ഹോ! ഇവരുടെ ഈ നശിച്ച മൊബൈൽഫോൺ അഡിക്ഷൻ കാരണം ഞാൻ മടുത്തു... ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും, മൊബൈൽഫോൺ കയ്യിൽ ഉണ്ട്. എന്താണ് ചെയ്യേണ്ടത്?

ഈ ചോദ്യം എവിടെയും കേൾക്കുന്നതാണ്. ഓ മനസിലായി. കുട്ടിയുടെ മൊബൈൽഫോൺ അഡിക്ഷനെ പറ്റിയുള്ള മാതാപിതാക്കന്മാരുടെ സ്ഥിരം വ്യാകുലത അല്ലെ ഇത്? ഇതിൽ എന്ത് ഹേ  ഇത്ര  പുതുമ?

പക്ഷേ, ഇവിടെ  ഈ ചോദ്യം ചോദിച്ചയാൾ തന്റെ  മാതാപിതാക്കന്മാരുടെ മൊബൈൽ ഫോണ്‍ അഡിക്ഷനെ കുറിച്ചാണ് വ്യാകുലപെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കൊച്ചുകുട്ടികൾ മുതൽ കൗമാരക്കാരും യുവജനങ്ങളും  വരെ മൊബൈൽഫോണിൽ കുത്തിയിരിക്കുന്നത് അവരുടെ സ്വന്തമായിട്ടുള്ള എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്യുവാൻ ആയിരിക്കും. അവർ അത് ബാക്കിയുള്ളവർക്ക് അത്ര ശല്യമില്ലാതെ ചെയ്യുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ, ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യത് ലൈക്ക് വാരിക്കൂട്ടി അരി വാങ്ങുക,  ചാറ്റിങ്ങ് പ്രേമസല്ലാപങ്ങൾ etc...

എന്നാൽ പ്രായമായവരുടെ പ്രധാന  വിനോദം Whatsapp -ൽ വരുന്ന വീഡിയോ  ഉറക്കെ പ്ലേ ചെയ്ത് ചുറ്റുമുള്ളവർക്ക് അരോചകത്വം സൃഷ്ടിക്കുക എന്നതാണ്. സകല തിന്മകളുടെയും ഹോൾസെയിൽ മാർക്കറ്റുകളായ ക്രൂര സീരിയലുകൾ മുതൽ നാലാംകിട തമാശ പരിപാടികൾക്കുവരെ അഡിക്റ്റഡ് ആയിട്ടുള്ളവർ ധാരാളം  ഉണ്ട്. ഇതൊക്കെ യൂട്യൂബിൽ മണിക്കൂറുകളോളം, വളരെ ഉറക്കെ പ്ലേ ചെയ്തു മറ്റുള്ള ആളുകളെ വെറുപ്പിക്കുന്നവരും ഉണ്ട്. എന്തു പറഞ്ഞാലും ശരി ചെറുപ്പക്കാരെക്കാള്‍ കഷ്ടമാണ് പ്രായമുള്ളവരുടെ കാര്യം എന്ന് പറയേണ്ടിയിരിക്കുന്നു. പുതിയ സാങ്കേതിക വിദ്യയെ ഇവർ സ്നേഹിക്കുന്നു എന്നത് നല്ല കാര്യമാണ്. പക്ഷേ, അതെങ്ങനെ ഉപയോഗിക്കണം എന്ന് ഇവർക്ക് അത്ര ഗ്രാഹ്യമില്ല.

കഴിഞ്ഞദിവസം ആശുപത്രിയുടെ മുമ്പിൽ ഒരു ചെറിയ കശപിശ... ഒരു സ്ത്രീ വാട്സാപ്പിൽ വന്ന വീഡിയോ ഉറക്കെ പ്ലേ ചെയ്ത് ആസ്വദിച്ചു കോൾമയിർ കൊള്ളുകയാണ്. അടുത്തുള്ളവർക്ക് മുഴുവൻ അലോസരം... ഒരു നഴ്സ് വന്നിട്ട് പറഞ്ഞു "ആന്‍റി അല്‍പം ശബ്ദം കുറയ്ക്കൂ"  അവരുടെ ഭാവം മാറി... ഒരു ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആണവർ. ബാക്കിയുള്ളവരെ അനുസരിപ്പിച്ചു മാത്രം ശീലമുള്ള, അങ്ങോട്ട് പറഞ്ഞു മാത്രം തഴക്കമുള്ള തന്നോട് ഒരാൾ  കല്‍പിക്കുവാൻ  വന്നിരിക്കുന്നുവോ? ആകെ കശപിശ... ചുറ്റുമുള്ളവർ നേഴ്സിനെ പിന്തുണച്ചു... നമ്മുടെ വടി  വീശുവാനുള്ള അവകാശം അന്യന്റെ മൂക്കിന്റെ തുമ്പു തുടങ്ങുന്ന സ്ഥലത്തു തീരുന്നു എന്ന ബോധം ഒരു കാലത്തും ഇന്ത്യക്കാർക്ക് ഉണ്ടായിട്ടില്ല. നിങ്ങളുടെ ആസ്വാദനം മറ്റുള്ളവർക്ക് അരോചകം ആകുന്നു എന്ന് ചിന്തിക്കുവാൻ പോലും അവർക്ക് ആകുന്നില്ല.

നമുക്ക് എല്ലാവർക്കും സാങ്കേതികവിദ്യ വേണം. പക്ഷേ, അതിലേയ്ക്ക് നയിച്ച ശാസ്ത്രീയ അവബോധമോ, പൗര ബോധമോ ഒന്നും വേണ്ട. വാട്‍സാപ്പ് ഒരു അഖില വിജ്ഞാനകോശം ആയി കണക്കാക്കി അതിലെ മഹത്തായ കണ്ടുപിടിത്തങ്ങൾ ഒരു ഗ്രൂപ്പിൽ നിന്നും മറ്റു ഗ്രൂപ്പിലേക്ക് തള്ളി തള്ളി ഫോർവേഡ് ചെയ്യുകയാണ് പലരും. ഒരു നാരങ്ങാ കഴിച്ചാൽ ക്യാൻസർ മാറും, പച്ച വെള്ളം കുടിച്ചാൽ ഡയബറ്റിസ് ഭേദമാകും, ഫ്രൂട്ടിയിൽ എയ്ഡ്സ് രോഗത്തിന്റെ വൈറസ് കലർത്തി, മൊബൈൽ ഫോൺ റേഡിയേഷൻ കൊണ്ട് മുട്ട പുഴുങ്ങാം, നാരങ്ങാ നീരും കൊഞ്ചും കഴിച്ചു സ്ത്രീ മരിച്ച വാർത്ത, ലക്ഷ്മിതരുവിന്റെ അപാര ശക്തി അങ്ങനെ വിഡ്ഢിത്തങ്ങളുടെയും. വ്യാജ വാർത്തകളുടെയും, ഭയപെടാത്തലുകളുടെയും തെറ്റായ  മെഡിക്കൽ അറിവുകളുടെയും ദുർഭൂതങ്ങളെ ഏറ്റവും അധികം വാട്ട്സാപ്പ് എന്ന മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്, കൗമാരക്കാരോ, യുവജനങ്ങളോ അല്ല.

ഇതിന്‍റെയൊക്കെ ഹോൾ സെയിൽ ഡീലേഴ്‌സ് ഒരു 25 വയസിന് മുകളിൽ പ്രായമുള്ളവരാണ്. അറിവില്ലാത്തവരോ, വിദ്യാഭ്യാസമില്ലാത്തവരോ  മാത്രമല്ല ഇങ്ങനെയുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവരിൽ അധ്യാപകരും, പ്രൊഫെസ്സർസും, ഡോക്ടർമാരും എല്ലാം ഉണ്ട്.

പലകാര്യങ്ങളിലും ഒരുപക്ഷേ കുട്ടികൾ മാതാപിതാക്കളേയും, മുതിർന്നവരെയും തിരുത്തേണ്ട ഒരു അവസ്ഥയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. സെൽഫോണിന് ഏറ്റവും കൂടുതൽ അഡിക്റ്റഡ് ആയിട്ടുള്ളത് റിട്ടേയർമെൻറ് ജീവിതം നയിക്കുന്നവരാണ്. ഇഷ്‍ടം പോലെ സമയം, പെൻഷൻ. വൈകി കിട്ടിയ സമ്പൂർണമായ, വിലക്കുകൾ ഒന്നുമില്ലാത്ത, അതിരുകളില്ലാത്ത ഒരു ലോകം പ്രധാനം ചെയ്യുന്ന ഈ കളിപ്പാട്ടത്തെ ഇവർ പ്രണയിക്കുന്നു.

തലമുറകളോടുള്ള ദ്രോഹം

സമയം തികയാതെ, വളർച്ച എത്തുന്നതിന് മുൻപ് ജനിക്കുന്ന ഒരു ജീവിയാണ് മനുഷ്യൻ. ജനിച്ചു വീഴുന്ന ഒരു കുട്ടി തീർത്തും നിസ്സഹായരാണ്. മറ്റുള്ള ജീവികൾ ഏതാനം  ആഴ്ചകളോ, മാസങ്ങളോ കൊണ്ട് തന്നെ സ്വയം പര്യാപ്തമാകുമ്പോൾ, അനേകം വർഷത്തെ പരിചരണം കൊണ്ട് മാത്രമേ ഒരു മനുഷ്യജീവി സ്വന്തമായി ജീവിക്കുവാൻ പ്രാപ്തനാകുന്നുള്ളൂ. ഭർത്താവും ഭാര്യയും അധ്വാനിച്ചാൽ മാത്രമെ കുടുംബം മുൻപോട്ട് പോകൂ എന്ന വ്യവസ്ഥതിയിൽ ഒരു മനുഷ്യജീവിക്ക് അവന്റെ വളർച്ചയിൽ  ലഭിക്കേണ്ട യഥാർത്ഥ പരിഗണന ലഭിക്കാതെ പോകുന്നു. പക്ഷേ, ഇവിടെയാണ് അലോപേരന്റിംഗ് എന്ന ഒരു സഹായം ലഭ്യമാകുന്നത്. നിങ്ങളുടെ സമയത്തിന്റെ അഭാവത്തിൽ മറ്റുള്ളവർ നിങ്ങളുടെ കുട്ടികളെ പരിചരിക്കുന്നു. അത് മറ്റാരുമല്ല. അത് കുട്ടികളുടെ മുത്തശ്ശനോ മുത്തശ്ശിയോ ആയിരിക്കും. ഈ അവസ്ഥ മനുഷ്യവംശത്തിന് വല്ലാതെ സഹായകരമായി.

സ്വന്തം കുട്ടികൾ വലുതായിക്കഴിഞ്ഞാൽ ഒന്നും ചെയ്യാൻ ഇല്ലാതിരുന്ന മാതാപിതാക്കന്മാർക്ക് വലിയൊരു  അനുഗ്രഹമായിരുന്നു ഈ പേരാക്കിടാങ്ങൾ. കുട്ടികളും അവരുടെ മാതാപിതാക്കന്മാർക്കും അത്  സഹായവും. എന്നാൽ, കുറച്ചു നാളായി ഈ അലോപേരന്റിങ്ങിന്റെ കടയ്ക്കൽ കോടാലി വയ്ക്കുന്ന ഒരു ഘടകമുണ്ട്. മുതിർന്ന പൗരന്മാരുടെ മൊബൈൽ ഫോൺ അഡിക്ഷൻ തന്നെയാണ് ഇവിടെ വില്ലൻ. ഇവർ ഫോണിന് അഡിക്റ്റഡ് ആണ് എന്നും, കുട്ടികൾക്കും പേരക്കിടാങ്ങൾക്കും ഒപ്പും പങ്കിടേണ്ട സമയം വായ്യ്സാപ്പ്, യൂട്യൂബ് സർവകലാശകളിൽ ഗവേഷണം നടത്തുകയാണ് എന്നും, മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും നിഷേധിക്കപ്പെടുന്നത് അവരുടെ സാന്നിധ്യമാണ് എന്നും കൂടി അവര്‍ക്ക് പറഞ്ഞുനല്‍കാം. മക്കൾ കാരണം ബുദ്ധിമുട്ടുന്ന മാതാപിതാക്കളുടെ അവസ്ഥയും, അവരെ വൃദ്ധസദനത്തില്‍ തള്ളുന്ന മക്കളും മാത്രമല്ല ഇതൊക്കെയും യാഥാര്‍ത്ഥ്യമാണ്. ഇതുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ വേറെ.

നിങ്ങളുടെ അമ്മയോ/അച്ഛനോ സെൽഫോൺ അഡിക്റ്റഡ് ആണോ? ഇന്നലെ, ഈ ലോക മാനസികാരോഗ്യ ദിനമായിരുന്നു. ഇപ്പോഴെങ്കിലും നമ്മളതേ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.