കണക്കുകൾ ശേഖരിക്കാന്‍ പോലും ഇസ്രയേല്‍ ആരെയും അനുവദിക്കുന്നില്ല. ഇനി ശേഖരിച്ച കണക്ക് പുറത്ത് വിട്ടാല്‍ അത് അംഗീകരിക്കാനും തയ്യാറല്ല. അപ്പോഴും ഗാസയിലെ കുഞ്ഞുങ്ങൾ പിടഞ്ഞ് മരിച്ച് വീഴുന്നു. വായിക്കാം ലോകജാലകം. 

ഗാസയിൽ ക്ഷാമമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. താമസിച്ച് പോയിയെന്ന് പരാതിയുണ്ട്. പക്ഷേ, നേരത്തെ പ്രഖ്യാപിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു യുഎന്നിന്. അപ്പോഴും ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു. വടക്കൻ ഗാസയിലെ നഗരകേന്ദ്രം പിടിച്ചെടുക്കാനാണ് നീക്കം. ഹമാസിന്‍റെ ശേഷിക്കുന്ന ശക്തി കേന്ദ്രമെന്നാണ് ആരോപണം. 60,000 റിസർവ് സൈനികരെ തിരിച്ച് വിളിച്ചിരിക്കുകയാണ് നെതന്യാഹു. 20,000 സൈനികരുടെ സേവന കാലാവധി നീട്ടി.

ഒഴിഞ്ഞ് പോകാനുള്ള മുന്നറിയിപ്പ് ചിലരൊക്കെ അനുസരിച്ചു. ഉള്ളതെല്ലാം പെറുക്കിക്കൂടി പോകുന്നിതിനിടെ ബോംബാക്രമണത്തിൽ അതും നഷ്ടപ്പെട്ടു ചിലർക്ക്. ചിലർ ഒഴിയാൻ തയ്യാറല്ല. ഇപ്പോൾ ഒഴിഞ്ഞ് പോയാൽ ഇനിയൊരു തിരിച്ച് വരവുണ്ടാകില്ലെന്ന് മനസിലാക്കിയിട്ടാണ് ഈ വിസമ്മതം. ഇതിനിടിലാണ് ക്ഷാമ പ്രഖ്യാപനം. ഭക്ഷ്യസുരക്ഷ നിരീക്ഷിക്കുന്ന യുഎൻ പിന്തുണയുള്ള സംഘടനയാണ് പ്രഖ്യാപിച്ചത്. ഫേയ്സ് എസ് (Phase S) എന്ന് ഐപിസി ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍റെ (Integrated Food Security Phase Classification - IPC) സൂചിക. അതനുസരിച്ചാണ് ക്ഷാമപ്രഖ്യാപനം. 5 ലക്ഷം പേർ കടുത്ത ക്ഷാമത്തിന്‍റെ പിടിയിലെന്നാണ് മുന്നറിയിപ്പ്. ഇസ്രയേൽ പതിവ് പോലെ എല്ലാം നിഷേധിക്കുന്നു.

ഏറ്റവും മോശം കാലം

ഗാസയിലെ കുഞ്ഞുങ്ങളാണ് ദുരന്തത്തിന്‍റെ കാഠിന്യത്തിന് ഇരകളാകുന്നത്. മരിക്കുന്നതാണ് ഭേദമെന്ന് കുട്ടികൾ തന്നെ പറഞ്ഞ് തുടങ്ങിയതായി മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ജനിച്ചതിൽ പിന്നെ പച്ചക്കറിയോ പഴങ്ങളോ കണ്ടിട്ടില്ലാത്ത കുട്ടികളുണ്ട്.വിശപ്പിന്‍റെ രൗദ്രത മാത്രമറിയുന്ന കുഞ്ഞുങ്ങൾ. അത് കണ്ട് നിൽക്കുന്ന അച്ഛനമ്മമാരുടെ ദൈന്യത മറുവശത്ത്. ഐപിസിയാണ് (Integrated Food Security Phase Classification) ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷ വിലയിരുത്തുന്നത്. അതിലെ അങ്ങേയറ്റത്തെ ഘട്ടമാണ് ഇപ്പോൾ ഗാസയിലുള്ളത്. 5-മത്തെ ഘട്ടം.

ഐപിസിയുടെ കണക്കുകൾ

19 സംഘടനകളിലെ അംഗങ്ങളായ 50 വിദഗ്ധരാണ് ഗാസയിലെ വിവരങ്ങൾ വിശകലനം ചെയ്തത്. ഗാസയിലെ പ്രശ്നം, ഇസ്രയേൽ ആരെയും കടത്തിവിടാത്തതാണ്. അതുകൊണ്ട് ഫോണിലൂടെയാണ് വിവര ശേഖരണം. പല ഘടകങ്ങൾ പരിഗണിക്കും. പക്ഷേ, ഗാസയിലെ മൂന്ന് ഗവർണറേറ്റുകളിൽ മാത്രമാണ് പഠനം നടത്താനായത്. റഫാ അതിലില്ല, ജനവാസം കുറവായത് കൊണ്ട്. വടക്കൻ ഗാസയിൽ നിന്ന് വിവരങ്ങൾ കിട്ടാനില്ല. അതുകൊണ്ട് വടക്കൻ ഗാസയും ഒഴിവാക്കി.

കള്ളക്കണക്കെന്ന് ഇസ്രയേൽ

ഐപിസി വിശകലനം ചെയ്ത കണക്കുകൾ ഹമാസ് നൽകുന്നതാണെന്നും അതുകൊണ്ട് വിശ്വസിക്കാൻ കൊള്ളില്ലെന്നുമാണ് ഇസ്രയേലിന്‍റെ നിലപാട്. ക്ഷാമ പ്രഖ്യാപനത്തിനുള്ള മാനദണ്ഡം ഐപിസി മാറ്റി എന്നാണ് ആരോപണം. സാങ്കേതികമാണ് മാനദണ്ഡങ്ങൾ, ഗാസയിലെ വിവരശേഖരണം സാധ്യമല്ലാത്തത് കൊണ്ടാണ് മാറ്റങ്ങൾ വരുത്തിയതെന്നും ഐപിസി വിശദീകരിക്കുന്നു. സാധാരണ തൂക്കവും ഉയരവുമാണ് മാനദണ്ഡം. പക്ഷേ, ഗാസയിലെ കുട്ടികളുടെ കൈവണ്ണം നോക്കിയാണ് ഐപിസി കണക്കെടുത്തത്. സുഡാനിലും ഇതേ മാനദണ്ഡം ഉപയോഗിച്ചുവെന്നും പറയുന്നു ഐപിസി. അത് പക്ഷേ, ഇസ്രയേൽ അംഗീകരിക്കുന്നില്ല.അതാണ് ക്ഷാമപ്രഖ്യാപനം തള്ളാനുള്ള കാരണവും.

ഗാസയിൽ വരാനിരിക്കുന്നത് രോഗവ്യാപനമെന്നാണ് ഐപിസിയുടെ പ്രവചനം. പോഷകാഹാരക്കുറവ്, ഡയറിയ, മീസിൽസ്, പോളിയോ ഇതൊക്കെയാണ് പ്രവചനം. എയർഡ്രോപ് ചെയ്യുന്ന സഹായം ഒന്നിനും തികയില്ലെന്നും ഐപിസി അറിയിക്കുന്നു. ക്ഷാമ പ്രഖ്യാപനത്തിന് പിന്നാലെ യൂണിസെഫ്, ലോകാരോഗ്യ സംഘടന അടക്കം വെടിനിർത്തലും സഹായം കടത്തിവിടലും ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി. 12,000 കുട്ടികളാണ് രൂക്ഷമായ പോഷകാഹാരക്കുറവ് നേരിടുന്നതെന്നും പ്രസ്താവനയിലുണ്ട്. പക്ഷേ, ഇസ്രയേൽ ഈ കണക്കുകളൊന്നും അംഗീകരിക്കുന്നില്ല.