ആരെ പ്രണയിക്കണമെന്ന് തീരുമാനിക്കാനും, യോജിക്കാന്‍ കഴിയാത്ത ബന്ധങ്ങളില്‍നിന്നും പിന്‍വാങ്ങാനും പുരുഷനുള്ള അതേ അധികാരം ഏതൊരു സ്ത്രീകള്‍ക്കുമുണ്ട്.

​​ ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന ആളെ വേദനിപ്പിക്കുന്നതില്‍ ഇഷ്ടം കണ്ടെത്തുന്നവരാണോ നിങ്ങള്‍ ? അല്ലെങ്കില്‍ മറ്റുള്ളവരുടെ ഇത്തരം ഉപദ്രവങ്ങള്‍ സ്‌നേഹം കൊണ്ടാണെന്ന് വിശ്വസിക്കുന്നവരാണോ ? ഇതില്‍ ഏതു ഭാഗം പ്രതിനിധീകരിക്കുന്നവരായാലും നിങ്ങള്‍ വലിയൊരു അപകടത്തിലാണ്.

എന്തും സ്വന്തമാക്കലാണ് സ്‌നേഹമെന്ന തെറ്റുധാരണയില്‍നിന്നാണ് ഇതിന്റെയെല്ലാം തുടക്കം. 'എന്റേത് ' എന്ന വാക്കില്‍നിന്നും വിദൂരമല്ലാതെ 'എന്റേതുമാത്രം ' എന്ന വാക്കിലെത്തിനില്‍ക്കുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്തും സ്വന്തമാക്കുന്നതാണ് വലുതെന്നും വിട്ടുകൊടുക്കല്‍ മോശമെന്നും പ്രതിനിധീകരിക്കപ്പെടുന്ന സമൂഹത്തില്‍ പല വിട്ടുകൊടുക്കലുകള്‍ക്കും ചോരക്കറ പുരളാറുണ്ട്.

ഒരാളോട് ഇഷ്ടം തോന്നിയാല്‍ അത് തുറന്നുപറയാതെ അവരുടെ പിന്നാലെ നടക്കുകയും പലതരത്തില്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ കടന്നുകയറുകയും ചെയ്യുന്നതും തങ്ങളുടെ ഇഷ്ടം കാരണമാണെന്ന് വിചാരിക്കുന്ന പലരും ഇന്നും സമൂഹത്തില്‍ അവശേഷിക്കുന്നു.

തുടക്കത്തില്‍ സൗമ്യമായി തുടങ്ങുന്ന പല ബന്ധങ്ങളും പിന്നീടങ്ങോട്ട് സ്വകാര്യത ലംഘിച്ച് സാമൂഹ്യ മാധ്യമങ്ങളുടെ പാസ്വേര്‍ഡ്, സ്വകാര്യ ജീവിതം, മറ്റു വിവരങ്ങള്‍ എന്നിവ പങ്കാളിയുമായി പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നു. 'എന്തിനാണ് രാത്രി വൈകി ഓണ്‍ലൈനില്‍ കാണുന്നത്', 'എവിടെ പോയി, എന്തിനുപോയി, ആരാണത്...എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഒരിക്കല്‍ പോലും നേരിടാത്ത കമിതാക്കള്‍ ഉണ്ടാകാനിടയില്ല. പ്രണയിനിയുടെ ആണ്‍സുഹൃത്തുക്കളേയോ അല്ലെങ്കില്‍ കാമുകന്റെ പെണ്‍സുഹൃത്തുക്കളേയോ തങ്ങളുടെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തലാകും മറ്റൊരു കാര്യം. ഇങ്ങനെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നിബന്ധനകളുടെ ഒരു വേലികെട്ടിയിട്ടായിരിക്കും പല പ്രണയങ്ങളും മുന്നോട്ടുപോകുന്നത്.

പ്രണയം പോലും ആണിന്റെ കുത്തകയാണെന്ന് പറഞ്ഞുനടക്കുന്ന സമൂഹത്തില്‍ പ്രണയം നിരസിക്കപ്പെട്ടവന്‍ കഴിവുകെട്ടവനെന്നും പറഞ്ഞുവെക്കുന്ന നിരവധി ആശയങ്ങളും സന്ദര്‍ഭങ്ങളും നിലനില്‍ക്കുന്നൂവെന്നത് പരിതാപകരമാണ്.

ആരെ പ്രണയിക്കണമെന്ന് തീരുമാനിക്കാനും, യോജിക്കാന്‍ കഴിയാത്ത ബന്ധങ്ങളില്‍നിന്നും പിന്‍വാങ്ങാനും പുരുഷനുള്ള അതേ അധികാരം ഏതൊരു സ്ത്രീകള്‍ക്കുമുണ്ട്. ഏതൊരു ബന്ധങ്ങളിലും ബന്ധനങ്ങളുടെ വേലിക്കെട്ടുകള്‍ വരുമ്പോഴാണ് അതിന് പ്രതികാരത്തിന്റെയും ചതിയുടേയും മുഖം കൈവരാറുള്ളത്.

ഇന്ന് സമൂഹമാധ്യമങ്ങളും സിനിമകളും, കോമഡി പരിപാടികളും മറ്റും പ്രണയത്തെക്കുറിച്ച് പല തെറ്റായ കാര്യങ്ങളും യുവ തലമുറകളിലേക്കും വളര്‍ന്നുവരുന്ന കുട്ടികളിലേക്കും അടിച്ചേല്‍പ്പിക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ അതിലെ ഉള്ളടക്കത്തിലേക്ക് പലരും സഞ്ചരിക്കുന്നു. സത്യമെന്ന് വിശ്വസിച്ച് ചെയ്യുന്ന പലതും മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പലരും ചിന്തിക്കുന്നതേയില്ല.

'സമ്മതം' (consent ) എന്ന വാക്കിന് ഒരു വിലയും കല്‍പ്പിക്കാതെയുള്ള പ്രണയങ്ങളിലാണ് മിക്ക ആളുകളും ഏര്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഇത്തരക്കാര്‍ ഒരു വിലയും കല്‍പ്പിക്കാറില്ല. കൂടാതെ ഇത്തരം പ്രണയപ്പകകളില്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ കണ്ണീര്‍ പൊഴിക്കുന്നവര്‍ സ്വന്തം കാര്യം വരുമ്പോള്‍ ഇതൊന്നും നോക്കാതെയാണ് മറ്റുള്ളവര്‍ക്ക് തേപ്പുകാരിയുടെയും മറ്റും പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നത്. തന്റേതോ അല്ലെങ്കില്‍ പങ്കാളിയുടെയോ ഇഷ്ടപ്രകാരം ജീവിക്കേണ്ട അവസ്ഥ പലരിലും പ്രതിഫലിക്കുന്നതായി കാണാം. മിക്കവാറും ഇതിന്റെ എറ്റവും കൂടുതല്‍ ഇരകളാക്കുന്നത് സ്ത്രീകളാണെങ്കിലും പലപ്പോഴും പുരുഷന്മാരും ഇതിലകപ്പെടാറുണ്ട്.

സ്വന്തം ജീവിതമാണ്. അത് എങ്ങനെ ജീവിക്കണമെന്നും ആര്‍ക്കൊപ്പം ജീവിക്കണമെന്നതും തികച്ചും വ്യക്തിപരമായ കാര്യമാണ്. അത് മറ്റുള്ളവരും ഉള്‍കൊള്ളണമെന്ന് വാശിപിടിക്കുന്നത് വിഡ്ഢിത്തമാണ്.
സ്വാര്‍ത്ഥതയും വാശിയും ഇത്തരം ബന്ധങ്ങളില്‍ ഉണ്ടായാല്‍ അത് കണ്ടറിഞ്ഞു പരിഹരിക്കുകയോ അല്ലെങ്കില്‍ അതില്‍നിന്നും വിട്ടുപോരുകയോ ചെയ്യുന്നതായിരിക്കും നല്ലത്.

കുട്ടികള്‍ക്ക് അവരുടെ സ്‌കൂള്‍ കാലഘട്ടം മുതല്‍ മാനുഷിക മൂല്യങ്ങളെയും, സ്വകാര്യതയേയും തുടങ്ങി പല വിഷയങ്ങളേക്കുറിച്ചും ബോധവാന്മാരാക്കുന്നതിലൂടെ മാത്രമേ ഇത്തരം പകയും അരും കൊലകളും തടയാനാകൂ. സ്വന്തമാക്കുന്നത് മാത്രമല്ല വിട്ടുകൊടുക്കുന്നതും പ്രണയമാണ്, സ്‌നേഹമാണ് പഠിപ്പിക്കുന്നത് ഇന്ന് കാലത്തിന്റെയും സാഹചര്യങ്ങളുടേയും ആവശ്യകതയാണ്.

പ്രണയം മനോഹരമായ ഒരു വികാരമാണ്. നമ്മളുമായി മാനസികവും ശാരീരികവുമായി ചേര്‍ച്ചയുള്ള ഇണയെ തിരഞ്ഞെടുക്കുമ്പോഴാണ് പ്രണയം മനോഹരമായി മാറുന്നത്. ഒരു ബന്ധത്തിന്റെ വിജയമെന്ന് പറയുന്നത് ആ യാത്രയിലുടനീളം നിങ്ങള്‍ പരസ്പര ബഹുമാനത്തോടുകൂടി സന്തോഷപ്പൂര്‍വ്വം കഴിയുക എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ ഓരോ ബന്ധങ്ങളും നാം വളരെ സൂക്ഷിച്ച് തിരഞ്ഞെടുക്കേണ്ട ഒന്നാണ്. ഇത് തിരിച്ചറിഞ്ഞ് അമിതമായി നിയന്ത്രിക്കുന്ന ബന്ധങ്ങളില്‍ നിന്ന് വേഗം പുറത്ത് കടക്കുക.
പ്രണയത്തിന്റെ പേരും പറഞ്ഞ് ഇനിയും ഇത്തരം അരുംകൊലകള്‍ ഉണ്ടാകാതിരിക്കട്ടെ. തേപ്പുകാരി എന്ന പട്ടം ആരുടേയും തലയില്‍ ചാര്‍ത്താതിരിക്കട്ടെ.