Asianet News MalayalamAsianet News Malayalam

ആരോ കൊണ്ടുപോയൊരു പാവക്കുട്ടി, ചോദിച്ചു വാങ്ങിയ ഒരു സങ്കടം!

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് ഇന്ന് ഭിന്നശേഷിക്കാരായ രണ്ട് കൗമാരക്കാരുടെ കുഞ്ഞിന്റെ ജീവിതം
 

nurses memoirs a column by teresa Joseph on a differently abled couple
Author
First Published Dec 1, 2022, 3:59 PM IST

കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കള്‍ അവളെയും കൊണ്ടുപോയപ്പോള്‍ പകച്ച കണ്ണുകളോടെ ആ പെണ്‍കുട്ടി ചുറ്റും നോക്കി. തന്റെ പാവക്കുട്ടിയെ ആരോ കൊണ്ടുപോയി എന്നറിയുന്ന ഒരു കുഞ്ഞു പൈതലിന്റെ വിതുമ്പല്‍ അവളുടെ ചുണ്ടുകളില്‍. പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെട്ടു എന്ന് മാത്രം അവള്‍ക്ക് മനസ്സിലായി. അവളുടെ കൂട്ടുകാരന്‍ കെട്ടിപ്പിടിച്ച് അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

 

nurses memoirs a column by teresa Joseph on a differently abled couple

 

ചുണ്ടുകള്‍ കാതില്‍ ചേര്‍ത്ത് വെച്ച് ഒരു വിശേഷവര്‍ത്തമാനം! 

'ആ കൊച്ച് നോര്‍മല്‍ അല്ല കേട്ടോ'

നോര്‍മല്‍ എന്നതിന്റെ അരികു പാളികള്‍ വരഞ്ഞുവെയ്ക്കുന്നത് ആരാവും! 'അബ്‌നോര്‍മല്‍' എന്ന ലേബല്‍ പതിഞ്ഞു പോയ സ്‌നേഹസമുദ്രങ്ങള്‍ ചുറ്റിലും അനേകമുണ്ട്. മറ്റാര്‍ക്കും കഴിയാത്ത കരുതലും സ്‌നേഹവും മനസ്സിലുള്ള തീരെ 'നോര്‍മല്‍' അല്ലാത്ത വിശുദ്ധ ജന്മങ്ങള്‍

Mea Culpa....എന്റെ പിഴ

ചില തെരഞ്ഞെടുപ്പുകളും എടുത്തു ചാട്ടങ്ങളും  വേണ്ടായിരുന്നു എന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? ശ്ശെ, വേണ്ടായിരുന്നു എന്നൊരു തോന്നലില്‍ സ്വയം പഴിക്കുന്ന പല സന്ദര്‍ഭങ്ങളും നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലേ? ചില നേരങ്ങളിലെ തീരുമാനങ്ങള്‍ എക്കാലവും മനസ്സ് നീറ്റുന്ന നിമിഷങ്ങള്‍ തരും. ചിലപ്പോള്‍ ആ നോവ് നമ്മള്‍ ചോദിച്ചുവാങ്ങുന്നതാവും. അല്ല, അത് നമ്മിലേക്ക് വരണമെന്നത് ഒരു നിശ്ചയമാണ്. ഒന്നിനും ആ നിശ്ചയത്തെ മാറ്റാനാവില്ല. 

അങ്ങനെ തലതിരിഞ്ഞ ഒരു ദിവസമാണ് സൂപ്പര്‍വൈസറിനോട് വഴക്കുണ്ടാക്കി എളുപ്പമുള്ള അസൈന്‍മന്റ് വാങ്ങിച്ചെടുത്തത്. സാധാരണ പതിവില്ലാത്ത കാര്യമാണത്.  കുഞ്ഞിന് സുഖമില്ലാതെ കിടപ്പിലായിരുന്നു. ജോലിത്തിരക്കില്ലെങ്കില്‍ അല്‍പ്പം നേരത്തെ വീട്ടില്‍പോകാം എന്നൊരു ചിന്തയായിരുന്നു മനസ്സില്‍. റിപ്പോര്‍ട്ട് എടുക്കുമ്പോഴും 'അമ്മ നേരത്തെ വരുമോ' എന്ന കുഞ്ഞിയുടെ ചോദ്യമായിരുന്നു മനസ്സില്‍.

അന്ന് കിട്ടിയ രോഗികളില്‍ ഒരാള്‍ തലേന്ന് പ്രസവം കഴിഞ്ഞ സ്ത്രീയായിരുന്നു. കുഞ്ഞിനെ അഡോപ്ഷന് കൊടുക്കാനുള്ളതാണ്. നേഴ്‌സ് ആണെങ്കില്‍പോലും മാനസികമായി തളര്‍ത്തിക്കളയുന്ന സന്ദര്‍ഭങ്ങളില്‍ ഒന്നാണിത്. അമ്മയുടെ കരച്ചില്‍കണ്ട് കുഞ്ഞിനെ വേറൊരു കയ്യില്‍ ഏല്‍പ്പിക്കുന്നത് ഒരിക്കലും അത്ര എളുപ്പമല്ല. പേപ്പര്‍ വര്‍ക്‌സ് എല്ലാം ചെയ്യാന്‍ ആളുണ്ട്. എങ്കിലും ആ പ്രോസസ്സ് ആകെ തളര്‍ത്തുന്നതാണ്. മാനസികമായി അതില്‍ ഉള്‍പ്പെടാതെ നില്‍ക്കണമെന്ന് കരുതിയാലും ഒരിക്കലും നടക്കാറില്ല. 

നിറയെ പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച ഒരു മുറിയിലേക്കാണ് ഞാന്‍ കയറിച്ചെന്നത്. കുട്ടിത്തം വിടാത്ത മുഖമുള്ള ഒരു പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും അവിടെയുണ്ടായിരുന്നു. കൂടാതെ എകദേശം ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരാണ്‍കുട്ടിയും അവന്റെ അമ്മയും. ആ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഭിന്നശേഷിക്കാരായിരുന്നു. അവളുടെ മടിയില്‍ തിളങ്ങുന്നൊരു പൊന്‍മുത്തു പോലെ ഒരു മാലാഖക്കുഞ്ഞ്. അവള്‍ കുഞ്ഞിനെ നോക്കി വെറുതെ ചിരിച്ചുകൊണ്ടിരുന്നു. 

എന്നെ പരിചയപ്പെടുത്തിയതിന് ശേഷം ഞാന്‍ അവളോട് കുഞ്ഞിനെ തൊട്ടിലില്‍ കിടത്താന്‍ പറഞ്ഞു. ഇല്ല എന്ന് പറഞ്ഞ് അവള്‍ കുഞ്ഞിനെ ഒന്ന് കൂടി അമര്‍ത്തിപ്പിടിച്ചു. പിന്നെ പതറിയ കണ്ണുകള്‍ എവിടെയോ തറപ്പിച്ച് ചിരിച്ചു. ഞാന്‍ കുഞ്ഞിനെയും കൊണ്ട് പോയാലോ എന്ന് അവള്‍ കരുതിയിരിക്കണം. അവള്‍ക്ക് കളിക്കാന്‍ കിട്ടിയൊരു പാവക്കുട്ടിയായിരുന്നു ആ കുഞ്ഞ്. തിളങ്ങുന്ന കണ്ണുകളും സ്വര്‍ണ്ണമുടിയുമുള്ള ഒരു പാവക്കുട്ടി. 

രണ്ടുപേരുടെയും അമ്മമാര്‍ കരയുന്നുണ്ടായിരുന്നു. ഒരാള്‍ പറഞ്ഞു. 'എനിക്ക് അറുപത് വയസ്സാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. എന്റെ പേരക്കുട്ടിയാണ്, പക്ഷേ കൊണ്ട് പോകാന്‍ സാധിക്കില്ല. മകളെത്തന്നെ അധികം താമസിയാതെ എവിടെയെങ്കിലും ആക്കേണ്ടി വരും'

അത്പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അമ്മ എന്തിനാണെന്ന് കരയുന്നതെന്ന് മനസ്സിലാകാതെ ഇന്നലെ അമ്മയായ പെണ്‍കുട്ടി കട്ടിലില്‍ ഇരുന്നു. അവളുടെ കൈപിടിച്ച് തങ്ങളുടെ പാവക്കുട്ടിയെ നോക്കി അവളുടെ കൂട്ടുകാരനും അടുത്തിരുന്നു. 

കരയാന്‍ തുടങ്ങിയ കുഞ്ഞിനെ ഞാന്‍ അമ്മയുടെ നെഞ്ചിലേക്ക് ചേര്‍ത്തു വെച്ചു. അവള്‍ അമ്മയുടെ മാറില്‍ ചേര്‍ന്നിരുന്ന് പാല് കുടിക്കാന്‍ തുടങ്ങി. ആ പെണ്‍കുട്ടി വെറുതെ പുഞ്ചിരിച്ചു. 'കുഞ്ഞേ' എന്ന് എന്റെയുള്ളില്‍ ഒരുനോവ് നീറി. 

എനിക്ക് പറ്റില്ല എന്ന് നെഞ്ചുരുകിപ്പോകുന്ന നിമിഷങ്ങളാണിത്. അമ്മയാണ് അവള്‍, അവന്‍ അച്ഛനും. പക്ഷേ കുറച്ചു മണിക്കൂറുകള്‍ കൂടിയേ അവര്‍ക്ക് സ്വന്തം കുഞ്ഞിനെ കൂടെ സൂക്ഷിക്കാന്‍ കഴിയൂ. ഇനി അമ്മയുടെ നെഞ്ചില്‍ ചേര്‍ന്നിരുന്ന് അമൃത് ഉണ്ണുവാന്‍ ആ കുഞ്ഞിന് കഴിയില്ല. ഇത് ഞങ്ങളുടെ കുഞ്ഞ് എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിക്കാന്‍ ആ മാതാപിതാക്കള്‍ക്കും കഴിയില്ല. കുഞ്ഞ് എന്നത് അവള്‍ക്ക് കളിക്കാന്‍ കിട്ടിയൊരു പാവക്കുട്ടി മാത്രം. 

അവര്‍ രണ്ടുപേരും അടുത്തായിരുന്നു താമസം. ചെറുപ്പംമുതലേയുള്ള കൂട്ടുകാര്‍. പരസ്പരം അറിയുന്ന കുടുംബങ്ങളും. പങ്കു വെയ്ക്കുന്ന നോവിന്റെ സാമ്യമാകും ആ കുടുംബങ്ങളെ പരസ്പരം അടുപ്പിച്ചത്. അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. സംസാരത്തിനിടെ പല ഫോട്ടോകളും ഫോണിന്റെ ഗ്യാലറിയില്‍നിന്ന് അമ്മമാര്‍ കാണിച്ചു. സ്‌കൂള്‍ കാലം മുതലുള്ള ചിത്രങ്ങള്‍. എല്ലാത്തിലും അവര്‍ കൈകള്‍ കോര്‍ത്ത്പിടിച്ചിരിക്കുന്നു. 

ഭിന്നശേഷിക്കാര്‍ ആയിരുന്നെങ്കിലും കുറച്ചു കാര്യങ്ങള്‍ ഒക്കെ തനിയെ ചെയ്യാന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞിരുന്നു. അവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോഴും വീട്ടുകാര്‍ കൂടെയുണ്ടായിരുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി കഴിച്ചിരുന്നു ആ പെണ്‍കുട്ടി. അമ്മയാണ് എന്നും അവളെ അത് ഓര്‍മ്മിപ്പിച്ചിരുന്നത്. ഒരിക്കല്‍ അമ്മ അസുഖമായി കുറേ ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഗുളിക കഴിക്കാന്‍ അവള്‍ മറന്ന് പോയി. അവള്‍ ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാതെ അഡോപ്ഷന് കൊടുക്കാമെന്ന് രണ്ട് കുടുംബങ്ങളും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു.


'എനിക്ക് പ്രായമായി, ഈ കുഞ്ഞിനെ വളര്‍ത്താനുള്ള ആരോഗ്യം എനിക്കില്ല' അവളുടെ അമ്മ പറഞ്ഞു. അവര്‍ക്ക് കാന്‍സര്‍ ആണെന്ന് കണ്ടു പിടിച്ചിട്ട് അധിക നാളായിരുന്നില്ല. 'പറ്റുമായിരുന്നെങ്കില്‍ കുഞ്ഞിനെ ഞങ്ങള്‍ വളര്‍ത്തിയേനെ' അത് പറയുമ്പോള്‍ അവരുടെ സ്വരം ഇടറിയിരുന്നു. 

കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കള്‍ അവളെയും കൊണ്ടുപോയപ്പോള്‍ പകച്ച കണ്ണുകളോടെ ആ പെണ്‍കുട്ടി ചുറ്റും നോക്കി. തന്റെ പാവക്കുട്ടിയെ ആരോ കൊണ്ടുപോയി എന്നറിയുന്ന ഒരു കുഞ്ഞു പൈതലിന്റെ വിതുമ്പല്‍ അവളുടെ ചുണ്ടുകളില്‍. പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെട്ടു എന്ന് മാത്രം അവള്‍ക്ക് മനസ്സിലായി. അവളുടെ കൂട്ടുകാരന്‍ കെട്ടിപ്പിടിച്ച് അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അവന് കാര്യങ്ങള്‍ അല്‍പ്പം കൂടി മനസ്സിലായത് പോലെ. നിറഞ്ഞ കണ്ണുകളുമായി അവരുടെ മാതാപിതാക്കളും. 

കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് ഒരു സ്വരം, രണ്ടു പേര്‍ സ്വപ്നങ്ങള്‍പങ്ക് വെയ്ക്കുകയാണ്.

'നമുക്ക് ആദ്യമുണ്ടാകുന്നത് ആണ്‍കുട്ടിയാവണം, അച്ഛനെപ്പോലെ'

'വേണ്ട, പെണ്‍കുട്ടി മതി. നിന്നെപ്പോലെ ഒരു സുന്ദരിക്കുട്ടി'

നാണത്താല്‍ കുതിര്‍ന്നുലയുന്ന അവളുടെ കവിളുകള്‍ ചുവക്കുന്നു. കൂമ്പിയടയുന്ന കണ്‍കോണുകളില്‍ ഒരു സ്വപ്നച്ചിന്ത്. തലമുറ നിലനിര്‍ത്താന്‍ ഒരുകണ്‍മണി....ഒരുനാള്‍ അവന്റെ കാതില്‍ അവള്‍ ഒരുസന്തോഷം ചൊല്ലുകയാണ്

'ദേ, നിങ്ങള്‍ ഒരച്ഛനാകാന്‍ പോകുന്നു' ആദ്യസമ്മാനമായി അവളുടെ കുളിര്‍നെറ്റിയില്‍ ഒരു സ്‌നേഹചുംബനം. 

അഭിമാനത്താല്‍ നിറയുന്ന ആ നിമിഷങ്ങള്‍ തൊട്ട് കാത്തിരിപ്പാണ്. കുഞ്ഞുണ്ടായാല്‍ കൈ വളരുന്നോ കാല്വളരുന്നോ എന്ന നോട്ടം. അച്ഛന്റെ മൂക്ക്, അമ്മയുടെ കണ്ണ്.. സ്വപ്നങ്ങള്‍ ഇതള്‍ വിടര്‍ത്തുന്നു. ഒരു നാള്‍ ഇടിവെട്ടേറ്റത്‌പോലെ കരിഞ്ഞു പോകുന്നു അത്ര നാള്‍ കണ്ട കിനാവുകളൊക്കെയും. കുഞ്ഞിന് സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളരാനോ പെരുമാറാനോ കഴിയില്ല. ഒറ്റനിമിഷത്തില്‍ ചിരികള്‍ വറ്റിപ്പോകുകയാണ്. 

വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും നോവാകുന്നു ഭിന്നശേഷിക്കാരായ പൊന്‍മുത്തുകള്‍. എത്ര ഉള്ളുരുക്കങ്ങളിലൂടെയാവും അവരുടെ വളര്‍ച്ച മാതാപിതാക്കള്‍ നോക്കിക്കാണുന്നത്. ആ കുഞ്ഞുങ്ങള്‍ സ്ത്രീയും പുരുഷനുമാകുന്നു എന്ന തിരിച്ചറിവില്‍ ഉള്ള് ചിലപ്പോഴൊക്കെ പൊള്ളിപ്പിടഞ്ഞു പോകും. സാധാരണ കുഞ്ഞുങ്ങളുടെ മാതാപിതാക്കന്മാര്‍ക്ക് ആഘോഷമായി മാറുന്ന ആ നിമിഷങ്ങള്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ ഒരു തുള്ളി കണ്ണുനീര്‍ കൂടി വീഴ്ത്തുന്നു. പ്രകൃതിയോട് പോലും കലഹിക്കേണ്ടി വരുന്ന നിമിഷങ്ങളാണത്. എത്ര മുതിര്‍ന്നാലും കുട്ടിത്തം വിട്ടുമാറാത്ത മനസ്സുമായി കഴിയുന്ന ആ കുഞ്ഞുങ്ങളെ എത്ര ശ്രദ്ധയോടെ സൂക്ഷിക്കണം! 

ഭിന്നശേഷിക്കാരായവര്‍ക്കും സാധാരണ പോലെ തന്നെ ശാരീരികമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് അനുസരിച്ച് അവരുടെ മനസ്സും ശരീരവും പ്രതികരിക്കും. പഠനങ്ങള്‍ കാണിക്കുന്നത് അന്‍പത് ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭം ധരിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും കഴിവുണ്ട് എന്നാണ്. എങ്കിലും ഡൗണ്‍ സിന്‍ഡ്രോം പോലെയുള്ള ജനിതക വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 35-45 ശതമാനം കുട്ടികള്‍ക്ക് അതേ വൈകല്യം വരാന്‍ സാധ്യതയുണ്ട്. ഈ കാരണത്താല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവര്‍ക്ക് നിര്‍ദ്ദേശിക്കാറുമുണ്ട്. 

വായിച്ച് ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നിറങ്ങിപ്പോകാത്ത രണ്ട് കഥാപാത്രങ്ങളാണ് സമുദ്രശിലയിലെ അംബയും മകന്‍ അപ്പുവും. ഭിന്നശേഷിക്കാരനായ മകന്‍ ആണൊരുത്തനായി വളര്‍ന്നു കഴിഞ്ഞു എന്ന് മനസ്സിലാക്കുന്ന ആ നിമിഷത്തിലെ അംബ എന്നെ കടിച്ചു കുടയുന്നുണ്ട്. എന്നെ മാത്രമാവില്ല, അത് വായിച്ച മിക്കവരുടെയും അഹങ്കാരത്തിന്റെയും ആത്മപ്രശംസയുടെയും പത്തി അടിച്ചു താഴ്ത്തിയിട്ടാവും അംബ മകന് വിഷം ചേര്‍ത്ത ഭക്ഷണം വിളമ്പുന്നത്. 

അംബയോടൊപ്പം മമ്മൂട്ടി അഭിനയിച്ച 'പേരന്‍പ്' സിനിമയുടെ ഒരു ചീളും മനസ്സിലിങ്ങനെ കുത്തിനോവിക്കുന്നു. ഒരു കോമാളിയെപ്പോലെ അച്ഛന്‍ മകള്‍ക്ക് മുന്‍പില്‍ ആടുകയാണ്. അയാള്‍ ഭാഷകള്‍ മാറ്റി നോക്കുന്നു. ആട്ടവും പാട്ടും മാറിമാറി മകളുടെ മുന്‍പില്‍ പകര്‍ന്നുവെയ്ക്കുന്നു. ഒന്നിലും ചിരിക്കാതെ ഇരിക്കുന്ന മകളുടെ മുന്‍പില്‍ നിസ്സഹായനായി ഇരിക്കുന്ന ആ അച്ഛന്‍ പറയുന്നു-'കണ്ണേ ഇതിനപ്പുറം എന്ത് വേണമെന്ന് ഈ അപ്പനറിയില്ലല്ലോ. നിന്നെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന് ഒന്ന് പറയൂ മകളെ' എന്ന്. 

സാധാരണ കുഞ്ഞുങ്ങളെപ്പോലെ ആശയവിനിമയം നടത്താന്‍ കഴിയാത്ത മകളെ സന്തോഷിപ്പിക്കാന്‍ അയാള്‍ അവള്‍ക്ക് പ്രിയപ്പെട്ട നായ്ക്കുട്ടി പോലുമാകുന്നു. മമ്മൂട്ടി ഡാന്‍സ് കളിക്കാന്‍ ഒന്ന് ശ്രമിച്ചാല്‍പോലും ചിരി വരുന്ന ഞാന്‍ നൊന്ത് കരഞ്ഞാണ് ആ രംഗം കണ്ട ്തീര്‍ത്തത്. തൊണ്ടയില്‍ എന്തോ തടയുന്നത് പോലെ. കിതച്ചും നൊന്തും ആ അപ്പന്‍ മകള്‍ക്ക് മുന്‍പില്‍ ആടിയ വേഷങ്ങള്‍ നെഞ്ചിലിങ്ങനെ നീറിപ്പിടിക്കുന്നു. മകള്‍ക്ക് വേണ്ടി ഒരാണിനെതേടി നടക്കേണ്ടി വരുന്ന അപ്പന്റെ നിസ്സഹായത ഏത് വാക്കുകളില്‍ വരഞ്ഞു വെയ്ക്കാനാവും? 

വീല്‍ചെയറില്‍ ഇരുത്തി ആ പെണ്‍കുട്ടിയെ കാറിനടുത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇനി ഇങ്ങനെ ഉണ്ടാവരുതെന്നോ മറ്റോഅര്‍ത്ഥമുള്ള ഒരു വില കുറഞ്ഞ തമാശ ആരോ പറഞ്ഞു. അത് കേട്ട് എന്റെ ഉള്ള് പുകഞ്ഞു. ആ നിമിഷം അമുദവന്റെയും അംബയുടെയും ആത്മാവ് എന്നില്‍ സന്നിവേശിച്ചിരിക്കണം. മുഖം കടുത്ത് മറുപടി പറയാനൊരുങ്ങിയ എന്നെ അവളുടെ അമ്മ പതിയെ തൊട്ടു. പിന്നെ കണ്ണീര്‍പാട മറച്ച ഒരു ചിരിയോടെ അവര്‍ എന്നെ അവരുടെ കാറിനടുത്തേക്ക് വഴി കാണിച്ചു. 

അവരെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വിട്ട് മുറിഞ്ഞ മനസ്സുമായി ഞാനിരുന്നു. എന്തിനാവും ഞാന്‍ ഈ രംഗത്ത് വന്ന് പെട്ടത്? ഈ സങ്കടമുനമ്പില്‍ തുഴഞ്ഞെത്തേണ്ട ഒരാവശ്യവും എനിക്കുണ്ടായിരുന്നില്ല. ഉള്ള് നോവുമ്പോള്‍ ഞാന്‍ എന്നെത്തന്നെ പഴിച്ചു കൊണ്ടിരുന്നു. വേണ്ടായിരുന്നു, ചോദിച്ചു വാങ്ങിയ ഈ സങ്കടം വേണ്ടായിരുന്നു. 

ജോലിയുടെ ഭാഗം എന്ന് കരുതി ആശ്വസിക്കാന്‍ശ്രമിക്കുമ്പോഴും പിന്നെയും പിന്നെയും മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. 

Mea culpa.mea culpa.. mea maxima culpa.

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

Follow Us:
Download App:
  • android
  • ios