Asianet News MalayalamAsianet News Malayalam

McDonald's: റഷ്യന്‍ മക്‌ഡോണള്‍ഡ്‌സ് ഇനി പുതിയ പേരില്‍, സോവിയറ്റ് കാലത്തിലേക്ക് മടങ്ങിപ്പോക്ക്!

റഷ്യയിലെ മക്‌ഡോണള്‍ഡ്‌സിന്റെ പിന്‍ഗാമി പുതിയ പേര് തേടുകയാണ്. പല പേരുകള്‍ പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.  Fun and Tasty എന്നാകാം, അല്ലെങ്കില്‍ The Same One എന്നാകാം പുതിയ പേര്.

new brand name for McDonalds Russia by Alakananda
Author
Moscow, First Published May 30, 2022, 2:26 PM IST

ആദ്യദിനം പ്രതീക്ഷിച്ചത് ആയിരം ഉപഭോക്താക്കളെയാണ്. പക്ഷേ സ്ഥാപനം തുറക്കുമുമ്പ് അതിനുമുന്നില്‍ നിരന്നത് 5000 -ഓളം പേര്‍. മുപ്പതിനായിരം പേര്‍ക്ക് അന്ന് ഭക്ഷണം വിളമ്പിയെന്നാണ് പിന്നീട് പുറത്തുവന്ന കണക്ക്. പ്രസിഡന്റ് ബോറിസ് യെല്‍സിന്‍ അടക്കം പ്രമുഖരായ ഒരുപാട് പേര്‍ അന്ന് ഭക്ഷണം കഴിക്കാനെത്തി.
 

യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ മറ്റനേകം പാശ്ചാത്യ കമ്പനികളെ പോലെ മക്‌1ൊണാള്‍ഡ്‌സും റഷ്യ വിടുകയാണ്. തുടര്‍ന്ന്, റഷ്യയിലെ മക്‌ഡോണള്‍ഡ്‌സിന്റെ പിന്‍ഗാമി പുതിയ പേര് തേടുകയാണ്. പല പേരുകള്‍ പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.  Fun and Tasty എന്നാകാം, അല്ലെങ്കില്‍ The Same One എന്നാകാം.  ബ്രാന്‍ഡോ പേരോ ഉപയോഗിക്കാന്‍ പുതിയ ഉടമക്ക് അവകാശം കൊടുത്തിട്ടില്ല മക്‌ഡോണള്‍ഡ്‌സ്. 

സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയ്ക്ക് തൊട്ടുമുമ്പായി,മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കാലത്താണ് മക്‌ഡോണള്‍ഡ്‌സ് റഷ്യയില്‍ എത്തിയത്. സോവിയറ്റ് ഇരുമ്പുമറ തകര്‍ത്ത്, റഷ്യന്‍ അതിര്‍ത്തികള്‍ തുറക്കുന്നതിന്റെയും കമ്യൂണിസ്റ്റ് റഷ്യയിലേക്ക് മുതലാളിത്തം അരിച്ചരിച്ച് കടന്നുകയറുന്നതിന്റെയും പ്രതീകമായിട്ടാണ് അന്നത് വായിക്കപ്പെട്ടത്. റഷ്യ വിടാനുള്ള മക്‌ഡോണള്‍ഡ്‌സിന്റെ തീരുമാനം വന്നതോടെ, ഒരിക്കല്‍ കൂടി റഷ്യ ലോകത്തിനു മുന്നില്‍, ഒറ്റക്കാവുകയാണ്. യുക്രൈന്‍ അധിനിവേശവുമായി ബന്ധപ്പെട്ട ചില വിമര്‍ശനങ്ങളുടെ കൂടി പേരിലാണ് മക്‌ഡോണള്‍ഡ്‌സ് റഷ്യ വിടുന്നത്. പുതിയ ഉടമസ്ഥന്‍ Alexander Govor ആണ്.  പുതിയ ബ്രാന്‍ഡിനു കീഴിലാണ് മക്‌ഡൊണാള്‍ഡ്‌സ് ഉല്‍പ്പന്നങ്ങള്‍ ഇനി റഷ്യയില്‍ ലഭ്യമാവുക. 

30 വര്‍ഷം മുമ്പ്, 1990 ജനുവരി 31 -നാണ് മക്‌ഡോണള്‍ഡ്‌സ് റഷ്യയില്‍ തുടങ്ങുന്നത്. 1976 ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്‌സിനിടെ മക്‌ഡോണള്‍ഡ്‌സ് കാനഡയുടെ സ്ഥാപകനും സിഇഒയുമായ ജോര്‍ജ് കോട്ടനാണ് സോവിയറ്റ് ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിച്ചത്. കാല്‍നൂറ്റാണ്ടെടുത്തു, അത് യാഥാര്‍ത്ഥ്യമാകാന്‍. ഗംഭീരമായിരുന്നു ആ വരവ്. 900 സീറ്റുകള്‍, 600 ജീവനക്കാര്‍. തൊഴിലില്ലാത്തവരായി ആരുമില്ലാത്ത നാട്ടില്‍ 35000 പേരാണ് മക്‌ഡോണള്‍ഡ്‌സിലെ ജോലിക്കായി അപേക്ഷിച്ചത്.

ആദ്യദിനം പ്രതീക്ഷിച്ചത് ആയിരം ഉപഭോക്താക്കളെയാണ്. പക്ഷേ സ്ഥാപനം തുറക്കുമുമ്പ് അതിനുമുന്നില്‍ നിരന്നത് 5000 -ഓളം പേര്‍. മുപ്പതിനായിരം പേര്‍ക്ക് അന്ന് ഭക്ഷണം വിളമ്പിയെന്നാണ് പിന്നീട് പുറത്തുവന്ന കണക്ക്. പ്രസിഡന്റ് ബോറിസ് യെല്‍സിന്‍ അടക്കം പ്രമുഖരായ ഒരുപാട് പേര്‍ അന്ന് ഭക്ഷണം കഴിക്കാനെത്തി. അന്ന് റഷ്യയിലെ ശരാശരി ശമ്പളം 150 റൂബിളായിരുന്നു.  മക്‌ഡോണള്‍ഡ്‌സിന്റെ ബിഗ് മാക് വില 3.75 റൂബിളും. 
 
ദിവസം തോറും കഴിക്കാനെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. ഒരു ബര്‍ഗറിനുവേണ്ടി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെയെത്തി ജനം. പലരും എട്ട് മണിക്കൂര്‍ വരെ ഭക്ഷണത്തിനായി ക്യൂ നിന്നു. റഷ്യയില്‍ അന്ന് റേഷനായി കിട്ടിയിരുന്ന തേയിലക്കും പഞ്ചസാരക്കും വേണ്ടി ദിവസങ്ങള്‍ ക്യൂനിന്നിരുന്നവര്‍ക്ക് അതൊരു വിഷയമായിരുന്നില്ല എന്നും പറയുന്നു അന്ന് ക്യൂനിന്നവര്‍. മാക് മില്‍ക് ഷേക്കിന്റെയും ബര്‍ഗറിന്റെയും വലിപ്പം കണ്ട് റഷ്യക്കാര്‍ അമ്പരന്നുവെന്നും കഥകളുണ്ട്.

സോവിയറ്റ് യൂണിയന്‍ 1991 -ല്‍ ഇല്ലാതായി. പക്ഷേ മക്‌ഡോണള്‍ഡ്‌സ് തുടര്‍ന്നു. നൂറോളം റഷ്യന്‍ നഗരങ്ങളിലായി 800 -ലേറെ മക്‌ഡോണള്‍ഡ്‌സ് ഭക്ഷണശാലകളുണ്ടായി. അതാണിപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. ഫെബ്രുവരിയില്‍ യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതിന്റെ പിറ്റേമാസം തന്നെ പല വിദേശകമ്പനികളും റഷ്യയില്‍ നിന്ന് പിന്‍മാറിത്തുടങ്ങിയിരുന്നു. അതിനൊപ്പമാണ് മക്‌ഡോണള്‍ഡ്‌സും താല്‍കാലിക അടച്ചിടല്‍ പ്രഖ്യാപിച്ചത്.

പിന്നീടാണ് മക്‌ഡൊണാള്‍ഡ്‌സ് റഷ്യയിലെ ബിസിനസ് ഒന്നാകെ വില്‍ക്കാന്‍ തീരുമാനിച്ചത്. സത്യത്തില്‍, മക്‌ഡോണള്‍ഡ്‌സിന് നഷ്ടക്കച്ചവടമാണിത്. ബ്രാന്‍ഡ് നെയിം മക്‌ഡൊണാള്‍ഡ്‌സ് കൊടുക്കുന്നില്ല. തുടര്‍ന്നാണ്
പുതിയ പേരിടാനുള്ള തീരുമാനം. 

റഷ്യയിലെ ഇപ്പോഴത്തെ സാഹചര്യം, കോടീശ്വരന്‍മാര്‍ക്കുള്ള ഉപരോധം, ബ്രാന്‍ഡ് നെയിം മാറുന്നത്-ഇതെല്ലാം ലാഭം കുറയ്ക്കും. 847 ഭക്ഷണശാലകളാണ് മക് ഡോണള്‍ഡ്‌സിന് റഷ്യയിലുണ്ടായിരുന്നത്. യുക്രെയ്‌നില്‍ 109. ആകെ വരുമാനത്തിന്റെ 9 ശതമാനം ഇതില്‍ നിന്നായിരുന്നു. അതും നഷ്ടം.

റഷ്യയും മക്‌ഡോണള്‍ഡ്‌സുമായുള്ള 30 വര്‍ഷത്തെ ബന്ധത്തിനാണ് അവസാനമാകുന്നത്. മാത്രമല്ല, ഒരു കാലഘട്ടത്തിനും. മക്‌ഡോണള്‍ഡ്‌സിന്റെ വരവ് ഗ്ലാസ്‌നോസ്റ്റിന്റെയുംഇരുമ്പു മതിലിലെ വിള്ളലിന്റെയും അടയാളമായിരുന്നു. ഗോര്‍ബച്ചേവ് തുറന്നുകൊടുത്ത റഷ്യയുടെ അതിര്‍ത്തികള്‍ വീണ്ടും അടയുന്നു എന്ന് കൂടി പറയാം. സോവിയറ്റ് യൂണിയനെ  തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തില്‍ പുടിന്‍ രാജ്യത്തെ കൊണ്ടുപോകുന്നത് പഴയ അവസ്ഥയിലേക്കാണെന്നാണ് പടിഞ്ഞാറന്‍ നിരീക്ഷകര്‍ കരുതുന്നത്. 


 

Follow Us:
Download App:
  • android
  • ios