ഖത്തറിൽ ഇസ്രയേൽ നടത്തിയ അപ്രതീക്ഷിത ആക്രമണം അമേരിക്കയുമായുള്ള ഇസ്രയേലിന്‍റെ ബന്ധമുൾപ്പെടെ പല സമവാക്യങ്ങളെയും തകിടം മറിച്ചു. വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയുണ്ടായ ഈ നീക്കത്തിന് പിന്നിൽ,  പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉയരുന്നുണ്ട്. 

ത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം പല സമവാക്യങ്ങളും തെറ്റിക്കുന്നതാണെന്നതിൽ തർക്കമില്ല. അമേരിക്ക - ഇസ്രയേൽ സൗഹൃദം തന്നെ ഒന്നാമത്. ഇസ്രയേൽ ആക്രമണം അപലപിക്കുന്ന യുഎൻ പ്രമേയം അമേരിക്കയും അംഗീകരിച്ചത് അതിന്‍റെ സൂചനയായി കാണാം. അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്‍റെ കരാറുകൾ, ധാരണകളെയും ഈ ആക്രമണം ബാധിക്കും. സൗദിയൊഴികെ മറ്റെല്ലാവരും ഇസ്രയേലുമായി കരാറുകളിൽ ഒപ്പിട്ടതാണ്. ഗൾഫ് രാജ്യങ്ങളുമായുള്ള അമേരിക്കൻ ബന്ധവും ഇതോടെ തുലാസിലായി. 'അറബ് സുരക്ഷാ ചുമതല അമേരിക്കയ്ക്ക്' എന്ന വിശ്വാസത്തിന് തന്നെ ഇളക്കം തട്ടാനാണ് സാധ്യത. ഇനി ഇതൊന്നുമല്ലാത്ത ചില വിശദീകരണങ്ങളും വരുന്നുണ്ട്. അവിശ്വസനീയമെന്ന് തോന്നാവുന്ന പക്ഷേ, പ്രായോഗികമായ ചിലത്.

ഒക്ടോബർ ഏഴിന്‍റെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേൽ, ഹമാസ് നേതൃത്വത്തെ പല രാജ്യങ്ങളിലും വച്ച് വധിച്ചിട്ടുണ്ട്. ഇറാനിൽ വച്ച് ഇസ്മയിൽ ഹന്യയെ, ലെബനണിൽ വച്ച് പലരെ... അങ്ങനെ നിരവധി നേതാക്കളെ. പക്ഷേ, ലെബനൺ ഹിസ്ബുള്ളയുടെ രാജ്യമെന്ന പേരിൽ നേരത്തെ തന്നെ ഇസ്രയേലിന്‍റെ ശത്രുവാണ്. ഇറാനോടും ഇസ്രയേലിന് സൗഹൃദമില്ല. എന്നാൽ ഖത്തർ ഈ പട്ടികയിൽപ്പെടുന്നതല്ല. മാത്രമല്ല, ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത് ഖത്തറിൽ വച്ചാണ്. ഖത്തറിന്‍റെ മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പക്ഷേ, ഹമാസ് നേതാക്കൾ പണ്ടുപണ്ടേ താമസിക്കുന്നത് ഖത്തറിലാണ്. പിന്നെ തുർക്കിയിലും. അവർക്ക് സുരക്ഷയടക്കം നൽകുന്നത് ഖത്തറാണ്. ഇസ്രയേലിന്‍റെ അരിശം അതിലാണ്.

Scroll to load tweet…

ഉടഞ്ഞുപോയ ട്രംപിയൻ ധാരണ

ആക്രമണം നടന്നത് ചൊവ്വാഴ്ച. ഞായറാഴ്ച, ട്രംപ് അന്ത്യശാസനം പുറപ്പെടുവിച്ചു. അമേരിക്ക മുൻകൈയെടുത്ത് തയ്യാറാക്കിയ ധാരണയിൽ തിങ്കളാഴ്ച വൈകീട്ട് ഹമാസ് നേതാക്കളുമായി ഖത്തറിൽ ചർച്ച നടന്നു. കാലങ്ങളായി ഖത്തറിൽ താമസിക്കുന്ന ഹമാസിന്‍റെ പ്രധാന മധ്യസ്ഥൻ ഖലീൽ അൽ ഹയയും (Khalil al-Hayya) ഖത്തറി പ്രധാനമന്ത്രിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. ട്രംപ് സർക്കാർ നേരിട്ട് നൽകിയ പദ്ധതി അംഗീകരിക്കണമെന്ന് ഖത്തർ, ഹമാസിന് മേൽ സമ്മർദ്ദം ചെലുത്തി.

ബന്ദികളെ മോചിപ്പിക്കണം, വെടിനിർത്തലാവാം എന്നിട്ട് യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ തുടങ്ങണമെന്നായിരുന്നു നിർദ്ദേശം. പക്ഷേ, ഹമാസ് പ്രതികരിച്ചത് ചർച്ചകളെന്ന നിർദ്ദേശത്തോട് മാത്രമാണ്. ബാക്കി കാര്യങ്ങൾ 12 മണിക്കൂറിന് ശേഷം പറയാമെന്നും അറിയിച്ചു.ചർച്ചകളിൽ പുരോഗതിയില്ലാത്തതിലെ അനിഷ്ടം ഖത്തറും പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇസ്രയേൽ അപ്പോഴേക്ക് തീരുമാനം എടുത്ത് കഴിഞ്ഞിരുന്നു. അത് വളരെ നേരത്തെ എടുത്തിരുന്നുവെന്നും റിപ്പോ‍ർട്ടുകളുണ്ട്. ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം.

Scroll to load tweet…

നെതന്യാഹു ആവശ്യപ്പെട്ടു, ഖത്തർ ഹമാസിന് പണമൊഴുക്കി

ഖത്തർ - അമേരിക്ക ബന്ധവും ഇതിനിടെ മെച്ചപ്പെട്ടുവികയായിരുന്നു. മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനികാസ്ഥാനം. നോൺ - നേറ്റോ സഖ്യകക്ഷി എന്ന് ബൈഡൻ പ്രഖ്യാപിച്ച രാജ്യം. അതേസമയം, കഴിഞ്ഞ വർഷം ഹമാസ് നേതാക്കളെ പുറത്താക്കാമെന്ന് ഖത്തർ സമ്മതിച്ചിരുന്നതായി അമേരിക്കൻ - ഖത്തറി വൃത്തങ്ങൾ സിഎൻഎന്നിനോട് പറഞ്ഞു. പക്ഷേ, അത് നടന്നില്ല. ഹമാസ് നേതാക്കൾ ഖത്തറിൽ തന്നെ തുടർന്നു. വേറെയും ബന്ധങ്ങളുണ്ട് ഖത്തറും ഹമാസും തമ്മിൽ.

2018 മുതൽ ഹമാസിന്‍റെ കൈയിലേക്ക് ഖത്തറിൽ നിന്ന് വലിയ തോതിൽ ഫണ്ടുകൾ എത്തുന്നുണ്ട്. പക്ഷേ, അത് തുടങ്ങിയത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടിട്ടാണ് എന്നത് മറ്റൊരു കാര്യം. ഹമാസിനെ വരുതിയിൽ നിർത്താനും പലസ്തീൻ അഥോറിറ്റിയും ഹമാസും തമ്മിൽ അടുക്കാതിരിക്കാനുമുള്ള നെതന്യാഹുവിന്‍റെ തന്ത്രം. അതിപ്പോഴും തുടരുന്നുണ്ട്. പക്ഷേ, ഇസ്രയേലും ഖത്തറുമായി ഔദ്യോഗിക ബന്ധമില്ല, എന്നാൽ അനൗദ്യോഗിക - സഹകരണമുണ്ട്. ഹമാസിനുള്ള ഫണ്ട് എത്തിക്കൽ തുടങ്ങിയത് അതിന്‍റെ ബലത്തിലാണ്. പക്ഷേ, ഹമാസ് ആക്രമണത്തോടെ ആ ബന്ധവും ശിഥിലമായി. എന്നാൽ, ഖത്തർ - അമേരിക്ക ബന്ധം അടുത്ത കാലത്തായി കൂടുതൽ ഉറച്ചിരുന്നു. നിക്ഷേപങ്ങൾ, ട്രംപിനുള്ള വിമാനം, അങ്ങനെ പലതുണ്ട് സഹകരണത്തിന് പിന്നിൽ.

Scroll to load tweet…

തിരിച്ചടിക്കുമെന്ന് ഖത്തർ

ഇസ്രയേൽ ഖത്തറിനെ ആക്രമിച്ചത് ഐഡിഎഫ് (IDF), മൊസാദ് (Mossad) മേധാവികളെ അവഗണിച്ച് കൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെതാണ്, ഹമാസ് നേതാക്കളുള്ള സ്ഥലവും സമയവും കണ്ടെത്തിയത്. അൽ ഹയ്യയായിരുന്നു പ്രധാന ലക്ഷ്യം. അമേരിക്കയെ അറിയിച്ചത് അവസാന നിമിഷം. അത് ഖത്തർ അറിഞ്ഞപ്പോഴേക്കും ആക്രമണം നടന്നുകഴിഞ്ഞിരുന്നു.

പക്ഷേ, ഹയ്യ മരിച്ചില്ല. മകൻ മരിച്ചു. ഒപ്പം ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥനും മറ്റ് ചിലരും. ബന്ദികളുടെ മോചനത്തിനുള്ള എല്ലാ സാധ്യതകളും അവസാനിച്ചുവെന്നും തിരിച്ചടിക്കുമെന്നുമാണ് ഖത്തറിന്‍റെ മുന്നറിയിപ്പ്. ജിസിസി രാജ്യങ്ങൾ അടിയന്തര ഉച്ചകോടി ചേർന്നു. അമേരിക്കയിലും അമ്പരപ്പെന്നാണ് റിപ്പോർട്ട്. ഇനിയും ആക്രമിക്കും, ഹമാസ് നേതാക്കളെ സംരക്ഷിക്കാൻ ഒരതിർത്തിക്കും സാധ്യമല്ല, പലസ്തീൻ രാജ്യമെന്നൊന്ന് ഉണ്ടാവില്ല എന്നൊക്കെയാണ് അപ്പോഴും നെതന്യാഹു പ്രഖ്യാപിച്ചത്. അത് അതിലും അമ്പരപ്പ്. നേതാക്കളുടെ മരണമൊന്നും ഇതുവരെ ഹമാസിനെ ബാധിച്ചിട്ടില്ല. ഇനിയും പ്രതിരോധം തുടരുമെന്നാണ് അറിയിപ്പ്.

Scroll to load tweet…

മറുവാദങ്ങൾ

പക്ഷേ, ഇതിലെല്ലാം ഒരു മറുവശം ഉണ്ടെന്നാണ് ഒരു പക്ഷത്തിന്‍റെ അഭിപ്രായം. ഖത്തറിലെ നേതാക്കളിൽ നിന്ന് ഗാസയിലെ നേതാക്കളിലേക്ക് ചർച്ചകൾ മാറ്റുക, ഖത്തറിൽ നിന്ന് ഈജിപ്തിലേക്ക് ചർച്ചകളുടെ നേതൃത്വം മാറ്റുകയെന്നതാണ് ആക്രമണത്തിന്‍റെ തന്നെ ഉദ്ദേശ്യമെന്നാണ് ആ പക്ഷം പറയുന്നത്. ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ ഖത്തറിന് നിരാശ ഉണ്ടെന്നത് ഇതിനോട് ചേർത്ത് വായിക്കണം.

ഇനി ഇതൊന്നുമല്ലാത്ത മറ്റൊരു പക്ഷം കൂടിയുണ്ട്. അത് ഹമാസ് സ്ഥാപക നേതാവായ ഷെയ്ഖ് ഹസ്സൻ യൂസഫിന്‍റെ (Sheikh Hassan Yousef) മകനും എഴുത്തുകാരനുമായ മൊസാബ് ഹസ്സൻ യൂസഫിന്‍റെ (Mosab Hassan Yousef) ആണ്. ധാരണകൾക്ക് തയ്യാറാവാത്ത ഹമാസ് ഖത്തറിന് തന്നെ ബാധ്യതയായെന്നും അവരെ ഒഴിവാക്കാൻ അമേരിക്കയും ഖത്തറും അറിഞ്ഞ് കൊണ്ടുനടന്ന ആക്രമണമാണിതെന്നും യൂസഫ് പറഞ്ഞത്, ദ ജെറുസലേം പോസ്റ്റിനോടാണ്. ഹമാസിനെ പുറത്താക്കാനോ അറസ്റ്റ് ചെയ്യാനോ ഖത്തറിന് പറ്റില്ല. അങ്ങനെ കണ്ടെത്തിയ വഴി എന്നാണ് ഹമാസ് അംഗമായിരുന്ന, പിന്നീട് ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യൂസഫിന്‍റെ അഭിപ്രായം. ഇനി ഇസ്രയേലിന് ഗാസയിലെ ഹമാസ് സൈനിക വിഭാഗം നേതാവായ ഇസ്സ് അൽ ദിൻ അൽ ഹദ്ദാദുമായി (Izz al-Din al-Haddad) നേരിട്ട് ചർച്ച നടത്താമെന്നും. പക്ഷേ, ഈ അഭിപ്രായത്തോട് യോജിക്കുന്നവർ അധികമില്ലെന്ന് മാത്രം.