ആവോണ്‍ നദിക്കരയിലെ ഈ സ്‌നാനഘട്ടത്തിന് ലോകത്തെ സമാനമായ മറ്റിടങ്ങളില്‍ നിന്നും ഒരപൂര്‍വ വ്യത്യാസമുണ്ടായിരുന്നു. പ്രകൃത്യാ തന്നെ ചെറു ചൂടുവെള്ളം പകരുന്ന നീരുറവയായിരുന്നു അത്. റോമക്കാര്‍ ഇംഗ്ലണ്ടില്‍ വേരുറപ്പിച്ചു കാലത്തു തന്നെ ഈ നീരുറവയ്ക്ക് അരികില്‍ അക്വിസിലിസ് എന്ന പേരില്‍ ഒരു ചെറു പട്ടണം നിര്‍മ്മിച്ചു. അതിനോടനുബന്ധിച്ചു തന്നെ ക്ഷേത്രങ്ങളും സ്‌നാനഘട്ടവും പണികഴിപ്പിച്ചു. പിന്നീട് റോമാ സാമ്രാജ്യത്തിന്റെ പതനശേഷം ആദിമ - മധ്യ കാലഘട്ടങ്ങളില്‍ ഒട്ടനവധി മാറ്റങ്ങള്‍ വരികയും അത് ഇന്ന് നമ്മള്‍ കാണുന്ന ബാത്ത് പട്ടണമായി രൂപാന്തരപ്പെടുകയും ആണുണ്ടായത്.

 

 

സ്‌റ്റോണ്‍ഹെഞ്ചില്‍ നിന്നും ഡര്‍ഡില്‍ഡോറിലേക്കുള്ള യാത്രാമധ്യേയാണ് ബാത്തിലേക്ക് വഴി തിരിഞ്ഞത്. പഴയ റോമാ സാമ്രാജ്യത്തിന്റെ ചരിത്രം സ്വന്തം പേരിനൊപ്പം പേറുന്നൊരു സ്ഥലമാണ്.  വൃത്തിയും വെടിപ്പുമുള്ള തെരുവുകളും പൊതു സ്‌നാനഘട്ടങ്ങളും റോമാ സാമ്രാജ്യത്തിന്റെ സവിശേഷതയായിരുന്നു. ബിട്ടനിലെ ഇംഗ്ലീഷ് ചരിത്രം എഴുതപ്പെടും മുന്‍പേ ഇവിടം ഭരിച്ച റോമക്കാരാണ് ബാത്തിനെ പൊതു സ്‌നാനഘട്ടമാക്കി മാറ്റിയത്. 

എന്നാല്‍ ആവോണ്‍ നദിക്കരയിലെ ഈ സ്‌നാനഘട്ടത്തിന് ലോകത്തെ സമാനമായ മറ്റിടങ്ങളില്‍ നിന്നും ഒരപൂര്‍വ വ്യത്യാസമുണ്ടായിരുന്നു. പ്രകൃത്യാ തന്നെ ചെറു ചൂടുവെള്ളം പകരുന്ന നീരുറവയായിരുന്നു അത്. റോമക്കാര്‍ ഇംഗ്ലണ്ടില്‍ വേരുറപ്പിച്ചു കാലത്തു തന്നെ ഈ നീരുറവയ്ക്ക് അരികില്‍ അക്വിസിലിസ് എന്ന പേരില്‍ ഒരു ചെറു പട്ടണം നിര്‍മ്മിച്ചു. അതിനോടനുബന്ധിച്ചു തന്നെ ക്ഷേത്രങ്ങളും സ്‌നാനഘട്ടവും പണികഴിപ്പിച്ചു. പിന്നീട് റോമാ സാമ്രാജ്യത്തിന്റെ പതനശേഷം ആദിമ - മധ്യ കാലഘട്ടങ്ങളില്‍ ഒട്ടനവധി മാറ്റങ്ങള്‍ വരികയും അത് ഇന്ന് നമ്മള്‍ കാണുന്ന ബാത്ത് പട്ടണമായി രൂപാന്തരപ്പെടുകയും ആണുണ്ടായത്.

 

 

ബാത്ത് നഗരപ്രാന്തത്തിലുള്ള മെന്‍ഡിപ് കുന്നുകളില്‍ പെയ്യുന്ന മഴവെള്ളമത്രയും ചുണ്ണാമ്പു കല്ല് വിടവിലൂടെ ഭൂമിക്കടിയിലേക്ക് കിലോമീറ്ററുകളോളം ആഴ്ന്നിറങ്ങുകയും ഭൂതാപത്താല്‍ അവയുടെ ഊഷ്മാവ് 70 മുതല്‍ 96 ഡിഗ്രി വരെ ഉയരുകയും ചെയ്യുന്നു. ഭൂമിക്കടിയിലെ അതിമര്‍ദ്ദ ഫലമായി തിളച്ചു തൂവുന്ന ഈ ജലം ചുണ്ണാമ്പു കല്ലുകള്‍ക്കിടയിലെ വിടവുകളില്‍ കൂടി നീരുറവയായി പുറത്തു വരുന്നതാണ് ബാത്ത് കുളക്കടവില്‍ ചൂട് വെള്ളത്തിന് കാരണം. ഈ വെള്ളത്തിന് അപ്പോഴും ഏകദേശം 46 ഡിഗ്രി ചൂടുണ്ടാവും.

ഒരു കുന്നിറക്കത്തിലെത്തിയപ്പോഴേക്കും താഴെ ബാത്ത് ടൗണ്‍ കാണാന്‍ തുടങ്ങി. ചെറുതേനിന്റെ സുവര്‍ണനിറമുള്ള കല്ലുകളാല്‍ പണിത കെട്ടിടങ്ങളാണ് ബാത്തിന്റെ സവിശേഷത. പ്രാദേശികമായി ലഭിക്കുന്ന ഈ കല്ലുകള്‍ ബാത്ത് സ്‌റ്റോണ്‍ എന്നറിയപ്പെടുന്നു. പട്ടണത്തിന് മൊത്തത്തില്‍ ഒരു സ്വര്‍ണ നിറം. ആവോണ്‍ നദിക്കരയില്‍ പല പല തട്ടുകളായി ബാത്ത് അങ്ങനെ നിറഞ്ഞു നില്‍ക്കുന്നു. 

 

 

റോമന്‍ മാതൃകയില്‍ സ്തൂപിതാകൃതിയിലുള്ള മിനാരങ്ങളോട് കൂടിയ ദേവാലയങ്ങള്‍ അവിടെ കാണാം. പട്ടണത്തെ ഒന്ന് മുറിച്ചു കടന്ന് ലാന്‍സ്ഡൗണ്‍ പാര്‍ക്ക് ആന്‍ഡ് റൈഡില്‍ കാര്‍ വച്ച് ബസില്‍ പട്ടണം ചുറ്റാന്‍ ആണ് പരിപാടി. വിശാലമായ പാര്‍ക്കിങ്ങില്‍ ആളനക്കം തെല്ലുമേയില്ല.  10 മിനിറ്റു ഇടവേളകളില്‍ വരുന്ന ബസില്‍ കയറി ബാത്തിലേക്ക് തിരിക്കുകയാണ് യാത്രികര്‍. 

നദിക്കരയിലെ പള്‍ട്‌നി പാലത്തിനരികിലേക്കാണ് ആദ്യം പോയത്. പാലത്തിനിരുപുറവും കൊച്ചു കൊച്ചു പൂന്തോപ്പുകള്‍. ബാത്ത് മാര്‍ക്കറ്റ് ഇതിന് തൊട്ടടുത്താണ്. പൂന്തോപ്പിലിറങ്ങി കുറെയേറെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബാത്ത് അബ്ബെയിലേക്ക് നടന്നു.

 

 

ഗോഥിക് വാസ്തുശില്‍പ രീതിയില്‍ പണിത സുവര്‍ണ നിറത്തിലുള്ള ബാത്ത് അബ്ബെ അതിമനോഹരമാണ്. ഇവിടെയെത്തുന്ന ഓരോ മുഖങ്ങളിലും വ്യത്യസ്ത ഭാവങ്ങളാണ്. ചിലര്‍ക്ക് ഇതൊരഭയകേന്ദ്രമാവാം, ശാന്തതയുടെ മറ്റൊരിന്ദ്രിയം തേടിയുള്ള യാത്രയാവാം, ഒരു മെഴുകുതിരി വെളിച്ചം അന്വേഷിച്ചിറങ്ങിയതാവാം, ശാന്തമായൊഴുകുന്ന ശുദ്ധസംഗീതം തേടലാവാം. അകത്തേക്കിറങ്ങി വരുമ്പോള്‍ അത്്ഭുതങ്ങളുടെ മറ്റൊരു ലോകമാണ് ഇത്. ശാന്തതയുടെ മറ്റൊരു പേര്.

ഉയരമേറിയ അള്‍ത്താരയ്ക്ക് പിറകില്‍ നിറങ്ങള്‍ ചാലിച്ച ചില്ലുപാളികളില്‍ നിന്ന് പ്രകാശം ഒഴുകിയിറങ്ങി വരുന്നു. ഈ അള്‍ത്താരക്കൂടിന്റെ 80 ശതമാനവും ഉണ്ടാക്കിയിരിക്കുന്നത് ചില്ലു ജാലകങ്ങളാലാണ്. അതിനാല്‍ പ്രകാശത്തിന്റെ ധാരാളിത്തം ആണ് ഉള്‍വശത്ത്. അല്‍പനേരം അവിടെ ചിലവഴിച്ച ശേഷം പുറത്തേക്കിറങ്ങി.

 അബ്ബെയോട് ചേര്‍ന്ന റോമന്‍ ബാത്ത് കാണാന്‍ അത്യധികം തിരക്കാണ്. കാത്തുനില്‍പിന്റെ ക്യൂ നീണ്ടു നീണ്ടുവന്ന് അബ്ബെയെ വലം വയ്ക്കുന്നു. ഇന്നത്തെ യാത്ര ലിസ്റ്റില്‍ ഡര്‍ഡില്‍ഡോര്‍ കൂടിയുള്ളതിനാല്‍ അബ്ബെയിലേക്ക് കയറാന്‍ തല്ക്കാലം സമയമില്ല.. പകരം ബാത്ത് തെരുവോരങ്ങളില്‍ നടക്കാനിറങ്ങി.

 

 

കരിങ്കല്ല് പാകി അതിമനോഹരമാക്കിയ നടപ്പാതകള്‍. വഴി വിളക്കുകളിലൊക്കെയും പൂക്കൂടകള്‍. അവയില്‍ കടുംനിറത്തിലുള്ള പലതരം പൂവുകള്‍. പശ്ചാത്തലത്തില്‍ സുവര്‍ണ നിറമുള്ള കെട്ടിടങ്ങള്‍. വിളക്കുകാലുകളില്‍ പ്രാവിന്‍പറ്റങ്ങള്‍. തെരുവില്‍ ചിത്രം വരയ്ക്കുന്ന കലാകാരന്മാര്‍. പലതരം ഉപകരണങ്ങളുമായി പാടുന്ന തെരുവുഗായകര്‍. കയ്യില്‍ ബിയര്‍ ബോട്ടിലുമായി പബ്ബുകളുടെ പുറത്തു വെയിലുകായുന്ന മധ്യവയസ്‌കര്‍.  ഇയര്‍ഫോണിലെ ചടുലതാളത്തിനൊപ്പിച്ച് നടന്നു പോകുന്ന യുവജനങ്ങള്‍.

ഒരു സഞ്ചാരിയെ സംബന്ധിച്ച് ചരിത്രത്തെ വര്‍ത്തമാനത്തിലേക്ക് കൂട്ടിയിണക്കുന്ന കണ്ണിയാണ് ബാത്ത്. സ്വര്‍ണാഭരണങ്ങളണിഞ്ഞു നില്‍ക്കുന്നൊരു സ്വപ്ന സുന്ദരി.