Asianet News MalayalamAsianet News Malayalam

മഴയും വെയിലുമില്ലാത്ത ഒരിടം

പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍

pacha ecological notes by Akbar Marayur
Author
Marayur, First Published Aug 11, 2021, 5:41 PM IST

അഞ്ചുനാടുകള്‍ പ്രാചീന ശിലായുഗ കാലത്തോളം മനുഷ്യവാസമുള്ള സ്ഥലങ്ങളാണ്. അതുകൊണ്ടു തന്നെ മനുഷ്യന്റെ ഇടപെടല്‍ പല കാലത്തായി ഇവിടങ്ങളില്‍ ഉണ്ടായിട്ടുണ്ടാവും. എങ്കിലും ഓരോ ഇലകളിലും പ്രാചീനമായ പ്രകൃതിയുടെ സുഗന്ധം നിറച്ചുവച്ചിരിക്കുന്നത് വിസ്മയത്തോടെ മാത്രമേ കാണാനാവൂ. കാഴ്ചകള്‍ക്കപ്പുറത്ത് ഉള്ളില്‍ നിറയുന്ന പച്ചപ്പിന്റെ സംഗീതം ഉള്ളില്‍ നിന്ന് പോവില്ല. കാറ്റ് മരങ്ങള്‍ക്കിടയിലൂടെ വേഗത്തില്‍ നടക്കുമ്പോള്‍ ഉണ്ടാവുന്ന സ്വരങ്ങളുടെ രാഗങ്ങള്‍ എങ്ങനെ അടയാളപ്പെടുത്താനാണ്. അല്ലെങ്കിലും പ്രകൃതിയുടെ സംഗീതം പഠിച്ചു തീര്‍ക്കാന്‍ ആര്‍ക്കെങ്കിലും ആവുമോ?

 

pacha ecological notes by Akbar Marayur

 

പലതരം പ്രകൃതി അനുഭവങ്ങളാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളെ വേറിട്ടതാക്കുന്നത്. പശ്ചിമ ഘട്ട മലനിരകളുടെ പ്രത്യേകതകളാണ് ഇതിന് കാരണം. തമിഴ്നാടുമായി വേറിട്ടു നിര്‍ത്തുന്ന കാലാവസ്ഥക്കും കാരണം ഈ മലങ്കോട്ടകളാണ്. മൂന്നാര്‍ കഴിഞ്ഞ് മലകള്‍ക്കപ്പുറം മറയൂരിലെത്തുമ്പോള്‍ വേറേതോ ലോകത്തെത്തുന്ന പോലെ തോന്നും. ആനമുടിയുടെ വലിപ്പത്തിനു മുന്നില്‍ തലകുനിച്ച് മലകയറി തലയാര്‍ എത്തുമ്പോള്‍ അതുവരെയൂണ്ടായിരുന്ന തണുപ്പിന്റെ സ്വഭാവം മാറും. കാലാവസ്ഥയെക്കുറിച്ച് സംശയം തോന്നും. അതുവരെയുണ്ടായിരുന്ന എല്ലാ കേരളീയ അന്തരീക്ഷ അനുഭവങ്ങളും പെട്ടെന്ന് ഇല്ലാതാവും. മഴയും വെയിലുമില്ലാത്ത ഒരിടം. മഴ പെയ്യുമെന്ന് തോന്നിപ്പിച്ച് നില്‍ക്കുന്ന മഴ മേഘങ്ങള്‍ തീര്‍ക്കുന്ന അമ്പരപ്പിലൂടെ വേണം മറയൂരിലെ ജൈവ ജീവിതം അനുഭവിച്ചു തുടങ്ങാന്‍

തമിഴ്നാടന്‍ കാലാവസ്ഥയോട് സാമ്യമുണ്ടെങ്കിലും അതല്ല മറയൂരിലേത്. കേരളത്തിലുള്ള പലയിനം ചെടികളും ഇവിടുണ്ടെങ്കിലും അതിനൊക്കെ വേറേതോ രൂപം തോന്നും. സദാ നൂല്‍മഴ പെയ്യുന്ന മറയൂരിലെ മഴക്കാലം ഡിസംബറിലാണ്. മഞ്ഞുപെയ്യുന്ന മറയൂര്‍ മഴനിഴല്‍ പ്രദേശമാണ്. മൂന്നാറിന് സമാനമായ തണുപ്പുണ്ടെങ്കിലും അത് വേറെങ്ങുമില്ലാത്ത തണുപ്പാണ്. കാറ്റ് നിരന്തരം വീശുന്ന ഇടങ്ങളില്‍ മഴമേഘങ്ങളുടെ നിഴല്‍ അങ്ങനെ വീണ് കിടക്കുന്നതിനാല്‍ കാര്‍ഷിക മേഖലക്ക് പേരുകേട്ട സ്ഥലമാണ് മറയൂര്‍. അഞ്ചുനാടുകളിലൊന്നാണ് മറയൂര്‍. കാന്തല്ലൂര്‍, കീഴാന്തൂര്‍, കരയൂര്‍, മറയൂര്‍, കൊട്ടകുടി എന്നിവയാണ് അഞ്ചുനാടുകള്‍. ഇവിടങ്ങളെല്ലാം കാര്‍ഷിക മേഖലകളാണ്. 

ലോകത്തിന് തന്നെ ഏറ്റവും പേര് കേട്ട ചന്ദന മരങ്ങള്‍ നിറഞ്ഞ കാട്ടില്‍ വലിയ ആഭിജാത്യത്തോടെ നില്‍ക്കുന്ന ചന്ദന ഇലകളില്‍ തൊടുമ്പോള്‍ ഉള്ളു കുളിര്‍പ്പിക്കുന്ന സുഗന്ധം അകത്ത് പരക്കുന്നത് അറിയാം. ഇലകള്‍ക്ക് പ്രത്യേക രൂപ ഘടനയില്ല. എങ്കിലും ഒരോ ഇനത്തിലും വലിപ്പ വ്യത്യാസമുണ്ടാവും. ചന്ദനങ്ങളുടെ വളര്‍ച്ച വലിയൊരു പാഠമാണ്. കായുകള്‍ മുളക്കുമെങ്കിലും തനിയെ വളരാനാവില്ല. മറ്റു മരങ്ങളുടെ സഹായത്തോടെയേ ഇവയ്ക്ക് വളം ലഭിക്കൂ. കാട്ടിലെ മറ്റു മരങ്ങളുടെ വേരുകള്‍ക്കൊപ്പം നിന്ന് വളര്‍ന്ന് സുഗന്ധവാഹിയാവുന്ന ചന്ദനം പരസ്പര സഹവര്‍ത്തിത്വത്തിന്റെ കഥയാണ് പറയുന്നത്. വലിയ പേരോ പെരുമയോ ഇല്ലാത്ത മരങ്ങളോടൊപ്പം വളര്‍ന്ന് മരങ്ങളിലെ രാജാവായി ചന്ദനങ്ങള്‍ മാറി. ഞാവല്‍ പഴം പോലുള്ള കായകള്‍ കാണാന്‍ നല്ല ഭംഗിയാണ്.

ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് മറയൂര്‍. നിരവധി ശിലായുഗ ശേഷിപ്പുകളുള്ള മറയൂരിനെ മലകളാല്‍ മറച്ചുവച്ചിരിക്കുകയാണ്.അതുകൊണ്ടുതന്നെ ഏറ്റവും പ്രത്യേകമായ കാലവസ്ഥയാണ് ഇവിടുള്ളത്. കാലാവസ്ഥയുടെ ഈ പ്രത്യേകതയാവും ചന്ദനമരങ്ങള്‍ക്ക് മറയൂരിലെ മണ്ണ് പ്രിയമാകാന്‍ കാരണം. മലകളോട് ചേര്‍ന്ന കാടുകളില്‍ ചന്ദങ്ങള്‍ക്ക് പുറമെ നിരവധി മൃഗ സസ്യജാലങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഇരുന്നൂറിലധിക ഇനങ്ങളില്‍പ്പെട്ട പക്ഷികള്‍ മറയൂര്‍ വനമേഖലയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരങ്ങള്‍ തോറും ചാടി പറക്കുന്ന മലയണ്ണാന്‍, കാടിന്റെ രൗദ്രമാര്‍ന്ന സൗന്ദര്യവുമായി കടുവാ കൂട്ടങ്ങള്‍, സഹ്യന്റെ തലയെടുപ്പോടെ മേയുന്ന കാട്ടാനക്കൂട്ടങ്ങള്‍, കാടുകളെ വരുതിയിലാക്കി നടക്കുന്ന കാട്ടുപോത്തുകള്‍, മ്ലാവുകള്‍, അനേകമിനം കുരങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവ മറയൂരിലെ വനങ്ങളിലുണ്ട്. കൂടാതെ പലയിനം പ്രാണി വര്‍ഗ്ഗങ്ങള്‍, ശലഭങ്ങള്‍, നിശാശലഭങ്ങള്‍, വണ്ടുകള്‍, തുമ്പികള്‍, കുമിള്‍ വര്‍ഗ്ഗങ്ങള്‍.. അങ്ങനെ അങ്ങനെ നിരവധിയാണ് മറയൂര്‍ മറച്ചുവച്ചിരിക്കുന്ന ജീവന്റെ കാഴ്ച്ചകള്‍. എപ്പോഴും കാറ്റുള്ളതുകൊണ്ട് അതിനെ അതിജീവിക്കാന്‍ ഇവിടുത്തെ ചെടികള്‍ക്ക് പ്രത്യേക കഴിവു തന്നെയാണ്.

മറയൂര്‍ ചന്ദനം പോലെ പേരു കേട്ടതാണ് മറയൂര്‍ ശര്‍ക്കരയും. മറയൂരിന്റെ മണ്ണിന്റെയും കാലവസ്ഥയുടെയും പ്രത്യേകത കരിമ്പു നീരില്‍ രുചിയുടെ മധുരം ചേര്‍ത്തുവയ്ക്കുന്നു. 

കാന്തല്ലൂര്‍ മലയുടെ ചുവട്ടില്‍ മറയൂര്‍ തനതായ ജൈവ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. വിനോദസഞ്ചാരത്തിന്റെ മറവില്‍ പലതരം മുറിവുകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും പ്രകൃതി അതെല്ലാം ക്ഷമിച്ചു നില്‍ക്കുന്നതുപോലെ തോന്നും.ചിന്നാര്‍ വന്യ ജീവി സങ്കേതം ആനമുടിചോല ദേശീയോദ്യാനം തുടങ്ങിയവ തൊട്ടടുത്തു തന്നെയുണ്ട്.

ചിന്നാറിലെത്തുമ്പോള്‍ കാടിന്റെ വിഭിന്നമായ അവസ്ഥയാവും സ്പര്‍ശിക്കുക. മഴനിഴല്‍ പ്രദേശത്തെ കാട് ഹരിത വൈവിധ്യത്തിന്റെ വിശാലമായ ഇടമാണ്. മനുഷ്യ സ്പര്‍ശം ഏറെക്കാലമായി ഇല്ലാത്ത ഇവിടെയാണ് ചിന്നാര്‍, പാമ്പാര്‍ നദികളുടെ സംഗമസ്ഥലം. ഇടതിങ്ങി നില്‍ക്കുന്ന മരക്കൂട്ടങ്ങളില്‍ പലതരം പക്ഷികള്‍, ജീവികള്‍, എന്നിവ അതിന്റെ പ്രാകൃത ആനന്ദത്തോടെ കഴിയുന്നു. ഇലപൊഴിയുന്ന കാടുകളാണ് ചിന്നാര്‍. ചോലക്കാടുകളും കാട്ടരുവികളും നിരവധി.വന്യജീവികളുടെ പ്രകൃതി ദത്ത വാസസ്ഥലമായ ചിന്നാര്‍ കാട്ടില്‍ സസ്തനികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍, പുഷ്പിത സസ്യങ്ങള്‍ എന്നിവ ഒത്തിരിയുണ്ട്. കണ്ടാലും കണ്ടാലും തീരാതെ കാടിന്റെ കാഴ്ചകള്‍ വിസ്മയകരം തന്നെ. 42-ഓളം മത്സ്യവര്‍ഗ്ഗങ്ങളാല്‍ സമ്പന്നമാണ് ചിന്നാറിലെ ജല ജീവിതം. തേനീച്ചകളുടെ അപൂര്‍വ്വ ഇനങ്ങളെ ഇവിടെ നിന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ആപ്പിളുകള്‍ക്ക് പേര് കേട്ട സ്ഥലമാണ് കാന്തല്ലൂര്‍. ആപ്പിള്‍ കൂടാതെ നിരവധി വിദേശ പഴ വര്‍ഗ്ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. കൂടാതെ ശീതകാല പച്ചക്കറി വിളകള്‍ക്കും പേരുകേട്ട സ്ഥലം. കാന്തല്ലൂര്‍ മലകളിലും താഴ്വാരങ്ങളിലുമായി നിരവധി ആദിവാസിക്കുടികളുണ്ട്. വനങ്ങളില്‍ നിരവധി വൃക്ഷങ്ങളും. പച്ചപ്പിന്റെ തണുപ്പാര്‍ന്ന സ്നേഹമാണ് ഇവിടുത്തെ പ്രകൃതിക്ക്. നിരവധി ചെറുതും വലുതുമായ കാട്ടരുവികള്‍ കൊണ്ട് സമ്പന്നമാണ് കാന്തല്ലൂര്‍. മറയൂരില്‍ നിന്ന് വിഭിന്നമാണ് കാന്തല്ലൂര്‍, കീഴാന്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കാലാവസ്ഥ. അതുകൊണ്ടു തന്നെ ജൈവഘടനയിലും മറയൂരില്‍ നിന്ന് വ്യത്യസ്ഥത ഇവിടെ കാണാനാവും.

അഞ്ചുനാടുകള്‍ പ്രാചീന ശിലായുഗ കാലത്തോളം മനുഷ്യവാസമുള്ള സ്ഥലങ്ങളാണ്. അതുകൊണ്ടു തന്നെ മനുഷ്യന്റെ ഇടപെടല്‍ പല കാലത്തായി ഇവിടങ്ങളില്‍ ഉണ്ടായിട്ടുണ്ടാവും. എങ്കിലും ഓരോ ഇലകളിലും പ്രാചീനമായ പ്രകൃതിയുടെ സുഗന്ധം നിറച്ചുവച്ചിരിക്കുന്നത് വിസ്മയത്തോടെ മാത്രമേ കാണാനാവൂ. കാഴ്ചകള്‍ക്കപ്പുറത്ത് ഉള്ളില്‍ നിറയുന്ന പച്ചപ്പിന്റെ സംഗീതം ഉള്ളില്‍ നിന്ന് പോവില്ല. കാറ്റ് മരങ്ങള്‍ക്കിടയിലൂടെ വേഗത്തില്‍ നടക്കുമ്പോള്‍ ഉണ്ടാവുന്ന സ്വരങ്ങളുടെ രാഗങ്ങള്‍ എങ്ങനെ അടയാളപ്പെടുത്താനാണ്. അല്ലെങ്കിലും പ്രകൃതിയുടെ സംഗീതം പഠിച്ചു തീര്‍ക്കാന്‍ ആര്‍ക്കെങ്കിലും ആവുമോ?

 

Follow Us:
Download App:
  • android
  • ios