Asianet News MalayalamAsianet News Malayalam

രാജമലയിലെ വെയിലും കാറ്റും

പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍
 

pacha ecological notes by Akbar
Author
Eravikulam National Park, First Published Aug 4, 2021, 7:54 PM IST
  • Facebook
  • Twitter
  • Whatsapp

രാജമലയിലെ പുല്‍മേടുകള്‍ എങ്ങനെയാവാം ഉണ്ടായത്? ഉത്തരങ്ങള്‍ ഒരുപാടുണ്ട്. ഭൂമിയിലെ പല മാറ്റങ്ങളാവാം കാരണമെന്നതാണ് കൂടുതലായി വിശ്വസിക്കപ്പെടുന്നത്. പക്ഷേ അതിന്റെ തനിമ ഒരോ പുല്‍ക്കൊടിയിലുമുണ്ട്. അത്രയ്ക്ക് ജീവനുകളുടെ തണുപ്പ് അവിടെയുണ്ട്.

 

pacha ecological notes by Akbar

 

അപൂര്‍വ്വ വന്യമൃഗ ഗണത്തില്‍ വരുന്ന വരയാടുകള്‍ തുള്ളിക്കളിച്ചു നടക്കുന്ന ഇരവികുളത്തെ രാജമല കാണുമ്പോള്‍ നേര്യമംഗലത്തെ മലകളില്‍ കീഴ്ക്കാംതൂക്കായ പാറക്കൂട്ടങ്ങള്‍ക്കിടെ, ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ നടക്കുന്ന ആടുകളെയാണ് ഓര്‍മ്മ വരിക. എത്ര സുരക്ഷിതമായാണ് അവ പാറകളില്‍ കുളമ്പൂന്നി തീറ്റ തേടുന്നതെന്നോ! നാടന്‍ ആട്ടിനങ്ങള്‍ക്കെ ഇതിന് കഴിയൂ എന്ന് തോന്നിയിട്ടുണ്ട്. അത്രയ്ക്ക് കൃത്യതയോടെയാണ് ആ നടത്തം. ചിരട്ട കമിഴ്ത്തിയതുപോലുള്ള ഇരവികുളത്തെ കുന്നുകളില്‍ ഓടിച്ചാടി നടക്കുന്ന വരയാടുകള്‍ പ്രകൃതിയുടെ സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്നേ തോന്നൂ.

രാജമല, പന്തുമല, ചിന്നപ്പന്തുമല എന്നിവയാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗങ്ങള്‍. കോളജ് കാലത്ത് പരിസ്ഥിതി ക്യാമ്പിന് പോയപ്പോഴാണ് ആദ്യമായി രാജമലയുടെ മുകളില്‍ കയറിയത്. അല്ലാതെ പോയപ്പോഴൊക്കെ മല നോക്കി നിന്ന് വെറുതെ അത്ഭുതപ്പെട്ട് തിരിച്ചു പോന്നിട്ടുണ്ട്. പക്ഷേ അത്ഭുതം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥത്തില്‍ അത് അറിയണമെങ്കില്‍ മലമുകളില്‍ കയറണം. ഉയരം തരുന്ന അജയ്യത മാത്രമാവില്ല അത്. പ്രകൃതിയുടെ പലതരം സവിശേഷതകള്‍ ഓരോ മലകളും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. 


രാജമലയിലെ വെയിലും കാറ്റും

1995-ലാണ് രാജമലകയറാന്‍ അവസരം കിട്ടിയത്. ചൂടില്ലാതെ വെയില്‍ വീണ് കിടക്കുന്ന മല കയറുമ്പോള്‍ വരയാടുകളെ കൂടാതെ പലതരം പ്രാണികളെയും കുഞ്ഞു ജീവികളെയും കണ്ടു. അതുവരെ കാണാത്ത പലയിനങ്ങളിലും നിറങ്ങളിലുമുള്ളവ. അതിന്റെ പേരുകളൊക്കെ അറിയണമെന്ന് തോന്നി. പക്ഷേ പറഞ്ഞു തരാന്‍ വനപാലകര്‍ക്ക് പോലും കഴിഞ്ഞില്ല. മല കയറി കയറി മുകളിലെത്തി. പുല്ലുകള്‍ മാത്രമുള്ള മലയുടെ ചില ഭാഗങ്ങളില്‍ അതീവ പച്ചപ്പോടെ ചോലക്കാടുകള്‍ (ഷോല) കാണാം. അതിനടുത്തെത്തുമ്പോള്‍ ഇതുവരെ കണ്ട കാടുകളെല്ലാം പെട്ടെന്ന് മറന്ന് പോകും. കുഞ്ഞു മരങ്ങളും ചെടികളും പൂക്കളും ഇലകളും പൂമ്പാറ്റകളും വിചിത്രമായ ഒരു ലോകത്തേക്ക് കൊണ്ടു പോവും. നിലത്ത് മുളച്ചു നില്‍ക്കുന്ന മഞ്ഞയും റോസും വെള്ളയും നിറമുള്ള ഓര്‍ക്കിഡുകള്‍ വിട്ട് പോരാന്‍ തോന്നില്ല. കണ്ടുപരിചയിച്ച് കാട്ടിലെ അവസ്ഥയല്ല ചോലക്കാടുകള്‍ക്കുള്ളത്. ഗാംഭീര്യത്തിന് പകരം അവ സൗമ്യത നിറച്ചുവച്ചിരിക്കുകയാണ്.

കൂട്ടത്തില്‍ നിന്നുള്ളവരൊക്കെ വെറുതേ കണ്ടു നടന്നപ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ മാത്രം പലതും പറഞ്ഞ് ചോലയുടെ കുളിരില്‍ അങ്ങനെ ഇരുന്നു. ഒരാള്‍ ഇപ്പോഴത്തെ പ്രശസ്ത നിരൂപകന്‍ സജയ് കെ.വിയാണ്. മറ്റൊരാള്‍ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരന്‍ ജിജോയും. ചോലയില്‍ ഇരുന്ന് നെരൂദയുടെയും ലോര്‍ക്കയുടെയും കവിതകളെ കുറിച്ച് സജയ് ചേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളാവട്ടെ കവിതയ്ക്കൊപ്പം ഇലകളാടുന്നത് നോക്കിയിരുന്നു. അന്നവിടെ കണ്ട പേരറിയാത്ത ചെടികളുടെ, പൂക്കളുടെ വര്‍ണ്ണ വൈവിധ്യം ഇന്നുമോര്‍മ്മയിലുണ്ട്. അത്രയ്ക്ക് ആനന്ദത്താല്‍ പച്ചപ്പ് ഞങ്ങള്‍ക്ക് കൂട്ടിരുന്നു.

 

pacha ecological notes by Akbar

 

വറ്റിയ തടാകം

ചോലവനത്തിനപ്പുറം താഴ്വരയിലായി വറ്റിയ ഒരു തടാകമുണ്ട്. തടാകം നിറയെ പായല്‍ കൊണ്ടു മൂടി പച്ച മൈതാനമായി തോന്നി. അതിനടുത്തും പൊക്കത്തില്‍ വളരാത്ത നിരവധി മരങ്ങളുണ്ടായിരുന്നു. പലതും വംശമറ്റതിന്റെ സങ്കടത്തോടെ നില്‍ക്കുന്നവ. ഓര്‍ക്കിഡുകളും ലില്ലികളും എല്ലാം അങ്ങനെ തന്നെ. മഹാ സങ്കടം പൂവായി പുറത്തേക്കെറിഞ്ഞ് ആനന്ദത്തെ നിര്‍മ്മിക്കുകയാണവ. കാട്ടു ഡാലിയ, കാട്ടു സൂര്യകാന്തി, പലതരം കുറിഞ്ഞിക്കൂട്ടങ്ങള്‍..അങ്ങനെ എണ്ണിയാല്‍ തീരാത്ത ചെടികളുടെ കൂട്ടങ്ങള്‍.

നിരന്തരം കാറ്റ് വീശുന്ന ഇടമായതിനാല്‍ പല മരങ്ങളും ഉയരത്തില്‍ വളരില്ല. മരത്തിന്റെ അടിഭാഗത്ത് നിന്ന് തന്നെ ശിഖരങ്ങള്‍ മുളച്ചു തുടങ്ങുന്നുന്നു. മരങ്ങളുടെ കമ്പുകള്‍ നിറയെ പായല്‍ പൊതിഞ്ഞിരിക്കും. മരങ്ങള്‍ക്ക് കുളിരാതിരിക്കാന്‍ കമ്പിളി പുതച്ചതു പോലെ. മരങ്ങള്‍ക്ക് കുടയുടെ ആകൃതിയാണ്. ഇലകളാവട്ടെ കട്ടിയുള്ളതും മിനുസമുള്ളതും.തുടര്‍ച്ചയായുണ്ടാവുന്ന കാറ്റിനെ അതിജീവിക്കാന്‍ ഇത് സഹായിക്കുമായിരിക്കും. ചെമ്പക ഇനങ്ങള്‍, എല്ലാ വര്‍ഷവും പൂവിടുന്ന കുറിഞ്ഞികള്‍, ബോള്‍സം ഇനത്തില്‍പ്പെട്ട പലതരം കുറ്റിച്ചെടികള്‍, ചെറു മരത്തിന്റെ വലിപ്പമുള്ള കുറിഞ്ഞികള്‍, രുദ്രാക്ഷ കുടുംബത്തില്‍പ്പെട്ട ചെറു വൃക്ഷങ്ങള്‍, ചെറുതും വലുതുമായ ഓര്‍ക്കിഡുകള്‍...ആപ്പിള്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികള്‍, പേരയുടെ ഇനങ്ങള്‍ അങ്ങനെ നിരവധി വര്‍ഗ്ഗങ്ങളില്‍പ്പെട്ട സസ്യജാലങ്ങള്‍. പായല്‍,പന്നല്‍ വര്‍ഗ്ഗങ്ങള്‍, കൂണുകള്‍... പുഷ്്പിക്കുന്നവയും അല്ലാത്തതുമായ പലതരം സസ്യ ജീവിതങ്ങള്‍ ഇരവികുളത്ത് കാണാം.

മലകള്‍ക്ക് മുകളിലെ ചോലക്കാടുകള്‍, പ്രകൃതി ഒളിപ്പിച്ചു വച്ച ജീവിതങ്ങളുടെ ഇടങ്ങളാണ്. ഓരോ പുല്‍മേടുകളും ഓരോ ആകാശ ദ്വീപുകളാണ് (Sky Island). വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപു പോലെ പുല്‍മേടുകളാല്‍ ചുറ്റപ്പെട്ട പ്രദേശങ്ങള്‍. മറ്റു കരകളില്‍ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്നവയാണിവ. ഇവിടെയുള്ള ചെടികളില്‍ പലതിന്റെയും ബന്ധുക്കള്‍ ഹിമാലയത്തില്‍ പലയിടങ്ങളില്‍ കാണുന്നുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. കൂടാതെ സമാനമായ ചെടി വര്‍ഗ്ഗങ്ങള്‍ ശ്രീലങ്കയിലും വടക്ക് കിഴക്കന്‍ ഏഷ്യയിലും കാണുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പുല്‍വര്‍ഗ്ഗങ്ങളുടെ വേറിട്ട ഇനങ്ങള്‍ എടുത്തു പറയേണ്ടതാണ്.

രാജമലയിലെ പുല്‍മേടുകള്‍ 

വരയാടുകളെ കൂടാതെ കരും വെരുക്, കഴുത്തുവരയന്‍ കീരി, മലവരമ്പന്‍ എന്നിവ ഇരവികുളത്ത് ധാരാളമായുണ്ട്. പലയിനം തവളകള്‍ ഉരഗങ്ങള്‍. കേവല കാഴ്ചയില്‍ വെറും പുല്‍മേട് എന്നതിനപ്പുറം അപൂര്‍വ്വ ജൈവാനുഭവങ്ങള്‍ ഇവിടങ്ങളില്‍ മറഞ്ഞിരിക്കുന്നു. പുല്ലുകള്‍ തന്നെ ശീതകാല ഇടങ്ങളിലെ പുല്‍വര്‍ഗ്ഗങ്ങളോട് സാമ്യമുള്ളതാണ്. തണുപ്പിനെ ഇഷ്ടപ്പെടുന്ന പലതരം കുറ്റിച്ചെടികള്‍ക്കും പുല്ലുകള്‍ക്കുമിടയില്‍ നിരവധി പക്ഷി വര്‍ഗ്ഗങ്ങളുമുണ്ട്. പലതും അത്യപൂര്‍വ്വമായവയാണ്. അതില്‍ പ്രധാനപ്പെട്ടവ വരമ്പന്‍ ഇനത്തിലുള്ള കിളികളാണ്. പുല്ലിന്റെ നിറമാണവയ്ക്ക്. വാലു കുലുക്കി പക്ഷികളുടെ കുടുംബത്തില്‍പ്പെടുന്ന ഇവ പുല്‍മേടുകളിലെ ചെറു പ്രാണികളെ ഭക്ഷിച്ചു ജീവിക്കുന്നു. ഇതില്‍ നീലഗിരി വരമ്പന്‍ എന്നയിനം പക്ഷി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. പുല്‍മേടുകള്‍ക്കിടയിലൂടെ പറന്ന് നടക്കുന്ന, പാറകളോട് ചേര്‍ന്ന് കാണുന്ന പാറ വരമ്പന്‍ എന്ന പക്ഷിയും. പോതക്കിളി അഥവാ പുല്‍ക്കുരുവികള്‍, പോതപ്പൊട്ടന്‍, ചുറ്റീന്തല്‍, മീടുതപ്പി തുടങ്ങി പക്ഷികളുടെ ചിറകനക്കങ്ങള്‍ എണ്ണിയാല്‍ തീരില്ല. പലതരം നിശാശലഭങ്ങളും ഇരവികുളത്തിന്റെ പ്രത്യേകതകളാണ്.

ഇരവികുളത്തിനടുത്താണ് ആനമുടിയും പാമ്പാടും ചോലയും സ്ഥിതി ചെയ്യുന്നത്. രാജമലയിലെ പുല്‍മേടുകള്‍ എങ്ങനെയാവാം ഉണ്ടായത്? ഉത്തരങ്ങള്‍ ഒരുപാടുണ്ട്. ഭൂമിയിലെ പല മാറ്റങ്ങളാവാം കാരണമെന്നതാണ് കൂടുതലായി വിശ്വസിക്കപ്പെടുന്നത്. പക്ഷേ അതിന്റെ തനിമ ഒരോ പുല്‍ക്കൊടിയിലുമുണ്ട്. അത്രയ്ക്ക് ജീവനുകളുടെ തണുപ്പ് അവിടെയുണ്ട്. ഇരവികുളത്ത് വരയാടുകള്‍ മാത്രമല്ല ഉള്ളത്. മനസ് തുറന്ന് നോക്കിയാല്‍ അതീവ സൂക്ഷ്മമായ ജീവനുകളെ കണ്ടെത്താനാവും. മനുഷ്യന്റെ കൊതികള്‍ തീണ്ടാത്ത മണ്ണില്‍ പലതരം കുറിഞ്ഞികള്‍ മുളയ്ക്കട്ടെ. നീല നിറമാര്‍ന്ന പൂക്കള്‍ക്കിടെ പലതരം ജീവികള്‍ പറന്നു നടക്കട്ടെ. ഓരോ പുല്ലും ഓരോ പ്രാര്‍ത്ഥനയാണ്.അത് കേള്‍ക്കാന്‍ കാതുകള്‍ തുറന്ന് വയ്ക്കാം.

Follow Us:
Download App:
  • android
  • ios