കഴിഞ്ഞ 25 വര്‍ഷത്തിനിടെ ലോക സമുദ്രങ്ങളില്‍ കൂടിയ താപത്തിന്റെ അളവ്, 3.6 ബില്യണ്‍ ഹിരോഷിമ ആറ്റം-ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തുല്യമാണ് എന്നാണ്  പഠനം നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്‌ഫെറിക് ഫിസിക്‌സിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിലെ പ്രൊഫസര്‍ ലിജിങ് ചെങ് പറയുന്നത്. 

 

 

സമുദ്ര ആവാസ വ്യവസ്ഥയ്ക്കും മനുഷ്യരുടെ നിലനില്‍പ്പിനും കടുത്ത ഭീഷണി ഉയര്‍ത്തി കടലിലെ താപനില ഭീമമായി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സമുദ്ര താപനില മനുഷ്യചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയതായിരുന്നുവെന്ന് ഇതുസംബന്ധിച്ച് നടന്ന പഠനം വ്യക്തമാക്കുന്നു. അഡ്വാന്‍സസ് ഇന്‍ അറ്റ്‌മോസ്ഫെറിക് സയന്‍സസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലിജിങ് ചെങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.  

2019-ലെ സമുദ്ര താപനില 1981-2010 വരെയുള്ള  താപനിലയുടെ ശരാശരിയേക്കാള്‍ 0.075 ഡിഗ്രി സെല്‍ഷ്യസ് അധികമാണെന്ന് പഠനം പറയുന്നു. 1980-2010 കാലയളവിലെ ശരാശരി താപനിലയേക്കാള്‍ ഏകദേശം 228 സെക്‌സ്റ്റില്യണ്‍ ജൂള്‍സ് (228*1,000,000,000,000,000,000,000 ജൂള്‍സ്) ചൂട്  2019 -ല്‍ അധികമായി സമുദ്രം ആഗിരണം ചെയ്തിട്ടാവണം ഈ അവസ്ഥ ഉണ്ടായത് എന്നാണ് കരുതുന്നത്. 2018 -മായി താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ സമുദ്രം ഏകദേശം 25 സെക്‌സ്റ്റില്യണ്‍ ജൂള്‍സ് താപം കൂടുതല്‍  ആഗിരണം ചെയ്തിട്ടുണ്ട്. 

അതായത്, കഴിഞ്ഞ 25 വര്‍ഷത്തിനിടെ ലോക സമുദ്രങ്ങളില്‍ കൂടിയ താപത്തിന്റെ അളവ്, 3.6 ബില്യണ്‍ ഹിരോഷിമ ആറ്റം-ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തുല്യമാണ് എന്നാണ്  പഠനം നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്‌ഫെറിക് ഫിസിക്‌സിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിലെ പ്രൊഫസര്‍ ലിജിങ് ചെങ് പറയുന്നത്. 


ഉപരിതലം മുതല്‍ 2000 മീറ്റര്‍ താഴെ വരെയുള്ള സമുദ്രതാപനില കണക്കാക്കുന്നതിനു വേണ്ടി, നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ / നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫര്‍മേഷന്റെ (NOAA/ NCEI ) വേള്‍ഡ് ഓഷ്യന്‍ ഡാറ്റാബേസില്‍ (WOD) നിന്നും വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയതില്‍ ലഭ്യമായ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്.  ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് സമുദ്ര താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന്  ശേഷമുള്ള ചരിത്രമെടുത്താല്‍, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളാണ് കടലിന് ഏറ്റവും ചൂടുകൂടിയത്. കഴിഞ്ഞ പതിറ്റാണ്ടാണ് റെക്കോര്‍ഡിലെ ഏറ്റവും സമുദ്ര താപനിലയേറിയ വര്‍ഷങ്ങള്‍. 

ആഗോളതാപനം എന്ന മാരകവിപത്തിലേക്കാണ് ഈ പഠനവും വിരല്‍ ചൂണ്ടുന്നത്. കാലാവസ്ഥാ പ്രതിസന്ധിയെ വകവെക്കാതെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഇപ്പോഴും ലോകരാജ്യങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ഹരിതഗൃഹ വാതകങ്ങള്‍ ഭൂമിയില്‍ നിന്നും തിരികെ പോകുന്ന റേഡിയേഷനെ പുറത്ത് പോകാന്‍ അനുവദിക്കാതെ ഭൂമിയുടെ ചൂടുകൂട്ടുന്നു. ജലമാണ് അന്തരീക്ഷത്തെക്കാള്‍ താപം കൂടുതല്‍ ആഗിരണം ചെയ്യുന്നത്. ഭൗമോപരിതലത്തില്‍ 71 ശതമാനവും ജലമാണ്. അതുകൊണ്ട് തന്നെ ഈ വര്‍ധിച്ചുവരുന്ന താപനിലയുടെ കൂടിയ പങ്കും സമുദ്രങ്ങള്‍ ആഗിരണം ചെയ്യുകയും സമുദ്രത്തിലെ താപനില വര്‍ധിക്കുകയും ചെയ്യുന്നു.

സമുദ്രത്തിലെ താപനില ഇങ്ങനെ വര്‍ദ്ധിക്കുന്നത് സമുദ്രത്തിലെ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും  പരിസ്ഥിതിയേയും വലിയ തോതില്‍ ബാധിക്കും. വര്‍ദ്ധിച്ചുവരുന്ന താപനില പവിഴപുറ്റുകള്‍ നശിക്കുന്നതിനും മല്‍സ്യങ്ങളുടെയും സസ്തനികളുടെയും മറ്റും പ്രജനന കേന്ദ്രങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളവും വളരെ ദോഷകരമായ സാഹചര്യമാണ് സമുദ്രതാപനില വര്‍ദ്ധനവ് സൃഷ്ടിക്കുന്നത്. ഭക്ഷ്യസുരക്ഷയെ വലിയതോതില്‍ ബാധിക്കുന്നു, കൂടുതല്‍ രോഗങ്ങള്‍ വ്യാപിക്കുന്നതിനു കാരണമാകുന്നു, താപനില വര്‍ധിക്കുമ്പോള്‍ ജലം വികസിക്കുന്നത് സമുദ്രോപരിതലം ഉയരാന്‍ കാരണമാകുകയും തീരദേശ സംരക്ഷണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു, ചുഴലിക്കാറ്റ് പോലുള്ള ജീവനും സ്വത്തിനും ഭീഷണിയുള്ള അന്തരീക്ഷാവസ്ഥ പ്രതിഭാസങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.