ഇറാൻറെ എണ്ണവിതരണ കേന്ദ്രമായ ഖർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക സൈനിക നീക്കം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഹോർമൂസ് കടലിടുക്ക് കടക്കുന്നതിലെ അപകടങ്ങളും ഇറാൻറെ ശക്തമായ പ്രതിരോധവും ഈ നീക്കത്തിന് വലിയ വെല്ലുവിളിയാണ്. ഖർഗ് പിടിച്ചടക്കിയാൽ പോലും ഇറാനെ മുട്ടുകുത്തിക്കാൻ സാധിക്കുമോയെന്ന് വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നു.

മേരിക്ക ഇറാന്‍റെ ഖർഗ് ദ്വീപ് പിടിച്ചെടുക്കാൻ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, എങ്ങനെയെന്നോ എന്തിനെന്നോ വ്യക്തമല്ല. സൈനിക വിന്യാസം അതിനെന്നാണ് നിഗമനം. അപകടം വളരെക്കൂടുതൽ. ഇറാനെ മുട്ടുകുത്തിക്കുകയാണ് ലക്ഷ്യമെങ്കിൽ അത് നടക്കുമെന്ന് നിരീക്ഷകർ കരുതുന്നുമില്ല. ഹോർമൂസിന് ഖർഗിനേക്കാൾ വലിയ പ്രതിരോധം തീർക്കുന്ന വേറെ ദ്വീപുകളുണ്ട്. അപരാജിതരായ വിമാനവാഹിനികളെന്ന് ഇറാൻ വിളിക്കുന്ന ദ്വീപുകൾ. ഹോർമൂസിലേക്ക് കടക്കുന്ന ഓരോ കപ്പലും ഇവ കടന്നാണ് പോവുക. ഇറാന് മുന്നിൽ തലവച്ച് കൊടുക്കുന്നത് പോലെയാവും അത്. അപ്പോൾ പിന്നെ ഖർഗ് മാത്രം കീഴടക്കിയിട്ടെന്തുകാര്യം എന്നാണ് ചോദ്യം.

ഖർഗ് ദ്വീപ്

ഇറാനിയൻ എണ്ണവിതരണത്തിന്‍റെ ആണിക്കല്ലാണ് ഖർഗ് ദ്വീപ്. അതിൽ തർക്കമില്ല. ചൈനയിലേക്ക് അടക്കം എണ്ണ അവിടെ നിന്നാണ് പോകുന്നത്. എത്ര വലിയ ടാങ്കറിനും നങ്കൂരമിടാൻ തക്ക ആഴമുണ്ടിവിടെ. ഖർഗിന്‍റെ പ്രാധാന്യം അമേരിക്കയ്ക്ക് പണ്ടേ അറിയാം. എത്രകണ്ട് ഇറാന്‍റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്നുവെന്നും അറിയാം. 30 മില്യനിലേറെ ബാരൽ എണ്ണ ശേഖരിക്കാൻ കഴിവുള്ള ഖർഗ് തകർത്താൽ ഇറാന്‍റെ സമ്പദ്‍വ്യവസ്ഥ തകരുമെന്നും അത് ഇസ്രയേൽ നടപ്പാക്കണമെന്നും ഇസ്രയേൽ പ്രതിപക്ഷ നേതാവ് യേർ ലപീഡ് പറഞ്ഞിരുന്നു.

പറന്ന് യുഎസ് മറീനുകൾ

ഇപ്പോൾ പോയിരിക്കുന്നത് അമേരിക്കൻ സൈനിക വ്യൂഹമാണ്. രണ്ട് Marine Expeditionary Unit. അതിവേഗത്തിലെ ആക്രമണങ്ങൾക്ക് കഴിവുള്ള സൈനിക സംഘങ്ങൾ. കരയിലും കടലിലും ആകാശത്തും ആക്രമണങ്ങൾക്ക് വിദഗ്ധർ. ഏത് പ്രതിസന്ധിയിലും പ്രവർത്തിക്കാൻ പരിശീലനം കിട്ടിയവർ. പക്ഷേ, ഖർഗ് ആക്രമിക്കണമെങ്കിൽ ഹോർമൂസ് കടക്കണം. അതും ഇറാനിയൻ ഡ്രോണുകളെയും ബാലിസ്റ്റിക് മിസൈലുകളെയും മൈനുകളേയും തോൽപ്പിച്ച്. അതിൽ ചെറുതല്ലാത്ത മുന്നറിയിപ്പ് നൽകുന്നുണ്ട് നേറ്റോ മുൻ മേധാവിയടക്കം. അത് കടന്നുകിട്ടിയാലും ദ്വീപിന് ചുറ്റും 100 മൈൽ വിസ്തൃതിയിൽ കടലിലും ആകാശത്തും ആധിപത്യം ഉറപ്പിച്ചെടുക്കണം. അവിടെയും ഭീഷണി മിസൈലുകളും ഡ്രോണുകളുമാണ്. ദ്വീപിലെ ജനങ്ങളെ എന്തുചെയ്യുമെന്നതും പ്രശ്നമാകും. ഒഴിപ്പിക്കുന്നത് എളുപ്പമല്ല.

വാരിക്കുഴിയാകുമോ?

ഇനി ഇതെല്ലാം കഴിഞ്ഞ് ഖർഗ് ദ്വീപ് പിടിച്ചെടുത്താൽ, അത് കൊണ്ടെന്ത് പ്രയോജനം എന്ന് വിദഗ്ദർ ചോദിക്കുന്നു. ഖർഗിനു് വേണ്ടി ഇറാൻ യുദ്ധം അവസാനിപ്പിക്കുമോ എന്നുറപ്പില്ല ആർക്കും. ഇറാനാണെങ്കിൽ എന്തിനും തയ്യാറെന്ന മട്ടിലാണ്. കരയാക്രമണം ഉണ്ടായാൽ നേരിടുമെന്നാണ് മുന്നറിയിപ്പ്. ദ്വീപിൽ പല തട്ടിലെ പ്രതിരോധ സംവിധാനമുണ്ട് താനും. പുതുതായി മിസൈലുകളും എത്തിച്ചിട്ടുണ്ട് ഇറാനെന്നാണ് റിപ്പോർട്ട്. കടൽതീരത്ത് അങ്ങോളമിങ്ങോളം മൈനുകൾ വേറെ.

ട്രംപിന്‍റെ മോഹം

ഖർഗിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക നേരത്തെ ആക്രമിച്ചിരുന്നു. എല്ലാം തകർത്തു എന്നായിരുന്നു അവകാശവാദം. ഖർഗിനോട് പണ്ടേ ട്രംപിന് ഒരു താൽപര്യമുണ്ട്. 1988 -ൽ, ദ്വീപ് പിടിച്ചടക്കുന്നതിനെക്കുറിച്ച് ട്രംപ് ഗാർഡിയനോട് സംസാരിച്ചിട്ടുണ്ട്. ഖർഗ് പിടിച്ചെടുത്താൽ IRGC പാപ്പരാകും എന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ പക്ഷം. പക്ഷേ, സൈന്യം കളത്തിലിറങ്ങുന്നതിനോട് ഗൾഫ് രാജ്യങ്ങൾക്കും താൽപര്യമില്ല. അമേരിക്കയെ അതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമം. അതിലെ അപകട സാധ്യത മാത്രമല്ല, സമാധാന സാധ്യത അവസാനിക്കുമെന്നതും കാരണമാണ്.