പ്രണയലേഖനം എങ്ങനെ എഴുതണം....

"നീയെനിക്കൊരു പ്രേമലേഖനം എഴുതണം..."
അടുത്ത് കണ്ടുമുട്ടിയ ഒരു കാമുകി കാമുകനോടോ തിരിച്ചോ ആവശ്യപ്പെട്ടതല്ല, 18 വർഷമായി വിവാഹം കഴിഞ്ഞു കൂടെ താമസിക്കുന്ന എന്നോട് ഗോമതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടതാണ്.

സംഭവം ഞാൻ ഫേസ്ബുക്കിൽ കുറെ എഴുതിയിട്ടുണ്ടെങ്കിലും വീട്ടിൽ എന്‍റെ റൊമാൻസ് ഒക്കെ കണക്കാണ്. പ്രണയം പ്രകടിപ്പിക്കാൻ മസിലു പിടിക്കുന്ന ശരാശരി ഒരു മലയാളി പുരുഷൻ മാത്രമാണ് ഞാൻ. എന്നാൽ, ജീവിതത്തിൽ എപ്പോഴും പ്രണയത്തിൽ കുളിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് എനിക്ക് പങ്കാളിയായി കിട്ടിയിരിക്കുന്നത്. പ്രേമലേഖനം എഴുതാൻ പോയിട്ട് മുഖത്ത് നോക്കി 'എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്...' എന്ന് പറയാൻ പോലും ചളിപ്പ് തോന്നുന്ന ഒരു തരം ജീവി: ശരാശരി മലയാളി ഭർത്താവ്.

വിവാഹത്തിന് മുമ്പും പ്രണയം പ്രകടിപ്പിക്കുന്നതിൽ അവൾ തന്നെയായിരുന്നു മുന്നിൽ. പ്രേമത്തെ കുറിച്ച് വാചകം കുറെ അടിക്കും എങ്കിലും പ്രണയം തുറന്നു പ്രകടിപ്പിക്കാൻ യഥാർത്ഥത്തിൽ പെണ്ണുങ്ങളാണ് മുന്നിൽ. ഒന്നുകിൽ അവർ നേരിട്ട് പറയും. ഇല്ലെങ്കിൽ ആണിനെ കൊണ്ട് പ്രൊപ്പോസ് ചെയ്യിക്കാൻ ഉള്ള വഴികൾ ഒക്കെ അവർക്കറിയാം...

പത്തൊൻപത് വർഷങ്ങൾക്ക് മുൻപ് മദ്രാസിൽ വച്ച്, അമേരിക്കയിലേക്ക് വരാൻ തയ്യാറെടുക്കുന്ന ആഴ്ചയിൽ ആണ് എനിക്ക് ഞാൻ താമസിക്കുന്ന വീട്ടിൽ ഗോമതിയുടെ വിളി വരുന്നത്.

"നിനക്ക് ശരിക്കും അമേരിക്കയ്ക്ക് പോണോ, ഇവിടെ തന്നെ നിന്നാൽ പോരെ?" എന്ന് അടുത്ത സുഹൃത്തായ ഒരു പെൺകുട്ടി ചോദിക്കുമ്പോൾ അതിൽ സൗഹൃദം മാത്രമല്ല എന്ന് മനസിലാക്കാൻ മാത്രം ബുദ്ധി എനിക്കുണ്ടായിരുന്നത് ഭാഗ്യം.

"നീ ശരിക്കും എന്താണ് പറയാൻ വരുന്നത്, തുറന്നു പറയൂ" എന്ന് ഒരു ചൂണ്ട ഞാൻ ഇട്ടു കൊടുത്തു.
"എനിക്ക് നിന്നെ ഇഷ്ടമാണ്..." എന്ന് ധൈര്യത്തോടെ തുറന്നു പറയാൻ അവൾക്ക് വലിയ മടിയുണ്ടായില്ല.

അങ്ങനെ അവളാണ് എന്നെ ആദ്യമായി പ്രൊപ്പോസ് ചെയ്തത്. അതുവരെ ലോക തെണ്ടിയായി ജീവിച്ച എന്‍റെ ജീവിതം വഴിതിരിച്ചു വിട്ട ഒരു ഫോൺ കോൾ ആയിരുന്നു അത്.

എന്‍റെ വീട്ടിൽ ഞാൻ കണ്ടുവന്ന ഭാര്യാഭർതൃ ബന്ധത്തിൻറെ പ്രശ്നങ്ങൾ ആണോ എന്തോ, ഒരു കുടുംബ ജീവിതത്തിനു പറ്റിയ മെറ്റീരിയൽ ആയിരുന്നില്ല ഞാൻ. സിനിമയ്ക്ക് പോകുന്നതും, ടൂർ പോകുന്നത് പോലും ഞാൻ ഒറ്റക്കായിരുന്നു.

ആണും പെണ്ണും തമ്മിൽ ഒരുമിച്ച് താമസിച്ച് കുട്ടികളെ വളർത്തി വലുതാക്കി പരസ്പരം ഊന്നുവടികളായി നിന്ന് മരണം വരെ ഒരുമിച്ച് കഴിയുന്ന കടുംബ വ്യവസ്ഥയുടെ സങ്കീർണതകൾ ഒന്നും അറിയാതെയാണ് ഞാനും അവളും വിവാഹം കഴിച്ചത്.

ഒരു മിശ്ര, പ്രണയ വിവാഹത്തിൽ ഏറ്റവും പ്രാധാന്യം ഇല്ലാത്ത കാര്യം വിവാഹം മാത്രമാണ്. അത് കഴിഞ്ഞുള്ള ജീവിതമാണ് ശരിക്കും പ്രണയത്തെ പരീക്ഷിക്കുന്നത്. പക്ഷെ, നമ്മുടെ സിനിമകളും മറ്റു കലാരൂപങ്ങളും പ്രേമിച്ച് കല്യാണം കഴിയുമ്പോൾ കഥ തീർന്നുപോവും.

പ്രേമിക്കപെടുക എന്നത് വലിയ കാര്യമൊന്നുമല്ല. പക്ഷെ, ഒരാളെ ഇത്രയും നാൾ തലകുത്തി നിന്ന് പ്രേമിക്കുക എന്നത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. ഇപ്പോഴും ആദ്യം പ്രണയത്തിൽ വീണ അതേ ശക്തിയിൽ പ്രേമിക്കപ്പെടാൻ ഉള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. എന്‍റെ ഭാഗത്തു നിന്ന് പലപ്പോഴും നിരാശാജനകമായ ഇടപെടലുകളാണ് പ്രണയത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെങ്കിൽ കൂടി.

ഇത്രയും നാളത്തെ ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ്, വഴക്കുകൾ ഒരു രാത്രിക്കപ്പുറം പോയിട്ടുള്ളത്. ഇതുവരെയുള്ള പ്രണയവിജയത്തിനു നിദാനമായ ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

വിട്ടുവീഴ്ച

ഈഗോ എന്നൊരു സംഗതിയുണ്ട്. ചെറിയൊരു കാര്യം വലുതാക്കി ജീവിതം കുട്ടിച്ചോറാക്കാൻ ഇതില്‍പരം വലിയ കാര്യമില്ല. എല്ലാവര്‍ക്കും അവരവരുടേതായ ശരിയുണ്ട്. പക്ഷെ, നമ്മുടെ ശരി മറ്റുള്ളവരുടെ ശരി ആവണമെന്നില്ല. അത് മനസിലാക്കി കഴിഞ്ഞാൽ തീരുന്ന പ്രശ്‌നമേ ഈഗോയ്ക്ക് ഉള്ളൂ. വിവാഹം കഴിഞ്ഞ് യഥാർത്ഥ പ്രണയം ഉള്ളവർക്ക് നമ്മുടെ ഈഗോ മാറ്റി വച്ച് ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് കഴിഞ്ഞാൽ മറുഭാഗവും അതേപോലെ പ്രതികരിക്കുന്നത് കാണാം. ചില ബന്ധങ്ങളിൽ ഒരാൾ മാത്രം ഇപ്പോഴും വിജയിക്കുന്നത് പോലെ ചിലർ വാശി പിടിക്കാറുണ്ട്. പക്ഷെ, അതൊക്കെ ഒരു താത്കാലിക വിജയങ്ങൾ മാത്രമാണ്. വർഷങ്ങൾ കഴിയുമ്പോൾ എന്നും പരാജയപ്പെടുന്നവരുടെ, അവരവരുടെ ഇഷ്ടങ്ങൾ എന്നും മറ്റുള്ളവർക്ക് വേണ്ടി വിട്ടുകൊടുക്കുന്നവരുടെ ഈർഷ്യ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പുറത്തേക്ക് വരിക തന്നെ ചെയ്യും.

ആശയവിനിമയം

ആദ്യകാലത്ത് എന്റെ ഏറ്റവും വലിയ പ്രശ്നം ഇതായിരുന്നു. ദേഷ്യം വന്നാൽ മിണ്ടാതിരിക്കും. ഒരു തവണ അഞ്ചാറ് ദിവസം വരെ മിണ്ടാതിരുന്നിട്ടുണ്ട്. വളരെ ക്ഷമയോടെ ഗോമതിയാണ് പറഞ്ഞു മനസിലാക്കി തന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞ് പരസ്പരം ചർച്ച ചെയ്ത് തീർക്കാതെ മിണ്ടാതിരുന്നിട്ട് ഒരു കാര്യവും ഇല്ലെന്ന്. മിണ്ടാതിരുന്നാൽ, അല്ലെങ്കിൽ ദേഷ്യത്തോടെ പെരുമാറിയാൽ, പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളൂ. ഇപ്പോൾ ഞങ്ങളുടെ വഴക്ക് പലതും അരമണിക്കൂറിൽ കൂടുതൽ നീളാത്തതിന്റെ കാരണവും ഇതുതന്നെയാണ്. പരസ്പരം വഴക്കിന്റെ കാരണങ്ങൾ പറഞ്ഞു കളിയാക്കി, ചൊറിഞ്ഞു കുറച്ച് വർത്തമാനം കഴിയുമ്പോഴേക്കും വഴക്ക് അടിക്കുന്നതിന്റെ ഗുമ്മങ് പോകും.

എല്ലാ ദിവസവും അവൾക്ക് ഇഷ്ടമുള്ള പാട്ടുകൾ വാട്സാപ്പിൽ അയക്കുകയും, മാസത്തിൽ ഒരു തവണ എങ്കിലും നീണ്ട പ്രണയ ലേഖനങ്ങൾ അയക്കുകയും ചെയ്യുന്ന ഗോമതിയുടെ അടുത്തെങ്ങും വല്ലപ്പോഴും അവളുടെ ഓഫീസിൽ പൂവുകൾ അയച്ചു കൊടുത്തു മാനം കാക്കുന്ന എന്‍റെ ഗോഷ്ടികൾ ചിലവാകില്ല.

എങ്ങനെ / എന്തിനു വഴക്കടിക്കണം

പരസ്പരം ഒരു പ്രശ്നവും ഇല്ലാത്ത ആളുകൾ ആരുമില്ല. ഓഫീസിൽ വൈകി പോകുന്നത് മുതൽ, ഫോൺ അധികമായി ഉപയോഗിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ പരസ്പരം വ്യത്യസ്തത അഭിപ്രായങ്ങൾ ഉള്ളവരാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞു കുറച്ച് നാളുകൾ കൊണ്ട് എനിക്ക് മനസിലായ ഒരു കാര്യം അഭിപ്രായ വ്യത്യാസമുള്ള എല്ലാ കാര്യത്തിലും വഴക്കടിക്കാൻ നിന്നാൽ വേറെ ഒന്നിനും സമയമുണ്ടാകില്ല എന്നതാണ്. പ്രണയവും യുദ്ധവും രണ്ടു വ്യത്യസ്‍ത കാര്യങ്ങൾ ആണെങ്കിൽ കൂടി "You Don't Need To Win Every Battle To Win The War" എന്ന വാചകം ഒരുമിച്ച് താമസിക്കുന്ന ദമ്പതികളുടെ കാര്യത്തിൽ വളരെ അർത്ഥവത്താണ്.

ആവശ്യങ്ങൾ തുറന്നു പറയുക

ഒരുമിച്ച് ജീവിക്കുന്ന പരുഷനും സ്ത്രീക്കും പരസ്പരം പങ്കാളിയിൽ നിന്ന് ലഭിക്കണം എന്ന് അവർ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരുപക്ഷെ, ആണുങ്ങൾക്ക് സെക്സും, പെണ്ണുങ്ങൾക്ക് പ്രേമവും എന്ന് ചില തെറ്റിദ്ധാരണകൾ ഉണ്ടാവാം. പക്ഷെ, യഥാർത്ഥത്തിൽ ഇത് തിരിച്ചും ആവാം. പകൽ മുഴുവൻ വീട്ടിൽ ജോലി ചെയ്ത ക്ഷീണിച്ചിരിക്കുമ്പോൾ ജോലി കഴിഞ്ഞ് വരുന്ന ഭർത്താവ് കുട്ടികളെ നോക്കിയാൽ ഒന്ന് ശ്വാസം വിധം എന്ന് കരുതി ഇരിക്കുന്ന സ്ത്രീകൾ ഉണ്ടാവാം. തന്നോട് പ്രേമത്തോടെ എന്തെങ്കിലും ഭർത്താവ് പറയണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകളും, ലൈംഗികതയിൽ കൂടുതൽ താല്പര്യം കാണിക്കുന്ന പങ്കാളി വേണം എന്ന് കരുതുന്ന ഭർത്താവും ഉണ്ടാകാം ( ഇതൊരു സ്റ്റീരിയോ ടൈപ്പ് മാത്രമാണ്, വളരെ അധികം ആളുകളിൽ നേരെ തിരിച്ചു കണ്ടിട്ടുണ്ട്, ലൈംഗിക കാര്യത്തിൽ തണുപ്പനായ ഭർത്താവിനെ മടുത്ത ഭാര്യമാർ ധാരാളമുണ്ട്.)

നമുക്ക് എന്തൊക്കെ ആണ് ആഗ്രഹങ്ങൾ എന്ന് നമ്മുടെ പങ്കാളി എങ്ങിനെ ആണ് അറിയുക? വളരെ ലളിതമാണ്. അവരോട് തുറന്നു പറയുക. അവർ എന്ത് വിചാരിക്കും എന്നൊരു ചമ്മലും വച്ച് ഇരിക്കുന്നവരാണെങ്കിൽ, വേറെ വഴികളിൽ തങ്ങളുടെ താല്പര്യത്തെ പ്രകടിപ്പിക്കാൻ നോക്കുക. പറയാതെ അവർക്ക് നമ്മൾക്ക് എന്താണ് വേണ്ടതെന്നറിയാൻ ഒരു വഴിയുമില്ല.

ഇനി അവർക്ക് ഇക്കാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വിമർശനബുദ്ധ്യാ കാണാതെ നമ്മുടെ സഹായത്തോടെ ചില കാര്യങ്ങൾ അവരെ പഠിപ്പിച്ചെടുക്കാവുന്നതാണ്. ഞാൻ സാമ്പാർ വയ്ക്കാൻ പഠിച്ചത് എങ്ങനെയാണെന്നാണ് നിങ്ങൾ കരുതിയിരിക്കുന്നത്?

വിശ്വാസം, അതല്ലേ എല്ലാം

പരസ്പരം എന്തും തുറന്നു പറയുന്ന വിശ്വാസം വളരെ പ്രധാനമാണ്.

ഞങ്ങളുടെ കാര്യത്തിൽ എന്‍റെ ഏറ്റവും വലിയ വീക്ക് പോയിന്‍റ് ആണിത്. എന്നെ പോലെ കഥകൾ എഴുതുന്ന, ആവശ്യത്തിൽ കൂടുതൽ ജീവിതാസക്തി ഉള്ളവർക്കൊരു കുഴപ്പമുണ്ട്. അവർ എല്ലാവരുടെയും കാര്യത്തിൽ ചാടി ഇടപെടും. കാരണം, അവർക്ക് ഒരു ചാറ്റും, ഓരോ കമെന്റും, ഓരോ ഫോൺ കോളുകളും ഓരോ കഥകളുടെ തുമ്പുകളാണ്. ഏറ്റവും പൊസ്സസ്സീവ് ആയ ഒരു ഭാര്യ ഉള്ളപ്പോൾ, ഇതിൽ പലതും മറച്ചു വച്ചായിരിക്കും ചെയ്യുന്നത്. ഒരു ദീര്‍ഘകാല ബന്ധത്തിൽ ഒരു കാര്യം പോലും നിങ്ങൾക്ക് ഒളിച്ചു വച്ച് ചെയ്യാൻ കഴിയില്ല. കള്ളത്തരം കണ്ടുപിടിക്കാൻ നിങ്ങളുടെ പങ്കാളി എത്ര സമയം എടുക്കും എന്നത് മാത്രമാണ് കാര്യം. അപ്പോൾ എല്ലാം തുറന്നു പറയുന്നതിനേക്കാൾ നല്ലതല്ലേ ആദ്യമേ തന്നെ ഇതൊക്കെ പറഞ്ഞിട്ട് ചെയ്യുന്നത്? എന്റെ കാര്യത്തിൽ ഇപ്പോഴും ഞാൻ ശരിയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ഏരിയ ആണിത്. എന്നെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിക്കാം.

പൊതു സുഹൃത്തുക്കൾ

പലപ്പോഴും പങ്കാളികൾക്ക് അവരവരുടേതായിട്ടുള്ള സുഹൃത്തുക്കൾ ഉണ്ടാവും. അതിൽ തെറ്റൊന്നുമില്ല. പക്ഷെ ഭാര്യയ്ക്കും ഭർത്താവിനും പൊതുവായി കുറെ സുഹൃത്തുക്കൾ വേണം. ഇവിടെ വെള്ളിയാഴ്ച രാത്രി ഞങ്ങൾ ക്ലബ്ബിൽ പോകുന്നതും, ശനിയോ ഞായറോ ഹൈക്കിങ് ചെയ്യാൻ പോകുന്നതും എല്ലാം അങ്ങനെയുള്ള കൂട്ടുകാരും ആയാണ്. പൊതു സുഹൃത്തുക്കളും മറ്റും നമുക്ക് പരസ്പരം ദമ്പതികൾ എന്ന നിലയിൽ മാത്രമല്ലാതെ സുഹൃത്തുക്കൾ എന്ന നിലയിലും ഇടപെടാൻ സാഹചര്യം ഒരുക്കും.

സെക്സ്

ലൈംഗികത പോലെ ഒരു ബന്ധത്തിൽ ഇത്ര പ്രാധാന്യം ഉള്ള വേറെയൊരു സംഗതിയില്ല. എത്ര വഴക്കിൽ ആണെങ്കിലും നല്ല ഒരു സെക്സ് കഴിഞ്ഞാൽ ശരീരം തന്നെ നിങ്ങളെ പരസ്പരം ഇഷ്ടപ്പെടാനുള്ള ഹോർമോണുകൾ പുറപ്പെടുവിച്ച് നിങ്ങളുടെ വഴക്ക് തീർത്തുതരും.

ഒരേ ചായക്കടയിൽ നിന്ന് എല്ലാ ദിവസവും ഒരേ ചായ കുടിച്ചു ബോറടിക്കുന്നു എന്ന് പറയുന്നവരോട്, ലൈംഗികത എന്നത് ശാരീരികമായ ബന്ധപ്പെടൽ മാത്രമല്ല. അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ചെയ്യുന്ന ഒരു ചെറിയ കെട്ടിപ്പിടുത്തവും ഉമ്മയും മുതൽ, വാട്സാപിൽ നിങ്ങൾ അയക്കുന്ന അഡൾട് ഒൺലി ചിത്രവും എല്ലാം ലൈംഗികത തന്നെയാണ്. ദിവസം മുഴുവൻ പലപ്പോഴായി നടക്കുന്ന ഫോർ പ്ലേയുടെ അവസാന രംഗം മാത്രമായിരിക്കണം നിങ്ങളുടെ കിടപ്പുമുറിയിൽ സംഭവിക്കുന്നത്.

പക്ഷെ, ഇതിനെല്ലാം പ്രണയം വേണം. ചിലർ പ്രണയിച്ച വിവാഹം കഴിക്കുന്നു. ചിലർ വിവാഹത്തിന് ശേഷം പ്രണയിക്കുന്നു. എങ്ങനെ ആയാലും പ്രണയം പോലെ അത്ഭുതകരമായി മറ്റൊന്ന് ലോകത്തിൽ ഇല്ല.

വിവാഹം കഴിഞ്ഞ ഇടയ്ക്ക് മീൻ മണം ഒരു തരത്തിലും ഇഷ്ടമില്ലാതിരുന്ന ഗോമതി ഇപ്പോൾ ഉണക്കച്ചെമ്മീൻ എനിക്ക് വേണ്ടി വറുത്തു തരുമ്പോഴും ഞണ്ട് എങ്ങനെ കറി വയ്ക്കണം എന്ന് എന്റെ ഉമ്മയോട് ചോദിച്ച് അതേ രുചിയിൽ ഉണ്ടാക്കി തരുമ്പോഴും എനിക്ക് പോലും പ്രണയത്തിന്റെ ശക്തിയിൽ അത്ഭുതം തോന്നാറുണ്ട്.

(എന്നെ പോലെ ഒരു തെണ്ടിയെ പ്രേമിച്ച് കല്യാണം കഴിച്ച് ഇത്രയും നാൾ സഹിച്ച ഗോമതിയുടെ ജന്മദിനമാണ് ഇന്ന്. എന്നെ തലകുത്തി നിന്ന് പ്രേമിക്കുന്ന അവൾക്ക്, ഒരു പ്രേമ ലേഖനം പോലും എഴുതാൻ അറിയാത്ത ഈ ഭർത്താവിന്റെ എല്ലാ ജന്മദിന ആശംസകളും.)