്‍, ഒരു സംഘം വ്യാപാരികളും കരകൗശല വിദഗ്ധരും കൂടെപ്പോരുന്നു. നേപ്പാളും ടിബറ്റും തമ്മിലെ വാണിജ്യ, സാംസ്‌കാരിക ബന്ധത്തിന്റെ നൂലിഴകള്‍ അന്ന് പാകിയതാണ്. പിന്നെ ആ യാത്രകള്‍ പതിവായി.  കമ്പിളിയും പാത്രങ്ങളും വിഗ്രഹങ്ങളും ഇങ്ങോട്ടെത്തി. തുണിയും മറ്റുത്പ്പന്നങ്ങളും അങ്ങോട്ടും സഞ്ചരിച്ചു. കഴുതകളും കാരവാനുകളും ചിലയിടങ്ങളില്‍ മനുഷ്യര്‍ തന്നെയും അവയൊക്കെ ചുമന്നു. ഒരു വരവില്‍ ഒരുപാട് നാള്‍ ടിബറ്റിലും കൊല്‍ക്കത്തയിലും കലിംപോഗിലും ഒക്കെ മാസങ്ങളോളം താമസിച്ചശേഷമായിരുന്നു അവര്‍ തിരികെപ്പോകുന്നത്. ഹിമാലയനിരകള്‍ കടന്നുള്ള യാത്ര, 20 ദിവസം വേണം യാത്രയ്ക്ക് മാത്രം.

സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന അവര്‍ക്ക് വീട്ടില്‍ കയറാന്‍ പറ്റില്ല. സമൂഹത്തിലിറങ്ങി ആരെയും കാണാനും സൗഹൃദം പുതുക്കാനും പറ്റില്ല. പകരം യിതാ ചപ്പ (Yita Chappa) എന്ന് അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തില്‍ കുറേനാള്‍ കഴിയണം. കാരണം തിരിച്ചെത്തുന്നത് വീര്‍ത്ത മുഖവും കാലുകളും നെഞ്ചുവേദനയും ഒക്കെയായിട്ടാണ്. അത് മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനാണ് ഈ മാറിത്താമസം. 12 മുതല്‍  14 ദിവസം വരെ നീളുന്ന ഐസൊലേഷന്‍. ലക്ഷണങ്ങള്‍ മാറിയാല്‍ തകുഹിതിയിലെ ഉറവയില് കുളിച്ച് വീട്ടിലേക്ക് പോകാം. പുരോഹിതന്റെ അനുവാദവും വേണം. വിദേശികളുമായി സഹവസിച്ച് തിരിച്ചെത്തുന്നതുകൊണ്ട് എന്തെങ്കിലും അസുഖങ്ങളൊക്കെ ഉണ്ടാകും എന്ന് വീട്ടുകാരും നാട്ടുകാരും സംശയിച്ചിരുന്നുവെന്ന് ആ കാലം ഓര്‍ത്തെടുക്കുന്ന ചിലര്‍ പറയുന്നു. 

അടുത്ത കാലം വരെ ഈ ക്വാറന്റീന്‍ സമ്പ്രദായം ശീലമായിരുന്നു അവര്‍ക്ക്.1950 കള്‍ വരെ. ടിബറ്റിനും ഇന്ത്യക്കും ഇടയിലുള്ള Ason എന്ന സ്ഥലത്തായിരുന്നു അന്നത്തെ ഐസൊലേഷന്‍. ഇന്നത് തിരക്കേറിയ വിപണനകേന്ദ്രമാണ്. അന്നത് ആചാരമായിരുന്നു.  ലാസ നുവാ ഉള്‍പ്പെടുന്ന നേപ്പാള്‍ സ്വദേശികള്‍ക്ക് ഇന്നത് നിയമമായിരിക്കുന്നു. പക്ഷേ ഇന്നത്തെ തലമുറയ്ക്കും കേട്ടറിവിലൂടെയെങ്കിലും പരിചിതമാണിത്. അതുകൊണ്ട് ഇപ്പോഴത്തെ ഐസോലേഷന്‍ അവര്‍ക്ക് പുതുമയല്ല. അതിനുപിന്നിലെ ഉദ്ദേശ്യവും. 

അന്ന് മാസങ്ങളോളം നാടും വീടും വിട്ട് അകന്നുനില്ക്കുന്ന ലാസ നുവാ വ്യാപാരികള്‍ കഥകള്‍ക്കും കവിതകള്‍ക്കും വിഷയമായിരുന്നു. നാടോടിപ്പാട്ടുകളും ധാരാളമുണ്ട് ഇവരെക്കുറിച്ച്. വിവാഹം കഴിഞ്ഞ ഉടന്‍ ടിബറ്റിലേക്ക് യാത്രപോകുന്ന ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്ന ഭാര്യമാരുടെ സങ്കടമാണ് ഈ പാട്ടുകളില്‍ പലതിലും. ചിലരെങ്കിലും തിരിച്ചുവരാതെയുമിരിക്കും. മരണവിവരമായിരിക്കും കാത്തിരിക്കുന്ന ഭാര്യയ്ക്ക് കിട്ടുക.

ആ പാട്ടുകളും കഥകളുമാണ് പഴയകാലത്തിന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കുന്നത്. ഇപ്പോഴത്തെ ക്വാറന്റീന്‍ കാലത്ത് പഴയതലമുറക്കാര്‍ ഇതെല്ലാം ഓര്‍ത്തെടുക്കുന്നു. ആചാരങ്ങള്‍ക്കല്ലാം അര്‍ത്ഥമുണ്ട് എന്നൊരു മുന്നറിയിപ്പുമുണ്ട് അതിനൊപ്പം.