കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍. നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

അന്ന് ക്ലാസിൽ സയൻസ് പഠിപ്പിക്കാനെത്തിയത് ഒരു പുതിയ അധ്യാപികയായിരുന്നു. പേര് ഐഷബീവി. ഞാനുൾപ്പെടെയുള്ള  കുട്ടികൾക്കാർക്കും പുതിയ അധ്യാപികയെ ഇഷ്ടമായില്ല. രണ്ടാം ക്ലാസിലെ കുട്ടികളല്ലേ? അധ്യാപിക കണ്ണടച്ചു. വീട് കോട്ടയത്ത് താഴത്തങ്ങാടിയിൽ. അധ്യാപിക പറഞ്ഞു. ഞങ്ങൾ കുട്ടികളുടെ കണ്ണു തള്ളി. 'ഹോ! ഇത്ര ദൂരത്തു നിന്നോ?' ജില്ലയുടെ അറ്റത്തു താമസിക്കുന്ന ഞങ്ങൾ കുട്ടികൾക്ക് അന്ന് കോട്ടയം വളരെ ദൂരത്തായിരുന്നു. എന്തായാലും പതുക്കെപ്പതുക്കെ അവർ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയായി. സയൻസിനെ പാലുമിഠായി പോലെ ഞങ്ങൾക്കവർ പ്രിയതരമാക്കി.

ഒരു ദിവസം ക്ലാസിൽ നടത്തിയ ഒരു പരീക്ഷയ്ക്ക് എനിക്കായിരുന്നു കൂടുതൽ മാർക്ക്. ഐഷ ടീച്ചർ എന്നെ കെട്ടിപ്പിടിച്ച് ചുമലിൽ തട്ടി. പിന്നെയൊരു സമ്മാനം കൈയിൽ വച്ചുതന്നു. ഒരു റെയ്നോള്‍ഡ്സ് പേന! പഠനത്തിലെ മികവിന് എനിക്ക് ആദ്യമായി കിട്ടിയ സമ്മാനം! ആദ്യമായി കിട്ടിയ പേന! നീല അടപ്പ്... നീലയും വെള്ളയും ഉടൽ... നീല മഷി... പേനയുടെ പേര് മെറൂൺ നിറത്തിൽ വെള്ള ഉടലിൽ!  

ഡിഗ്രിക്കാലം വരെ നിധിപോലെ ഞാനതു സൂക്ഷിച്ചു. പിന്നീടെപ്പോഴോ അത് കൈവിട്ടുപോയി. ഒന്നു രണ്ടു കൊല്ലത്തിനുള്ളിൽ ആ അധ്യാപിക സ്ഥലം മാറിപ്പോയി. പിന്നീട് കണ്ടിട്ടേയില്ല. 30 വർഷങ്ങൾ കഴിഞ്ഞു. നന്ദി ടീച്ചർ.. എനിക്കാദ്യമായി നൽകിയ ആ പേനയ്ക്ക്... പകർന്നു നൽകിയ അറിവിന്... ചേർത്തുനിർത്തിയ സ്നേഹത്തിന്...

പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് പുതുവേലി ഗവ. ഹൈസ്കൂളെന്ന എന്റെ ഗ്രാമത്തിലെ ആ വിദ്യാലയത്തിൽ നിന്ന് ഞാൻ നേടിയത്. ടീച്ചറിപ്പോള്‍ എവിടെയാണ് എന്നറിയില്ല.. പക്ഷേ, ഐഷ ടീച്ചറെ ഒന്നുകൂടി എനിക്ക് കാണണം. പഴയ ആ രണ്ടാം ക്ലാസുകാരി പഠിത്തക്കുട്ടിയായിട്ട്... 

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം