Asianet News MalayalamAsianet News Malayalam

പൊന്‍മുട്ടയിടുന്ന സൊമാറ്റോ

മണി ടൈം. ബിസിനസ് മേഖലയിലെ പുതുചലനങ്ങള്‍. പിന്നണിയിലെ ചെറുചലനങ്ങള്‍. അഭിലാഷ് ജി നായര്‍ എഴുതുന്ന കോളം


 

money time kerala business analysis by Abhilash G Nair
Author
Cochin, First Published Jul 27, 2021, 4:48 PM IST

വ്യവസായ നിക്ഷേപത്തിനായി മറ്റ് സംസ്ഥാനങ്ങളുമായി മത്സരിക്കാനുള്ള ത്രാണി കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കില്ല എന്നതാണ് പ്രധാനം. സൗജന്യങ്ങള്‍ കൊടുത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളത്തിനാകില്ല. എല്ലാ ലൈസന്‍സുകളും അനുമതികളുമെല്ലാം വേഗത്തില്‍ തരാമെന്നു പറഞ്ഞാലൊന്നും വ്യവസായികള്‍ വരില്ല.  കുറഞ്ഞ ചിലവില്‍ സംരംഭം തുടങ്ങാനല്ലേ എല്ലാവരും ശ്രമിക്കുന്നത്. 

 

money time kerala business analysis by Abhilash G Nair

 

ഓഹരി വിപണിയില്‍ ചൂടപ്പം പോലെയാണ് സൊമാറ്റോ ഓഹരികള്‍ വില്‍ക്കുന്നത്. വെള്ളിയാഴ്ച ലിസ്റ്റ് ചെയതപ്പോള്‍ മുതല്‍ സൊമാറ്റോ ഓഹരിക്കായി വിപണിയില്‍ നിക്ഷേപകര്‍ പരക്കം പായുകയാണ്. ഐപിഒയിലൂടെ ഓഹരി കിട്ടിയവരാകട്ടെ നല്ല കാശുമുണ്ടാക്കി. 

സൊമാറ്റാ വലിയ ലാഭമുണ്ടാക്കുന്ന കമ്പനിയാണെന്ന് മനസ്സിലാക്കാന്‍ കമ്പനിയുടെ ബാലന്‍സ് ഷീറ്റൊന്നും പരിശോധിക്കേണ്ട കാര്യമില്ല. സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ബില്ലെടുത്തു നോക്കിയാല്‍ മതി. സര്‍വ്വീസ് ചാര്‍ജും സര്‍ചാര്‍ജും അതുമിതുമൊക്കെയായി രൂപ എത്രയാണ് വാങ്ങുന്നതെന്ന് നോക്കൂ. മാത്രമല്ല റസ്റ്റോറന്റുകളില്‍ നിന്നുള്ള കമ്മീഷന്‍ വേറെ. ഇതല്ലാതെ പരസ്യം. ആപ്പില്‍ മുന്‍ഗണന ലഭിക്കാന്‍ ഹോട്ടലുകളില്‍ നിന്നും വാങ്ങുന്ന പണം ..ഇവയൊക്കെ നോക്കിയാല്‍ സംഗതി ഏറെക്കുറെ പിടികിട്ടും. 

ലാഭം കുതിച്ചു കയറുകയാണ്. വെറുതെയാണോ ഓഹരിക്കായി ഇത്ര പിടിവലി! ലോക്ക് ഡൗണില്‍ ഇത്രയേറെ വളര്‍ന്ന കമ്പനികള്‍ രാജ്യത്തു തന്നെ ചുരുക്കമാണ്. ഏതായാലും സൊമാറ്റോക്ക് വിപണിയിയില്‍ കിട്ടിയ  വലിയ സ്വീകരണം കണ്ട് ആവേശത്തിലാണ് പേടിഎം അടക്കമുള്ള മറ്റ് സ്റ്റാര്‍ട്ട്അപ് കമ്പനികള്‍. യാത്രാ ബുക്കിംഗ് മുതല്‍ കല്യാണ ബ്രോക്കറുടെ പണിയെടുക്കുന്ന ഓണ്‍ലൈന്‍ കമ്പനികള്‍ വരെ സൊമാറ്റോയുടെ വഴിയേ ഉടന്‍ വിപണിയില്‍ എത്തും. ഫേസ്ബുക്കിന്റെ വളര്‍ച്ചയാണ് ഇവരുടെയെല്ലാം പ്രചോദനം. കൊവിഡാനന്തര ലോകം  ഡിജിറ്റല്‍ കമ്പനികളുടേതാകുമെന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന കാഴ്ചകളാണ് നമ്മുടെ നാട്ടിലും കാണുന്നത്.

 

money time kerala business analysis by Abhilash G Nair

 

കിറ്റക്‌സിനു പിന്നാലെ ഇനി ആരൊക്കെ? 

കിറ്റക്‌സ് ഉണ്ടാക്കിയ വിവാദങ്ങളുടെ അലയൊലികള്‍ കെട്ടടങ്ങിത്തുടങ്ങി. പക്ഷെ ഈ വിവാദത്തില്‍  സംസ്ഥാന വ്യവസായ വകുപ്പിനുണ്ടായത് ചില്ലറ ക്ഷീണമെന്നുമല്ല. പ്രതിരോധം തീര്‍ത്ത് വ്യവസായ മന്ത്രി എല്ലാ ജില്ലകളിലുമെത്തി സംരംഭകരെ നേരിട്ടു കണ്ടുവെങ്കിലും പരിക്ക് ഭേദമായിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ നോക്കി നില്‍ക്കാനേ കേരളത്തിനാകൂ. സൗജന്യ ഭൂമിയും വൈദ്യുതിയും മുതല്‍ തൊഴിലാളികളുടെ ശമ്പളത്തിന്റെ ഒരു ഭാഗം വരെ വഹിക്കാമെന്ന ഓഫറാണ് അയല്‍സംസ്ഥാനങ്ങളുടേത്. മുടക്കുന്ന പണം പത്തും പതിനഞ്ചും വര്‍ഷം കൊണ്ട് സബ്‌സിഡിയായി തിരിച്ചു കിട്ടുമെന്ന് ഉറപ്പായാല്‍ ആരെങ്കിലും വേണ്ടെന്ന് വെയ്ക്കുമോ?

പല പ്രമുഖ കമ്പനികളും ഇതൊക്കെ വാങ്ങി നേരത്തെ തന്നെ കേരളം വിട്ടതാണ്. പക്ഷെ പോയത് അധികമാരും അറിഞ്ഞില്ലെന്ന് മാത്രം. പക്ഷെ കിറ്റക്‌സ് പോകുന്നത് നാട്ടുകാര്‍ എല്ലാവരും അറിഞ്ഞു, സര്‍ക്കാരിന് ക്ഷീണമായി. കിറ്റക്സിന്റെ നാടുവിടല്‍ നമുക്ക് ചില തിരിച്ചറിവുകള്‍ കൂടി നല്‍കുന്നുണ്ട്. 

വ്യവസായ നിക്ഷേപത്തിനായി മറ്റ് സംസ്ഥാനങ്ങളുമായി മത്സരിക്കാനുള്ള ത്രാണി കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കില്ല എന്നതാണ് പ്രധാനം. സൗജന്യങ്ങള്‍ കൊടുത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളത്തിനാകില്ല. എല്ലാ ലൈസന്‍സുകളും അനുമതികളുമെല്ലാം വേഗത്തില്‍ തരാമെന്നു പറഞ്ഞാലൊന്നും വ്യവസായികള്‍ വരില്ല.  കുറഞ്ഞ ചിലവില്‍ സംരംഭം തുടങ്ങാനല്ലേ എല്ലാവരും ശ്രമിക്കുന്നത്. 

കിറ്റക്‌സിന്റെ കാര്യം തന്നെ നോക്കൂ. പൂര്‍ണ്ണമായും കയറ്റുമതി കമ്പനിയാണ് കിറ്റക്‌സ് ഗാര്‍മന്റ്‌സ്. അവര്‍ മത്സരിക്കുന്നത് ശ്രീലങ്കയിലേയും ചൈനയിലേയും ബംഗ്ലാദേശിലേയും വസ്ത്ര  നിര്‍മ്മാണ കമ്പനികളോടാണ്.  ഒരേ വിലയ്ക്കാണ് അമേരിക്കന്‍ സായിപ്പ് ഇവരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നത്. അപ്പോള്‍ ഉത്പാദന ചിലവ് പരമാവധി കുറച്ചാലല്ലേ പിടിച്ചു നില്‍ക്കാനാകൂ. ചൈനയിലും ശ്രീലങ്കയിലുമുള്ളതിനാല്‍ ഉത്പാദന ചിലവ് കേരളത്തിലാണെങ്കില്‍ കമ്പനിയുടെ ലാഭം കുറയില്ലേ. അപ്പോള്‍ കുറഞ്ഞ ചിലവില്‍  വ്യവസായം നടത്താനുള്ള അവസരം  വേണ്ടെന്ന് വെക്കുന്നത് മണ്ടത്തരമല്ലേ. 

കിറ്റക്‌സ് ആ ഓഫര്‍ സ്വീകരിച്ചു, പക്ഷെ പോകുന്ന പോക്കില്‍  അവര്‍ സര്‍ക്കാരിന് രണ്ടെണ്ണം  കൊടുത്തു എന്നത്  വേറെ കാര്യം. ആ രാഷ്ട്രീയം മാറ്റിവെക്കാം.  വലിയ സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേരളത്തിനുമാത്രം കഴിയില്ല എന്ന് എല്ലാവര്‍ക്കും ഇതോടെ ബോധ്യമായി. ഇനി കിറ്റക്‌സിനു പിന്നാലെ തെലുങ്കാനയില്‍ മുതല്‍ മുടക്കാന്‍ കൂടുതല്‍ മലയാളികള്‍ എത്തുന്ന കാഴ്ചയും നമ്മള്‍ കാണും. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെ ടി രാമറാവുവാണ്  തെലുങ്കാന വ്യവസായ മന്ത്രി. അമേരിക്കയില്‍ നിന്നും മാനേജ്‌മെന്റ് ബിരുദം നേടിയ രാമറാവുവെന്ന സിഇഒയുടെ കീഴിലാണ് തെലുങ്കാനയില്‍ വ്യവസായം  വളരുന്നത്. തെലുങ്കാനയുടെ ഭാവി മുഖ്യമന്ത്രിയായി കോര്‍പ്പറേറ്റ് ലോകം കാണുന്ന ഈ  ന്യൂ ജെന്‍ നേതാവുമായി ബന്ധം സ്ഥാപിക്കാന്‍ നിരവധി മലയാളി സംരംഭകരും ശ്രമം തുടങ്ങിയെന്നാണ്  അണിയറയില്‍ കേള്‍ക്കുന്നത്.

Follow Us:
Download App:
  • android
  • ios