Asianet News MalayalamAsianet News Malayalam

ഞങ്ങളുടെ ഇഫ്താര്‍ പ്ലേറ്റുകളില്‍ സുലോചന ചേച്ചിയുടെ വിഭവങ്ങള്‍, സ്‌നേഹത്തിന്റെ നോമ്പുകാലങ്ങള്‍!

നോമ്പിന്റെ ഒരുമാസം മുമ്പു തന്നെ അടുത്ത മാസം നോമ്പല്ലേന്നും ഒരുക്കങ്ങളൊക്കെ തുടങ്ങേണ്ട എന്നും ഉമ്മയെ ഓര്‍മ്മപ്പെടുത്തുന്നത് തന്നെ സുലോചന ചേച്ചി ആവും. ചേച്ചി തരുന്ന എന്തെങ്കിലും ഒരു വിഭവം ഇഫ്താര്‍ നേരങ്ങളില്‍ ഞങ്ങളുടെ പ്ലേറ്റില്‍ കാണും. നോമ്പോര്‍മ്മ. സഫൂ വയനാട് എഴുതുന്നു

Ramadan memories from Wayanad kerala
Author
First Published Apr 11, 2023, 6:27 PM IST

നോമ്പോര്‍മ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നോമ്പ് അനുഭവങ്ങള്‍ക്കും വ്യത്യസ്തമായ നോമ്പ് ഓര്‍മ്മകള്‍ക്കുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന ഇടം. റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓര്‍മ്മകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം, ഒരു ഫോട്ടോയും വിശദമായ വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ നോമ്പോര്‍മ്മ എന്ന് എഴുതാന്‍ മറക്കരുത്. 

 

Ramadan memories from Wayanad kerala


കുട്ടിക്കാലത്ത് ഞങ്ങള്‍ ഉത്സവം പോലെയാണ് റമദാനെ വരവേറ്റിരുന്നത്. ഓരോ വീട്ടിലും ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരിക്കും. വീട് വൃത്തിയാക്കലും നനച്ചു കുളിയും ഇഫ്താറിനുള്ള അരിപൊടിച്ച് വറുക്കലും ജോറായിരിക്കും.

വാനില്‍ റമദാനമ്പിളി പൂത്തു തുടങ്ങിയാല്‍ പിന്നെ പെണ്ണുങ്ങള്‍ അത്താഴവും മുത്താഴവും ഒരുക്കുവാനുള്ള ധൃതിയിലായിരിക്കും. ആണുങ്ങള്‍ തറാവീഹ് നിസ്‌കാരത്തിനായി പള്ളിയിലേക്കുപുറപ്പെടും. അവരിറങ്ങി കഴിഞ്ഞാല്‍ ഭക്ഷണമെല്ലാം ഒരുക്കി വച്ചു സ്ത്രീകളും പെണ്മക്കളും അടുത്ത വീട്ടില്‍ താറാവീഹ് നമസ്‌കാരത്തിനായി ഒത്തുകൂടും.

പൊതുവെ കേള്‍ക്കാറുള്ള ശബ്ദകോലാഹലങ്ങള്‍ എങ്ങോ പോയ് മറയും. പകരം ഖുര്‍ആന്‍ പാരായണവും തസ്ബീഹും തഹ് ലീലുമായ് അന്തരീക്ഷം മുഖരിതമാകും.

നോമ്പെടുക്കുന്ന ദിവസം വീട്ടില്‍ പ്രത്യേക പരിഗണന ലഭിക്കും. അതിനാല്‍, കുഞ്ഞായിരിക്കുമ്പോഴെ നോമ്പെടുക്കുവാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. വാഴയിലയില്‍ കട്ടിയില്‍ പരത്തി വേവിച്ചെടുക്കുന്ന ഓട്ടു പത്തില്‍ (ടയര്‍ പത്തിരി) ഞങ്ങളുടെ നാട്ടില്‍ നോമ്പ് കാലങ്ങളില്‍ നിര്‍ബന്ധമാണ്.

നാലുമണി ആവുമ്പോഴേക്കും ഞങ്ങള്‍ കുട്ടികള്‍ നോമ്പെടുത്ത് തളരും. അപ്പോഴാവും പത്തില്‍ വെന്ത വാഴയിലയുടെ ഗന്ധം വീടിനു ചുറ്റും നിറയുന്നത്. പിന്നെ ക്ഷീണമൊക്കെ പമ്പ കടക്കും. നോമ്പല്ലാത്ത കാലത്തും വാഴയില കരിയുന്ന മണമടിച്ചാല്‍ നോമ്പിന്റെ മണമെന്ന് പറഞ്ഞു ഞങ്ങള്‍ അടുക്കളയിലേക്ക് ഓടിയെത്തും. ഇന്നും നോമ്പിന്റെ ഗന്ധവും രുചിയും ഓട്ടു പത്തിലും ഇറച്ചി വരട്ടിയതും ആണെന്ന് തോന്നാറുണ്ട്. 

മുപ്പത് ദിവസങ്ങളില്‍ ആദ്യത്തെ പത്ത് കുട്ട്യേള്‍ക്ക് എന്നും, രണ്ടാമത്തേത് മദ്ധ്യവയസ്‌കര്‍ക്കെന്നും മൂന്നാമത്തെ പത്ത് വര്‍ദ്ധക്യമായവര്‍ക്കെന്നും, ഉമ്മാമയൊക്കെ പറഞ്ഞുതരുമായിരുന്നു. ആദ്യത്തെ പത്ത് കഴിഞ്ഞാല്‍ നിയ്യത്ത് പറഞ്ഞു തരാന്‍ ഉപ്പച്ചിയെ നിര്‍ബന്ധിക്കുമ്പോള്‍ ന്റെ കുട്ടി തളര്‍ന്നുന്നും ഇത് വല്ല്യോരെ പത്ത് ആണ് എന്നും ഉപ്പച്ചി പറയും.

'നവയ്ത്തു സൗമഇദിന്‍' എന്ന് തുടങ്ങുന്ന, ഉപ്പച്ചി ചൊല്ലിത്തരുന്ന നിയ്യത്തിലാണ് ഒരുദിവസത്തെ നോമ്പ് നോറ്റു തുടങ്ങുന്നത്. വൈകുന്നേരമാകുമ്പോഴേക്ക് ഞാനും അനിയത്തിമാരും ക്ഷീണിച്ച് അടുക്കളയില്‍ സ്ഥാനം പിടിക്കും. വയ്യ, ദാഹിക്കുന്നുവെന്ന് പറയുമ്പോള്‍, ദേ പത്തു സലാത്ത് ചൊല്ലുമ്പോഴേക്കും ബാങ്ക് വിളിക്കുമെന്ന് പറഞ്ഞ്  ഉപ്പ ഞങ്ങളുടെ ശ്രദ്ധ മാറ്റും. അങ്ങിനെ ഒന്ന്, രണ്ട് എന്ന് പറഞ്ഞു ചൊല്ലി സ്വലാത്തിന്റെ  എണ്ണം കൂടിക്കൊണ്ടിരിക്കും. 

അന്നത്തെ നോമ്പ് തീരാറാവുമ്പോള്‍ ക്ഷീണം മൂത്ത് നാളെ നോമ്പ് എടുക്കില്ലെന്ന് ഞാന്‍ ഉറപ്പിക്കും. ബാങ്കിന്റെ അലയൊലികള്‍ പള്ളി മിനാരത്തില്‍ നിന്നുയരുമ്പോള്‍ കാരക്കയ്‌ക്കൊപ്പം മധുരവും പുളിയും ഇടകലര്‍ന്ന നാരങ്ങാ വെള്ളത്തില്‍ തുടങ്ങി വിവിധ വിഭവങ്ങളാല്‍ തീന്‍ മേശ നിറയും. ദാഹവും വിശപ്പും മാറിയാല്‍ നോമ്പെടുക്കുന്നില്ല എന്ന തീരുമാനം ഞങ്ങള്‍ കുട്ടികള്‍തന്നെ മാറ്റി പറയും. ആരാ മുപ്പതു നോമ്പും നോല്‍ക്കുക എന്ന മത്സരം ആയിരിക്കും മുന്നോട്ടുള്ള ഓരോ  ദിവസങ്ങളിലും.  

ഇരുപത്തി ഏഴാം നോമ്പിന് കിട്ടുന്ന സക്കാത്ത് പൈസയും, ചെറിയ പെരുന്നാളും, പുത്തനുടുപ്പുകളും, അമ്മിയില്‍ അരച്ച മൈലാഞ്ചി മണവും, പെരുന്നാള്‍ വിഭവങ്ങളും, നോമ്പ് ഒന്നുമുതല്‍ മനസ്സില്‍ പ്രതീക്ഷ നിറയ്ക്കും.

ഇരുപത്തി ഏഴാം നോമ്പിന് വീട്ട് മുറ്റങ്ങളില്‍ സക്കാത്ത് വാങ്ങാന്‍ കുട്ടികളുടെയും വലിയവരുടെയും നീണ്ട നിരകള്‍ ഉണ്ടാവും ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക്.  വീടുകള്‍ സക്കാത്തിന് വരുന്ന ആളുകളുടെ ബഹളങ്ങളാല്‍ അന്ന് സജീവമാകും.

കൂട്ടുകാരെല്ലാം സക്കാത്തിനായ് പല പല വീടുകളില്‍ കയറി ഇറങ്ങും. 'വീട് കയറി ഇറങ്ങി കിട്ടുന്നതിലേറെ ഞാന്‍ തരാമെന്ന് പറഞ്ഞ് ഉപ്പച്ചി ഞങ്ങളെ മാത്രം എവിടേക്കും വിട്ടിരുന്നില്ല.

ഒരു രൂപയുടെയും രണ്ട് രൂപയുടെയും നോട്ടുകള്‍ കൂട്ടുകാര്‍ പാവാടയുടെ പോക്കറ്റില്‍ നിന്നും എടുത്തു കാണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് സങ്കടം വരും. എന്നാല്‍ അന്ന് വൈകുന്നേരമായാല്‍ അവര്‍ക്ക് കിട്ടിയതിലേറെ പൈസ എനിക്കും അനിയത്തിമാര്‍ക്കും സക്കാത്തായി ഉപ്പച്ചി കൈയ്യില്‍വച്ചു തരും. ഞങ്ങളുടെ സങ്കടപ്പെയ്ത്തില്‍ സന്തോഷം വന്ന് നിറയും.

ഒത്തിരി ദൂരങ്ങള്‍ താണ്ടി വടി കുത്തിപ്പിടിച്ച് നടന്നു വരുന്ന അകന്ന ബന്ധത്തിലുള്ള ഒരു അമ്മായി ഉണ്ടായിരുന്നു. ഓരോ റമദാനിലും വെള്ള മുണ്ടും വെള്ള തട്ടവും റോസ് പുള്ളി കുപ്പായവും കാതില്‍ നിറയെ വെള്ളി അലിക്കത്തുകളുമിട്ടു ഒരു വലിയ ഭാണ്ഡവും തൂക്കി വരുന്ന അമ്മായിയുടെ കഥ പറച്ചിലുകള്‍ ഞങ്ങള്‍ക്കെന്നും കൗതുകമാണ് .

അത്തറിന്റെ മണമാണ് അമ്മായിക്ക്. വന്ന് കേറിയനേരം തൊട്ട് ഒരുപാട് നാട്ട് വര്‍ത്താനങ്ങള്‍ പറയാന്‍ ഉണ്ടാകും മുപ്പത്ത്യാര്‍ക്ക്. നാട്ടില്‍ ബന്ധുക്കള്‍ ഒരുപാട്‌പേര്‍ ഉണ്ടെങ്കിലും അധിക ദിവസവും അവര്‍ തങ്ങുക ഞങ്ങളുടെ വീട്ടിലാണ്.

പൊതുവെ നോമ്പെന്ന് കേട്ടാല്‍ സന്തോഷിക്കുന്ന ഞങ്ങള്‍ക്ക് സ്‌കൂള്‍ വിട്ട് വരുന്ന വഴി അമ്മായി വന്നെന്ന വാര്‍ത്ത കേട്ടാല്‍ ഇരട്ടി സന്തോഷമാകും. വന്നപാടെ ഞങ്ങള്‍ അമ്മായിയുടെ സൊറ പറയലുകള്‍ക്ക് ഒപ്പം കൂടും.

പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് വരെ അമ്മായി വീട്ടില്‍ തങ്ങും. ഉപ്പ കൊടുക്കുന്ന നൂറിന്റെ നോട്ടുകളും വാങ്ങി ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ അരയില്‍ നിന്നൊരു തുണി പാക്ക് എടുത്തു അതില്‍ നിന്ന് ഞങ്ങള്‍ക്ക് സ്വര്‍ണ്ണ നിറത്തിലുള്ള അഞ്ച് രൂപയുടെ അത്തര്‍ മണമുള്ള തുട്ടുകള്‍ തരും. പെരുന്നാള്‍ കഴിഞ്ഞ്
പോകാമെന്ന് ഞാനും അനിയത്തിമാരും നിര്‍ബന്ധിക്കുമെങ്കിലും ഞാനിടക്ക് വരാമെന്നു പറഞ്ഞു അമ്മായി തിരിഞ്ഞ് നോക്കാതെ നടന്നകലും.

അമ്മായി ദൂരെ മറയുവോളം സങ്കടത്തോടെ ഞങ്ങള്‍ നോക്കി നില്‍ക്കും. നോമ്പ് കാലമല്ലാതെ അമ്മായിയെ ഞാന്‍കണ്ടിട്ടേയില്ല. തീരെ കിടപ്പിലാകും വരെ ഓരോ നോമ്പിനും അമ്മായി വീട്ടിലേക്ക് വരുമായിരുന്നു.

നോമ്പ് കാലങ്ങളില്‍ മറ്റു മതത്തിലെ കൂട്ടുകാരും നോമ്പെടുത്ത് ഞങ്ങള്‍ക്കൊപ്പം കൂടും. അയല്‍പക്കത്തെ സുലോചന ചേച്ചി ഇഫ്താറിന് കഴിക്കാന്‍ പഴങ്ങളും മറ്റും ഓരോ നോമ്പിനും വീട്ടിലെത്തിക്കും. റമദാന്‍ എത്തുമ്പോള്‍ ഞങ്ങളെക്കാള്‍ സന്തോഷം ഏട്ടത്തിക്ക് ആണെന്ന്  പലപ്പോഴും തോന്നീട്ടുണ്ട്. നോമ്പിന്റെ ഒരുമാസം മുമ്പു തന്നെ അടുത്ത മാസം നോമ്പല്ലേന്നും ഒരുക്കങ്ങളൊക്കെ തുടങ്ങേണ്ട എന്നും ഉമ്മയെ ഓര്‍മ്മപ്പെടുത്തുന്നത് തന്നെ സുലോചന ചേച്ചി ആവും. ചേച്ചി തരുന്ന എന്തെങ്കിലും ഒരു വിഭവം ഇഫ്താര്‍ നേരങ്ങളില്‍ ഞങ്ങളുടെ പ്ലേറ്റില്‍ കാണും. നോമ്പ് തുറ നേരങ്ങളില്‍ ചേച്ചി ഞങ്ങള്‍ക്കൊപ്പം കൂടും. തമാശകളും പൊട്ടിച്ചിരികളുമായി സജീവമാകും.

തീന്മേശയില്‍ ജീരക കഞ്ഞിയുടെയും തേങ്ങാപാലില്‍ മുക്കിയെടുത്ത ടയര്‍ പത്തിരിയുടെയും വിവിധ പലഹാരങ്ങളുടെയും മിശ്രഗന്ധങ്ങള്‍ നിറയും.  

 

നിങ്ങളുടെ നോമ്പോര്‍മ്മകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം, ഒരു ഫോട്ടോയും വിശദമായ വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ നോമ്പോര്‍മ്മ എന്ന് എഴുതാന്‍ മറക്കരുത്. 

Follow Us:
Download App:
  • android
  • ios