Asianet News MalayalamAsianet News Malayalam

ഭ്രാന്തിനേക്കാള്‍ ആഴമേറിയ മുറിവുകള്‍

ലൈറ്റ് ഓഫ് ചെയ്യാന്‍ ഞാന്‍ കൈ പൊക്കിയതും ബെന്‍ ഒരൊറ്റ അലര്‍ച്ച. ഞാന്‍ നടുങ്ങിപ്പോയി. വേണ്ട, ലൈറ്റ് ഓഫ് ആക്കരുത്, വേണ്ട, വേണ്ട'-ബെന്‍ പിറുപിറുത്തു കൊണ്ടിരുന്നു. 
 

Memoirs of a nurse by Theresa joseph
Author
Thiruvananthapuram, First Published Aug 11, 2020, 5:38 PM IST

അവന്റെ മുഖഭാവം കണ്ടിട്ട് ഇപ്പോള്‍ എന്നെ അക്രമിച്ചേക്കുമെന്നു പോലും തോന്നി. ശബ്ദം കേട്ട് ആരൊക്കെയോ ഓടി വന്നു. ഞാന്‍ പതിയെ റൂമിന് വെളിയില്‍ കടന്നു. സങ്കടവും ദേഷ്യവും കൊണ്ട് എന്റെ മനസ്സാകെ നീറിപ്പുകഞ്ഞു. മര്യാദക്ക് അര മണിക്കൂര്‍ അവിടെ ഇരുന്നിട്ട് പോന്നാല്‍ മതിയായിരുന്നു. അവനോട് അനുകമ്പ തോന്നി നടക്കാന്‍ കൊണ്ടുപോയി. എന്നിട്ട് അവസാനം കിട്ടിയതോ? ഇതിന്റെയൊന്നും യാതൊരാവശ്യവുമില്ലായിരുന്നു. 

 

Memoirs of a nurse by Theresa joseph

 

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വേറൊരു ഹോസ്പിറ്റലില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് ബെന്നിനെ ഞാന്‍ കാണുന്നത് . മരുന്നുകള്‍ക്ക് അഡിക്ട് ആയ ഒരുപാട് രോഗികള്‍ വരുന്ന സ്ഥലം. 

രണ്ടാഴ്ചയോളം അവധി കഴിഞ്ഞു ജോലിക്കു ചെന്നതാണ്. എനിക്ക് കിട്ടിയ രോഗികളില്‍ ഒരാള്‍ 22 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. കടുത്ത മാനസിക വിഭ്രാന്തിയും ആത്മഹത്യാ പ്രവണതയും. അതിനാല്‍, ആരെങ്കിലും ഒരാള്‍ അവന്റെ കൂടെ ഇപ്പോഴും കാണും. അവധിയൊക്കെ ആഘോഷിച്ചു വന്നതല്ലേ ശരിക്കു ജോലി ചെയ്യട്ടെ എന്ന് ചാര്‍ജ് നഴ്‌സ് ഓര്‍ത്തു കാണും. ബെന്നിന്റെ കൂടെയിരിക്കുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് ആഹാരം കഴിക്കാന്‍ പോയ കുറച്ചു നേരത്തേക്ക് എനിക്ക് അവന്റെ അടുത്ത് ഇരിക്കേണ്ടി വന്നു. റൂമിലെ എല്ലാ ലൈറ്റുകളും ഇട്ടിട്ടുണ്ട്. കട്ടിലിലും സൈഡിലെ ടേബിളിലും പുസ്തകങ്ങള്‍ ചിതറി കിടക്കുന്നു. കൈകളും കാലുകളും തുടര്‍ച്ചയായി അനക്കിക്കൊണ്ടിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ അറിയാം അമിതമായ ഉത്കണ്ഠ ഉണ്ട്. ഞാനവനോട് പറഞ്ഞു, ഇനി കുറച്ചു സമയത്തേക്ക് ഞാനാണ് ഇവിടെ ഇരിക്കുന്നത്. ഡോണ ആഹാരം കഴിക്കാന്‍ പോകുന്നു. അവന്‍ എന്റെ കൈ പിടിച്ചു കുലുക്കി- 'നന്ദി നിങ്ങളെ കണ്ടതില്‍ സന്തോഷം'. അവന്റെ കൈകള്‍ ആകെ വിയര്‍ത്തിരുന്നു. 

ഞാന്‍ ചോദിച്ചു 'are you ok ?'

'ഓ, തീര്‍ച്ചയായും, അടുത്ത ഡോസ് മരുന്നിന് വേണ്ടി നോക്കിയിരിക്കുകയാണ്.'

അവന്‍ പറഞ്ഞു. പിന്നെ മൊബൈലില്‍ അലാം വച്ചിരിക്കുന്നത് കാണിച്ചു തന്നു. വേദനയ്ക്കുള്ള മരുന്ന്, ഉല്‍ക്കണ്ഠാ രോഗത്തിനുള്ളത്, അങ്ങനെ കുറെയെണ്ണം. അതും ഏറ്റവും കൂടിയ അളവില്‍. എല്ലാത്തിന്റെയും സമയം കൃത്യമായി സെറ്റ് ചെയ്ത് വച്ചിരിക്കുന്നു. ഞാനോര്‍ത്തു 'ഇവന്റെയൊക്കെ അഹങ്കാരം. വല്ല ജോലിയും ചെയ്തു ജീവിക്കുന്നതിനു പകരം മരുന്നും കഴിച്ചു കിറുങ്ങി നടക്കുന്നു.'

 എനിക്ക് അവനോടു നീരസം തോന്നി.

എന്റെ മുഖഭാവം വായിച്ചിട്ടെന്ന പോലെ ബെന്‍ പറഞ്ഞു-'എനിക്ക് ഭയങ്കരമായ വേദനയുണ്ട്. ഒരു മരുന്നും ഫലിക്കുന്നില്ല.' 

ഞാനൊന്നും മിണ്ടാതെ അവിടെ കിടന്ന ഒരു കസേരയില്‍ ഇരുന്നു.

അവന്‍ ഒരു പുസ്തകമെടുത്തു വായിക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ പേജ് മറിക്കും, പിന്നെ മൊബൈലില്‍ നോക്കും. ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ പറ്റുന്നില്ല. ഞാനവനോട് ചോദിച്ചു -'നമുക്കൊന്ന് നടക്കാന്‍ പോയാലോ?'

ബെന്നിന് വലിയ സന്തോഷമായി. 'കഴിഞ്ഞ മൂന്ന് ദിവസമായി ഞാനിവിടെ വന്നിട്ട് .ഇതുവരെ ആരും റൂമിനു വെളിയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല.' 

ശരിയാണ് , ഇവനെപ്പോലെ ഒരു പിരുപിരുപ്പനെ നടക്കാന്‍ കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. എങ്ങാനും ഓടിപ്പോകാന്‍ തോന്നിയാല്‍ നമുക്ക് പണിയാകും. എന്തായാലും റൂമിന്റെ വെളിയില്‍ മാത്രം ഒന്ന് നടക്കാമെന്ന് പറഞ്ഞതു സമ്മതിച്ചു അവന്‍ വന്നു. പുറത്തെ ഹാളില്‍ കൂടി ഒന്ന് രണ്ടു പ്രാവശ്യം നടന്നപ്പോള്‍ ബെന്‍ കുറച്ചു ശാന്തനായി. അവന്റെ സ്പീഡിലുള്ള നടപ്പും മറ്റു പെരുമാറ്റ രീതികളും കാണുമ്പോള്‍ ചിലരൊക്കെ തുറിച്ചു നോക്കുന്നുണ്ട് . തിരികെ റൂമില്‍ എത്തിയപ്പോള്‍ അവന്‍ കുറച്ചു ശാന്തനായിരുന്നു. 'നന്ദി ,കുറച്ചു കഴിയുമ്പോള്‍ ഒന്ന് കൂടി പുറത്തിറങ്ങി നടക്കണം. റൂമില്‍ ഇരിക്കുമ്പോള്‍ എന്റെ ഉല്‍ക്കണ്ഠ കൂടും'- ബെന്‍ പറഞ്ഞു.

'ലൈറ്റ് ഓഫ് ചെയ്ത് കുറച്ചു സമയം കണ്ണടച്ച് കിടന്നു നോക്കൂ, ചിലപ്പോള്‍ ഒന്നുറങ്ങാന്‍ പറ്റിയേക്കും.' ഞാനവനോട് പറഞ്ഞു. 

ലൈറ്റ് ഓഫ് ചെയ്യാന്‍ ഞാന്‍ കൈ പൊക്കിയതും ബെന്‍ ഒരൊറ്റ അലര്‍ച്ച. ഞാന്‍ നടുങ്ങിപ്പോയി. വേണ്ട, ലൈറ്റ് ഓഫ് ആക്കരുത്, വേണ്ട, വേണ്ട'-ബെന്‍ പിറുപിറുത്തു കൊണ്ടിരുന്നു. 

അവന്റെ മുഖഭാവം കണ്ടിട്ട് ഇപ്പോള്‍ എന്നെ അക്രമിച്ചേക്കുമെന്നു പോലും തോന്നി. ശബ്ദം കേട്ട് ആരൊക്കെയോ ഓടി വന്നു. ഞാന്‍ പതിയെ റൂമിന് വെളിയില്‍ കടന്നു. സങ്കടവും ദേഷ്യവും കൊണ്ട് എന്റെ മനസ്സാകെ നീറിപ്പുകഞ്ഞു. മര്യാദക്ക് അര മണിക്കൂര്‍ അവിടെ ഇരുന്നിട്ട് പോന്നാല്‍ മതിയായിരുന്നു. അവനോട് അനുകമ്പ തോന്നി നടക്കാന്‍ കൊണ്ടുപോയി. എന്നിട്ട് അവസാനം കിട്ടിയതോ? ഇതിന്റെയൊന്നും യാതൊരാവശ്യവുമില്ലായിരുന്നു. 

മനസ്സില്‍ ഞാന്‍ പിറുപിറുത്തു. ഉള്ള മരുന്നെല്ലാം കഴിച്ചു വെളിവില്ലാതിരിക്കുന്ന ഇവനോടൊന്നും ഒരു ദയയും കാണിക്കരുത്. എനിക്കൊന്നു കരയാനാണ് തോന്നിയത്. ഒരുപാട് പണികള്‍ ബാക്കിയുണ്ടായിരുന്നിട്ടും ഞാന്‍ കോഫി റൂമില്‍ പോയിരുന്നു. മനസ്സൊന്ന് ശാന്തമാകണം. അവിടെ യൂണിറ്റിലെ കേസ് മാനേജര്‍ ഐറിന്‍ ഉണ്ടായിരുന്നു. എന്റെ മുഖം കണ്ടിട്ടാവും അവരെന്നോട് എന്ത് പറ്റിയെന്ന് ചോദിച്ചു. 

അരിശം അടക്കാനാവാതെ ഞാന്‍ പറഞ്ഞു: 'ബെന്‍, അവന് ഭ്രാന്താണ് , ഇനി എനിക്കാ റൂമിലേക്ക് പോകാന്‍ പറ്റില്ല'- ഞാന്‍ അവരോട് നടന്ന സംഭവം പറഞ്ഞു.

ഐറിന്‍ പതുക്കെ എന്റെ പുറത്തു തട്ടി. പിന്നെ പറഞ്ഞു -'സാരമില്ല , ബെന്‍ അങ്ങനെയാണ്. കുറച്ചു കഴിയുമ്പോള്‍ ശാന്തനാകും. എനിക്കവനെ കുറേ നാളുകളായി അറിയാം. ഇടയ്ക്കിടെ അഡ്മിറ്റ് ആകാറുണ്ട്.'

ഐറിന്റെ വാക്കുകളിലൂടെ ബെന്നിന്റെ ചിതറിയ ജീവിതം എന്റെ മുന്‍പില്‍ തെളിഞ്ഞു. ബെന്നിന്റെ അമ്മയെ അപ്പന്‍ കൊന്നതാണ്,അതും അവന്റെ കണ്‍മുന്‍പില്‍ വച്ച്. ഒരു രാത്രി മദ്യ ലഹരിയില്‍ രണ്ടു പേരും തമ്മില്‍ വാക്ക് തര്‍ക്കമായി. തര്‍ക്കം മൂത്ത ഒരു നിമിഷത്തില്‍ അപ്പന്‍ അമ്മയെ വെടി വെച്ചു. പിന്നെ എങ്ങോട്ടോ ഇറങ്ങിപ്പോയി. ഒന്ന് കരയാന്‍ പോലും പേടിച്ച എട്ട് വയസ്സുകാരന്‍ ബെന്‍ മുറിയുടെ കോണിലെ ഇരുട്ടില്‍ ഒളിച്ചിരുന്നു. തുറിച്ച കണ്ണുകളുമായി, രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയുടെ മൃതദേഹം നോക്കി ഒരു രാത്രി മുഴുവന്‍ അവനിരുന്നു, പേടിച്ചരണ്ട് ഒന്ന് നിലവിളിക്കാന്‍ പോലുമാവാതെ. അന്ന് മുതല്‍ ,അവന്റെ മനസ്സില്‍ ഇരുളിനോട് പേടി തുടങ്ങി. അപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ആരുമില്ലാതായ ബെന്നിന്റെ പിന്നീടുള്ള ജീവിതം ഏതൊക്കെയോ ബന്ധുക്കളുടെ കൂടെയായിരുന്നു. ഉറക്കമില്ലാത്ത രാത്രികളും മാനസിക അസ്വാസ്ഥ്യങ്ങളും ആയപ്പോള്‍ കുട്ടിക്കാലത്തു തന്നെ ഓരോ മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങി. അതിന്റെയൊക്കെ പാര്‍ശ്വഫലങ്ങള്‍ മാറ്റാന്‍ വീണ്ടും മരുന്നുകള്‍. പക്ഷെ ഇതിനൊന്നും അവനെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഇരുളാകുമ്പോള്‍ അവന്റെ മനസ്സിലേക്ക് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു രാത്രി കടന്ന് വരും. എട്ടാമത്തെ വയസ്സില്‍ അവന്‍ കണ്ട കാഴ്ച മനസ്സിന്റെയും ജീവിതത്തിന്റെയും താളം തെറ്റിച്ചു. അമിതമായ ഉത്കണ്ഠ ഉണ്ടാകുമ്പോള്‍ ആത്മഹത്യ ചെയ്യണമെന്ന് തോന്നും. പല പ്രാവശ്യം അവന്‍ ശ്രമിച്ചിട്ടുമുണ്ട്.'

ഐറിന്‍ പറഞ്ഞു നിര്‍ത്തി.

'അതൊക്കെ ശരിയായിരിക്കും, പക്ഷെ ഇത്രയും കാലമായില്ലേ . അവന് വല്ല ജോലിയും ചെയ്തു ജീവിക്കാമല്ലോ?'- എന്റെ അരിശം അടങ്ങുന്നില്ല. 'എല്ലാവര്‍ക്കും ഇങ്ങനെ കുറേ കഥകള്‍ കാണും. എന്ന് കരുതി ഇവനെ ഇത്രയുമൊക്കെ നോക്കുന്ന നമ്മളോടെങ്കിലും നന്ദി വേണ്ടേ?'

ഐറിന്‍ ഒന്നും മിണ്ടിയില്ല. കൈയിലിരുന്ന കോഫി പതുക്കെ കുടിച്ചു കൊണ്ട് അവര്‍ എന്നെ നോക്കി. എനിക്ക് ഇത്തിരി ആശ്വാസം. നമ്മുടെ വിഷമം ഒരാള്‍ക്കെങ്കിലും മനസ്സിലായല്ലോ. എന്തോ ആലോചിച്ചു കൊണ്ട്, ഒരു സ്വപ്നത്തിലെന്നോണം അവര്‍ പറഞ്ഞു, 'എനിക്കുമുണ്ടായിരുന്നു ഇങ്ങനെ ഒരു കാലം. അമ്മ തെരുവിലായിരുന്നു ജീവിച്ചിരുന്നത്. ഒരു ഫാമിലി എന്നെ ദത്തെടുത്തു. അവരുടെ കുട്ടികളുടെ കൂടെയാണ് ഞാന്‍ എന്റെ ചെറുപ്പകാലം ചിലവഴിച്ചത്. എന്നെ അവര്‍ സ്‌കൂളില്‍ അയച്ചു. ഞാന്‍ ഭാഗ്യമുള്ളവളായിരുന്നു, അതുകൊണ്ട് ഒരു കുടുംബത്തിന്റെ ഭാഗമായി ജീവിക്കാനും പഠിക്കാനുമൊക്കെ പറ്റി . ഒരുപക്ഷെ ബെന്നിന് അങ്ങനെ ഒരവസരം കിട്ടിക്കാണില്ല.'- ഐറിന്‍ പറഞ്ഞു നിര്‍ത്തി .

ഞങ്ങളുടെ ഇടയില്‍ നീണ്ട നിശ്ശബ്ദത. എന്റെ തര്‍ക്കത്തിന്റെ മുനയൊടിഞ്ഞു, കൈയിലെ ആയുധങ്ങള്‍ തീര്‍ന്നു. ഇനി എനിക്ക് പറയാനൊന്നുമില്ല. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ തുലാസില്‍ ഇവന്റെ തട്ട് എന്ത് കൊണ്ടാവും ഉയര്‍ന്നു തന്നെയിരിക്കുന്നത്! ഏറ്റവും സുരക്ഷിതമെന്നും സമ്പന്നമെന്നുമൊക്കെ ലോകം വിശേഷിപ്പിക്കുന്ന ഈ രാജ്യത്തെ വ്യവസ്ഥകള്‍ക്ക് പോലും, അവന്റെ നിര്‍ഭാഗ്യം മാറ്റാനാവില്ലേ.

കുറേക്കഴിഞ്ഞു ഞാന്‍ അടുത്ത ഡോസ് മരുന്നുമായി ചെല്ലുമ്പോള്‍ അവന്‍ ശാന്തനായിരുന്നു. എന്റെ ഉള്ളിലെ ദേഷ്യവും മാറിയിരുന്നു. ബെന്‍ പറഞ്ഞു -'സോറി, ഞാന്‍ വളരെ മോശമായാണ് പെരുമാറിയത്.'

'സാരമില്ല', ഞാന്‍ പറഞ്ഞു. ഒരു കൊടുങ്കാറ്റടങ്ങിയത് പോലെ അവന്‍ ശാന്തനായിരുന്നു.

എനിക്ക് സഹതാപം തോന്നി. നടുങ്ങി വിറച്ചു നില്‍ക്കുന്ന ഒരു എട്ട് വയസ്സുകാരന്‍ കുട്ടിയില്‍ നിന്ന് അവന്‍ വളര്‍ന്നിരിക്കുന്നു. പക്ഷെ അവന്റെ മനസ്സോ? വര്‍ണ്ണചിറകുള്ള സ്വപ്നങ്ങള്‍ കാണേണ്ട പ്രായം മുതല്‍ മനോരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ചു തുടങ്ങി. ദു:സ്വപ്നങ്ങള്‍ കണ്ട് രാവുകളില്‍ ഞെട്ടിയുണര്‍ന്നു . കണ്ണടച്ചാല്‍ മരിച്ചു പോയ അമ്മയുടെ ശബ്ദം കേള്‍ക്കുമെന്നാണ് അവന്‍ പറയുന്നത്. അവനെ സംബന്ധിച്ച് അത് സത്യമാണ് താനും.

ഒരു പക്ഷെ കുട്ടിക്കാലത്തു തന്നെ ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ ആ ഷോക്കില്‍ നിന്ന് അവന്‍ കര കയറിയേനെ. വെറും മരുന്നുകള്‍ക്കപ്പുറം അവനെ ചേര്‍ത്ത് പിടിക്കാന്‍ കരുതലുള്ള കരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, മനോരോഗി എന്ന ലേബല്‍ അവനില്‍ പതിയില്ലായിരുന്നു. അതിരുകളില്ലാതെ സ്വപ്നം കാണുന്ന ഒരു ചെറുപ്പക്കാരനായി അവന്‍ വളര്‍ന്നേനെ. തിരയടങ്ങാത്ത കടല്‍ പോലെ അശാന്തമായ അവന്റെ മനസ്സിനെ കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍, അവന്റെ മനസ്സിലും ഒരു മഴവില്ല് വിരിഞ്ഞേനെ.

ഒന്നാലോചിച്ചാല്‍ ആര്‍ക്കാണ് ഭ്രാന്തില്ലാത്തത്? സുബോധത്തിന്റെയും ഉന്മാദത്തിന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍ എത്രയോ നേര്‍ത്തത്! ഉറങ്ങുന്ന ഒരു ഭ്രാന്തന്‍ നമ്മുടെയൊക്കെ ഉള്ളിലുണ്ടാകും. കെട്ടു പൊട്ടിക്കാന്‍ തിടുക്കപ്പെടുന്ന, വളരെ നേര്‍ത്ത നൂല് കൊണ്ട് ബന്ധിക്കപ്പെട്ട ഒരാള്‍. ആ നൂല് മുറിയാന്‍ ഒത്തിരി കാര്യങ്ങള്‍ എന്തിന്! കുന്നോളം വേണ്ട, ഒരുപക്ഷെ കുന്നിമണിയോളം പോന്ന നോവുകള്‍ മതി എന്നിലെ ഉന്മാദിയെ ഉണര്‍ത്താന്‍. സങ്കടങ്ങള്‍ പറയാന്‍ ആരുമില്ലാതെയാകുമ്പോള്‍, തനിയെയാണെന്ന തോന്നലുണ്ടാകുമ്പോള്‍, പലപ്പോഴും ആ ഉന്മാദി ഉള്ളിലിരുന്ന് ചുര മാന്തും. ഈ ജീവിതം മടുത്തു എന്ന് മനസ്സിന്റെ ഒരു വശം പറയുമ്പോഴും , എന്നെ ആരെങ്കിലും ഒന്ന് കേട്ടിരുന്നുവെങ്കില്‍ എന്ന് നമ്മളൊക്കെ കൊതിച്ചിട്ടില്ലേ?

മഴ പെയ്യും പോലെ സംസാരിക്കുന്ന, മനസ്സിലെ കനലടങ്ങുവോളം നിന്നോടെനിക്ക് ഒന്ന് മിണ്ടണം എന്ന് പറയുന്ന ഒരു കൂട്ടുകാരിയുണ്ട് . ഒരുപാടു നാളുകളിലെ ഇടവേള കഴിഞ്ഞു ചിലപ്പോള്‍ അവള്‍ വിളിക്കും. ഒന്നും വേണ്ട, കേട്ടിരിക്കാനൊരാള്‍ മാത്രം മതി അവള്‍ക്ക്. കണ്ണടച്ച് ,അവളുടെ കൈവിരല്‍ പിടിക്കുന്നതായി സങ്കല്‍പ്പിച്ചു ഞാന്‍ കേട്ട് കൊണ്ടിരിക്കും സ്വകാര്യങ്ങള്‍. ശാന്തമായി 'പിന്നെ വിളിക്കാട്ടോടീ' എന്ന് പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ എനിക്കും അവള്‍ക്കും ആശ്വാസമാണ് . ഒരിക്കവള്‍ ചോദിച്ചു, ഞാനൊന്നു സംസാരിച്ചോട്ടെ? 

പിന്നെ അനുവാദത്തിനു പോലും കാത്തു നില്‍ക്കാതെ അവള്‍ പറഞ്ഞു തുടങ്ങി. കണ്ണുകളില്‍ ചിലപ്പോള്‍ കനലെരിഞ്ഞു, ചിലപ്പോള്‍ നിറഞ്ഞു തുളുമ്പി. ഒടുവില്‍ പെയ്തു തോര്‍ന്നൊരു മഴപോലെ ശാന്തയായി.

'നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുറവാ,' അല്ലെങ്കില്‍ 'ഓ , അതൊരു കല്യാണം കഴിച്ചാല്‍ മാറും' എന്നൊക്കെ മനോരോഗം ഉള്ളവരെപ്പറ്റി പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. അങ്ങനെ ആരുടെയെങ്കിലും രോഗം മാറിയിട്ടുണ്ടാവുമോ ആവോ?

ചികിത്സിച്ചു രോഗം മാറിയ പലരെയും മനോരോഗി എന്ന ലേബലില്‍ സമൂഹം വീണ്ടും ഒറ്റപ്പെടുത്താറുണ്ട്. അത് കൊണ്ടാണ് രോഗം മാറിയ ഒരുപാട് വേലായുധന്മാര്‍, 'എനിക്ക് ഭ്രാന്താണ് എന്നെ ചങ്ങലക്കിടൂ 'എന്ന് പറഞ്ഞു കൊണ്ട് മാനസിക രോഗാശുപത്രിയുടെ ഇരുളില്‍ കഴിയുന്നത്, ആര്‍ക്കും വേണ്ടാതെ.

എത്രയോ തവണ ഞാന്‍ പലരോടും ചോദിച്ചിരിക്കുന്നു, നിനക്ക് ഭ്രാന്താണോ എന്ന്. താളം തെറ്റിയ മനസ്സിന്റെ വേവലാതികള്‍ അറിയാതെയാണ് ആ ചോദ്യം. ഓരോ മനോരോഗിയുടെ ഉള്ളിലും ഉണ്ടാകും കരയുന്ന ഒരു മനസ്സും നോവിക്കുന്ന ഒരു ഭൂതകാലവും. ഭ്രാന്തനായി ആരും ജനിക്കുന്നില്ലല്ലോ!

ബെന്നിനെ പോലെ ഒരുപാടുപേരെ കണ്ടിട്ടുണ്ട്. പലതരം ആസക്തികളാല്‍ സ്വബോധം നഷ്ടപ്പെട്ടവര്‍, ചിന്തകള്‍ക്ക് മേല്‍ കടിഞ്ഞാണില്ലാത്തവര്‍.

ഓര്‍മ്മകളിലിപ്പോള്‍ ഭ്രാന്തന്‍ എന്ന് വിളിപ്പേരുണ്ടായിരുന്ന അനേകം മനുഷ്യര്‍. 

തെന്നിത്തെറിച്ച ഓര്‍മ്മകള്‍ ചെന്ന് നിന്നത് സ്‌കൂളിന് അടുത്തുള്ള ഒരു മാവിന്‍ ചുവട്ടിലാണ്. ഉച്ച സമയത്തെ ഇടവേളയില്‍ ശ്വാസം പോലും വിടാതെ ചോറ് വാരിത്തിന്നിട്ടു സിന്ധുവിനെയും കൂട്ടി ഞാനോടും. അടുത്ത പറമ്പില്‍ ഒരു വലിയ മാവുണ്ട് . നിറയെ മാമ്പഴങ്ങളും. കുട്ടികള്‍ മാങ്ങ പെറുക്കാതിരിക്കാന്‍ കാവലിന് പൊട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന ഒരാളുണ്ട്. തലയ്ക്ക് സ്ഥിരമില്ലാത്ത ആളാണെന്നാണ് എല്ലാവരും പറയുന്നത്. അയാള്‍ക്ക് സംസാരിക്കാന്‍ പറ്റില്ല . പക്ഷെ ആരെങ്കിലും മാങ്ങ പെറുക്കാന്‍ വന്നാല്‍ ഒച്ച വച്ചു പേടിപ്പിക്കും. ഒരു തോര്‍ത്തു മുണ്ടും പാളത്തൊപ്പിയുമാണ് സ്ഥിരം വേഷം. വെയിലാണെങ്കിലും മഴയാണെങ്കിലും വേറൊരു വേഷത്തില്‍ അയാളെ ആരും കണ്ടിട്ടില്ല.

പൊട്ടനെ പേടിയാണെങ്കിലും മാമ്പഴത്തിന്റെ മധുരമോര്‍ത്താണ് ഉച്ച സമയത്തെ ഈ സഞ്ചാരം. സാധാരണ ഉച്ച സമയത്തു് അയാള്‍ വേറെ എന്തെങ്കിലും പണിയില്‍ ആയിരിക്കും. ആ ധൈര്യത്തിലാണ് അന്നും ഞങ്ങള്‍ പോയത്. പോകും വഴി ഒരു ചെറിയ തോടുണ്ട്. കുറച്ചു മുകളിലായി പാലമുണ്ടെങ്കിലും സമയം ലാഭിക്കാന്‍ തോട് ചാടിക്കടക്കുകയാണ് പതിവ്. സിന്ധു കുറച്ചു പുറകിലാണ്. 'വേഗം വാടീ' എന്ന് അവളോട് പറഞ്ഞിട്ട് ഞാന്‍ തോട് ചാടിക്കടക്കാന്‍ തയ്യാറെടുത്തു. നല്ല ആയത്തില്‍ ഓടി വന്ന് ഒരൊറ്റ ചാട്ട . അക്കരെ ലാന്‍ഡ് ചെയ്തതും പൊട്ടന്‍ നേരെ മുന്‍പില്‍ . പുരുഷു എന്നോട് ക്ഷമിക്കണം എന്ന് പോലും പറയാതെ അതേ വേഗത്തില്‍ ഞാന്‍ തിരിച്ചു ചാടി .ഒപ്പം സിന്ധുവിനോട് എടീ ചാടല്ലേ എന്ന് വിളിച്ചു പറഞ്ഞു. പക്ഷെ അഞ്ച് സെക്കന്‍ഡ് മുന്‍പ് അവള്‍ ചാടിയിരുന്നു. പൊട്ടന്‍ മുന്‍പില്‍ നില്‍ക്കുന്നത് കൊണ്ട് തിരിച്ചു ചാടാന്‍ ആയം കിട്ടിയില്ല. ഇതാ കിടക്കുന്നു തോട്ടിലെ വെള്ളത്തില്‍. അടുത്ത നിമിഷം സിന്ധുവും തൊട്ടടുത്തു ക്രാഷ് ലാന്റ് ചെയ്തു. പൊട്ടന്‍ കൈയിലെ വടി വീശിക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. ഞങ്ങള്‍ ഒരു വിധത്തില്‍ വെള്ളത്തില്‍ കൂടി നീന്തിയും ഓടിയുമൊക്കെ തിരികെ സ്‌കൂളില്‍ എത്തി . വെളളം ഇറ്റു വീഴുന്ന മുടിയും ഉടുപ്പും കണ്ടതേ വത്സ ടീച്ചര്‍ ചൂരലെടുത്തു.

വത്സ ടീച്ചറിന്റെ ചൂരലിനെ പേടിയുണ്ടായിരുന്നെങ്കിലും പറമ്പില്‍ വീഴുന്ന മാമ്പഴങ്ങള്‍ ഞങ്ങളെ പിന്നെയും കൊതിപ്പിച്ചു കൊണ്ടിരുന്നു. ഒരു ദിവസം പിടിച്ചു നില്‍ക്കാന്‍ പറ്റാതെ പിന്നെയും ഞങ്ങള്‍ പോയി. ഞാനും സിന്ധുവും. പൊട്ടന്‍ കാണല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണ് തോട് ചാടി അക്കരെ കടന്നത്. മാവിന്‍ ചുവട്ടില്‍ കുറേ മാമ്പഴങ്ങള്‍. രണ്ടു കൈയിലും ആവുന്നത്ര വാരി നിറച്ചു ഞങ്ങള്‍ തിരികെ നടന്നു. പൊട്ടന്‍ കണ്ടില്ലല്ലോ എന്ന സന്തോഷത്തില്‍ നടന്ന ഞങ്ങളുടെ മുന്‍പിലേക്ക് രണ്ടു ചേട്ടന്മാര്‍ നടന്നു വന്നു. 'എന്നാ പിള്ളേരെ ഉച്ച നേരത്തു കറങ്ങി നടക്കുന്നേ' എന്നും ചോദിച്ചു ഞങ്ങളുടെ പുറകേ അവരും നടക്കാന്‍ തുടങ്ങി. 

ഞങ്ങളുടെ നടത്തം പതിയെ ഓട്ടമായി മാറി. കൈയില്‍ നിന്നും ആശിച്ചു പെറുക്കിയെടുത്ത മാമ്പഴങ്ങള്‍ ഉതിര്‍ന്നു വീണു. വഴിയില്‍ വേറാരുമില്ല. അപ്പോഴാണ് എവിടെ നിന്ന് എന്നറിയാതെ ദൈവദൂതനെപ്പോലെ പൊട്ടന്‍ പൊട്ടി വീഴുന്നത്. കൈയിലെ വടി ചുഴറ്റി എന്തൊക്കെയോ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് പൊട്ടന്‍ ആ ചേട്ടന്മാരുടെ പുറകേ ചെന്നു. അവരെ ഓടിച്ചിട്ടേ പൊട്ടന്‍ അടങ്ങിയുള്ളു.

പിന്നെ അയാള്‍ വടി ദൂരെയെറിഞ്ഞു, ഞങ്ങളെ രണ്ടു പേരെയും കൈയില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി. 'ഞങ്ങള്‍ ഇനി മാങ്ങ പെറുക്കാന്‍ വരില്ല, ഞങ്ങളെ വിട് പൊട്ടാ' എന്നൊക്കെ കരഞ്ഞു കൊണ്ട് പറയുന്നുണ്ട്. ഒന്നും കേട്ട ഭാവം നടിക്കാതെ പൊട്ടന്‍ ഞങ്ങളെയും വലിച്ചു സ്‌കൂള്‍ വളപ്പിലെത്തി. കേറിപ്പോകാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു പൊട്ടന്‍ നിന്ന നില്‍പ്പ് ഇപ്പോഴും ഓര്‍മ്മയുണ്ട്. നെഞ്ച് വിരിച്ചു നീണ്ടു നിവര്‍ന്ന് ഒരു നില്‍പ്പ്. മനസ്സിന് നല്ല ബോധമുള്ള ഒരാള്‍ക്ക് മാത്രം നില്ക്കാന്‍ കഴിയുന്ന തലയെടുപ്പുള്ള നില്‍പ്പ്.

പിന്നെയും കുറേ കാലം കഴിഞ്ഞിട്ടാണ് ജീവിത കാലം മുഴുവനും നീണ്ടു നിന്നേക്കാമായിരുന്ന ഒരു മുറിവില്‍ നിന്നാണ് നാട്ടുകാരൊക്കെ പൊട്ടനെന്നു വിളിക്കുന്ന ഒരാള്‍ രണ്ടു നാലാം ക്ളാസ്സുകാരികളെ രക്ഷിച്ചതെന്നു മനസ്സിലായത്. എല്ലാവരുടെയും മുന്നില്‍ സുബോധമുള്ള മാന്യന്മാരായിരുന്ന രണ്ടു പേരുടെ ഭ്രാന്തില്‍ നിന്ന് നാട്ടുകാരൊക്കെ മുന്‍പില്‍ പൊട്ടനായിരുന്ന ഒരാള്‍ ഞങ്ങളെ രക്ഷിച്ചു  ആ മനസ്സ് പൊട്ടല്ല പൊന്നായിരുന്നു.

ബെന്നിനോട് നിശ്ശബ്ദമായി ഞാന്‍ മാപ്പു ചോദിച്ചു. പലതരം ഭ്രാന്തുള്ള ഞാന്‍, അവനെ ഭ്രാന്തനെന്ന് വിളിച്ചതിന്. ഏതോ നിമിത്തം കൊണ്ട് മാത്രം ഈ നിമിഷത്തിന്റെ നന്മകള്‍ അനുഭവിക്കുന്ന എനിക്ക് ബെന്നിനെ നിര്‍ഭാഗ്യവാനെന്നും, പരാജയപ്പെട്ടവന്‍ എന്നും വിധിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്? വിധിയും കാലവും ചേര്‍ന്ന് കവര്‍ന്നെടുത്ത അവന്റെ ജീവിതം ആര്‍ക്ക് തിരികെ കൊടുക്കാനാവും? അവന്റെ മനസ്സിന്റെ കാര്‍മേഘങ്ങള്‍ എന്നെങ്കിലും പെയ്‌തൊഴിയുമോ? 

ആര്‍ക്കറിയാം.

Follow Us:
Download App:
  • android
  • ios