Asianet News MalayalamAsianet News Malayalam

ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍ എ.കെ ആന്‍റണിയാണ് എന്നാണ് എന്‍റെ അറിവ്..

ഞങ്ങളൊക്കെ ബാഗിൽ പുസ്തകം കൊണ്ടുവന്നപ്പൊ അവളൊരു അലുമിനിയം പെട്ടിയായിരുന്നു കൊണ്ടുവരുന്നത്, കൂടെ മഴവില്ല് വിരിഞ്ഞ പോലൊരു കളറ് കുടയും. വെളുത്ത് സുന്ദരിയായ ഒരു കോലു മുടിക്കാരി. 

nee evideyanu anushree nikesh
Author
Thiruvananthapuram, First Published Apr 19, 2019, 6:46 PM IST

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍. നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

nee evideyanu anushree nikesh

ഇത് നാലാം ക്ലാസ്സ് വരെ ഒരുമിച്ച് പഠിച്ച രണ്ട് കൂട്ടുകാരികളുടെ കഥയാണ്. അതിനു ശേഷം ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത എന്റെയൊരു കൂട്ടുകാരിയുടെ കഥ. മൂവാറ്റുപുഴയിൽ നിന്ന് വന്ന് ഞങ്ങളുടെ നാട്ടിൽ ഒരു വാടക വീട്ടിലായിരുന്നു അവളും അച്ഛനും അമ്മയും താമസിച്ചിരുന്നത്. ഞാൻ സ്കൂളിൽ പോവുന്ന വഴിയിലായിരുന്നു ആ വീട്.  രമ്യകൃഷ്ണ എന്നാണ് പേരെങ്കിലും, വേറൊരു രമ്യ കൂടി ക്ലാസ്സിലുണ്ടായിരുന്നതുകൊണ്ട് ഞങ്ങളവളെ 'കുഞ്ഞിരമ്യ' എന്നാണ് വിളിച്ചോണ്ടിരുന്നത്. കാണാനും അവളെന്തൊരു 'കുഞ്ഞി'  ആയിരുന്നു..!

ഞങ്ങളൊക്കെ ബാഗിൽ പുസ്തകം കൊണ്ടുവന്നപ്പൊ അവളൊരു അലുമിനിയം പെട്ടിയായിരുന്നു കൊണ്ടുവരുന്നത്, കൂടെ മഴവില്ല് വിരിഞ്ഞ പോലൊരു കളറ് കുടയും. വെളുത്ത് സുന്ദരിയായ ഒരു കോലു മുടിക്കാരി. ആ തെക്കൻ സ്ലാങ്ങും, ചിലമ്പിച്ച ശബ്ദവും, കുണുങ്ങിക്കുണുങ്ങി നടത്തവും.. മൊത്തത്തിൽ 'ബോയിംഗ് ബോയിംഗ് ' സിനിമേന്നിറങ്ങി വന്ന എയർ ഹോസ്റ്റസിനെപ്പോലെ അവളൊരു വരവു വരും.

ഞങ്ങള് ഭയങ്കര കൂട്ടുകാരായിരുന്നു. പക്ഷെ, അവളോട് ഇടപെടുന്നതൊക്കെ സൂക്ഷിച്ചു വേണമെന്നെനിക്ക് മനസ്സിലായിരുന്നു, കാരണം എപ്പൊ വേണെങ്കിലും നിറഞ്ഞൊഴുകാൻ സാധ്യതയുള്ള കണ്ണുകളായിരുന്നു അവളുടേത്, ടീച്ചർമാർക്ക് വഴക്ക് പറയാൻ മാത്രം ഒരു കുരുത്തക്കേടും അവൾക്കില്ലായിരുന്നു, പറയുന്നതെല്ലാം അതേപടി അനുസരിക്കും, നന്നായി പഠിക്കും എങ്കിലും മുഖം കറുത്തെന്തെങ്കിലും പറഞ്ഞ് പോയാൽ ഉടൻ കരച്ചിൽ തുടങ്ങും..

ഞങ്ങളാരുടെയെങ്കിലും കയ്യിൽ പിടിച്ചേ അവൾ നടക്കുമായിരുന്നുള്ളൂ.. അതുമാത്രം എനിക്കിത്തിരി ബുദ്ധിമുട്ടായിരുന്നു. കാരണം അവൾ നഖം കടിക്കും..  വിരലൊക്കെ കുതിർന്ന് നഖം ഒരു വര പോലെ ആയിട്ടുണ്ടാവും. അതൊക്കെ സഹിച്ചും ക്ഷമിച്ചും ഞങ്ങൾ നാലാം ക്ലാസ്സിലെ പരീക്ഷ വരെ ഒരു ബെഞ്ചിലിരുന്ന് പഠിച്ചു. സ്കൂൾ തുറന്ന അന്ന് മഴയും ഞങ്ങളും ഒരുമിച്ച് അഞ്ചാം ക്ലാസ്സിൽ പോയിരുന്നു. എല്ലാവരും വന്നു അവളെ മാത്രം കണ്ടില്ല.. അവൾ നാട്ടിലേക്ക് തിരിച്ചു പോയെന്ന് പിന്നീടറിഞ്ഞു.. അവരുടെ വാടക വീട്ടിൽ വേറൊരു കൂട്ടർ താമസം തുടങ്ങിയിരുന്നു.

സത്യത്തിൽ ഈ കഥയിലെ പ്രധാന വില്ലൻ എ.കെ ആന്‍റണി ആണ് എന്നാണെന്‍റെ അറിവ്. ഞങ്ങളുടെ നാലാം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ വെക്കേഷനിൽ അദ്ദേഹം ചാരായം നിരോധിച്ചു കളഞ്ഞു. അതോടെ ജോലി പോയതാണ് രമ്യയുടെ അച്ഛൻ നാട്ടിലേക്ക് തിരിച്ചു പോവാൻ തീരുമാനിച്ചതെന്ന് പിന്നീടറിഞ്ഞു. പിന്നീടങ്ങോട്ട് പുതിയ കൂട്ടുകാർ, വളവുകൾ, തിരിവുകൾ... 

കാലം കുറെ കഴിഞ്ഞപ്പൊ ഓർക്കൂട്ട്, ഫേസ് ബുക്ക് അങ്ങനെ പലതും വന്നു.. എങ്ങാനും രമ്യ എന്ന പേരിലൊരു റിക്വസ്റ്റ് വന്നാൽ അവളായിരിക്കുമോ എന്നാണാദ്യം നോക്കുന്നത്. ഇപ്പൊ എവിടാണെന്നോ എന്താണെന്നോ അറിയില്ല, എങ്കിലും ഒരിക്കൽ കൂടി അവളുടെ കയ്യിലൊന്നു പിടിച്ച് നടക്കണം.. 

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios